തോല്‍ക്കുന്ന നയതന്ത്രം: ഇന്ത്യ-പാക് പെനാല്‍റ്റി ഷൂട്ടുകള്‍
text_fieldsഇന്ത്യ^പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടന്നാലെന്ത്, ഇല്ളെങ്കിലെന്ത്? കലങ്ങിപ്പോയ അന്തരീക്ഷത്തില്‍ ചര്‍ച്ച നടന്നാല്‍ ഇതുവരെ പുറത്തുകേട്ട ‘ഗോഗ്വാ’ വിളിക്ക് ചര്‍ച്ചാമുറിയില്‍കൂടി അവസരമുണ്ടാകുമെന്നു മാത്രം. ചര്‍ച്ച നടക്കാതെ പോയാല്‍, മറ്റൊരുവട്ടം സൗഹാര്‍ദശ്രമങ്ങള്‍ക്കായി പതിവുപോലെ വീണ്ടുമൊരു നീണ്ട ഇടവേളക്ക് കാത്തിരിക്കാം. ഇന്ത്യ-പാക് സമാധാന സംഭാഷണങ്ങളുടെ ഇതുവരെയുള്ള ചരിത്രം മറ്റൊന്നല്ല. രണ്ടു പതിറ്റാണ്ടിലേറെയായി അത് ഇടക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു; തകിടംമറിയുന്നു. കഴിഞ്ഞ തലമുറകള്‍ക്കെന്നപോലെ, ഇന്ത്യയും പാകിസ്താനും നല്ല അയല്‍ക്കാരായി പെരുമാറുന്നത് കണ്ടു മരിക്കാന്‍ ഇന്നത്തെ തലമുറക്കും കഴിയില്ളെന്ന യാഥാര്‍ഥ്യം മാത്രമാണ് കോലാഹലങ്ങള്‍ക്കിടയില്‍ ശേഷിക്കുന്ന യാഥാര്‍ഥ്യം. അയല്‍ക്കാരെ കൂടുതല്‍ വൈരികളാക്കി മാറ്റുന്ന വിധമാണ് രണ്ടിടത്തെയും ഭരണസാഹചര്യങ്ങള്‍ എന്നതാണ് അതിനുമപ്പുറത്തെ യാഥാര്‍ഥ്യം. സംഘര്‍ഷസ്ഥിതിക്ക് ആക്കംപകരുന്ന നയതന്ത്ര ‘നേട്ട’മാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പാദിച്ചത്. നവാസ് ശരീഫാകട്ടെ, ആഭ്യന്തരമായി താന്‍ അനുഭവിക്കുന്ന ദൗര്‍ബല്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചറിയിക്കുകയും ചെയ്തു.
കശ്മീര്‍ വിമതര്‍ക്കും കശ്മീരിനും പുതിയവട്ടം സംഭാഷണങ്ങളില്‍ സ്ഥാനമില്ളെന്നും, അതു കൂടിയേ തീരൂവെന്നുമുള്ള വാദമാണ് ഇന്ത്യയും പാകിസ്താനും പുതിയവട്ടം സംഭാഷണങ്ങള്‍ക്കുമുമ്പ് എടുത്തിട്ടത്. റഷ്യയിലെ ഉഫയില്‍ ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചത്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം അടക്കം, ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയിലെ അജണ്ടയെന്ന് ഇന്ത്യ വാദിക്കുന്നു. എന്നാല്‍, അന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ‘എല്ലാ വിഷയങ്ങളെക്കുറിച്ചും’ എന്ന് വ്യക്തമായി പറയുണ്ടെന്നാണ് പാകിസ്താന്‍ എടുത്തുകാണിക്കുന്നത്. കശ്മീര്‍ വിഷയമില്ലാതെ ഇന്ത്യ-പാക് ചര്‍ച്ചയില്‍ എന്താണ് അര്‍ഥമെന്ന ചോദ്യവും അവര്‍ക്കുണ്ട്.
ഇന്ത്യ-പാക് ബന്ധത്തിന്‍െറ കാര്യത്തില്‍ ചില പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് ഇന്ത്യയേക്കാള്‍, അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തിരക്കാണ് 15 മാസമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കാണാം. സ്വന്തം പ്രതിച്ഛായയിലൂന്നി ചര്‍ച്ചകള്‍ക്ക് തിരക്കുകൂട്ടിയെന്നല്ലാതെ, നയതന്ത്ര കാര്യപരിപാടിയെക്കുറിച്ച് തികഞ്ഞ അവ്യക്തത നിലനില്‍ക്കുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ തന്‍െറ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതിന്‍െറ പാടവത്തിനപ്പുറം, പാകിസ്താനുമായുള്ള മൂന്നു സംഭാഷണനീക്കങ്ങളും ബന്ധം മെച്ചപ്പെടുത്തുകയല്ല, അവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മോദിയുടെ സത്യപ്രതിജ്ഞക്ക് നവാസ് ശരീഫ് വന്നുപോയതിനു പിന്നാലെ, കഴിഞ്ഞ ആഗസ്റ്റില്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച നിശ്ചയിക്കപ്പെട്ടു. അതിനുമുമ്പ് കശ്മീര്‍ വിമതരെ ഡല്‍ഹിയിലെ പാക് ഹൈകമീഷനിലേക്ക് വിളിപ്പിച്ച് കൂടിയാലോചന നടത്തിയതില്‍ പ്രകോപിതരായി ആ ചര്‍ച്ചയില്‍നിന്ന് കേന്ദ്രം പിന്മാറി. അതിന് സമാനമായ സ്ഥിതിയാണ് സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയുടെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായത്.
മോദി-ശരീഫ് കൂടിക്കാഴ്ച
ഇതിനു രണ്ടിനുമിടയിലാണ് നരേന്ദ്രമോദിയും നവാസ് ശരീഫും റഷ്യയിലെ ഉഫയില്‍ കൂടിക്കാഴ്ച നടത്തിയത്. അത് മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു. അന്നത്തെ ചര്‍ച്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കപ്പെടാതെപോയതിനെ തുടര്‍ന്ന് നവാസ് ശരീഫിന് പാകിസ്താനില്‍ വലിയ പഴി കേള്‍ക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ, കശ്മീര്‍ വിഷയം സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടക്കുമ്പോഴും അജണ്ടക്ക് പുറത്തുനിര്‍ത്താന്‍ ശരീഫിന് കഴിയില്ല. പട്ടാള മേധാവിത്വത്തിനു കീഴില്‍ അമര്‍ന്നുനില്‍ക്കാനുള്ള കരുത്തു മാത്രമാണ് പാകിസ്താനിലെ ജനാധിപത്യത്തിനുള്ളതെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. മറുവശത്ത്, ഇന്ത്യയുടെ ജനാധിപത്യബോധത്തിന് നിരക്കാത്ത നിലപാടാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-പാക് സംഭാഷണങ്ങള്‍ക്കുമുമ്പ് കശ്മീര്‍ വിമതരെ പാക് ഹൈകമീഷനില്‍ വിളിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുക പതിവായിരുന്നെങ്കില്‍, അതിന്‍െറ പേരിലാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍നിന്ന് പിന്മാറിയത്്. ഇപ്പോഴത്തെ ചര്‍ച്ച കലങ്ങിയതും അതിന്‍െറ പേരില്‍ത്തന്നെ. വിമതരുടെ അറസ്റ്റും വീട്ടുതടങ്കലുമായി കശ്മീരും കൂടുതല്‍ കലങ്ങി.
കശ്മീര്‍ വിമതര്‍ പാക് സുരക്ഷാ ഉപദേഷ്ടാവിനെ കാണുന്നത് തടയേണ്ട കാര്യമെന്താണെന്ന ചോദ്യം ഇന്ത്യക്കുള്ളില്‍തന്നെ ശക്തമായ ഉയരുന്നുണ്ട്. എന്നാല്‍, കശ്മീര്‍ ഇന്ത്യക്കും പാകിസ്താനുമിടയിലെ വിഷയം മാത്രമാണെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ളെന്നുമുള്ള പ്രഖ്യാപിത നിലപാടിനെ മറ്റൊരു വീക്ഷണത്തിലൂടെ സമീപിച്ചാണ് മോദിസര്‍ക്കാര്‍ ഇതിനെ ഇപ്പോള്‍ നേരിടുന്നത്. കശ്മീര്‍ വിഷയത്തിന്‍െറ ചര്‍ച്ചമേശക്ക് ഇരുപുറവും അഭിമുഖമിരിക്കുമ്പോള്‍ മൂന്നാമന്‍െറ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ളെന്നാണ് വര്‍ഷങ്ങളായി തുടരുന്ന പ്രഖ്യാപിത നിലപാടിന്‍െറ കാതല്‍. അന്താരാഷ്ട്ര പൊതുവേദികളിലേക്ക് കശ്മീര്‍ വലിച്ചിഴക്കരുതെന്നുമുണ്ട് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അതിനര്‍ഥം, ഇന്ത്യയോ പാകിസ്താനോ, അവരവര്‍ക്ക് യുക്തമെന്നു തോന്നുന്നവരോട് പോംവഴിയെക്കുറിച്ച് അഭിപ്രായം തേടരുതെന്നല്ല. അതുകൊണ്ടുതന്നെയാണ്, ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെയും മറ്റും കൂടിയാലോചനക്ക് പാകിസ്താന്‍ ക്ഷണിക്കുന്നത് അവഗണിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെട്ടത്. എന്നാല്‍, പരസ്പര ചര്‍ച്ച നടക്കണമെങ്കില്‍ ഈ കൂടിയാലോചനയും പറ്റില്ളെന്നാണ് മോദിസര്‍ക്കാറിന്‍െറ നിലപാട്.
മോദി-ശരീഫ് കൂടിക്കാഴ്ചക്കുശേഷമുള്ള സാഹചര്യങ്ങള്‍ക്കിടയില്‍ സുരക്ഷാകാര്യ ചര്‍ച്ചക്ക് യഥാര്‍ഥത്തില്‍ ഇന്ത്യക്കും പാകിസ്താനും താല്‍പര്യമുണ്ടായിരുന്നോ? ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ കശ്മീരിനെയും കശ്മീര്‍ വിമതരെയും കാരണമാക്കുക മാത്രമാണ് ചെയ്യുന്നത്. കശ്മീരുള്ള സംഭാഷണത്തിന് പാകിസ്താനും, അതില്ലാത്ത സംഭാഷണത്തിന് ഇന്ത്യയും വടംവലിക്കുന്നതിനിടയില്‍ തെളിയുന്നത് മറ്റൊന്നല്ല. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം, കശ്മീരിലെ ഭീകരത തുടങ്ങിയവ പരാമര്‍ശിക്കാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാകാര്യ ചര്‍ച്ചക്ക് അര്‍ഥമുണ്ടാകുന്നതെങ്ങനെ? ഇക്കാലമത്രയും കേന്ദ്രവിഷയമായി നില്‍ക്കുന്ന കശ്മീരിനെ സംഭാഷണവിഷയമല്ലാതാക്കാന്‍ പാകിസ്താനും കഴിയില്ല. അതേസമയം, സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയിലേക്ക് രണ്ടു കൂട്ടരും ഉന്തിയുരുട്ടി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഇന്ത്യക്കും പാകിസ്താനും ഒരുപോലെ വിഷമമുണ്ടാക്കുന്നതാണ്.
നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം, പാക് ഭീകരനെ ഉധംപുരില്‍ പിടികൂടിയത്, പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ ഭീകരാക്രമണം, മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്താനിലെ വിചാരണനടപടികള്‍ ഇഴയുന്നത്, ദാവൂദ് ഇബ്രാഹീമിനെ വിട്ടുനല്‍കല്‍ എന്നിവ എടുത്തിട്ട് പാകിസ്താനെ കുരുക്കാനാണ് ഇന്ത്യയുടെ നീക്കം. ഭീകരതക്ക് പാകിസ്താന്‍െറ മണ്ണ് ഉപയോഗപ്പെടുത്തുമ്പോള്‍ അവിടത്തെ ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്ന് സമര്‍ഥിക്കാനുള്ള വിഷയങ്ങളാണിത്. ഭീകരതാ വിഷയത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാകിസ്താനും കോപ്പുകൂട്ടുന്നു. ബലൂചിസ്താനിലെ കുഴപ്പങ്ങളില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ക്കുള്ള പങ്ക് വിശദീകരിക്കുന്ന ഡോസിയര്‍ ഇതിനകംതന്നെ ഇന്ത്യക്ക് പാകിസ്താന്‍ കൈമാറിയിട്ടുണ്ട്. സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ ചര്‍ച്ച മുടങ്ങിയാല്‍ ഈ വിഷയം മറ്റൊരു സന്ദര്‍ഭത്തില്‍ നേരിട്ട് ഉന്നയിക്കാനും അവര്‍ പരിപാടിയിടുന്നു. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് ദുര്‍ബലപ്പെടുത്തി ഹിന്ദുത്വ ഭീകരരെ നിയമവലക്ക് പുറത്തുകടത്താന്‍ മോദിസര്‍ക്കാര്‍ കരുനീക്കുന്നുവെന്ന വിഷയവും പാകിസ്താന്‍െറ ആവനാഴിയിലുണ്ട്. അതിര്‍ത്തി സംഘര്‍ഷസ്ഥിതി വര്‍ധിച്ചതാകട്ടെ, ഇരുകൂട്ടരും വീറോടെ വാദിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയമാണ്. ഒരു മാസത്തിനിടെ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെട്ടത് നൂറോളം തവണയാണെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
യഥാര്‍ഥത്തില്‍ അതിര്‍ത്തിയിലെ വെടിക്കും ഷെല്ലാക്രമണത്തിനും വീര്യം കൂടിയത് ഊഫ ചര്‍ച്ചകള്‍ക്കുശേഷം സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ യോഗം അടുത്തുവന്നതിനിടെയാണെന്നു കാണാം. സുരക്ഷ-ഭീകരതാ വിഷയങ്ങളില്‍ അഭിമുഖമിരുന്ന് ചര്‍ച്ചനടത്തിയാല്‍ സൗഹാര്‍ദത്തിന്‍െറ ഷേക്ഹാന്‍ഡ് കൂടാതെ പിരിയേണ്ടിവരുമെന്ന നിലയാണെന്ന് രണ്ടു രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍നിന്നുയരുന്ന സമ്മര്‍ദങ്ങള്‍ക്കും രാജ്യാന്തര പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമിടയില്‍, ചര്‍ച്ച കലക്കിയതിന്‍െറ പേരുദോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള നയതന്ത്ര പോരാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. കഴിഞ്ഞ ആഗസ്റ്റിലെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍നിന്ന് പിന്മാറിയത് ഇന്ത്യയാണെങ്കില്‍, ഈ ആഗസ്റ്റിലെ സുരക്ഷാകാര്യ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍നിന്ന് പിന്മാറിയത് പാകിസ്താനാണെന്ന് വരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. കശ്മീര്‍ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും, ചര്‍ച്ച നടക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ളെന്ന് വരുത്താനും പാകിസ്താന്‍ ശ്രമിക്കുന്നു. എതിരാളിയുടെ ഗോള്‍പോസ്റ്റിലേക്ക് പന്ത് നീട്ടിയടിക്കുന്ന പെനാല്‍റ്റി നയതന്ത്രത്തില്‍ പക്ഷേ ആരു വിജയിക്കാന്‍? സൗഹാര്‍ദവും സമ്പര്‍ക്കവും സമാധാനവും കൊതിക്കുന്ന ജനതകള്‍ക്ക് തോല്‍ക്കാമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
