Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകണ്ണുകെട്ടിയത് ആരെ?

കണ്ണുകെട്ടിയത് ആരെ?

text_fields
bookmark_border
കണ്ണുകെട്ടിയത് ആരെ?
cancel

കുറച്ചു നാളുകള്‍ക്കുമുമ്പ്, കൃത്യമായി എഴുതിയാല്‍ ഒരാഴ്ച മുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ സിവില്‍ വിഭാഗം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. സന്തുലിത വികസനത്തെക്കുറിച്ച് പറഞ്ഞുതീര്‍ത്ത് രംഗമൊഴിയാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് പെണ്‍കുട്ടികള്‍ എന്‍െറ കൂടെ കൂടി. തീരാത്ത സംശയങ്ങളുമായി അവര്‍ എന്നോടൊപ്പം നടന്നു. കാറില്‍ കയറി പ്രത്യഭിവാദനം ചെയ്ത് യാത്രതിരിച്ചപ്പോള്‍ ഒരു കുട്ടി മാത്രം തട്ടമിട്ട് കൈവീശിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്രം തുറന്നുനോക്കിയപ്പോള്‍ ആ മുഖം! ഞാന്‍ വിറങ്ങലിച്ചിരുന്നുപോയി. എന്‍െറ പൊന്നു മകള്‍- തസ്നി ബഷീര്‍ ആകസ്മികമായി കൊല്ലപ്പെട്ടുവത്രെ! ആ കുഞ്ഞിനെ തട്ടിത്തെറിപ്പിച്ച ക്രൂരതയെ ഞാനെങ്ങനെ വിശേഷിപ്പിക്കും? കുറ്റവാളികളെ കല്‍ത്തുറുങ്കിലടച്ച് വെളിച്ചംകാണാത്ത നരകത്തിലേക്ക് പറഞ്ഞുവിടാനുള്ള ആര്‍ജവം ഭരണകൂടത്തിനും നിയമവ്യവസ്ഥക്കും ഉണ്ടാകണം. അവരിത്രയും പഠിച്ചത് മതി. കോളജില്‍നിന്ന് അവരെ പുറത്താക്കണം. ഇതൊരു നിഷ്ഠുരമായ കൊലപാതകം തന്നെ!
കുറച്ച് വര്‍ഷംമുമ്പ് ഞാന്‍ പഠിച്ച ഇതേ കലാലയം സമാനമായ ദുരന്തത്തിന് സാക്ഷ്യംവഹിച്ചതാണ്. പെണ്‍കുട്ടിയെ വണ്ടിയിടിച്ച് കൊന്ന ഘാതകന്‍ ഇന്ന് ഭാരിച്ച ശമ്പളവും വാങ്ങി വിലസുകയാണ്. പകല്‍സമയത്ത് എല്ലാവരുടെയും മുന്നില്‍ നടന്ന അപകടത്തിന് അവസാനം സാക്ഷികളില്ലാതെയായിപ്പോയത്രെ! ആരെയും കൊല്ലാത്ത ഒരാളെ തൂക്കിലേറ്റാന്‍ എത്ര തത്രപ്പാടായിരുന്നു പലര്‍ക്കും. അര്‍ധരാത്രിയില്‍ ഓടിനടന്ന് മരണം ഉറപ്പിച്ചിട്ടേ അവര്‍ പിന്‍വാങ്ങിയുള്ളൂ. ഞാന്‍ അന്ധാളിച്ചുനില്‍ക്കുകയാണ്. നീതിയുടെ അവസാന ആശാകിരണങ്ങളും അസ്തമിക്കുകയാണോ? പണ്ടൊരിക്കല്‍, എന്‍െറ നാട്ടില്‍ നടന്ന ഒരു സംഭവകഥ ഞാന്‍ ഓര്‍ത്തെടുക്കുന്നു. അമ്മയാണ് ഇതെനിക്ക് കുഞ്ഞുനാളില്‍ പറഞ്ഞുതന്നത്. ഞങ്ങളുടെ പുഴയോരങ്ങളില്‍ അന്നൊക്കെ കരിമ്പിന്‍കാടുകളായിരുന്നു. ഒരു രാത്രിയില്‍ അവിടെവെച്ച് ഒരു യുവതിയെ ബലാത്സംഗം ചെയ്ത് ആരോ ഒരാള്‍ കൊലപ്പെടുത്തി. ഒരു തെങ്ങിന്‍െറ മുകളില്‍ കയറിയിരുന്ന ചത്തെുതൊഴിലാളി ഈ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. അയാളുടെ സത്യസന്ധതയും കൗശലമില്ലായ്മയും കാരണം ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറഞ്ഞു. പിന്നെ ആരും, ഈ പാവം തൊഴിലാളിയെ കണ്ടിട്ടില്ല. കാക്കിയണിഞ്ഞ നിഷ്ഠുരത, ഇയാളുടെ നട്ടെല്ല് തകര്‍ത്ത് കുറ്റം ഏറ്റുപറയിച്ചു. പിന്നെയെല്ലാം മുറപോലെ നടന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് അയാള്‍ തൂക്കിലേറ്റപ്പെട്ടു.
ദശാബ്ദങ്ങള്‍ കഴിഞ്ഞ്, വര്‍ഗീസിനെ കൊന്ന നമ്മുടെ സ്വന്തം രാമചന്ദ്രന്‍ നായരെപ്പോലെ, ഒരു ധനികന്‍ പരസ്യമായി കുറ്റം ഏറ്റുപറയാന്‍ തയാറായി. അയാളായിരുന്നു ആ ദാരുണവധത്തിന് കാരണക്കാരന്‍. ഒരു കുറ്റത്തിന് ഒരു ശിക്ഷ! യഥാര്‍ഥത്തില്‍ കൊന്നയാളെ ശിക്ഷിക്കാന്‍ നിയമങ്ങള്‍ ഇല്ലത്രെ!
ദശാബ്ദങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഇംഗ്ളണ്ടില്‍ ഉപരിപഠനത്തിനായി പോയത്. ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് നേടിയാണ് അവിടേക്ക് പോയത്. പഠനത്തിനാവശ്യമായ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാറാണ് അടക്കേണ്ടത്.
ഞാന്‍ പഠിച്ച യൂനിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി (അവരുടെ കാര്യനിര്‍വഹണത്തിനായി) ഒരു ഉദ്യോഗസ്ഥയുണ്ടായിരുന്നു. ആദ്യനാള്‍ മുതല്‍ സ്വന്തം ചേച്ചിയെപ്പോലെ അവര്‍ ഞങ്ങളെ അല്ലലില്ലാതെ കാത്തുസൂക്ഷിച്ചു. ഒരുനാള്‍, ഓര്‍ക്കാപ്പുറത്ത്, ക്ളാസില്‍നിന്ന് എന്നെ വിളിച്ചിറക്കി ഒരു ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍െറ ഫീസ് അവരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. അതാണ് പ്രശ്നം. ഞാനെന്‍െറ കൈയിലുള്ള രേഖകള്‍ കാണിച്ചു. എന്നോട് തിരികെ ക്ളാസിലേക്ക് പോകാന്‍ പറഞ്ഞിട്ട് അവര്‍ മിന്നിമറഞ്ഞു.
വീണ്ടും മൂന്നുമണിയോടെ, ഇതേ ഉദ്യോഗസ്ഥന്‍ എന്നെ യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറുടെ ഓഫിസിലേക്ക് വിളിച്ചുകൊണ്ടുപോയി. മടുപ്പിക്കുന്ന ഒൗപചാരികതയുടെ പരിവേഷത്തില്‍ ഒരു മേശക്കരികില്‍ കുറച്ചുപേര്‍. വൈസ് ചാന്‍സലര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. പ്രത്യഭിവാദനം ചെയ്യുംമുമ്പ് ക്ഷമാപണത്തിന്‍െറ ഒരശനിപാതം! ഞാനാകെ അങ്കലാപ്പിലായി.
എന്നെ ക്ളാസില്‍നിന്ന് വിളിച്ചിറക്കിയതിനാണ് ക്ഷമാപണം. കുറ്റവാളിയെ ഞങ്ങള്‍ കണ്ടത്തെിയിരിക്കുന്നു. നിങ്ങളുടെ ഫീസ്, ഈ ഉദ്യോഗസ്ഥ, അനാവശ്യമായി ഒരാഴ്ച കൈയില്‍ വെച്ചിട്ട്, പിന്നീടാണ് യൂനിവേഴ്സിറ്റിയില്‍ അടച്ചത്. അവരെ യൂനിവേഴ്സിറ്റി സര്‍വിസില്‍നിന്ന്  നീക്കംചെയ്തുകഴിഞ്ഞു. വീണ്ടും വീണ്ടുമുള്ള സോറിപറച്ചിലുകള്‍ കേള്‍ക്കാതെ ഞാന്‍ പുറത്തിറങ്ങി. ഇടനാഴിയുടെ ഒരറ്റത്ത് അവര്‍ ബെഞ്ചിലിരുന്ന് കരയുന്നുണ്ടായിരുന്നു. പിന്നെയുള്ളതെല്ലാം കേട്ടുകേള്‍വിയാണ്. ആ ദിവസം അവര്‍, ഒരവധിക്കാലം ആഘോഷിക്കാന്‍ അകലെയുള്ള ഒരു കടല്‍ത്തീരവസതിയിലേക്ക് പോയിരുന്നു. റേഡിയോ, ഫോണ്‍ വഴി അവരെ തിരഞ്ഞുപിടിച്ച പൊലീസ് മണിക്കൂറുകള്‍ക്കകം അവരെ യൂനിവേഴ്സിറ്റിയില്‍ തിരിച്ചത്തെിച്ചു. പിന്നെ വിചാരണ. അന്ത്യവിധി. ചെയ്ത കുറ്റം ഒരാഴ്ച പണം അനധികൃതമായി കൈയില്‍ സൂക്ഷിച്ചത്!
എല്ലാംകൂടി വെറും ആറു മണിക്കൂര്‍. സിവില്‍ കേസുകളുടെ കാര്യമാണ് ഏറ്റവും പരിതാപകരം! ഒരിക്കലും തീരാത്ത വ്യവഹാരങ്ങളാണവ. പ്രതിയും വാദിയും മരിച്ചുകഴിഞ്ഞാലും ഇവ തീരുന്നില്ല. ഈ അനന്തമായ കാത്തിരിപ്പുകള്‍ക്ക് നമ്മുടെ ജീവിതകാലത്ത് അറുതിയുണ്ടാകുമോ? പത്മനാഭന്‍ മാഷ് എന്നും പറയുന്നതുപോലെ വരും, വരാതിരിക്കില്ല!
l

Show Full Article
TAGS:
Next Story