കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പോലും മുടങ്ങിയ സംഭവങ്ങള്‍ നിരവധിയുണ്ട്. അനസ്തറ്റിസ്റ്റിന്‍െറ സേവനം യഥാസമയം കിട്ടാത്തതുകൊണ്ടായിരുന്നു ഇത്. കണക്കനുസരിച്ച് ഇവിടെ 34 അനസ്തറ്റിസ്റ്റുകളുടെ തസ്തികയാണുള്ളത്. അതില്‍തന്നെ 14 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലേക്ക് പുതിയ നിയമനം നടത്തിയിട്ടില്ല. മെഡിക്കല്‍ കോളജിലെ ഇപ്പോഴത്തെ രോഗികളുടെ തിക്കും തിരക്കും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 44 തസ്തികയെങ്കിലും വേണം. അതായത്, 24 തസ്തികകൂടി ഇവിടെ നികത്തിയാലേ അത്യാവശ്യം നല്ലനിലയില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.
ഇത് അനസ്തേഷ്യാ വിഭാഗത്തിന്‍െറ മാത്രം അവസ്ഥയല്ല. എല്ലാ മെഡിക്കല്‍ കോളജുകളിലെയും ഒട്ടുമിക്ക വിഭാഗത്തിന്‍െറയും പൊതു അവസ്ഥയാണ്.
എന്തിനാണ് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത് എന്നതിന് അവക്ക് മാനദണ്ഡം നിശ്ചയിക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കുക മാത്രമല്ല, രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാനുമാണത്. കെട്ടിടവും വാര്‍ഡുകളും ക്ളാസ്മുറികളും പഠിക്കാന്‍ വിദ്യാര്‍ഥികളും അവരെ പഠിപ്പിക്കാന്‍ കുറച്ച് അധ്യാപകരുമായാല് മെഡിക്കല്‍ കോളജ് ആവില്ളെന്നര്ഥം. ചികിത്സ തേടി വരുന്നവരുടെ അനുപാതം നോക്കി ഡോക്ടറും വകുപ്പുകളും പാരാമെഡിക്കല്‍ സ്റ്റാഫുകളും മികച്ച സൗകര്യങ്ങളുമൊക്കെ ചേരുമ്പോഴേ മെഡിക്കല്‍ കോളജ് ആവുകയുള്ളൂ.
നാടുനീളെ മെഡിക്കല്‍ കോളജുകള്‍ കെട്ടിപ്പൊക്കി നേട്ടം ആഘോഷിച്ച് ഫ്ളക്സ് അടിക്കാന്‍ പായുന്ന ഭരണക്കാര്‍ സൗകര്യപൂര്‍വം മറക്കുന്നതും ഈ മര്യാദ ക്രമമാണ്. ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി, ഇടുക്കിയിലെ പൈനാവ്, പാലക്കാട് എന്നീ മൂന്ന് മെഡിക്കല്‍ കോളജുകളാണ് ഇതിനകം യാഥാര്‍ഥ്യമായത്. ഇതില്‍ പാലക്കാട്് മെഡിക്കല്‍ കോളജ് എസ്.സി-എസ്.ടി വകുപ്പിന്‍െറ കീഴിലാണ്. മറ്റുള്ളവ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്‍െറ കീഴിലും. വയനാട്ടിലും കാസര്‍കോട്ടും പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് തറക്കല്ലിട്ടുകഴിഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലെ കോന്നിയിലും ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി മാറ്റി ഈ വര്‍ഷം തന്നെ എം.ബി.ബി.എസ് പ്രവേശം നടത്താന്‍ നടപടി പുരോഗമിക്കുകയാണ്.
അധിക ചെലവുകള്‍ വരാതെ ഇത്രയും മെഡിക്കല്‍ കോളജുകള്‍ അതിവേഗം എങ്ങനെ യാഥാര്‍ഥ്യമാക്കി എന്ന് പഠിക്കാന്‍ നാളെ കേരളത്തിലേക്ക് ഗവേഷകപ്രവാഹമുണ്ടായാലും അതിശയിക്കാനില്ല. കാരണം, പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുകയോ ചെയ്യാതെ സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്ന കണ്കെട്ടു വിദ്യയാണ് സര്‍ക്കാര്‍ നടത്തുന്നത്.
സ്ഥലംമാറ്റം വേരോടെ...
മറ്റ് മെഡിക്കല്‍ കോളജുകളില്‍നിന്ന് തസ്തിക സഹിതം ഡോക്ടര്‍മാരെ സ്ഥലംമാറ്റിയാണ് പുതിയ മെഡിക്കല്‍ കോളജ് സൃഷ്ടിക്കുന്നത്. അഥവാ പട്ടിണികൊണ്ട് നട്ടംതിരിയുന്ന വീട്ടിലെ ദാരിദ്ര്യക്കഞ്ഞി പിന്നെയും പല പല പാത്രങ്ങളില്‍ വിളമ്പുന്ന മായാജാലം. ഒരര്‍ഥത്തില്‍ തസ്തിക വെട്ടിക്കുറക്കല്തന്നെയാണിത്.
കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോളജില്‍ സംഭവിച്ച കാര്യം കാണുക. ശിശുരോഗ വിഭാഗത്തില്‍ ജനിതകരോഗങ്ങള്ക്കായി ഒരു ഡോക്ടര്‍ മുന്‍കൈയെടുത്ത് ആരംഭിച്ചതായിരുന്നു ജനറ്റിക് ക്ളിനിക്. പുതിയ മെഡിക്കല്‍ കോളജിനായി അദ്ദേഹത്തെ സ്ഥലംമാറ്റിയപ്പോള്‍ ആ വകുപ്പുതന്നെ മെഡിക്കല്‍ കോളജില്‍ ഇല്ലാതായി. ജനിതകരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായിരുന്ന സുപ്രധാനമായ ഒരു വകുപ്പാണ് അങ്ങനെ ഇല്ലാതായത്.
എം.സി.ഐ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓരോ ഡിപാര്‍ട്മെന്റിലും വേണ്ട പ്രഫസര്‍മാരുടെയും അസോ. പ്രഫസര്‍മാരുടെയും അസി. പ്രഫസര്‍മാരുടെയും ചുരുങ്ങിയ എണ്ണം ഉറപ്പുവരുത്തുന്നതിനാണ് നിലവിലുള്ള മെഡിക്കല്‍ കോളജുകളില്‍നിന്ന് പുതിയ കോളജുകളിലേക്ക് സ്ഥലംമാറ്റുന്നതെന്നാണ് സര്‍ക്കാറിന്‍െറ ന്യായം. അധികമുള്ള തസ്തികകളാണ് എടുത്തുമാറ്റുന്നതെന്നും പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ തസ്തികകള്‍ പ്രമോഷന് തസ്തികകളായതിനാല്‍ പുതിയ കോളജുകളിലേക്ക് ഈ തസ്തികകളില്‍ നേരിട്ട് നിയമനം സാധ്യമല്ളെന്നും സ്ഥലംമാറ്റമല്ലാതെ മറ്റു മാര്‍ഗമില്ളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പുതന്നെ കണ്ടത്തെിയത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെല്ലാമായി 162 തസ്തികകള്‍ എം.സി.ഐ നിര്‍ദേശിച്ചതിനെക്കാള്‍ അധികമാണെന്നായിരുന്നു. പിന്നീട് വിശദമായ കണക്കെടുപ്പിനുശേഷം അധിക തസ്തികകള്‍ 36 എണ്ണമുണ്ടെന്നായി. ഏറ്റവുമൊടുവിലത്തെ സ്ഥിതിയനുസരിച്ച് 10 തസ്തികകള്‍ എല്ലാ മെഡിക്കല്‍ കോളജുകളിലുമായി അധികമുണ്ടെന്നാണ് കണ്ടത്തെല്‍.
പ്രത്യക്ഷത്തില്‍ ന്യായമെന്നു തോന്നാമെങ്കിലും യാഥാര്‍ഥ്യങ്ങള്‍ അതിനുമപ്പുറത്താണ്. അവയെ ഇങ്ങനെ ചുരുക്കാം: 1. നിലവിലുള്ള മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നപോലെ തസ്തികകള്‍ അധികമില്ല. 2. ചുരുക്കം ചില തസ്തികകള്‍ മാറ്റിയാലും നിലവിലെ മെഡിക്കല്‍ കോളജുകള്‍ക്ക് ഒന്നും സംഭവിക്കില്ളെന്ന വാദം തെറ്റാണ്. 3. പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് ആവശ്യമായ ചുരുങ്ങിയ തസ്തികകള്‍പോലും സൃഷ്ടിച്ചിട്ടില്ല. 4. അക്കാദമിക് അന്തരീക്ഷത്തിന്‍െറയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിലും പുതിയ മെഡിക്കല്‍ കോളജുകള്‍ ഏറെ പിറകിലാണ്. 5. നിലവിലുള്ള മെഡിക്കല്‍ കോളജുകളിലേക്കും പുതിയ മെഡിക്കല്‍ കോളജുകളിലേക്കും എന്‍ട്രി കാഡര്‍ തസ്തികയായ അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി നിയമനം കാര്യക്ഷമമല്ല.
പുനര്‍വിന്യാസത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഈയിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ ഒരു മെഡിക്കല്‍ കോളജിലും തസ്തികകള്‍ അധികമില്ളെന്നാണ് കമ്മിറ്റിയുടെ കണ്ടത്തെല്‍. എം.സി.ഐ പരിശോധന എന്ന കടമ്പ കടക്കുന്നതിന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന എല്ലാ കള്ളക്കളികളുടെയും കാര്‍മികരായി സര്‍ക്കാറും മാറുന്ന കാഴ്ചയാണിപ്പോള്‍. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.സി.ഐ പരിശോധനയുടെ സമയത്ത് രോഗികളെയും ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ക്ഷാമമില്ലാതുള്ളൂ.
പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് ആവശ്യമായ ചുരുങ്ങിയ തസ്തികകള്‍പോലും സൃഷ്ടിക്കാതെയാണ് സര്‍ക്കാര്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകളെക്കൂടി പ്രതിസന്ധിയിലാക്കുംവിധം തലങ്ങും വിലങ്ങും ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നത്. ‘പൊതുജന താല്പര്യം മുന്‍നിര്‍ത്തി’ എന്ന ഒറ്റവാചകം ഉത്തരവില്‍ അടിച്ചുചേര്ക്കുന്നതോടെ ഏതു സ്ഥലംമാറ്റവും ന്യായീകരിക്കപ്പെടുന്നു. ഈ മാറ്റങ്ങളോടെ ഏറ്റവുമധികം ലംഘിക്കപ്പെടുന്നത് പൊതുജനതാല്പര്യമാണ് എന്നത് മറ്റൊരു സത്യം. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ ഒന്നാന്തരം ഉദാഹരണം.
(നാളെ: വെട്ടിക്കൂട്ടിയൊരു മെഡിക്കല്‍ കോളജ്)