Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅലര്‍ജിയെന്തിന്...

അലര്‍ജിയെന്തിന് അറബിയോട്?

text_fields
bookmark_border
അലര്‍ജിയെന്തിന് അറബിയോട്?
cancel

1997ല്‍ ബി.എ അഫ്ദലിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖത്തര്‍ ഡിഫന്‍സില്‍ അറബി^ഇംഗ്ളീഷ് വിവര്‍ത്തകര്‍ക്ക് അവസരമുണ്ടെന്നറിഞ്ഞ് ഡല്‍ഹിയിലെ ഖത്തര്‍ എംബസിയിലേക്ക് ഞങ്ങള്‍ നൂറിലധികം വരുന്ന യുവാക്കള്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വണ്ടി കയറുന്നത്. പുറംലോകം കണ്ടിട്ടില്ലാത്ത ഈയുള്ളവന്‍ അറബി സംസാരിക്കുന്നത് കേട്ടിട്ട് കൂടെയുള്ള ഗള്‍ഫ് പരിചയമുള്ളവര്‍ പലരും കണക്കിന് കളിയാക്കി. പക്ഷേ, ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും വന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേരില്‍ ഞാനും ഉള്‍പ്പെട്ടപ്പോള്‍ എന്‍െറ വടിവൊത്ത അറബിക്ക് ഖത്തര്‍ ഡിഫന്‍സ് മേധാവിയെ സ്വാധീനിക്കാന്‍ പറ്റിയതെങ്ങനെ എന്ന് പലരും മൂക്കത്ത് വിരല്‍വെച്ചു. അവിടന്നങ്ങോട്ട് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അറബിക് സര്‍വകലാശാല വിവാദം പുകഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ കേരളത്തിന്‍െറ സാമ്പത്തികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ അറബി ഭാഷ വഹിച്ച പങ്ക് വര്‍ഗീയാന്ധത ബാധിച്ചവരെ ബോധ്യപ്പെടുത്താനാവുമെന്ന  മൗഢ്യമില്ളെങ്കിലും തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ അകറ്റാനെങ്കിലും ഈ കുറിപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

മോദിയുടെ യു.എ.ഇ സന്ദര്‍ശനാനന്തരം അറബി ഭാഷയും സംസ്കാരവും ഇന്ത്യക്ക് പൊതുവിലും കേരളത്തിന്  വിശേഷിച്ചും നല്‍കിയ സംഭാവനകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഗുജറാത്ത് കലാപത്തിലൂടെ ലോക രാഷ്ട്രങ്ങളുടെ വിമര്‍ശത്തിന് പാത്രമായ ഒരാള്‍  ഇന്ത്യാ മഹാരാജ്യത്തിന്‍െറ പ്രധാനമന്ത്രിയായി എന്ന ഒറ്റക്കാരണത്താല്‍ യു.എ.ഇ നല്‍കിയ സ്വീകരണവും ക്ഷേത്രത്തിന് സ്ഥലമനുവദിച്ചതിലൂടെ കാണിച്ച അതുല്യമായ മഹാമനസ്കതയും അതിരുകളില്ലാത്ത മാനവികതയെ നിര്‍വ്യാജം സ്നേഹിക്കുന്ന ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഹര്‍ഷപുളകിതരാക്കി. അറബ് രാജ്യങ്ങള്‍ക്കും അറബികള്‍ക്കും നമ്മുടെ രാജ്യത്തോടുള്ള സ്നേഹത്തിന്‍െറ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന ഉദാഹരണം പറഞ്ഞുതുടങ്ങിയെന്നു മാത്രം.

തങ്ങളുടെ  തലസ്ഥാന നഗരിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ഷേത്രത്തിനു അനുമതി നല്‍കിയ, കുറഞ്ഞ ചെലവില്‍ വേറെ നാട്ടുകാരെ കിട്ടാനുണ്ടായിട്ടും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് തൊഴില്‍നല്‍കി തീറ്റിപ്പോറ്റുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വിദേശ നാണയ വിനിമയത്തിലൂടെ നമ്മെ താങ്ങിനിര്‍ത്തുന്ന യു.എ.ഇയും അതുപോലുള്ള മറ്റ് അറബ് രാജ്യങ്ങളുടെയും ഒൗദ്യോഗിക ഭാഷയായ അറബിക്കുവേണ്ടി കൊച്ചുകേരളത്തില്‍ ഒരു സര്‍വകലാശാല വന്നാല്‍ അത് മതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുമോ, അതോ ചരിത്രപരമായി അറബ് രാജ്യങ്ങളുമായി ഇഴപിരിക്കാനാവാത്ത സാമൂഹിക സാംസ്കാരിക ബന്ധങ്ങളുള്ള കേരളത്തിന്‍െറ വളര്‍ച്ചയില്‍ നാഴികക്കല്ലാകുമോ?

നന്നായി അറബിഭാഷ കൈകാര്യം ചെയ്യുന്നവരോട് ഈ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന സ്നേഹം അതനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. തട്ടിയും മുട്ടിയും അറബി അറിയുന്നവര്‍ക്കുപോലും ജാതിമത ഭേദമന്യേ ഇവിടെ ഉയര്‍ന്ന തസ്തികകളും ശമ്പളവും ലഭിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് അറബിയുടെ പ്രാധാന്യം മനസ്സിലാക്കി ഇവിടെ വന്നതിനുശേഷം അറബി കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന നിരവധി അമുസ്ലിം സുഹൃത്തുക്കളെ നേരിട്ടറിയാം. ചില മതപരമായ ജോലികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അറബി അറിയില്ളെങ്കില്‍പോലും ജോലി നല്‍കുമ്പോള്‍ മതം നോക്കാതെ കഴിവ് മാത്രം പരിഗണിക്കുന്നവരാണ് അറബികളും അവരുടെ സ്ഥാപനങ്ങളും.

ഇനി നമ്മുടെ നാട്ടില്‍ അറബിക് സര്‍വകലാശാല വന്നാല്‍തന്നെ അതിന്‍െറ ഭാവിയിലെ ഗുണഭോക്താക്കള്‍ മുസ്ലിംകളെക്കാളേറെ ഇതര മതക്കാരായിരിക്കും എന്നുവേണം കരുതാന്‍. കാരണം, മുസ്ലിംകള്‍ക്ക് അറബി പഠിക്കാന്‍ ഇന്ന് കേരളത്തിലും പുറത്തും നിരവധി സ്വകാര്യ സ്ഥാപനങ്ങളുണ്ട്. അറബി കോളജുകളെ കുറിച്ച തെറ്റിദ്ധാരണകൊണ്ടോ മറ്റോ ഇതര മതക്കാര്‍ അവിടെ പഠിക്കാന്‍ എത്താറില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനമാവുമ്പോള്‍ അത്തരം മതപരമായ പരിമിതികള്‍ ഉണ്ടാവില്ലല്ളോ. ഭാഷയിലൂടെ മതത്തെയും സംസ്കാരത്തെയും അടുത്തറിയാന്‍ അവസരം ലഭിക്കുമെങ്കില്‍ മുസ്ലിം കുട്ടികളെ സംസ്കൃതവും ഹിന്ദു കുട്ടികളെ അറബിയും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയല്ളേ വേണ്ടത്?
അല്ളെങ്കിലും ലോകഭാഷകളില്‍ ഏറ്റവും ജീവസ്സുറ്റ അറബി അതിന്‍െറ മതപരമായ വൃത്തങ്ങളില്‍നിന്നും പുറത്തുകടക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. മറ്റു പ്രദേശങ്ങള്‍ക്ക് ഇത്രയേറെ വൈജ്ഞാനികവും സാംസ്കാരികവും ഭാഷാപരവുമായ സംഭാവനകള്‍ നല്‍കിയ പ്രമുഖ ഭാഷയാണത്. നിരവധി ഭാഷകളില്‍ അറബിപദങ്ങളുടെ വ്യക്തമായ സ്വാധീനവും ഒരുപക്ഷേ, അതിപ്രസരവും നമുക്ക് കാണാന്‍ കഴിയും. ഇതര ഭാഷകളില്‍നിന്ന് സ്വീകരിക്കാനും അറബി ഒരു മടിയും കാണിച്ചിട്ടില്ല. ലോകത്ത് ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന ഭാഷകൂടിയാണിത്. നിലവിലുള്ള നിരവധി ശാസ്ത്ര ശാഖകളിലെ അടിസ്ഥാനഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് അറബിയിലായതിനാല്‍ മൂലഭാഷയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറബി പഠിക്കുന്ന ശാസ്ത്രജ്ഞരും ഒട്ടും കുറവല്ല.

അറബ്ലോകത്തിന് കേരളവും ഒട്ടും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ യൂനിവേഴ്സിറ്റികളില്‍ പഠിപ്പിക്കപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ തുഹ്ഫതുല്‍ മുജാഹിദീനും ഫതഹുല്‍ മുഈനും, കൈറോ യൂനിവേഴ്സിറ്റിയില്‍ പ്രഫസര്‍ ആയി സേവനമനുഷ്ഠിച്ച മുഹ്യുദ്ദീന്‍ ആലുവയുടെ ‘ചെമ്മീന്‍’ പരിഭാഷ അടക്കമുള്ള നിരവധി സംഭാവനകളും അവയില്‍ ചിലതു മാത്രം. കേരളത്തെ ഏറെ സ്നേഹിക്കുന്ന ശിഹാബ് ഗാനിമിനെപോലുള്ള അറബ് കവികളും സാഹിത്യകാരന്മാരും ‘ചെമ്മീന്‍’ പോലുള്ള മലയാള സാഹിത്യത്തിലെ അതുല്യരചനകള്‍ ഇനിയും അറബിയില്‍ പിറക്കാത്തതെന്തെന്നു പരിതപിക്കുന്നവരാണ്.

ഇന്ന് അറബി പഠിപ്പിക്കപ്പെടുന്നത് മതഭാഷ എന്ന നിലക്കു മാത്രമാണ്. ഈ അവസ്ഥ മാറി ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍പോലെ ഒരു വാണിജ്യ, സാംസ്കാരിക ഭാഷയായി അറബി പഠിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. അത്തരം ഒരു നീക്കത്തിലൂടെ മതപരമായ സംവേദനങ്ങള്‍ക്ക് പുറമെ ലോകത്ത് ശക്തമായ സാമ്പത്തിക അടിത്തറയുള്ള അറബ് രാജ്യങ്ങളുമായി സാംസ്കാരികവും വാണിജ്യപരവുമായ നമ്മുടെ ബന്ധങ്ങള്‍ പൂര്‍വോപരി ഊട്ടിയുറപ്പിക്കുവാനും സാധിക്കും. ഇതുവരെ മതസ്ഥാപനങ്ങളും അറബി കോളജുകളും സ്വീകരിച്ച അശാസ്ത്രീയമായ ഭാഷാപഠന രീതികള്‍ കാരണം അത്തരം സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റര്‍ ബിരുദംവരെ കരസ്ഥമാക്കിയവര്‍ ശരിയായ രീതിയില്‍ അറബിയില്‍ ആശയവിനിമയം നടത്താന്‍ വളരെ പ്രയാസപ്പെടുന്നത് കാണേണ്ടി വരുന്നു. (ഇക്കാര്യത്തില്‍ ആംഗലേയ ബിരുദക്കാരുടെ കാര്യവും അത്ര കേമമല്ല).

അറബികളെയും അവരുടെ മതമായ ഇസ്ലാമിനെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യം മാത്രമേ വൈവിധ്യങ്ങളെ എക്കാലത്തും ഇരുകൈകളും നീട്ടി സ്വീകരിച്ച കേരളത്തിന് പറയാനുള്ളൂ. പള്ളികളും ചര്‍ച്ചുകളും അമ്പലങ്ങളും തോളോട് തോളുരുമ്മി നില്‍ക്കുന്ന, ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ഒരുമിച്ചുണ്ട് ആഘോഷിക്കുന്ന മലയാളി മക്കള്‍ക്ക് എന്നുമുതലാണ് അറബിഭാഷ മതവിദ്വേഷത്തിന്‍െറ ഭാഷയായി മാറിയത്? കിട്ടുന്ന ഒരവസരവും പാഴാക്കാതെ കേരളീയ മനസ്സുകളില്‍ വര്‍ഗീയ വിഷവിത്തുകള്‍ പാകി അധികാരമധുരം നുണയാമെന്ന് മനപ്പായസമുണ്ണുന്നവര്‍ക്ക് തിരിച്ചടിയായി മനുഷ്യസ്നേഹികള്‍ ഒന്നടങ്കം അറബിക് യൂനിവേഴ്സിറ്റി എന്ന മതേതര സ്വപ്നം സാക്ഷാത്കരിച്ചിരുന്നെങ്കില്‍ എന്നാശിക്കും.
(വിവര്‍ത്തകനും മീഡിയ കോഓഡിനേറ്ററുമാണ് ലേഖകന്‍)

Show Full Article
TAGS:
Next Story