Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബോട്ട് ദുരന്തം:...

ബോട്ട് ദുരന്തം: പ്രഹസനമാകരുത് അന്വേഷണങ്ങള്‍

text_fields
bookmark_border
ബോട്ട് ദുരന്തം: പ്രഹസനമാകരുത് അന്വേഷണങ്ങള്‍
cancel

ഒരു ജഡ്ജിയുടെ പാണ്ഡിത്യമോ മാരിടൈം വിദഗ്ധന്‍െറ നിപുണതയോ ആവശ്യമില്ലാത്തതരത്തില്‍ അപകട കാരണങ്ങള്‍ ലളിതമാണെങ്കിലും ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും അന്വേഷണ കമീഷനെ നിയോഗിച്ച് അപകടകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടത്തൊനുള്ള നീക്കം അപഹാസ്യമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു.

കേരളത്തിലെ ഏറ്റവുംവലിയ ബോട്ട് ദുരന്തം 2009ലെ തേക്കടി തടാകത്തിലെ ഡബിള്‍ഡക്കര്‍ ബോട്ടപകടമായിരുന്നു. അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് ചീഫ് ബോട്ട് ഇന്‍സ്പെക്ടറെയും കെ.ടി.ഡി.സിയുടെ എം.ഡിയെയുമായിരുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ബോട്ട് ഉണ്ടാക്കാനും, സര്‍വിസ് നടത്താനും കുടപിടിച്ചുനിന്നവരാണ് രണ്ടുപേരും. കെ.ടി.ഡി.സിയുടേതായിരുന്നു ബോട്ട്. യഥാര്‍ഥ പ്രതികളെ തന്നെ അപകടകാരണം കണ്ടത്തൊന്‍ നിയോഗിച്ച വിചിത്രസംഭവമായിരുന്നു അത്.

2002ല്‍ കുമരകത്തുണ്ടായ അപകടകാരണം 25 വര്‍ഷത്തിന് മുമ്പ് നടത്തിയ ഫിറ്റ്നസ് പരിശോധനയുടെ  ബലത്തില്‍ സര്‍വിസ് നടത്തിയ ബോട്ടായിരുന്നു. ഫിറ്റ്നസോ, ലൈസന്‍സോ ഇല്ലാത്ത ബോട്ട് സര്‍വിസിന് ഉപയോഗിച്ച ജലഗതാഗത വകുപ്പ് ഡയറക്ടറോ, ട്രാഫിക് സൂപ്രണ്ടോ ഇതൊക്കെ പരിശോധിക്കാന്‍ ചുമതലപ്പെട്ട ബോട്ട് ഇന്‍സ്പെക്ടര്‍മാരോ കേസില്‍ പ്രതികളല്ല. ഇവരെയൊക്കെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് തയാറായില്ല. നിരപരാധികളായ ബോട്ട് ജീവനക്കാര്‍ ഇന്നും കോട്ടയം കോടതിയില്‍ വിചാരണ നേരിടുകയാണ്. അന്വേഷണത്തിന്‍െറ പേരില്‍ ഒമ്പതോ, പത്തോ വര്‍ഷം, അതുകഴിഞ്ഞ് ഓരോ മാസവും ഒന്നോ രണ്ടോ സാക്ഷികളെ വിസ്തരിക്കല്‍! 125ലധികം സാക്ഷികളെ വിസ്തരിച്ചുതീരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.  

കുമരകം ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷന്‍ കണ്ടത്തെിയ കാരണം ബോട്ട് മണ്‍തിട്ടയില്‍ ഇടിച്ചതാണെന്നായിരുന്നു.  വേമ്പനാട്ടുകായലില്‍ അങ്ങനെയൊരു മണല്‍ത്തിട്ട ഇല്ല എന്ന് ആരോടുപറയാന്‍! മണല്‍തിട്ടയില്‍ ഇടിച്ചാല്‍ ബോട്ട് മറിയില്ളെന്ന് തടി ബോട്ടുകളെ സംബന്ധിച്ച് പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് അറിയാനാകും. അഥവാ മണല്‍തിട്ടയിലാണ് ഇടിച്ചതെങ്കില്‍ നിലയില്ലാകയത്തിലേക്ക് മുങ്ങി ഇത്രയേറെ യാത്രക്കാര്‍ മരിക്കുന്നതെങ്ങനെ? ഒരു ഡസനിലധികം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്‍െറ അലമാരകളില്‍ കെട്ടിവെച്ചിട്ടുണ്ട്. അതിലൊന്നുപോലും വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ട് തുടര്‍ നടപടി എടുക്കാന്‍ ഒരു സര്‍ക്കാറും നാളിതുവരെ തയാറായിട്ടില്ല. ആ നിലയില്‍ ഇപ്പോള്‍ കൊച്ചിയിലെ അപകടകാരണമറിയാനും അന്വേഷണ കമീഷനെ നിയോഗിക്കണമെന്നപ്രഖ്യാപനം  ഉണ്ടായിരിക്കുന്നു. ജനവികാരം തണുപ്പിക്കാന്‍ തല്‍ക്കാലം ഉതകുമെന്നല്ലാതെ കമീഷന്‍ അന്വേഷണം കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതാനാവില്ല.

മിക്ക അപകടങ്ങളിലും എല്ലാം അന്വേഷിച്ചു കണ്ടത്തെിയ കാരണങ്ങള്‍ ഏറക്കുറെ ഒന്നുതന്നെയാണ്. യഥാര്‍ഥകാരണം ഒരു അന്വേഷണ കമീഷനും കണ്ടത്തെിയില്ല. കുമരകം അപകടം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ്  അന്വേഷണത്തിനിടയില്‍ അപകടത്തില്‍പെട്ട ബോട്ടിലെ ഒറ്റ ജീവനക്കാരുടെയും  മൊഴി രേഖപ്പെടുത്തിയിരുന്നില്ല. മൊഴി നല്‍കാന്‍ തയാറായി എത്തിയ ഈ ലേഖകനെയും വിസ്തരിച്ചില്ല. തിടുക്കത്തില്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടില്‍ സേഫ്റ്റി കമീഷണറെ നിയമിച്ചാല്‍ അപകടം ഒഴിവാകുമെന്ന കണ്ടത്തെലാണ് പ്രധാനമായും എഴുതിച്ചേര്‍ത്തത്. കുമരകം, തട്ടേക്കാട്, തേക്കടി ദുരന്തങ്ങളെ തുടര്‍ന്ന് വലിയ ഒച്ചപ്പാടുണ്ടായത് നിലവിലെ ജലയാന നിയമങ്ങള്‍ പര്യാപ്തമല്ലാത്തതുകൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന നിയമം 1920ലെ  തിരുവിതാകൂര്‍ പബ്ളിക് ഫെറി ആന്‍ഡ് പബ്ളിക് കനാല്‍ നിയമവും 1924ലെ ചട്ടങ്ങളുമായിരുന്നു.

ബ്രിട്ടീഷുകാരുടെ കാലത്തുള്ള നിയമമാണെങ്കിലും അതിന്‍െറ വ്യാപ്തി ഇന്നുള്ള പല നിയമങ്ങളേക്കാളും സമ്പുഷ്ടമായിരുന്നു.  ഇന്നത്തെ ഫൈബര്‍ ബോട്ടുകളും  ഹൗസ് ബോട്ടുകളും ഫിഷിങ് വള്ളങ്ങളും ഒൗട്ട് ബോര്‍ഡ് എന്‍ജിന്‍ ഉപയോഗവും അന്നുണ്ടായിരുന്നില്ല. മാറ്റങ്ങള്‍ക്കനുസരിച്ച് നിലവിലെ നിയമം പരിഷ്കരിക്കുകയോ പുതുക്കി നിര്‍മിക്കുകയോ ചെയ്യുന്നതിനുപകരം സര്‍ക്കാര്‍ ചെയ്തത് 1920 ലെ തിരുവിതാംകൂര്‍ നിയമവും ചട്ടവും എടുത്തുകളഞ്ഞ് 1912ലെ ഇന്ത്യന്‍ ജലയാനനിയമത്തിന്‍െറ ചുവടുപിടിച്ച് 2010ല്‍ കേരള ജലയാനചട്ടങ്ങള്‍ മാത്രം ഉണ്ടാക്കി നടപ്പാക്കുകയായിരുന്നു. ജലയാത്രക്ക് പ്രത്യേക ചാനല്‍ (ട്രാക്) നിശ്ചയിക്കണമെന്നും ലൈറ്റ് സംവിധാനം ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ഇന്ന് പാലിക്കുന്നില്ല. സ്വന്തമായി ഹെലികോപ്ടറും വിമാനവും ഉള്ളവര്‍ക്ക് അത് യഥേഷ്ടം പറപ്പിക്കാനാവില്ല.

ബോട്ടുകള്‍ക്ക് ക്രോസ് ചെയ്യാം, കരയില്‍നിന്ന് എത്രദൂരം സഞ്ചരിക്കാം, കനാലുകളില്‍ എങ്ങനെ യാനങ്ങള്‍ സഞ്ചരിക്കണം, എവിടെ പാര്‍ക്കുചെയ്യണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ട ജാഗ്രത ഇല്ലാത്തത് അപകടകാരണമാകുന്നുണ്ട്. കൊച്ചിയിലെ അപകടത്തിന്‍െറ പ്രധാനകാരണവും ഇതുതന്നെയാണ്. ബോട്ടിന്‍െറ കാലപ്പഴക്കം അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ്. കൊച്ചിയില്‍ വൈപ്പിന്‍ - മട്ടാഞ്ചേരി പോലെ തിമിര്‍ത്ത ജലഗതാഗത മേഖലയില്‍പോലും ഇത്തരം പഴകിദ്രവിച്ച ബോട്ട് നിയന്ത്രണരഹിതമായ നിലയിലും, അപകടം ക്ഷണിച്ചുവരുത്തുന്ന നിലയിലുമാണ് സര്‍വിസ് നടത്തിയതെങ്കില്‍ തുറമുഖ വകുപ്പിന് എങ്ങനെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകും ?
ഇന്നും എന്നും, ഇനിയും ഏറ്റവും ചെലവുകുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ യാത്രാമാര്‍ഗവും, ചരക്കുകടത്ത് മാര്‍ഗവും ജലയാനങ്ങള്‍ തന്നെയാണ്. സൗകര്യപ്രദവും ആനന്ദകരവുമാണ് ബോട്ട് യാത്ര. ശരീരക്ഷതം നന്നേകുറവ് ! പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്പീഡ് കൂട്ടിയും സമയലാഭം വരുത്താന്‍ കഴിയും. എന്നാല്‍ നിയമങ്ങള്‍, കാര്യക്ഷമത എന്നിവ പാലിക്കപ്പെടണം. എല്ലാരംഗങ്ങളിലും നിലനില്‍ക്കുന്ന കെടുകാര്യസ്ഥത ഏറ്റവും തിമിര്‍ത്താടുന്നത് ജലഗതാഗത മേഖലയിലാണ്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story