Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുഷ്കരന്‍

മുഷ്കരന്‍

text_fields
bookmark_border
മുഷ്കരന്‍
cancel

എന്നാലും ഒരു അധോലോക നേതാവിന്‍െറ സഹധര്‍മിണി ഇത്രയും നിഷ്കളങ്കമായി പെരുമാറുമോ എന്ന് ആര്‍ക്കും സംശയം തോന്നും. ഇന്ത്യന്‍ ടി.വി ചാനലില്‍നിന്ന് ഒരാള്‍ വിളിക്കുമ്പോള്‍ ദാവൂദ് ഇബ്രാഹിമിന്‍െറ ഭാര്യ മെഹ്ജബീന്‍ ശൈഖ് എന്ന സുബീന സെറീന്‍ ഫോണെടുത്ത് ‘അദ്ദേഹം ഉറങ്ങുകയാണ്’ എന്നുപറഞ്ഞത് രാജ്യത്തെ മാധ്യമങ്ങള്‍ക്ക് വെണ്ടക്ക തലക്കെട്ടുകളായിരുന്നു കഴിഞ്ഞയാഴ്ച. അജ്ഞാതനായ ഒരാള്‍ക്ക് ദുരൂഹനായകന്‍െറ ഭാര്യ തന്‍െറ വ്യക്തിത്വം വെളിപ്പെടുത്തിക്കൊടുത്തു എന്നതില്‍ പോലുമുണ്ട് അവിശ്വസനീയത. ഇനി കറാച്ചിയില്‍ പാക് ഭരണകൂടത്തിലെ ഉന്നതര്‍ക്കൊപ്പം രഹസ്യസ്വഭാവമില്ലാതെ, തുറന്ന ജീവിതമാണ് അവര്‍ നയിക്കുന്നതെന്നിരിക്കട്ടെ. എന്നാലും, ഫോണിലൂടെ ദാവൂദിന്‍െറ സാന്നിധ്യം സ്ഥിരീകരിക്കാന്‍ മാത്രം വിഡ്ഢിയാണ് അവരെന്നു കരുതാന്‍ വയ്യ. കാരണം, ഫോണ്‍ പാകിസ്താന്‍െറയും ഇന്ത്യയുടെയും അമേരിക്കയുടെയും നിരീക്ഷണത്തിലാണ്. വാര്‍ത്ത വന്നതോടെ ദാവൂദ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കിയപ്പോഴും ദാവൂദ് പാകിസ്താനിലുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ കൈമാറാനായി ആഭ്യന്തരമന്ത്രാലയം ശേഖരിച്ചപ്പോഴും ഈ ദുരൂഹനായകന്‍െറ പേര് ഉയര്‍ന്നുവന്നിരുന്നു.
പിടികിട്ടാപ്പുള്ളിക്ക് ഈവരുന്ന ഡിസംബറില്‍ അറുപത് തികയും. കഴിഞ്ഞയാഴ്ച നിരവധി പത്രങ്ങള്‍ ദാവൂദിന്‍െറ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവുമൊടുവിലത്തെ ചിത്രം എന്ന അടിക്കുറിപ്പോടെ ഇതുവരെ കണ്ടതില്‍നിന്നു വിഭിന്നമായ, മീശയില്ലാത്ത പ്രായംചെന്ന ദാവൂദിന്‍െറ ചിത്രമായിരുന്നു അത്. ലോകം മുഴുവന്‍ കണ്ടുശീലിച്ചത് യുവാവായ ദാവൂദിന്‍െറ ചിത്രമാണ്. അതുകൊണ്ടുതന്നെ കാലം തൊടാത്ത അധോലോക നായകന്‍ എന്ന പ്രതിച്ഛായ ലഭിക്കുകയും ചെയ്തു. എന്നാല്‍, പുതിയ ഫോട്ടോ ആ ദുരൂഹതയെ തെല്ളൊന്നുമല്ല പോറലേല്‍പിക്കുന്നത്. എണ്‍പതുകളുടെ മധ്യത്തില്‍ ലോകക്രിക്കറ്റിന്‍െറ ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നായി ഷാര്‍ജ മാറിയ കാലത്ത് നാം കണ്ടിട്ടുണ്ട്, ക്രിക്കറ്റ് ഭ്രാന്തനായ ദാവൂദിനെ, സ്റ്റേഡിയത്തില്‍ ബോളിവുഡ് താരത്തിനൊപ്പവും മഞ്ഞ ഷര്‍ട്ടിട്ട് ഫോണ്‍ചെയ്യുന്ന രൂപത്തിലും ഓഫിസിലിരിക്കുന്ന നിലയിലും നാം കണ്ട മിക്കവാറും എല്ലാ ഫോട്ടോകളും 20 വര്‍ഷം മുമ്പ് എടുക്കപ്പെട്ടവയാണ്. പ്രബലനെന്നും അധികാരം കൈയാളുന്നവനെന്നുമുള്ള പ്രതിച്ഛായ വളര്‍ത്താനുതകുന്നവയായിരുന്നു ഈ ഇമേജുകള്‍. അഥവാ ഒരു അധോലോക രാജാവിനെ ലോകം കാണാനാഗ്രഹിക്കുന്ന തരത്തിലുള്ളവയായിരുന്നു സ്വിഷ് ജാക്കറ്റിലും സ്യൂട്ടിലുമുള്ള ദാവൂദിന്‍െറ ഫോട്ടോകള്‍. ഈ ഫോട്ടോകളുടെ പ്രസിദ്ധീകരണത്തിലൂടെ ഏഷ്യയും യൂറോപ്പും വരെ പടര്‍ന്നുകിടക്കുന്ന അധോലോക കുറ്റകൃത്യശൃംഖലയുടെ പ്രബലരൂപമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ആ പ്രതിച്ഛായയെ പൊലിപ്പിച്ചെടുക്കുകയും ചെയ്തു. ആ ഇമേജിനാണ് ഇളക്കംതട്ടിയിരിക്കുന്നത്.

ഒരു പ്രബലരാഷ്ട്രം എന്ന പേര് നേടുന്നതിന് ഇന്ത്യക്ക് എന്നും തടസ്സമായിട്ടുള്ളത് ഈ അന്താരാഷ്ട്ര കുറ്റവാളിയാണ്. മുംബൈ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനെ പിടികൂടാനാവാത്ത ദുര്‍ബലരാജ്യം എന്ന ദുഷ്പേര് കേള്‍ക്കുകയും ചെയ്തു. അയല്‍രാജ്യത്തുണ്ടായിട്ടും പിടിക്കാന്‍ കഴിയാത്ത ഈ പിടികിട്ടാപ്പുള്ളി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ ബുദ്ധിയെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. അമേരിക്ക പാകിസ്താനില്‍ വന്ന് ഉസാമ ബിന്‍ലാദിനെ വകവരുത്തിയപ്പോള്‍ ദാവൂദിനെ നിയമത്തിനു മുന്നിലത്തെിക്കാന്‍ കഴിയാത്ത ഇന്ത്യയുടെ കഴിവുകേട് ഒന്നുകൂടി ഉച്ചത്തില്‍ അപഹസിക്കപ്പെട്ടു. നിയമവാഴ്ചക്ക് പ്രാമുഖ്യമുണ്ടായിരിക്കുകയും അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച ഭൗമരാഷ്ട്രീയം അന്താരാഷ്ട്രബന്ധങ്ങളില്‍ ആധിപത്യം ചെലുത്താതിരിക്കുകയും ചെയ്യുന്ന ആദര്‍ശാത്മക ലോകമായിരുന്നു ഇതെങ്കില്‍ പാകിസ്താന്‍ ഈ കൊടുംകുറ്റവാളിയെ പിടികൂടാന്‍ ഇന്ത്യയുമായി സഹകരിക്കുമായിരുന്നുവെന്ന് ഉറപ്പ്. എന്നാല്‍, ദാവൂദിന്‍െറ സാന്നിധ്യമുണ്ടെന്ന് അംഗീകരിക്കാന്‍ പാക് ഭരണകൂടം വിസമ്മതിക്കുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക് ഭരണകൂടത്തിന്‍െറ തന്ത്രങ്ങളില്‍ ദാവൂദ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താന്‍െറ സുരക്ഷാസംവിധാനങ്ങളുടെ കീഴിലാണ് കറാച്ചിയിലെ സുഖവാസം.

ഈവര്‍ഷം മേയിലെ ഫോര്‍ബ്സ് മാസികയുടെ കണക്കു പ്രകാരം 6.7 ബില്യണ്‍ ഡോളറിന്‍െറ ആസ്തിയുണ്ട്. ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ കണക്കു പ്രകാരം 3000 കോടിയുടെ സ്വത്ത്. മയക്കുമരുന്ന് കള്ളക്കടത്ത്, വ്യാജകറന്‍സി എന്നിവയാണ് മറ്റ് ബിസിനസ്. ലോകത്തെ പ്രമുഖ മയക്കുമരുന്ന് വ്യാപാരികളില്‍ അഞ്ചാമന്‍. തായ്ലന്‍ഡ്, സിംഗപ്പൂര്‍, യു.എ.ഇ, പാകിസ്താന്‍, സ്പെയിന്‍, ബ്രിട്ടന്‍ തുടങ്ങി 10 രാജ്യങ്ങളിലായി അമ്പതോളം പ്രധാന വസ്തുവകകള്‍ സ്വന്തമായുണ്ട് ദാവൂദിന്‍െറ ഡി കമ്പനിക്ക്. എല്ലാം ബിനാമി പേരുകളില്‍ വാങ്ങിക്കൂട്ടിയവ.
1955 ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കൊങ്കണി മുസ്ലിം കുടുംബത്തില്‍ ജനനം. പിതാവ് ഇബ്രാഹിം കസ്കര്‍ സി.ഐ.ഡിയില്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍ ആയിരുന്നു. മാതാവ് ആമിന വീട്ടമ്മ. വളര്‍ന്നത് മുംബൈയിലെ ഡോന്‍ഗ്രി മേഖലയില്‍. ബോംബെയിലെ സ്വര്‍ണ കള്ളക്കടത്തുകാരനായ ഹാജി മസ്താന്‍െറ സംഘവുമായി ഏറ്റുമുട്ടിയാണ് ദാവൂദ് അധോലോകത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യ കമ്പനിയായ ഡി കമ്പനി രൂപവത്കരിച്ച് ഇന്ത്യക്കെതിരായ അധോലോക സാമ്രാജ്യം വിപുലമാക്കി.

മദ്യവും മദിരാക്ഷിയും കുതിരകളുമാണ് പ്രധാന ദൗര്‍ബല്യങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നു. മുന്‍കാല ബോളിവുഡ് നായിക മന്ദാകിനിയായിരുന്നുവത്രെ ഒരുകാലത്തെ കാമുകി. ബോളിവുഡുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു എന്നും. പല സിനിമകള്‍ക്കും പിന്നില്‍ പണമൊഴുക്കിയിട്ടുണ്ട്. പല ഹിന്ദിച്ചിത്രങ്ങള്‍ക്കും ദാവൂദിന്‍െറ ജീവിതം വിഷയമായിട്ടുണ്ട്. കമ്പനി, ഡി, ബ്ളാക്ക് ഫ്രൈഡേ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ട്വാല, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, ഡി-ഡേ തുടങ്ങിയ ചിത്രങ്ങള്‍.
ഉസാമ ബിന്‍ലാദിനുമായി ബന്ധമുണ്ടായിരുന്നതിനാലാണത്രെ ആഗോളഭീകരന്‍ എന്നാണ് അമേരിക്ക വിളിക്കുന്നത്. ദാവൂദ് ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെ കുരുക്കാനായി അമേരിക്കയുമായി ചേര്‍ന്ന് നീങ്ങാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സര്‍ക്കാര്‍. ഇതിനായി അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍  ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍െറ (എഫ്.ബി.ഐ) തീവ്രവാദവിരുദ്ധ വിഭാഗവുമായി ഇന്ത്യ കരാര്‍ ഒപ്പിടും. 2005ല്‍ മകള്‍ മെഹ്റൂഖ് പാകിസ്താനി ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ ദാദിന്‍െറ മകന്‍ ജുനൈദിനെ വിവാഹം കഴിച്ചു. 2011ല്‍ മകള്‍ മെഹ്രീന്‍ പാകിസ്താന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അയ്യൂബിനെ വിവാഹം കഴിച്ചു. സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മുംബൈയിലാണ് താമസം.

Show Full Article
TAGS:
Next Story