Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമെര്‍നീസിയുടെ...

മെര്‍നീസിയുടെ ചിന്താലോകം

text_fields
bookmark_border
മെര്‍നീസിയുടെ ചിന്താലോകം
cancel

ആധുനികകാലത്ത് മുസ്ലിം സ്ത്രീപഠനങ്ങള്‍ ഒരു പ്രധാന രാഷ്ട്രീയ / സൈദ്ധാന്തികപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തികളില്‍ ഒരാളാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ഫാത്തിമ മെര്‍നീസി. 1990കള്‍ക്കുശേഷം, അക്കാദമികമേഖലയിലും രാഷ്ട്രീയപ്രവര്‍ത്തനമേഖലയിലും ശക്തമായ മുസ്ലിം സ്ത്രീരാഷ്ട്രീയത്തിന്‍െറ ആദ്യകാല സൈദ്ധാന്തിക ശബ്ദങ്ങളിലൊന്നാണ് മെര്‍നീസി.
സ്ത്രീവാദവും സ്ത്രീജീവിതവും എന്നത് കൊളോണിയല്‍ പിന്തുടര്‍ച്ചയുള്ള  വെളുത്ത പാശ്ചാത്യ സ്ത്രീവാദത്തിന്‍െറ വീക്ഷണകോണുകളില്‍മാത്രം കേന്ദ്രീകരിച്ചുകണ്ടിരുന്ന കാലത്താണ് മുസ്ലിം സ്ത്രീ അനുഭവങ്ങളെ മുന്‍നിര്‍ത്തി പുതിയൊരു ഫെമിനിസ്റ്റ് ചിന്ത അവര്‍ മുന്നോട്ടുവെച്ചത്. ഇസ്ലാമിക സമൂഹങ്ങളിലെ ആണ്‍കോയ്മ വായനകളില്‍ കെട്ടിനിന്നിരുന്ന മുസ്ലിം സ്ത്രീജീവിതങ്ങളെ, സ്ത്രീപക്ഷ അനുഭവങ്ങളിലേക്കും യാഥാര്‍ഥ്യങ്ങളിലേക്കും മെര്‍നീസി കൊണ്ടുവന്നു.  
പാരിസില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണബിരുദം നേടിയ മെര്‍നീസി സാമൂഹിക ശാസ്ത്രകാരിയായാണ് തന്‍െറ അക്കാദമിക ജീവിതം തുടങ്ങുന്നത്. ഫ്രഞ്ച് ഭാഷയിലും അറബി ഭാഷയിലുമാണ് അവരെഴുതിയത്. അതുകൊണ്ടുതന്നെ 1975ല്‍ പുറത്തിറങ്ങിയ അവരുടെ ആദ്യത്തെ പുസ്തകം ബിയോണ്ട് ദ വെയില്‍: മെയ്ല്‍-ഫീമെയ്ല്‍ ഡൈനാമിക്സ് ഇന്‍ മുസ്ലിം സൊസൈറ്റി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്നത് 1985ലാണ്. തുടര്‍ന്ന് അവരെഴുതിയ വുമണ്‍സ് റെബല്യന്‍ ആന്‍ഡ് ഇസ്ലാമിക് മെമ്മറി, ഇസ്ലാം ആന്‍ഡ് ഡെമോക്രസി, ഷെഹെരാസ്ഡ് ഗോസ് വെസ്റ്റ്: ഡിഫ്രന്‍റ് കള്‍ചര്‍ ഡിഫ്രന്‍റ് ഹാരെംസ്, ഫോര്‍ഗോട്ടന്‍ ക്യൂന്‍സ് ഓഫ് ഇസ്ലാം തുടങ്ങിയ പുസ്തകങ്ങള്‍ ഇസ്ലാമിക സ്ത്രീവാദപഠനങ്ങളുടെയും ചര്‍ച്ചകളുടെയും ഭാഗമായിരുന്നു. ഡ്രീംസ് ഓഫ് ട്രസ്പാസ്: ടെയ്ല്‍സ് ഓഫ് ഹാരെം ഗേള്‍ഹുഡ് എന്ന ഓര്‍മക്കുറിപ്പ് ഫിക്ഷനും യാഥാര്‍ഥ്യവും കലര്‍ത്തിയാണ് അവര്‍ എഴുതിയത്.  
ഇസ്ലാമിലെ സ്ത്രീയവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇസ്ലാമിക പാരമ്പര്യത്തിന്‍െറ അകത്തുനിന്നുതന്നെ സാധ്യമാണെന്ന് മെര്‍നീസി സമര്‍ഥിച്ചു. ഇസ്ലാം സ്ത്രീകള്‍ക്ക്  നല്‍കിയ അവകാശങ്ങള്‍ ഖുര്‍ആനും പ്രവാചകചര്യയും അടിവരയിടുന്നുവെന്ന് മെര്‍നീസി ശക്തമായി വാദിച്ചു. ഇസ്ലാമില്‍ സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചത് പുരുഷവരേണ്യരാണെന്നും അവര്‍ കരുതി. അതുകൊണ്ടുതന്നെ ഒരു മുസ്ലിം സ്ത്രീക്ക് ഇസ്ലാമിനകത്തുനിന്നുകൊണ്ടുതന്നെ  ആധുനികലോകത്ത് അഭിമാനത്തോടും അന്തസ്സോടുംകൂടി ജീവിക്കാമെന്ന് അവര്‍ തന്‍െറ  കൃതികളിലൂടെ പറഞ്ഞു കൊണ്ടിരുന്നു. ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, സാമൂഹിക/രാഷ്ട്രീയ ജീവിതത്തിലെ പ്രാതിനിധ്യങ്ങള്‍ ഇവയൊക്കെ പാശ്ചാത്യലോകത്തുനിന്ന് ഇറക്കുമതിചെയ്യേണ്ട ഗതികേട് മുസ്ലിം സ്ത്രീകള്‍ക്കില്ളെന്നും മെര്‍നീസി  സ്ഥാപിച്ചു. ഇസ്ലാമിക പാരമ്പര്യത്തെ ഗൗരവമായിക്കാണാതെ മുസ്ലിം സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതിനെ അതി നിശിതമായി വിമര്‍ശിച്ച മെര്‍നീസി, അത് ആണുങ്ങളുടെ ഇഹലോക  താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും എഴുതുകയുണ്ടായി. സ്വന്തം അവകാശങ്ങള്‍ക്കും  ഇടത്തിനുംവേണ്ടി പോരാടുന്ന മുസ്ലിം സ്ത്രീ ‘ഉമ്മത്തി’നെ തകര്‍ക്കുകയാണെന്നും പാശ്ചാത്യ ആശയങ്ങളാല്‍ വഞ്ചിതരാവുകയാണെന്നും കരുതുന്ന പല മുസ്ലിം പുരുഷന്മാരും യഥാര്‍ഥ ത്തില്‍ ഈ മതം  സ്ത്രീക്കുനല്‍കിയ അവകാശങ്ങളെയും രാഷ്ട്രീയ ഇടങ്ങളെയും കുറിച്ച തങ്ങളുടെ അറിവില്ലായ്മയാണ് വെളിവാക്കുന്നത്. ഇബ്നു ഹിഷാം, ഇബ്നു ഹജര്‍, തബരി തുടങ്ങിയ പരമ്പരാഗത ഇസ്ലാമിക പണ്ഡിതന്മാരുടെ ഇസ്ലാമികചരിത്ര വായനകള്‍ മെര്‍നീസി അതിനുതെളിവായി ഉദ്ധരിക്കുന്നു. ഇസ്ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങള്‍ ലോക നാഗരികതയുടെ ചരിത്രത്തില്‍തന്നെയുള്ള പ്രധാന നേട്ടമാണെന്നും അതിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെതന്നെ റദ്ദ് ചെയ്യുകയാണെന്നും അവര്‍ നിരീക്ഷിച്ചു.
സ്ത്രീവാദത്തെ കുറിച്ച് മാത്രമല്ല, ആധുനിക ജനാധിപത്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്. ‘ഇസ്ലാമും ജനാധിപത്യവും’ എന്ന പുസ്തകം അവരുടെ പാണ്ഡിത്യത്തിന്‍െറ മറ്റൊരുദിശയെ നമുക്ക് കാണിച്ചുതരുന്നു. ഇസ്ലാമികചരിത്രത്തില്‍ നടന്ന ജനാധിപത്യ സംഘര്‍ഷത്തെക്കുറിച്ച അവരുടെ വിലയിരുത്തലുകള്‍ അറബ് ലോകത്തെ ജനാധിപത്യപ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് എഴുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരിക്കല്‍ അറബ് ലോകത്ത് നിലനില്‍ക്കുന്ന  മതേതര സ്വേച്ഛാധിപത്യം കടപുഴകുമെന്ന് അവര്‍ പ്രത്യാശിച്ചിരുന്നു. 2011 ല്‍ അറബ് ലോകത്ത് നടന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ ഈ അര്‍ഥത്തില്‍ മെര്‍നീസിയുടെ വാക്കുകളെ സഫലീകരിച്ചുവെന്നുകാണാം.
മെര്‍നീസിയുടെ ചിന്തകള്‍  ഇസ്ലാമിക സ്ത്രീവാദത്തിന്‍െറ  മേഖലയില്‍ വിമര്‍ശാത്മകമായ സ്വീകരണം ലഭിക്കുകയും പുതിയ ചോദ്യങ്ങളെ ഉപജീവിച്ചുകൊണ്ട് വികസിക്കുകയും ചെയ്തിട്ടുണ്ട്. റജാ രൗനിയുടെ സെക്കുലര്‍ ആന്‍ഡ് ഇസ്ലാമിക് ഫെമിനിസ്റ്റ് ക്രിട്ടിക്സ് ഇന്‍ ദ വര്‍ക് ഓഫ് ഫാത്തിമ മെര്‍നീസി (ബോസ്റ്റണ്‍: ബ്രില്‍ 2010) എന്ന പഠനം മെര്‍നീസിയുടെ ചിന്തകളുമായുള്ള വിമര്‍ശാത്മകമായ ഇടപെടലാണ്. മെര്‍നീസിയുടെ ഹദിസ് വായനകളുടെ ബലഹീനതയെയും ഫെമിനിസ്റ്റ് മെഥഡോളജിയുടെ പ്രശ്നങ്ങളെയും കുറിച്ച്  വിശദമായിതന്നെ രൗനി ചര്‍ച്ച ചെയ്യുന്നുണ്ട്. ഗവേഷകയും അറബ് ലോകത്തെ സ്ത്രീജീവിതങ്ങളെയും  കുറിച്ച് ഏറെ പഠിക്കുകയും ചെയ്ത ലൈല അബു ലുഗോദ്  2001ല്‍ എഴുതിയ ഓറിയന്‍റലിസം ആന്‍ഡ് മിഡിലീസ്റ്റ് ഫെമിനിസ്റ്റ് സ്റ്റഡീസ് എന്ന ലേഖനത്തില്‍  സ്വാതന്ത്ര്യം, പാരമ്പര്യം, ആധുനികത ഇവയെക്കുറിച്ചുള്ള മെര്‍നീസിയുടെ ധാരണകളെ വിമര്‍ശാത്മകമായി പരിശോധിക്കുന്നുണ്ട്. മെര്‍നീസി എഴുതിത്തുടങ്ങിയ 1970കളിലെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി  ഇസ്ലാമികവായനകള്‍ എത്തിപ്പെട്ട പുതിയ ആശയലോകങ്ങളെയാണ്  ഈ പഠനങ്ങള്‍ പ്രതിനിധാനംചെയ്യുന്നത്.
ഇസ്ലാമിക സ്ത്രീപഠനമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒരു ശബ്ദമാണ് ഫാത്തിമ മെര്‍നീസി. അവര്‍ തുടങ്ങിവെച്ച പരിശ്രമങ്ങള്‍ പുതിയ കാലത്തേക്കും പുതിയ ഇടങ്ങളിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്നു.
(ജെ.എന്‍.യുവില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്മെന്‍റില്‍ ഗവേഷകയാണ് ലേഖിക)

Show Full Article
TAGS:fathima mernesi 
Next Story