Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശ്രീലങ്കന്‍...

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പും ഇന്ത്യയും

text_fields
bookmark_border
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പും ഇന്ത്യയും
cancel

തമിഴ് വംശജരെയും ന്യൂനപക്ഷങ്ങളെയും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ  പ്രവണതകള്‍ പ്രകടിപ്പിച്ച മഹീന്ദ രാജപക്സക്ക് ശ്രീലങ്കന്‍ ജനത ഈമാസം 17ന് നടന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പ്രഹരവും നല്‍കിയതോടെ, രാജ്യം പുതിയ ശുഭാപ്തിവിശ്വസത്തിലേക്കുണര്‍ന്നിരിക്കുന്നു. ഭരണ കുത്തക തിരിച്ചുപിടിക്കാനുള്ള മുന്‍ പ്രസിഡന്‍റിന്‍െറ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ വോട്ടര്‍മാര്‍ ഈവര്‍ഷം നല്‍കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ജനുവരിയിലാണ് സിരിസേനയെ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ച് രാജപക്സക്ക് വോട്ടര്‍മാര്‍ ആദ്യ തിരിച്ചടി നല്‍കിയത്. രാജപക്സയുടെ പതനം ഇന്ത്യയിലും പ്രതീക്ഷകളുടെ അലകള്‍ ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിലും ഈ ഭരണമാറ്റം പുതിയ സാധ്യതകളുടെ കവാടങ്ങള്‍ തുറക്കുകയാണ്.

ഇന്ത്യാ മഹാസമുദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന  തന്ത്രപ്രധാനമായ  രാജ്യമാണ് ശ്രീലങ്ക. രണ്ടുകോടിയിലധികം മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ് രാഷ്ട്രത്തില്‍ സിംഹളരാണ് കൂടുതലെങ്കിലും തമിഴരും മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും നല്ളൊരു ശതമാനമുണ്ട്. ഒന്നരക്കോടി വോട്ടര്‍മാരുള്ള ഈ രാജ്യവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സൗഹൃദ ബന്ധമുണ്ട്.

17ന് നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ജനതയുടെയും സജീവ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഭരണ ശൈലിയില്‍ നിര്‍ണായക മാറ്റങ്ങള്‍ ദൃശ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയും പങ്കെടുത്ത ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങിലാണ് 66കാരനായ വിക്രമസിംഗെ  പ്രധാനമന്ത്രിയായി അധികാരമേറ്റത്.

തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് ഏഴ് സീറ്റുകള്‍ കുറവാണ് വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യു.എന്‍.പി) ലഭിച്ചത്. 225 അംഗ പാര്‍ലമെന്‍റില്‍ 106 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് യു.എന്‍.പി. എതിരായി മത്സരിച്ച മുന്‍പ്രസിഡന്‍റ് മഹീന്ദ രാജ്പക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സിന് (യു.പി.എഫ്.എ) 95 സീറ്റും തമിഴ് നാഷനല്‍ അലയന്‍സിന് (ടി.എന്‍.എ) 16 സീറ്റും ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ മൂന്നിടത്തും ടി.എന്‍.എ സമ്പൂര്‍ണവിജയം നേടുകയും ചെയ്തു.

ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 45.7 ശതമാനം യു.എന്‍.പിക്കാണ് ലഭിച്ചത്. വന്‍ വിജയത്തോടെയുള്ള യു.എന്‍.പി മുന്നേറ്റത്തില്‍ അധികാരത്തില്‍ തിരിച്ചത്തൊനുള്ള മുന്‍പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ ശ്രമങ്ങളെല്ലാം വിഫലമായി. കഴിഞ്ഞ ജനുവരിയിലെ  പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജപക്സ ഇപ്പോള്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചത്തൊനാണ് ശ്രമിച്ചത്. പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ടതോടെ  നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍െറ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം. പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സമയത്തെ അദ്ദേഹത്തിന്‍െറ അഴിമതികളും അധികാര ദുര്‍വിനിയോഗങ്ങളുമെല്ലാം ഇപ്പോള്‍ കോടതിവിചാരണ നേരിടുകയാണ്. രാജപക്സയുടെ തോല്‍വി രാഷ്ട്രീയമായി പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് ഗുണകരമാകും.
പ്രസിഡന്‍റ് പദത്തിലിരിക്കെ രാജ്യത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി എല്‍.ടി.ടി.ഇക്കെതിരായി സ്വീകരിച്ച കടുത്ത നടപടികളായിരുന്നു തെരഞ്ഞെടുപ്പില്‍ രാജപക്സയുടെ പ്രധാന പ്രചാരണായുധം. ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഏറ്റവും പ്രബലമായ സിംഹള വിഭാഗത്തിന്‍െറ ശക്തമായ പിന്തുണയായിരുന്നു. എന്നാല്‍, വംശീയ വിദ്വേഷം വളര്‍ത്തി വോട്ട് പിടിക്കാനുളള രാജപക്സയുടെ കരുനീക്കങ്ങള്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍കൂടി തള്ളിക്കളഞ്ഞിരിക്കുന്നു.

തമിഴ് വംശജരുടെയും മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും പിന്തുണ വിക്രമസിംഗെക്ക് ലഭിക്കുകയും ചെയ്തു.
1993ലാണ് വിക്രമസിംഗെ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. തുടര്‍ന്ന് 2002ല്‍ പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ഈവര്‍ഷം ജനുവരിയില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് വിക്രമസിംഗെയെ മൂന്നാമത് തവണ പ്രധാനമന്ത്രിയായി നിയമിച്ചത്.

ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വൈരം മറന്ന് യോജിച്ചു മുന്നേറണമെന്ന് സത്യപ്രതിജ്ഞക്കുശേഷം വിക്രമസിംഗെ ആഹ്വാനം ചെയ്തു. മികച്ച ഭരണസംവിധാനം ഉണ്ടാക്കാന്‍ രാജ്യത്തെ എല്ലാ കക്ഷികളുടേയും സഹകരണ അദ്ദേഹം അഭ്യര്‍ച്ചിട്ടുണ്ട്. രാജ്യത്ത് 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കഴിഞ്ഞകാലത്ത് സംഭവിച്ച മുറിവുകള്‍ ഉണക്കണമെന്നും രാജ്യത്തിന്‍െറ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചുവെന്നത് തെരഞ്ഞെടുപ്പിന്‍െറ പ്രധാന സവിശേഷതയായിരുന്നു. രാജപക്സയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ സിരിസേന ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, സിരിസേനയുടെ പാര്‍ട്ടിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നത ഉടലെടുത്തു.  യു.പി.എഫ്.എക്ക് ഭൂരിപക്ഷം ലഭിച്ചാലും രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കില്ളെന്ന് സിരിസേന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജപക്സയുടെ സ്ഥാനാര്‍ഥിത്വം യു.എന്‍.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മഹാഭൂരിപക്ഷം വരുന്ന സിംഹളരില്‍ വന്‍ സ്വാധീനമുള്ള രാജപക്സ തെരഞ്ഞെടുക്കപ്പെടുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, ആ ധാരണകളെയാകെ വോട്ടര്‍മാര്‍ അട്ടിമറിച്ചിരിക്കുന്നു.

രാജപക്സ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു നിലവിലുള്ള പ്രസിഡന്‍റ് സിരിസേന. എന്നാല്‍, ജനുവരിയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സക്കെതിരായി മത്സരിച്ച സിരിസേന വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശ്രീലങ്കയില്‍ ഒരു ദേശീയ സര്‍ക്കാറാണ് രൂപവത്കരിച്ചിരിക്കുന്നത്. മന്ത്രിസഭ രൂപവത്കരണത്തില്‍ യു.എന്‍.പിയും എസ്.എല്‍.എഫ്.പിയും തമ്മില്‍ ധാരണപത്രം ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്കാണ് എസ്.എല്‍.എഫ്.പി ഈ ദേശീയ സര്‍ക്കാറിന് പിന്തുണ നല്‍കുക. യു.എന്‍.പിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും ചേര്‍ന്ന് ദേശീയ സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചിട്ടുമുണ്ട്. സാമൂഹിക സമത്വം, വംശീയ ഉദ്ഗ്രഥനം, രാജ്യത്തിന്‍െറ അഭിവൃദ്ധി എന്നിവയാണ് ഈ ഉടമ്പടിയുടെ പ്രധാന സവിശേഷതകളെന്ന് യു.എന്‍.പി ജനറല്‍ സെക്രട്ടറി കബീര്‍ ഹാഷിം പറയുന്നു.

ദേശീയ സര്‍ക്കാറിനെ ഒട്ടേറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വിദേശനയത്തിലെ പ്രധാന സങ്കീര്‍ണതയായിരിക്കെ വടക്കന്‍ മേഖലയിലെ തമിഴ് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. രാജപക്സക്കെതിരായി തമിഴ് കക്ഷികളെല്ലാം സിരിസേനയെയും വിക്രമസിംഗെയെയുമാണ് പിന്തുണച്ചത്. തമിഴ് വംശീയപ്രശ്നം പരിഹരിക്കുക എന്നത് വളരെ എളുപ്പം ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല. എങ്കിലും തമിഴ് വംശജര്‍ക്കാകെ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്.

സിരിസേനയുമായി ഫോണില്‍ സംസാരിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലങ്കയില്‍ ശാശ്വത സമാധാനത്തിനുള്ള അടിത്തറ പാകാന്‍ പുതിയ സര്‍ക്കാറിനെ ആഹ്വാനം ചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുംവിധം പൊതുതെരഞ്ഞെടുപ്പ് നടത്തിയതിനെ അദ്ദേഹം ശ്ളാഘിക്കുകയും ചെയ്തു.

താന്‍ തുടങ്ങിവെച്ച വികസന പരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി വിക്രമസിംഗെ രാജ്യത്ത് വിദേശനയമടക്കമുള്ള മൗലിക നയങ്ങളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന.  ഇന്ത്യയുമായി അകലം പാലിച്ച് ചൈനയുമായി സുരക്ഷാബന്ധം ശക്തിപ്പെടുത്താനായിരുന്നു രാജ്പക്സ എക്കാലത്തും ശ്രമിച്ചുപോന്നത്. നയസമീപനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ത്യയുമായുള്ള സൗഹൃദം പുതിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്ലാനിലയിലും ശക്തിപ്പെടുത്തുമെന്നാണ് ഏവരും കരുതുന്നത്. പ്രധാനമന്ത്രി വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ വടക്കന്‍ ജില്ലകളില്‍ നടന്ന തമിഴ് വംശീയ പ്രക്ഷോഭത്തെ വളരെ മൃഗീയമായാണ് രാജപക്സ സര്‍ക്കാര്‍ നേരിട്ടത്. ആ യുദ്ധത്തില്‍ 80,000 പേര്‍ മരിച്ചു. ഇതില്‍ 40,000 പേര്‍ നിരപരാധികളായ സാധാരണക്കാരായിരുന്നെന്ന് ഇതിനകം വെളിപ്പെടുകയുണ്ടായി. ഇതിന്‍െറ പേരില്‍ സിംഹളവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള രാജപക്സയുടെ ശ്രമങ്ങള്‍ക്ക് വോട്ടര്‍മാരില്‍ സ്വാധീനം ഉളവാക്കാന്‍ കഴിഞ്ഞില്ളെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ മാറിയ  രാഷ്ട്രീയ സമവാക്യങ്ങള്‍ പരിഗണിച്ച് ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ശ്രീലങ്കന്‍ സര്‍ക്കാറില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സമ്മര്‍ദം ചെലുത്തണമെന്ന് നമ്മുടെ രാജ്യത്തെ ചില ഇടതുപക്ഷ പാര്‍ട്ടികളും തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെയും ഇതിനകംതന്നെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. സിംഹളര്‍ക്ക് തുല്യമായ പദവി ശ്രീലങ്കയിലെ തമിഴര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവിടെ ഇനിയും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം അനുകൂല നിലപാടാണ് പുതിയ പ്രധാനമന്ത്രി വിക്രമസിംഗെയില്‍നിന്ന് ഇന്ത്യയിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത്.                                            .
 

Show Full Article
TAGS:
Next Story