വെട്ടിക്കൂട്ടിയൊരു മെഡിക്കല്‍ കോളജ്
text_fieldsകോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ബാച്ചില്‍ പ്രതിവര്‍ഷം 250 വിദ്യാര്‍ഥികളാണ് പ്രവേശം നേടുന്നത്. എം.സി.ഐയുടെ ഏറ്റവും പുതിയ മാനദണ്ഡമനുസരിച്ച് ഇവരെ പഠിപ്പിക്കാന്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ 223ഉം നോണ്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ 96ഉം ഡോക്ടര്‍മാര്‍ വേണം. (മാനദണ്ഡം ഇടക്കിടെ പുതുക്കുന്നതിന്‍െറ ഗുണഭോക്താക്കള്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ്). മെഡിക്കല്‍ കോളജില്‍ ഇപ്പോഴുള്ളതാകട്ടെ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ 250ഉം നോണ്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ 87ഉം ഡോക്ടര്‍മാര്‍. അതായത് ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ കണക്കനുസരിച്ച് 17 ഡോക്ടര്‍മാര്‍ അധികവും നോണ്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ ഒമ്പത് ഡോക്ടര്‍മാര്‍ കുറവും. ഡോക്ടര്‍മാരെ തസ്തിക സഹിതം സ്ഥലംമാറ്റുന്നതിന് സര്‍ക്കാര്‍ ന്യായം നിരത്തുന്നത് ഈ കണക്ക് ചൂണ്ടിക്കാട്ടിയും.
ഇതിന്‍െറ മറുഭാഗത്ത് എം.സി.ഐയുടെതന്നെ മറ്റൊരു കണക്കുണ്ട്. അത് രോഗിപരിചരണവുമായി ബന്ധപ്പെട്ടതാണ്. ആ കണക്ക് പറയാന്‍ സര്‍ക്കാറിന് ഒട്ടും താല്പര്യവുമില്ല. എന്നാല്‍, ഒരു ജനകീയ സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യത്തോടെ പരിഗണിക്കേണ്ടത് ആ കണക്കാണ്. അതിങ്ങനെ: 250 എം.ബി.ബി.എസ് സീറ്റുള്ള ഒരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എം.സി.ഐ നിബന്ധനയനുസരിച്ച് 1100 കിടക്കകളെങ്കിലും വേണം. ഇതിന്‍െറ 75 ശതമാനം അഥവാ 825 രോഗികള്‍ കിടത്തി ചികിത്സയിലുണ്ടായാല് മതി. കൂടുതല്‍ കിടക്കകളും രോഗികളുമുള്ള ആശുപത്രിയില്‍ അതിനനുസരിച്ച് ഡോക്ടര്‍മാര്‍ ഉണ്ടാവണമെന്നും എം.സി.ഐ നിഷ്കര്‍ഷിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആകെ കിടക്കകളുടെ എണ്ണം 2800. ഒരേസമയം കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണമാകട്ടെ ശരാശരി 4000വും. എം.സി.ഐ മാനദണ്ഡം അടിസ്ഥാനമാക്കിയാല്തന്നെ ഇവിടെ ഇപ്പോഴുള്ളതിന്‍െറ മൂന്നിരട്ടിയെങ്കിലും ഡോക്ടര്‍മാര്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ വേണം. ഡോക്ടര്‍ -ബെഡ് മാതൃകാ അനുപാതം 1:5 ആണെന്നിരിക്കെ അതനുസരിച്ച് കണക്കാക്കിയാല്‍ ക്ളിനിക്കല്‍ വിഭാഗങ്ങളില്‍ വേണ്ടത് ചുരുങ്ങിയത് 800 ഡോക്ടര്‍മാരാണ്.
ഇനി മറ്റൊരു കണക്കുകൂടി നോക്കുക: മെഡിക്കല്‍ കോളജില്‍ 1991ല്‍ ഒൗട്ട് പേഷ്യന്റ് (ഒ.പി) വിഭാഗത്തില്‍ ചികിത്സ തേടിയവരുടെ എണ്ണം 1,47,851 ആയിരുന്നു. ഇതേവര്‍ഷം കിടത്തി ചികിത്സ (ഐ.പി) നടത്തിയവരാകട്ടെ 59,678ഉം. 1996ല്‍ ഇത് യഥാക്രമം 1,64,238ഉം 67,420ഉം ആയി വര്‍ധിച്ചു. 2001ലാകട്ടെ ഒ.പിയിലത്തെിയവര് 3,49,861ഉം ഐ.പി 74,245ഉം ആയി വീണ്ടുംകൂടി. ഏറ്റവുമൊടുവിലത്തെ (2014ലെ) കണക്കനുസരിച്ച് പുതുതായി വന്നവരും നേരത്തേ കാണിച്ച് വീണ്ടും കാണിക്കാനത്തെിയവരുമടക്കം ഒ.പിയില്‍ ചികിത്സതേടിയവര്‍ 25,42,192 ആണ്. ഇതേവര്‍ഷം ഐ.പിയിലുണ്ടായിരുന്നത് 77,072 പേര്. (പട്ടിക രണ്ട് കാണുക).
ഒ.പിയില്‍ 1.47 ലക്ഷത്തില്‍നിന്ന് 25.42 ലക്ഷമായും ഐ.പിയില്‍ 59,678ല്‍നിന്ന് 77,072 ആയും രോഗികള്‍ വര്‍ധിച്ചപ്പോഴും മെഡിക്കല്‍ കോളജില്‍ ഇപ്പോഴുമുള്ളത് 30 വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ്. ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമല്ല, നഴ്സുമാര്‍ മറ്റു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം എണ്ണത്തില്‍ ഇതേ അന്തരം നിലനില്ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ഇവിടെനിന്ന് 12 തസ്തികകള്‍ പുതുതായി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മാറ്റിയത്. എട്ട് തസ്തികകള്‍ ഇവിടെ പുതുതായി തുടങ്ങിയ എമര്‍ജന്‍സി മെഡിസിന്, ഫാമിലി മെഡിസിന് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തതോടെ ഫലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നേരത്തെയുണ്ടായിരുന്ന 20 തസ്തികകളാണ് നഷ്ടമായത്.
മറ്റു മെഡിക്കല്‍ കോളജുകളും രോഗീ ബാഹുല്യംകൊണ്ട് വീര്പ്പുമുട്ടുന്നുവെന്നതില് സര്‍ക്കാറിനുപോലും തര്‍ക്കമുണ്ടാകില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150 ആക്കിയതിനുശേഷമുള്ള ആദ്യബാച്ച് ഈവര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. എന്നാല്‍, ഇവര്‍ക്ക് അംഗീകാരം കൊടുക്കാനാകില്ളെന്നാണ് എം.സി.ഐ നിലപാട്. സീറ്റ് വര്‍ധനക്ക് ആനുപാതികമായി ഫാക്കല്‍റ്റികളുടെ എണ്ണം വര്‍ധിപ്പിക്കാത്തതും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതുമാണ് കാരണം. ഇങ്ങനെയിരിക്കെയാണ് ഇവിടെനിന്ന് ഏഴുപേരെ സ്ഥലംമാറ്റിയത്. ഒരു അസോ. പ്രഫസറും ആറ് അസി. പ്രഫസര്‍മാരുമാണ് സ്ഥലംമാറ്റപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് പുനര്‍വിന്യാസത്തിന്‍െറ ഭാഗമായി നഷ്ടമായ തസ്തികകള്‍ ചിലത് തിരിച്ചുകിട്ടിയെങ്കിലും നാല് പ്രഫസര്‍ തസ്തികയും രണ്ട് അസി. പ്രഫസര്‍ തസ്തികയും ഇപ്പോഴും മറ്റു കോളജുകളിലാണ്.
ഇവിടെയാണ് കാര്യങ്ങളുടെ കാതല്‍ കിടക്കുന്നത്. പുതിയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ പഠനത്തിന്‍െറ പേരിലുള്ള ഈ സ്ഥലംമാറ്റങ്ങള്‍ ഫലത്തില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകളിലെ പഠനവും ചികിത്സയുമെല്ലാം താളംതെറ്റിക്കുന്നു. എന്നാല്‍, പുതിയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കോ രോഗികള്‍ക്കോ ഇതിന്‍െറ ഗുണം ലഭിക്കുന്നില്ലതാനും. മഞ്ചേരിയിലെയും ഇടുക്കിയിലെയും അനുഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.
നാളെ: സൗകര്യമോ ഇപ്പോ ശരിയാക്കിത്തരാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
