മഞ്ചേരി മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ട് എം.ബി.ബി.എസ് ബാച്ചില്‍ ഇതിനകം പ്രവേശം നടന്നുകഴിഞ്ഞു. മൂന്നാമത്തെ ബാച്ചിന്‍െറ പ്രവേശമാണ് ഈവര്‍ഷം നടക്കേണ്ടത്. മൂന്നാം വര്‍ഷമാകുമ്പോള്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ക്ളിനിക്കല്‍ പോസ്റ്റിങ് കൂടുതലായി വന്നുതുടങ്ങും. അതിനനുസരിച്ച് അധ്യാപകരോ ഭൗതികസൗകര്യങ്ങളോ ഇവിടെ ഇനിയും ഒരുങ്ങിയിട്ടില്ല. 100 വിദ്യാര്‍ഥികള്‍ക്ക് 800 പേരുടെ ഒ.പിയാണ് എം.സി.ഐ നിര്‍ദേശിക്കുന്നതെങ്കില്‍ അതിന്‍െറ മൂന്നിരട്ടിയോളം പേര്‍ ഒ.പിയിലത്തെുന്നു. അതായത്, അസി. പ്രഫസര്‍മാര്‍, സീനിയര്‍ റെസിഡന്‍റ്സ്, ജൂനിയര്‍ റെസിഡന്‍റ്സ് എന്നിവരുടെ എണ്ണം എം.സി.ഐ നിര്‍ദേശിക്കുന്നതിന്‍െറ രണ്ടിരട്ടിയെങ്കിലും വേണമെന്നു സാരം. ഉള്ളതാകട്ടെ പാതിയില്‍താഴെയും. സീനിയര്‍, ജൂനിയര്‍ റെസിഡന്‍റ്സിന്‍െറ കുറവ് യഥാര്‍ഥത്തില്‍ 60 ശതമാനമാണ്. എന്നാല്‍, സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് മൂന്ന് അധ്യാപകതസ്തിക മാത്രമേ സൃഷ്ടിക്കാന്‍ ബാക്കിയുള്ളൂ.
പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറയും ഓഫിസ് ജീവനക്കാരുടെയും എണ്ണത്തിലും ഭീമമായ കുറവുണ്ട്. ആരോഗ്യവകുപ്പിന് (ഡി.എച്ച്.എസ്) കീഴിലുള്ള നഴ്സുമാര്‍ക്ക് പുറമേ പുതുതായി ഒറ്റ നഴ്സിനെപ്പോലും ആരോഗ്യ-വിദ്യാഭ്യാസവകുപ്പ് (ഡി.എം.ഇ) നിയമിച്ചിട്ടില്ല. ജനറല്‍ ആശുപത്രിയായാല്‍തന്നെ 22ഓളം ക്ളര്‍ക്കുമാര്‍ വേണമെന്നിരിക്കെ നാലു തസ്തിക മാത്രമാണ് പുതുതായി സൃഷ്ടിച്ചത്. ഇതില്‍തന്നെ നിയമനം നടന്നത് രണ്ടെണ്ണത്തിലും. നോണ്‍ടീച്ചിങ് വിഭാഗത്തില്‍ ആകെ 51 തസ്തിക സൃഷ്ടിച്ചപ്പോള്‍ നിയമനം നടന്നത് 24 എണ്ണത്തില്‍. എം.സി.ഐയുടെ പരിശോധനസമയത്ത് നടത്തുന്ന ചെപ്പടിവിദ്യ കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവിടത്തെ പ്രശ്നങ്ങള്‍. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് മാത്രമല്ല, രോഗികളുടെ എണ്ണത്തിനനുസരിച്ചും ഡോക്ടര്‍മാരെ നിയമിച്ചാലേ മഞ്ചേരിയിലും ഗുണപരമായ മാറ്റങ്ങളുണ്ടാവൂ. അല്ളെങ്കില്‍, ബോര്‍ഡുവെക്കാന്‍ മാത്രമായി ഒരു മെഡിക്കല്‍ കോളജ് എന്ന നിലയിലാകും.
മെഡിക്കല്‍ കോളജ് നിലവില്‍വന്നിട്ട് രണ്ടു വര്‍ഷമായെങ്കിലും പഴയ ജനറല്‍ ആശുപത്രി മട്ടില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. റഫറല്‍ സംവിധാനം പ്രാവര്‍ത്തികമായിട്ടില്ലാത്തതിനാല്‍ ഒ.പിയില്‍ പ്രതിദിനം 2500ഓളം പേരും അത്യാഹിതവിഭാഗത്തില്‍ 1500ഓളം പേരും ചികിത്സക്കത്തെുന്നു. അത്യാഹിത വിഭാഗത്തിലത്തെുന്നവരില്‍ 80 ശതമാനത്തോളവും ആ നിലക്കുള്ള പരിഗണന ആവശ്യമില്ലാത്തവരാണ്. യഥാര്‍ഥത്തില്‍ പ്രത്യേക പരിഗണന കിട്ടേണ്ട രോഗികള്‍ക്ക് അത് കിട്ടാതെപോകുന്നു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുന$ക്രമീകരിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. ഇടുക്കിയിലാകട്ടെ കാര്യങ്ങള്‍ ഇതിനെക്കാള്‍ കുഴഞ്ഞതും. ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും അടിസ്ഥാന സൗകര്യമൊരുക്കാന്‍ അശ്രാന്തപരിശ്രമം നടത്തുമ്പോഴും യഥാര്‍ഥത്തില്‍ വേണ്ട സൗകര്യങ്ങളൊന്നും ഒരുങ്ങിയിട്ടില്ല. സ്ഥലംമാറ്റം കിട്ടിയ ഡോക്ടര്‍മാരില്‍ വലിയപങ്കും സ്വാധീനമുപയോഗിച്ചും മറ്റും സ്വന്തം തട്ടകത്തിലേക്കോ മറ്റേതെങ്കിലും മെഡിക്കല്‍ കോളജുകളിലേക്കോ തിരിച്ചുപോകുകയാണ്. അതിന് കഴിയാത്തവര്‍ മാത്രമാണ് ഇപ്പോഴും അവിടെ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ നാലു പ്രിന്‍സിപ്പല്‍മാരാണ് ഇടുക്കിയുടെ ചുമതല വഹിച്ചത്. വനിതാ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയും നിലനില്‍ക്കുന്നു.
ഡോക്ടര്‍മാര്‍ വന്നും പോയുമിരിക്കുന്നത് ആദ്യ ബാച്ചിന്‍െറ പഠനത്തെ സാരമായി ബാധിച്ചുകഴിഞ്ഞു. 75 ശതമാനത്തോളം തസ്തികകള്‍ ഇനിയും സൃഷ്ടിക്കണം. 156 അധ്യാപകതസ്തിക ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 370 തസ്തികകളെങ്കിലും ഇടുക്കിയില്‍ പുതുതായി സൃഷ്ടിക്കണമെന്നാണ് സമിതി നിര്‍ദേശിച്ചത്. രണ്ടാംവര്‍ഷത്തെ ക്ളാസുകള്‍ ആരംഭിക്കാന്‍ മൂന്നു മാസംകൂടിയേ അവശേഷിക്കുന്നുള്ളൂ എന്നിരിക്കെ പത്തോളജി, ഫാര്‍മക്കോളജി, മൈക്രോ ബയോളജി ലാബുകള്‍പോലും ഇതുവരെ ആയിട്ടില്ല. ക്ളിനിക്കല്‍ പോസ്റ്റിങ് ലഭിക്കുന്ന തുടര്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സാങ്കല്‍പ്പിക പ്രാക്ടിക്കല്‍ ക്ളാസുകളിലിരിക്കേണ്ടിവരുമെന്നുറപ്പ്.
മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ശൈശവദശയിലെന്നുപോലും പറയാന്‍ പറ്റാത്തവിധം ദയനീയമാണ് കാര്യങ്ങള്‍. ഒമ്പത് ഡിപ്പാര്‍ട്മെന്‍റിലെ ഡോക്ടര്‍മാര്‍ക്ക് ഇരിപ്പിടംപോലുമില്ല. കഴിഞ്ഞ പരിശോധനയില്‍ 22 പോരായ്മകളാണ് എം.സി.ഐ അക്കമിട്ട് പറഞ്ഞത്. എല്ലാം ശരിയാക്കാമെന്ന് മറുപടിനല്‍കി താല്‍ക്കാലിക അനുമതി സമ്പാദിച്ചു. എപ്പോള്‍ ശരിയാകുമെന്ന കാര്യംമാത്രം ആര്‍ക്കുമറിയില്ല. ഭൗതിക സൗകര്യങ്ങളും ഉപകരണങ്ങളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കിയാല്‍തന്നെയും അധ്യാപകര്‍ ഇടുക്കിയുടെ ശാപമായി തുടരാനാണ് സാധ്യത.
കാര്യങ്ങള്‍ ഇത്രമേല്‍ കുഴഞ്ഞുമറിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജും പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജും ഈ വര്‍ഷംതന്നെ തുടങ്ങാന്‍ ഒരുങ്ങുന്നത്. സ്ഥലംമാറ്റത്തിലെന്നപോലെ തസ്തികനിര്‍ണയത്തിലും സ്വാധീനവും വിവേചനവും പ്രതിഫലിക്കുന്നു. ക്ളാസുകള്‍ ആരംഭിച്ച ഇടുക്കിയിലും മഞ്ചേരിയിലും തസ്തിക സൃഷ്ടിക്കാന്‍ ‘സാമ്പത്തിക പ്രതിസന്ധി’ തടസ്സമാകുന്ന സര്‍ക്കാറിന് തിരുവനന്തപുരത്തിന്‍െറയും കോന്നിയുടെയും കാര്യത്തില്‍ അതില്ല. തുടങ്ങാനിരിക്കുന്ന ഈ രണ്ടു മെഡിക്കല്‍ കോളജുകളിലേക്കുമായി 360ഓളം തസ്തികകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. കോന്നിയിലേക്ക് ഇതിനകം കുറെ ഡോക്ടര്‍മാരെ മാറ്റിയിട്ടുണ്ട്. ഇവര്‍ ഒപ്പിടുന്നത് തിരുവനന്തപുരത്തെ ഡി.എം.ഇ ഓഫിസിലാണ്. എന്നാല്‍, പിന്നാക്കജില്ലകളായ വയനാട്ടിലും കാസര്‍കോട്ടും മെഡിക്കല്‍ കോളജുകള്‍ തറക്കല്ലില്‍തന്നെ കിടക്കുന്നു. മുന്‍ഗണനയിലും ആസൂത്രണത്തിലും സംഭവിക്കുന്ന ഇത്തരം പിഴവുകള്‍ക്ക് ബലിയാടുകളാകുന്നത് എപ്പോഴും നിസ്വരായ മനുഷ്യരാണെന്ന് അനുഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു.
പുത്തന്‍ മെഡിക്കല്‍ കോളജുകള്‍ എങ്ങനെയും കൊണ്ടുവരുക എന്നതിനപ്പുറം സര്‍ക്കാറിന് നയമോ ഭാവനയോ നടപടികളോ ഇല്ലാതാവുമ്പോള്‍ വൈദ്യവിദ്യാഭ്യാസം കോമാളിക്കളിയായി മാറുകയാണ്. അതിന്‍െറ വില കൊടുക്കേണ്ടിവരുക സ്വാശ്രയ മെഡിക്കല്‍ കോളജുകളിലോ സ്വകാര്യ ആശുപത്രികളിലോ ചേക്കേറാന്‍ കഴിയാത്ത സാധാരണക്കാരുമായിരിക്കും.
(അവസാനിച്ചു)