Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമുദായിക സെന്‍സസ്...

സാമുദായിക സെന്‍സസ് തിരുത്തുന്ന മിഥ്യകള്‍

text_fields
bookmark_border
സാമുദായിക സെന്‍സസ് തിരുത്തുന്ന മിഥ്യകള്‍
cancel

നാലുവര്‍ഷമായി കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച 2011ലെ സെന്‍സസിലെ മതംതിരിച്ചുള്ള കണക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തിനിപ്പോള്‍ പുറത്തുവിട്ടു ? 1936നുശേഷം തയാറാക്കിയ ആദ്യത്തെ ജാതി സെന്‍സസ് പൂഴ്ത്തിവെക്കുന്നതിനെതിരെ പരമോന്നത നീതിപീഠം പോലും രോഷംകൊള്ളുമ്പോഴാണ് ആരും ആവശ്യപ്പെടാതെ സാമുദായിക കണക്ക് പ്രകാശിതമാക്കിയത്. ഇത് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന രാഷ്ട്രീയ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഉദ്യോഗതലത്തില്‍നിന്നുള്ള പ്രതികരണം. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 2011ല്‍ മതംതിരിച്ചുള്ള കണക്ക് പുറത്തുവിടാതിരുന്നതും പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അത് ആയുധമാക്കിയേക്കുമെന്ന പേടികൊണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്നിരിക്കുന്നു. സെന്‍സസിന്‍െറ  ഈ രാഷ്ട്രീയമാനത്തേക്കാള്‍ കൗതുകകരമായി തോന്നിയത് മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യംചെയ്ത രീതിയാണ്.

ഒരേ വസ്തുതയെ, തങ്ങളുടെ ഹിതങ്ങള്‍ക്കൊത്ത് എങ്ങനെയെല്ലാം വളച്ചും തിരിച്ചും നേര്‍ക്കുനേരെയും അവതരിപ്പിക്കാമെന്ന്  ജേണലിസ്റ്റ് വിദ്യാര്‍ഥികള്‍ക്കുള്ള നല്ലപാഠംകൂടിയായി സെന്‍സസിനെ കുറിച്ചുള്ള വാര്‍ത്താവതരണം. പ്രധാന പത്രങ്ങളും ചാനലുകളും നല്‍കിയ ശീര്‍ഷകത്തിലൂടെ കണ്ണോടിച്ചാല്‍ ഇത് വ്യക്തമാവും. ‘ഹിന്ദുജനസംഖ്യ 0.7 ശതമാനം കുറയുന്നു; മുസ്ലിംകള്‍ 0.8 ശതമാനം കൂടുന്നു^സീ ന്യൂസ്,  2011ലെ സെന്‍സസ് ഡാറ്റ കാണിക്കുന്നത്  മുസ്ലിം ജനസംഖ്യാവളര്‍ച്ച താരതമ്യേന വേഗത്തിലാണെന്ന്^ഹിന്ദുസ്ഥാന്‍ ടൈംസ്, സെന്‍സസ് 2010: ഇന്ത്യയിലെ ജനസംഖ്യ 121.09 കോടി, ഹിന്ദുക്കള്‍ 79.8 ശതമാനം, മുസ്ലിംകള്‍ 14.2 ശതമാനം^ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യയുടെ മതംതിരിച്ചുള്ള 2011ലെ സെന്‍സസ്: ആദ്യമായി ഹിന്ദുക്കള്‍ 80 ശതമാനത്തിനുതാഴെ^എന്‍.ഡി.ടി.വി, മുസ്ലിംകളുടെ ജനസംഖ്യാവര്‍ധന കുറയുന്നു^ദ ഹിന്ദു, ഹിന്ദുജനസംഖ്യ കുറയുകയാണെന്ന് ഡാറ്റ കാണിക്കുന്നു^ഡെക്കാന്‍ ക്രോണിക്ള്‍, ഹിന്ദുജനസംഖ്യ കുറഞ്ഞു; മുസ്ലിംകള്‍കൂടി^സെന്‍സസ്^ദ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു വളര്‍ച്ചനിരക്ക് കുറഞ്ഞു; മുസ്ലിംകളില്‍ വര്‍ധന 0.8 ശതമാനം^ജന്മഭൂമി. വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ വസ്തുനിഷ്ഠത നഷ്ടപ്പെടുന്നത് അതിനുപിന്നില്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം ഒളിപ്പിച്ചുവെക്കുമ്പോഴാണ്.

ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളില്‍ ഈ ലേഖകനു ഒരു പുതുമയും തോന്നുന്നില്ല. കാരണം, 2011ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിറകെ മതംതിരിച്ചുള്ള കണക്കുകള്‍ കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടിയിരുന്നു. അതിന്‍മേല്‍ സംവാദങ്ങള്‍ മാത്രമല്ല, തെരഞ്ഞെടുപ്പ്  പ്രചാരണങ്ങള്‍പോലും നടന്നുകഴിഞ്ഞിട്ടുണ്ട്. ആ സെന്‍സസ് ഡാറ്റ ആസ്പദമാക്കിയാണ് അമേരിക്കയിലെ പിയു റിസര്‍ച് സെന്‍റര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയതും അതേറ്റുപിടിച്ച് വി.എച്ച്.പിക്കാര്‍ ഹിന്ദുസമൂഹത്തോട് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംകൊടുക്കുന്ന വിഷയത്തില്‍ കച്ചകെട്ടിയിറങ്ങാന്‍ ആഹ്വാനംചെയ്തതും. സാധ്വി പ്രാചി ഓരോ ഹിന്ദുസ്ത്രീയും 40 കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കണമെന്നാണ് ഉപദേശിച്ചത്. ബി.ജെ.പി അംഗം സ്വാമി സാക്ഷി മഹാരാജാവാട്ടെ മുസ്ലിം ജനസംഖ്യാവര്‍ധന മറികടക്കാന്‍ ഹിന്ദുസ്ത്രീകള്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും പ്രസവിക്കണമെന്നും ഉണര്‍ത്തി. എന്നാല്‍, മതംതിരിച്ചുള്ള ജനസംഖ്യാകണക്ക് ചില മിഥ്യാധാരണകള്‍ തിരുത്താന്‍ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യ ക്രമാതീതമായി വളരുന്നുവെന്ന് ഇനി ആര്‍ക്കും വാദിക്കാനാവില്ല. ദേശീയതലത്തില്‍ വര്‍ധനനിരക്ക് കുറഞ്ഞുകുറഞ്ഞുവരുകയാണ്. 2001^2011 ദശകത്തിനിടയില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യാവര്‍ധനനിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയം.

ലക്കുംലഗാനുമില്ലാതെ പെറ്റുപെരുകുന്നുവെന്ന് ഹിന്ദുത്വവാദികള്‍ ആക്രോശിക്കുന്ന മുസ്ലിംകള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതല്‍ ദൃശ്യമായിരിക്കുന്നത്.  2001^2011 ദശവര്‍ഷത്തില്‍ ഹിന്ദു ജനസംഖ്യാവര്‍ധന പ്രതിവര്‍ഷം 1.4 ശതമാനമാണെങ്കില്‍ മുസ്ലിംകളുടേത് 2.2 ശതമാനമാണ്. ഈ പതിറ്റാണ്ടില്‍ ഹിന്ദുക്കള്‍ 16.8 ശതമാനം  വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിംകളുടേത് 24.6 ശതമാനവും. എന്നാല്‍, അതിനുമുമ്പത്തെ പതിറ്റാണ്ടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്. 1991^2001 ദശകത്തില്‍ മുസ്ലിം ജനസംഖ്യാവര്‍ധന 29.3 ശതമാനമായിരുന്നു. ഒരു ദശകത്തിനിടയില്‍ ജനസംഖ്യാവര്‍ധനനിരക്കില്‍ അഞ്ചുശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരുഘട്ടത്തിലും മുസ്ലിം ജനസംഖ്യാവര്‍ധന ഇത്രകണ്ട് കുറഞ്ഞിട്ടില്ല.

1951^61 വര്‍ഷത്തില്‍ 32.49 ശതമാനമായിരുന്നു വളര്‍ച്ച. 1961^71ല്‍ 30.92, 71^81ല്‍ 30.76, 81^91ല്‍ 32.88 ശതമാനം. 2001 ആയപ്പോഴേക്കും അത് 30 ശതമാനത്തിനുതാഴെ വന്നു. ഇപ്പോഴത് 24.52ലാണ് എത്തിനില്‍ക്കുന്നത്. ഇതേ പ്രവണത തുടരുകയാണെങ്കില്‍  2011^2021 ദശകത്തില്‍ മുസ്ലിം ജനസംഖ്യാവര്‍ധന 20 ശതമാനത്തിനുതാഴേക്ക് ചാടുകയും  ദേശീയ ശരാശരിക്ക് അടുത്തത്തെുകയും ചെയ്യും. ജനസംഖ്യയുടെ വലുപ്പചെറുപ്പമാണ് മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ രാഷ്ട്രീയാധികാരത്തിന്‍െറയും മുന്‍ഗണനയുടെയും അടിസ്ഥാന നിദാനമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ പരിഭ്രാന്തിപ്പെടേണ്ടത് മുസ്ലിം ന്യൂനപക്ഷങ്ങളാണ്. ‘ഹിന്ദുസ്ഥാന്‍, ദാറുല്‍ ഇസ്ലാമായി ’ രൂപാന്തരപ്പെടുകയാണെന്ന സാധ്വി പ്രാചിയുടെയും സാക്ഷി മഹാരാജിന്‍െറയുമൊക്ക മുറവിളിക്കുള്ള മറുപടികൂടിയാണ് ഈ സെന്‍സസ് വസ്തുതകള്‍.

മതമോ വിശ്വാസമോ അല്ല, ജീവിത സാഹചര്യങ്ങളാണ് ജനസംഖ്യ നിയന്ത്രിക്കുന്നത്. മതമാണ് നിര്‍ണായക ഘടകമെങ്കില്‍  ഇന്ത്യന്‍ മുസ്ലിംകള്‍ സമീപഭാവിയില്‍ ഇന്തോനേഷ്യയിലെ മുസ്ലിംകളെ കടത്തിവെട്ടുമെന്ന പിയു റിസര്‍ച് സെന്‍ററിന്‍െറ പ്രവചനം അസ്ഥാനത്താവും. കാരണം, ഇന്തോനേഷ്യയും പാകിസ്താനും ബംഗ്ളാദേശുമൊക്കെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണല്ളൊ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവണതകള്‍പോലും വ്യത്യസ്തമാണ്. മലബാറിലെ മുസ്ലിംകളുമായി ബിഹാറിലെയോ യു.പിയിലെയോ മുസ്ലിംകളുടെ അവസ്ഥ താരതമ്യംചെയ്യുന്നതില്‍ അര്‍ഥമില്ല. വിദ്യാഭ്യാസത്തില്‍ മുന്നേറിയതും വിവാഹപ്രായം ഉയര്‍ന്നതും ജീവിതനിലവാരം മെച്ചപ്പെട്ടതുമെല്ലാം പ്രസവപ്രായത്തെയും പ്രത്യുല്‍പാദനത്തെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. പ്രത്യുല്‍പാദനക്ഷമത ഏറ്റവും കൂടുതലുള്ള 14^20 വയസ്സില്‍നിന്നുള്ള പടികയറ്റമാണ് ജനസംഖ്യാവര്‍ധനയെ പിറകോട്ടടിപ്പിച്ചത്. സെന്‍സസ് എടുത്തുകാട്ടുന്ന ശ്രദ്ധേയമായ ഒരുവശം മുസ്ലിംകളിലെ പ്രത്യുല്‍പാദനക്ഷമത (Fertility) ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നതാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ കൈവരിച്ച നേട്ടമാണ് പ്രത്യുല്‍പാദനക്ഷമതയില്‍ കാര്യമായി പ്രതിഫലിക്കുന്നത്. കേരളമാണ് ഈ വിഷയത്തില്‍ മുന്തിയ ഉദാഹരണം. മുസ്ലിം സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കുന്നതുകൊണ്ടാണ് ഈ വിഭാഗത്തിന്‍െറ ജനസംഖ്യ മറ്റുള്ളവരേക്കാള്‍ കൂടുന്നതെന്ന സിദ്ധാന്തവും ഈ രംഗത്തെ വിദഗ്ധര്‍ ഖണ്ഡിക്കുന്നുണ്ട്. കുഞ്ഞുങ്ങളിലെ മരണനിരക്ക് ഹിന്ദുക്കളില്‍ കൂടുതലാണ്. ജീവിതചിട്ടയും മാനസികാരോഗ്യവും മുസ്ലിംകളില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിജസ്ഥിതി ഇതൊക്കെയാണെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ സെന്‍സസ് വിവരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വരുംദിവസങ്ങളില്‍ വ്യാപകമായ (കു)പ്രചാരണങ്ങളുമായി പടനിലങ്ങളില്‍ ഇറങ്ങിക്കൂടായ്കയില്ല. അനതിവിദൂരമല്ലാത്ത ഭാവിയില്‍ മുസ്ലിംകള്‍ ഹിന്ദുജനസംഖ്യയെ മറികടക്കുമെന്നുവരെ ഭൂരിപക്ഷസമുദായത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായേക്കാം. 1950ല്‍ 30 കോടിയുണ്ടായിരുന്ന ഹിന്ദുസമൂഹം ഇന്ന് 97 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 3.5 കോടി മുസ്ലിംകള്‍ 17 കോടിയായും മാറി. 2015 ആയപ്പോഴേക്കും ഇന്ത്യയിലെ ഹിന്ദുക്കള്‍ 100 കോടി കവിഞ്ഞിട്ടുണ്ടാവും. ലോകജനസംഖ്യയുടെ ആറിലൊന്ന് വരുമിത്. പിയു റിസര്‍ച് സെന്‍റര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പ്രകാരം 2050 ആകുമ്പോഴേക്കും ഹിന്ദുജനസംഖ്യ 76.7 ശതമാനമായും  മുസ്ലിംകളുടേത് 18 ശതമാനമായും വ്യതിയാനമുണ്ടാവുമെന്നാണ്. ഇന്നത്തെ നിരക്കില്‍ ജനംസഖ്യ കൂടുകയാണെങ്കില്‍ 2200ല്‍, മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പമത്തെുമെന്നാണ് ഒരു സിദ്ധാന്തം. അന്ന് രാജ്യത്തെ ജനസംഖ്യ 3264 കോടിയായിരിക്കും.

അത്രയും ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കുമോ? നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറമാണ് പ്രകൃതിയുടെ കരുതിയിരിപ്പുകള്‍. മാല്‍ത്തൂസിയന്‍ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന സന്തുലന സൂത്രങ്ങള്‍ നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചേക്കാം. അതുകൊണ്ടുതന്നെ, ഈ സെന്‍സസ് വിവരങ്ങള്‍ മുന്നില്‍വെച്ച് പരസ്പരം കലഹിക്കാന്‍ ശ്രമിക്കുന്നത് പോഴത്തവും ഭ്രാന്തുമാണ്. കമ്യൂണിസ്റ്റ് ചിന്തകന്‍ എം.എന്‍. വിജയന്‍ സെന്‍സസിനെയും സര്‍വേകളെയും കുറിച്ച് ഓര്‍മപ്പെടുത്തിയതുപോലെ അത് മൂര്‍ച്ചയുള്ള കത്തിയാണ്. എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്‍െറ ഗുണവും ദോഷവും.

Show Full Article
TAGS:
Next Story