പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന വീട്ടില്‍ പിന്നെയും അംഗങ്ങള്‍ പെരുകിയാല്‍ എന്താവും അവസ്ഥ...? ഉള്ള കഞ്ഞി പിന്നെയും പങ്കിടേണ്ടിവരുമ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഒടുങ്ങിപ്പോകും. ഏതാണ്ട് അതേ സ്ഥിതിയിലേക്കാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ ഭാവി എത്തിനില്‍ക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരോ ഫാക്കല്‍റ്റിയോ ജീവനക്കാരോ അടിസ്ഥാന സൗകര്യമോ പോലുമില്ലാതെ ജില്ലകള്‍ തോറും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമ്പോള്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല കൂട്ടമരണത്തിന്‍െറ വക്കിലേക്ക് നീങ്ങുകയാണ്. മുക്കിന് മുക്കിന് മെഡിക്കല്‍ കോളജുകള്‍ വരുമ്പോള്‍ നമ്മള് ആശ്വസിക്കണോ ആശങ്കപ്പെടണോ...? ‘മാധ്യമം’ ലേഖകന്‍ ടി. നിഷാദ് നടത്തുന്ന അന്വേഷണം
അതിരാവിലെ മുതല്‍ ക്യൂ നിന്നാലാകും ഒരു ഒ.പി ടിക്കറ്റ് തരപ്പെടുക. അതുമായി ഒ.പി വിഭാഗത്തിന് മുന്നിലത്തെുമ്പോള്‍ ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടമുണ്ടാകും. പിന്നെയും നീണ്ട ക്യൂ കടന്ന് ഡോക്ടറെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. അപ്പോഴേക്കും ഡോക്ടറും രോഗിയും അന്നപാനീയങ്ങള്പോലുമില്ലാതെ ഒരു ദിവസത്തിന്‍െറ നല്ളൊരു പങ്ക് പിന്നിട്ടിട്ടുണ്ടാകും. ഇഴഞ്ഞുനീങ്ങുന്ന ക്യൂവില്‍ നിന്ന് ഇങ്ങനെ നരകിക്കാതെ കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കണ്ട് രോഗം പറഞ്ഞവര്‍ അത്യപൂര്‍വമായിരിക്കും.
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമില്ലാത്തതിനാല് നരകിക്കുന്നവരുടെ കഥ വെറുമൊരു ഒ.പി ക്യൂവില്‍ ഒതുങ്ങുന്നില്ല. അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയപോലും ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ അനന്തമായി നീണ്ടുപോയതിന്െറ ദുരിതഫലം പേറി മരിക്കേണ്ടിവന്നവര്പോലും നിരവധിയുണ്ട്. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രം വരെ ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വാര്‍ത്ത പോലുമല്ലാതാകുമ്പോഴും കൂടുതല്‍ പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കാരണം ഒറ്റവാചകത്തില്‍ ഒതുങ്ങുന്നു. ഖജനാവില്‍ കാശില്ല. അധിക തസ്തിക സൃഷ്ടിക്കാനോ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താനോ തയാറാകാതെ കാലിയായ ഖജനാവ് ചൂണ്ടി സര്‍ക്കാര്‍ രക്ഷപ്പെടുന്നു. അത്രമേല്‍ ദാരിദ്ര്യം പേറി നിത്യവൃത്തി കഴിക്കാന്‍ പെടാപ്പാട് പെട്ട് ഓരോ ദിവസവും തള്ളി ഉന്തുമ്പോഴാണ് സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ ജില്ലതോറും ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ആരോഗ്യമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ നിലപാടായി വിശേഷിപ്പിക്കേണ്ട ഈ തീരുമാനം ഫലത്തില്‍ ആശയേക്കാള്‍ ആശങ്കകളാണ് കൈമാറുന്നത്. ഈ ആശങ്കകളുടെ യഥാര്‍ഥ ചിത്രം ലഭിക്കണമെങ്കില്‍ ചില കണക്കുകള്‍കൂടി അറിയേണ്ടതുണ്ട്.
സ്വാശ്രയമെന്ന മറുമരുന്ന്
സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നുവെന്ന മഹത്തായ ആശയം പറഞ്ഞായിരുന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ 1991ല്‍ അനുമതി നല്‍കിയത്. അതിനുമുമ്പ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. 2001 വരെ സംസ്ഥാനത്ത് ആകെ മെഡിക്കല്‍ കോളജുകളുടെ എണ്ണം എട്ട് ആയിരുന്നത് 10 വര്‍ഷത്തിനിടെ മൂന്നിരട്ടിയായി. പുതുതായി വന്നതില്‍ സഹകരണ മേഖലയിലെ രണ്ടെണ്ണമൊഴികെ മറ്റെല്ലാം സ്വകാര്യ മേഖലയില്‍. ഇപ്പോള്‍ ആകെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 30ലത്തെിയിരിക്കുന്നു. ഇതില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത് പുതുതായി വന്നതടക്കം ഒമ്പത് കോളജുകള്‍. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണമാകട്ടെ, 650ല്‍നിന്ന് 3600ലധികവുമായി. വര്‍ധന അഞ്ചിരട്ടിയിലധികം.
ഇപ്പോള്‍ കണക്കനുസരിച്ച് കേരളത്തില്‍ ഒരു കോടി ജനസംഖ്യക്ക് 1090 വീതം മെഡിക്കല്‍ സീറ്റുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ കേരളത്തിനു മുന്നിലുള്ളത് കര്‍ണാടകം മാത്രം. അവിടെ ഒരു കോടി ജനങ്ങള്‍ക്ക് 1131 വീതം എം.ബി.ബി.എസ് സീറ്റുണ്ട്. ഏറ്റവും പിന്നിലുള്ള ഝാര്‍ഖണ്ഡില്‍ ഒരു കോടി ജനങ്ങള്‍ക്ക് വെറും 58 എം.ബി.ബി.എസ് സീറ്റേ ഉള്ളൂ. ആകെ ജനസംഖ്യ ഏതാണ്ട് കേരളത്തിന് തുല്യമായ ഇവിടെ ആകെയുള്ളത് മൂന്ന് മെഡിക്കല്‍ കോളജുകളിലായി 190 സീറ്റുകള്‍. പിന്നാക്കാവസ്ഥയില്‍ തൊട്ടടുത്ത് ബിഹാറാണ്. ഒരു കോടി ജനസംഖ്യക്ക് 131 എം.ബി.ബി.എസ് സീറ്റുകള്‍ (പട്ടിക ഒന്ന് കാണുക).
ജില്ലകള്‍തോറും മെഡി. കോളജ്
കണക്കുകളും യാഥാര്‍ഥ്യങ്ങളും ഇങ്ങനെയെല്ലാമായിരിക്കെയാണ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനോടകം കേന്ദ്ര സര്‍ക്കാര്‍തന്നെയും ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഇത്തരമൊരു നയം കൈക്കൊണ്ടിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം സ്വാഗതംചെയ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ക്ക് കടിഞ്ഞാണിടാനും മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനുമെല്ലാം ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?
അതേക്കുറിച്ച് നാളെ:മെഡിക്കല്‍ കോളജ് എന്ന കണ്കെട്ട് വിദ്യ