Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅയ്യങ്കാളി ചെയര്‍...

അയ്യങ്കാളി ചെയര്‍ ആര്‍ക്കുവേണ്ടി?

text_fields
bookmark_border
അയ്യങ്കാളി ചെയര്‍ ആര്‍ക്കുവേണ്ടി?
cancel

അധ$സ്ഥിതരുടെ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ 153ാം ജന്മദിനാഘോഷങ്ങള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പോയവാരം നടന്നുകഴിഞ്ഞു. വഴിനടക്കാനും മാറ് മറക്കാനും അക്ഷരാഭ്യാസത്തിനും അര്‍ഹതയുണ്ടായിട്ടും ദലിതന് അനുവാദമില്ലാത്ത കാലഘട്ടത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരെ പോരാടിയ അയ്യങ്കാളിയുടെ ചരിത്രം പുതുതലമുറക്ക് അന്യമാണ്. സവര്‍ണരെഴുതിയ ചരിത്രങ്ങളായിരിക്കാം ഒരുപക്ഷേ, അതിനുകാരണം. അയ്യങ്കാളിയുടെ അത്രപോലും സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നല്‍കാത്ത ആളുകളുടെ ജന്മദിനം വലിയ ആഘോഷങ്ങളാക്കി മാറുമ്പോള്‍ ചരിത്രപുരുഷനായ അയ്യങ്കാളിയുടെ ജന്മദിനം ചെറിയതോതിലെങ്കിലും ആഘോഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകള്‍ മാത്രമെ ആയിട്ടുള്ളൂ. ആരായിരുന്നു അയ്യങ്കാളി? കേരള നവോത്ഥാന ചരിത്രത്തില്‍ അദ്ദേഹത്തിന്‍െറ പങ്കെന്താണ്? വര്‍ത്തമാന കാലഘട്ടത്തില്‍ അയ്യങ്കാളിയുടെ പ്രസക്തി എന്ത്? എന്നതിനൊക്കെ അക്കാദമിക തലങ്ങളില്‍പോലും കാര്യമായ ചര്‍ച്ചകളോ പഠനങ്ങളോ നടക്കാത്ത ഒരു കാലഘട്ടത്തിലാണ്  പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം മാത്രം പൂര്‍ത്തിയായ കാസര്‍കോട് സ്ഥിതി ചെയ്യുന്ന കേരള-കേന്ദ്ര സര്‍വകലാശാല രണ്ടുവര്‍ഷം മുമ്പ് അയ്യങ്കാളിയുടെ നാമധേയത്തില്‍ പഠനകേന്ദ്രത്തിന് സമാരംഭം കുറിച്ചത്.
അക്കാദമികതലങ്ങളില്‍ അദ്ദേഹത്തിന്‍െറ ദര്‍ശനങ്ങളും ദലിത്പക്ഷ പഠനങ്ങളും ഗവേഷണവും പാര്‍ശ്വവത്കരിക്കപ്പെട്ടു പോകുമ്പോള്‍ ചെറുതെങ്കിലും വളരെ പ്രധാനമായ ദൗത്യമായാണ് കേന്ദ്രസര്‍വകലാശാലയുടെ ഈ ഉദ്യമത്തെ സമൂഹം പ്രത്യാശയോടെ നോക്കിക്കണ്ടത്. കേരളത്തില്‍ വലിയ അധ$സ്ഥിതി വര്‍ഗത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്ന ജില്ലയെന്ന നിലയില്‍ കാസര്‍കോട് തന്നെ പ്രവര്‍ത്തനാനുമതി നല്‍കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചത് അന്നത്തെ കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു. എന്നാല്‍, ചെയറിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമാകുമ്പോള്‍ ഒരുവിധ പ്രവര്‍ത്തനവും ഏറ്റെടുക്കാതെ നിര്‍ജീവമായി കിടക്കുകയാണ് പ്രസ്തുത ചെയര്‍.
153ാം ജന്മദിനാഘോഷവേളയില്‍ ഒരു അനുസ്മരണ ഭാഷണമോ, പുഷ്പാര്‍ച്ചനയോപോലും നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് അത്യധികം ദു$ഖകരമാണ്. മാത്രമല്ല. സാമൂഹിക പരിഷ്കരണത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഒരു മഹാവ്യക്തിയോടുള്ള കടുത്ത അവഹേളനംകൂടിയാണത്.
വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മറ്റുകുട്ടികളും അധ്യാപകരും ദലിതരായ കുട്ടികള്‍ക്ക് അയിത്തം കല്‍പിച്ച അവസരത്തിലാണ് ദലിതരായ 10 ബി.എക്കാരെയെങ്കിലും കണ്ട്  മരിക്കണമെന്നും ദലിതരുടെ ഉന്നമനത്തിന് ആത്യന്തികമായി വേണ്ടത് വിദ്യാഭ്യാസമാണെന്നും മനസ്സിലാക്കി ഇന്ത്യയിലെ ദലിതന്മാരില്‍ ആദ്യമായി ഒരു വിദ്യാലയം ആരംഭിച്ചത് അയ്യങ്കാളിയാണ്. വെങ്ങാനൂരില്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ സമീപത്തെ സവര്‍ണരായ അധ്യാപകര്‍ പഠിപ്പിക്കാന്‍ തയാറാകാതിരുന്നപ്പോള്‍, അകലെനിന്ന് തയാറായ സവര്‍ണ അധ്യാപകന് സംരക്ഷണം നല്‍കിക്കൊണ്ടാണ് അയ്യങ്കാളി ദൗത്യം യാഥാര്‍ഥ്യമാക്കിയത്.
പിറന്നമണ്ണിലെ നടവഴികളില്‍ ദലിതന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ വില്ലുവണ്ടിയില്‍ യാത്ര ചെയ്ത് ദലിതന്‍െറ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അയ്യങ്കാളി. ആ കാലത്ത് രണ്ട് കാളകള്‍ വലിച്ചുകൊണ്ടുപോകുന്ന വില്ലുവണ്ടിയില്‍ യാത്രചെയ്യുന്നത് ഒരു ദലിതന് സ്വപ്നം കാണാന്‍ പോലും പറ്റുമായിരുന്നില്ല. പാടത്ത് എണ്ണയിട്ട യന്ത്രംപോലെ പണിയെടുക്കുന്ന ദലിതന് കൂലിയായി നെല്ലുമാത്രം ലഭിക്കുന്ന കാലഘട്ടത്തില്‍ നെല്ലല്ല പണമാണ് കൂലിയായി വേണ്ടതെന്നും ആഴ്ചയില്‍ ഏഴുദിവസവും മണ്ണില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട ദലിതന്‍ ഞായറാഴ്ചകളില്‍ അവധിയെടുക്കണമെന്നും ജോലി സമയം കുറക്കണമെന്നും ആഹ്വാനം ചെയ്യാന്‍ അയ്യങ്കാളി മാത്രമാണ് ധൈര്യപ്പെട്ടത്. 1911 മുതല്‍ നീണ്ട 22 വര്‍ഷക്കാലം ശ്രീമൂലം പ്രജാസഭയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍െറ ശബ്ദമായിരുന്നു അദ്ദേഹം.
അയ്യങ്കാളിയുടെ ജീവിതം അധികമാരും പറയാത്തതും എഴുതപ്പെടാത്തതുമായ ചരിത്രമാണ്. ആ ചരിത്രനായകന്‍െറ ദര്‍ശനങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കാന്‍ കേരള-കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ചെയറിനെ വേദിയാക്കാന്‍ വൈകിപ്പോയെങ്കിലും ഈ ജന്മദിനാചരണ പശ്ചാത്തലത്തിലെങ്കിലും അധികൃതര്‍ മുന്നോട്ട് വരണം. എസ്.സി/എസ്.ടി സെല്‍ രൂപവത്കരിക്കാനുള്ള വിദ്യാര്‍ഥികളുടെ നിരന്തര ശ്രമഫലമായാണ് സെല്ലും അതിന്‍െറകൂടെ  ഒരു ചെയറും രൂപവത്കരിക്കപ്പെട്ടത്. ചരിത്രബോധമുള്ള ദലിത്പക്ഷ അക്കാദമീഷ്യന്മാര്‍ ചെയറിന്‍െറ  തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടണം. പാര്‍ട്ടി കൂറ് ആയിരിക്കരുത് ഇതിന്‍െറ മാനദണ്ഡം. ഇന്ന് സര്‍വകലാശാലയിലെ മിക്ക നിയമനങ്ങളിലും പരിപാടികളിലും ബി.ജെ.പി/സംഘ് താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്. ‘അയ്യങ്കാളിയുടെ ആധികാരികമായ ഒരു ജീവചരിത്രം തയാറാക്കുക’ എന്നതാണ് ചെയറിന്‍െറ പ്രഥമദൗത്യമെന്ന് ഉദ്ഘാടനസമയത്ത് അന്നത്തെ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ് സൂചിപ്പിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. സെമിനാറുകളിലും സിമ്പോസിയങ്ങളിലും ഒതുങ്ങാതെ ചെയറിന്‍െറ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിക്കുന്ന തരത്തിലുള്ള മാര്‍ഗരേഖക്ക് സര്‍വകലാശാല രൂപം നല്‍കണം. ദലിതര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ യഥാര്‍ഥ ജീവിതം മനസ്സിലാക്കുകയും അവര്‍ക്ക് കഴിയാവുന്ന സഹായങ്ങള്‍ ലഭ്യമാക്കുകയും അവരുടെ തനത് സംസ്കാരം സംരക്ഷിക്കുവാനുമുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ ചെയറിന്‍െറ ഭാഗത്തുനിന്നുമുണ്ടാകണം.
സര്‍വകലാശാലയില്‍ എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്കു നീക്കിവെച്ച സീറ്റുകള്‍ വിവിധ പഠനവകുപ്പുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തിയിട്ടും ഒഴിഞ്ഞുകിടക്കുകയാണ്. കോളജുകളില്‍പോലും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാതിരിക്കുമ്പോള്‍ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് പരിശോധിക്കണം. പല പഠനവകുപ്പുകളിലും അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക പീഡനങ്ങളും വിവേചനങ്ങളും എടുത്തുപറയുന്നില്ളെന്നു മാത്രം. ഗവേഷണ മേഖലയിലും ഇത്തരം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല നിലനില്‍ക്കുന്നത്. സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തി വിദ്യാര്‍ഥികളെ സര്‍വകലാശാലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചെയര്‍ ഏറ്റെടുക്കണം.
ഫണ്ട് ഇല്ളെന്ന വാദം ഒരുപക്ഷേ, അധികൃതര്‍ ഉയര്‍ത്തിയേക്കാം. അനാവശ്യകാര്യങ്ങള്‍ക്ക് പോലും ധൂര്‍ത്താണ് സര്‍വകലാശാലയില്‍ നടക്കുന്നത്. വീണ്ടും ഒരു തറക്കല്ലിടല്‍ മഹാമഹംകൂടി സര്‍വകലാശാലയില്‍ നടക്കാന്‍ പോകുന്നുണ്ട്. ഒരു കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പത്തികക്രമക്കേടുകളുടെ പേരില്‍ ഇവിടെ നടന്നതുപോലുള്ള സി.ബി.ഐ റെയ്ഡ് നടക്കുന്നത് ചരിത്രത്തില്‍ ഒരുപക്ഷേ, ഇതാദ്യമാകും. കേരളത്തിലെ 20 ശതമാനത്തോളം വരുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍െറ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ചെയറിന് ഫണ്ടിന്‍െറ അഭാവം ഒരു തടസ്സമാകരുത്. ചെയറിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷമെങ്കിലും ആരംഭിക്കുമെന്ന് നമുക്ക് പ്രത്യാശ പുലര്‍ത്താം.
തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍
സയന്‍സ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍

Show Full Article
TAGS:
Next Story