Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവഴിയൊരുക്കൂ, അവര്‍...

വഴിയൊരുക്കൂ, അവര്‍ ആകാശം കീഴടക്കട്ടെ

text_fields
bookmark_border
വഴിയൊരുക്കൂ, അവര്‍ ആകാശം കീഴടക്കട്ടെ
cancel

ബുര്‍ജ് ഖലീഫക്ക് താഴെ മ്യൂസിക് ഫൗണ്ടന്‍ തുടങ്ങാന്‍ കാത്തുനില്‍ക്കെ അതുവഴി ഒഴുകിപ്പോയ ഒരു മിടുക്കിയുടെ വീല്‍ചെയറില്‍ കുടുങ്ങിയ ദുപ്പട്ട വേര്‍പെടുത്തുന്നതിനിടെ പരസ്പരം പരിചയപ്പെട്ടു. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ലഖ്നോ സ്വദേശിയായ അവള്‍ക്ക് സന്തോഷം. പിതാവിന്‍െറ സഹപ്രവര്‍ത്തകനായ മലയാളി അങ്കിള്‍ പറഞ്ഞ് ഒരുപാടു കേട്ടിട്ടുണ്ട്. ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ പച്ചപ്പിനെയും കായലുകളെയും വെളിച്ചെണ്ണ ചേര്‍ത്തുള്ള കറികളെയും പറ്റി കേട്ടിട്ടുള്ളതിലും മനോഹരമാണ് നേരില്‍ കാണുമ്പോള്‍ എന്ന അഭിമാനം മുറ്റിയ പ്രസ്താവനയോടെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോള്‍ നീണ്ട നെടുവീര്‍പ്പിനുശേഷം ആകാശം തൊട്ടുനില്‍ക്കുന്ന  ഗോപുര നെറുകയിലേക്ക് കണ്ണുപായിച്ച് അവള്‍ പറഞ്ഞ മറുപടി, എനിക്ക് വേണമെങ്കില്‍ അതിന്‍െറ അറ്റത്തോളം കടക്കാനാവും, ചിലപ്പോള്‍ ആകാശവും. പക്ഷേ, നിങ്ങളുടെ നാട്ടിലെ ഒരു കെട്ടിടത്തിന്‍െറ മൂന്നാം നിലയില്‍ പോലും കയറാന്‍ കഴിഞ്ഞെന്നുവരില്ല എന്നായിരുന്നു.  കേരളത്തില്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ മുഴുവന്‍ ഇതല്ളേ അവസ്ഥയെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് അവള്‍ നീങ്ങിയെങ്കിലും മനസ്സ് തെല്ലും ആശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അവള്‍ പറഞ്ഞത് എത്രമാത്രം ശരിയാണ്.
ട്രെയിനുകളില്‍ തീപ്പെട്ടിക്കൂടുപോലൊരു കാബിനും ബസുകളില്‍ വികലാംഗര്‍/അന്ധര്‍ എന്നെഴുതി രണ്ടു സീറ്റുകളും ഒഴിച്ചിട്ടിട്ടുണ്ടെന്നതുമൊഴിച്ചാല്‍ ചക്രക്കസേരകള്‍ക്ക് തടസ്സമേതുമില്ലാതെ നീങ്ങാനുള്ള വഴികള്‍, ചലന-കാഴ്ച വൈഷമ്യങ്ങളുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ലിഫ്റ്റുകള്‍, ഉയരം കുറഞ്ഞ ശുചിമുറികള്‍ എന്നിവയൊന്നും പരിഷ്കൃത സമൂഹം  എന്നഭിമാനിക്കുന്ന നാം ചിന്തിക്കുന്നതു പോലുമില്ല. ചക്രക്കസേരയുടെയോ വെള്ളവടിയുടെയോ പിന്തുണയില്‍ നീങ്ങുന്ന ഒരു വ്യക്തിക്ക് ആയാസരഹിതമായി കയറിച്ചെല്ലാന്‍ കഴിയുന്ന  പൊതുസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും എവിടെ, എത്രയെണ്ണമുണ്ട്  കേരളത്തില്‍? ഭിന്നശേഷിയുള്ള ഒരു പൗരന് വൈഷമ്യങ്ങള്‍ കൂടാതെ കയറിച്ചെന്ന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉതകുന്ന ഒരു കലക്ടറേറ്റെങ്കിലുമുണ്ടോ?  വീട് നിര്‍മിക്കുമ്പോള്‍ അന്താരാഷ്ട്ര ഡിസൈനുകളും അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഉള്‍ച്ചേര്‍ക്കാന്‍ ശ്രദ്ധിക്കുന്നവര്‍, ആരാധനാലയങ്ങളിലെ പരവതാനികളും ടാപ്പുകളും ഗള്‍ഫിലെ അതേ തരംതന്നെ വേണമെന്നു വാശിപിടിക്കുന്നവര്‍, അവിടെ വരാനിടയുള്ള അതിഥിയുടെ/വിശ്വാസിയുടെ സൗകര്യാര്‍ഥം വീല്‍ചെയര്‍ ഉരുട്ടിക്കയറ്റാന്‍ ഉതകുന്ന ഒരു റാമ്പ് നിര്‍മിക്കാന്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്? വീടു നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണി വേണമെന്നും വലിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ വേണമെന്നും വ്യവസ്ഥ ചെയ്യുന്നതുപോലെ ഭിന്നശേഷി സൗഹാര്‍ദം കൂടിയാക്കാന്‍ നിയമം കൊണ്ടുവരാന്‍ മുന്‍കൈയെടുക്കല്‍ സമത്വം എന്ന ഭരണഘടനാ തത്ത്വത്തെ മാനിക്കുന്ന ഓരോ ജനപ്രതിനിധിയുടെയും ബാധ്യതയാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 2.5 ശതമാനം പേര്‍ ഭിന്നശേഷിയുള്ളവരാണ്. ഈ മനുഷ്യരുടെ അവസര സമത്വം ഉറപ്പാക്കാന്‍ കുറെ സര്‍ക്കാര്‍ പദ്ധതികളുണ്ട്. പക്ഷേ, അതു യാഥാര്‍ഥ്യമാവണമെങ്കില്‍ സംവരണമോ യാത്രാനിരക്കിളവുകളോ പോരാ. മറിച്ച് മന$സ്ഥിതികള്‍ പൊളിച്ചെഴുതുക തന്നെ വേണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും ഇല്ളെങ്കിലും സെറിബ്രല്‍ പാള്‍സിയും ഓട്ടിസവുമുള്ള കുട്ടികളെയും കുടുംബങ്ങളെയും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന മുന്‍വിധിയില്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. ഈ കുട്ടികളുടെ ശബ്ദവും ആംഗ്യങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് ഇത്തരം ക്രൂരതകള്‍ക്ക് കാരണമായി എയര്‍ലൈന്‍സ് ജീവനക്കാര്‍ പറയാറ്. മദ്യപിച്ച് ലക്കുകെട്ട യാത്രികര്‍ പലപ്പോഴും നമുക്കെല്ലാം പ്രശ്നവും അസ്വസ്ഥതയും സൃഷ്ടിക്കാറുണ്ട്. എന്നിട്ടും ആകാശത്തെ മദ്യസദ്യ വിലക്കണമെന്ന് ഇവരാരും ആവശ്യപ്പെടാറില്ല. ഇതുതന്നെയാണ് പ്രശ്നം.
ഭിന്നശേഷിയുള്ളവര്‍ രോഗങ്ങളെയോ അവശതകളെയോ വൈകല്യങ്ങളെയോ തോല്‍പിച്ചേക്കും.പക്ഷേ, സമൂഹത്തിന്‍െറ നിന്ദയും പുച്ഛവും കലര്‍ന്ന മന$സ്ഥിതിയാണ് അവരെ തളര്‍ത്തിക്കളയുന്നത്. വീട്ടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തടങ്കലിലാക്കപ്പെടേണ്ടവരല്ല ഞങ്ങളെന്ന് ബോധ്യപ്പെടുത്തി ഓട്ടിസം ഉള്‍പ്പെടെയുള്ള പരിമിതികളെ മറികടന്ന്, അഞ്ജന്‍ സതീഷ് എന്ന മലയാളി ചിത്രകലാ പ്രതിഭ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ന് പ്രധാനമന്ത്രിയില്‍നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങും. ശാരീരിക വിലക്കുകളെ  മാത്രമല്ല മുന്‍വിധിക്കാരുടെ സങ്കുചിത മനസ്സിനെക്കൂടി തോല്‍പിച്ചാണ് അവര്‍ പുരസ്കാരത്തിളക്കമേറ്റുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കും അവകാശങ്ങളും സ്വപ്നങ്ങളുമുണ്ടെന്നു വിളിച്ചോതി വീല്‍ചെയര്‍ സൗഹാര്‍ദ കേരളം എന്ന പ്രമേയത്തില്‍ ഇന്ന് മലപ്പുറം കോട്ടക്കുന്നില്‍ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രിമാരോ ഉദ്യോഗസ്ഥരോ രാഷ്ട്രീയ നേതാക്കളോ അല്ല, ജന്മവൈകല്യമോ അപകടങ്ങളോ രോഗങ്ങളോ തീര്‍ത്ത വീട്ടുതടങ്കലിനെ മനക്കരുത്തുകൊണ്ട് ഭേദിച്ച് വീല്‍ചെയറില്‍ ഒഴുകുന്ന, തോല്‍ക്കാന്‍ കൂട്ടാക്കാത്ത ഒരു കൂട്ടം മനസ്സുകളാണ് സംഘാടകര്‍. ഒൗദാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സമജീവികള്‍ എന്ന അവകാശം നല്‍കണമെന്നു മാത്രം ആവശ്യപ്പെടുന്നു. നാം വഴിയൊരുക്കുക, ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒട്ടേറെ വിസ്മയങ്ങള്‍ അവര്‍ക്ക് ഇനിയും കാണിക്കാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN day of persons with disabilities
Next Story