അധ്വാനി
text_fieldsദാനി എന്നാല്‍ മലയാളത്തില്‍ അര്‍ഥം ദാനംചെയ്യുന്ന ആള്‍. ഉദാരന്‍ എന്നും പറയാം. സത്യം വിപരീതം അസത്യം എന്ന മലയാളരീതി അനുസരിച്ച് വായിച്ചാല്‍ ദാനം ചെയ്യാത്തവന്‍ എന്നോ അറുത്ത കൈക്ക് ഉപ്പുതേക്കാത്തവന്‍ എന്നോ അര്‍ഥം കിട്ടും. എന്നാല്‍, ഗുജറാത്തിയില്‍ അതല്ല അര്‍ഥം. പരിഷ്കൃതന്‍, സംസ്കൃതചിത്തന്‍ എന്നൊക്കെയാണ്. പറഞ്ഞുവരുന്നത് വ്യവസായപ്രമുഖന്‍ ഗൗതം അദാനിയെപ്പറ്റിത്തന്നെ. അങ്ങ് ഗുജറാത്തില്‍ മാത്രമല്ല പരിഷ്കൃതന്‍ പരിഷ്കാരം കൊണ്ടുവരുന്നത്. വികസനം എന്നു കേട്ടാല്‍ വഴിമുടക്കികളെ തടഞ്ഞ് വഴിനടക്കാന്‍ പറ്റാത്ത ഈ പ്രബുദ്ധകേരളത്തെക്കൂടി അദ്ദേഹം പരിഷ്കരിച്ചുകളയും. അതിനാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ഒപ്പിടാന്‍ കേരളത്തില്‍ വന്നത്. അങ്ങനെ കേരളത്തിന് കിട്ടിയിരിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തസുഹൃത്തായ വ്യവസായപ്രമുഖന്‍െറ കോടികളാണ്. ആ ദാനശീലത്തിന് ‘നമോ’വാകം. വി.എസിനെപ്പോലെ കേരളം ആദരിക്കുന്ന ഇടതുപക്ഷ നേതാവിന്‍െറ കാല്‍തൊട്ടുവന്ദിച്ച് വിമര്‍ശങ്ങളുടെ വായടപ്പിക്കാനറിയുന്ന തന്ത്രജ്ഞന്‍ കൂടിയാണ്. രാഷ്ട്രീയക്കാരെ വ്യവസായ സാമ്രാജ്യത്തിന്‍െറ വളര്‍ച്ചക്കുവേണ്ട കരുവാക്കുന്നതില്‍ അസാമാന്യമായ പ്രതിഭയുണ്ട്. വളര്‍ന്നതും പടര്‍ന്നതും പന്തലിച്ചതും മോദിയുടെ തണലില്‍.
അധ്വാനിയാണ്. അല്ളെങ്കില്‍ കേവലം കാല്‍നൂറ്റാണ്ടുകൊണ്ട് ഇങ്ങനെയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അതിശയിപ്പിക്കുന്നതായിരുന്നു വളര്‍ച്ച. ആഗോളീകരണവും സാമ്പത്തിക ഉദാരീകരണവും സൃഷ്ടിച്ച വളക്കൂറുള്ള മണ്ണില്‍ പ്രതിദിനം വളരുന്ന വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ സംരംഭകന്‍. 27 കൊല്ലം മുമ്പ് 1988ലാണ് കമ്പനി പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇപ്പോള്‍ 59,967.5 കോടി രൂപയുടെ വാര്‍ഷിക ആദായമുണ്ടാക്കുന്ന കമ്പനിയുടെ തലവനാണ്. മൊത്തം ആസ്തി കേട്ടാല്‍ ഞെട്ടും. 1,10,865 കോടി രൂപ. 10,400 ജീവനക്കാരെ തീറ്റിപ്പോറ്റുന്നുണ്ട്. ആസ്ഥാനം ഗുജറാത്തിലെ അഹ്മദാബാദ്. കല്‍ക്കരിഖനനം, പെട്രോളിയം-വാതക പര്യവേക്ഷണം, തുറമുഖ വികസനവും നടത്തിപ്പും, ഊര്‍ജോല്‍പാദനവും വിതരണവും, വാതകവിതരണം അങ്ങനെ കാശുണ്ടാക്കാവുന്ന മേഖലകളിലെല്ലാം കൈവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്‍െറ അധിപനാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കയറ്റിറക്കു നടക്കുന്ന വാണിജ്യ തുറമുഖമാണ് മുന്ദ്ര. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുന്ന ടെര്‍മിനല്‍. 24 കപ്പലുകള്‍ ഇവിടെ ഒരേസമയം ചരക്കിറക്കുന്നു. ‘ഇന്ത്യയുടെ പാരിസ്’ എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ച ഈ പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന് സര്‍ക്കാറിനുള്ള നികുതിവരുമാനം 5000 കോടി രൂപ. റെയില്‍പാളവും വിമാനത്താവളവും താപവൈദ്യുതി നിലയവുമെല്ലാമുള്ള വാണിജ്യമേഖല. സര്‍ക്കാറിന്‍െറ ഭൂമിയും ആനുകൂല്യങ്ങളുമുപയോഗിച്ച് പടര്‍ന്നുപന്തലിച്ച സ്വകാര്യവ്യവസായത്തിന്‍െറ വിളഭൂമി. അതിന്‍െറ വ്യാപ്തി 6473 ഹെക്ടര്‍.
അദാനി എന്ന് നമ്മള്‍ പറയും. അടുപ്പമുള്ളവര്‍ ഗൗതംഭായ് എന്നു വിളിക്കും. 53 വയസ്സേ ആയിട്ടുള്ളൂ. ഗുജറാത്തിലെ ബനിയ കുടുംബത്തില്‍ 1962 ജൂണ്‍ 24നാണ് ജനിച്ചത്. പിതാവ് ശാന്തിലാല്‍. മാതാവ് ശാന്ത അദാനി. പ്രീതി അദാനിയാണ് ഭാര്യ. ദന്തഡോക്ടറാണ്. അദാനി ഫൗണ്ടേഷന്‍െറ മാനേജിങ് ട്രസ്റ്റി കൂടിയാണ്. കരണ്‍, ജീത്ത് എന്നീ ആണ്‍മക്കള്‍. തുണിക്കച്ചവടമായിരുന്നു പിതാവിന് പണി. പതിനെട്ടാം വയസ്സില്‍ കുറച്ച് നൂറിന്‍െറ നോട്ടുകള്‍ മാത്രം കീശയിലിട്ട് മുംബൈക്ക് വണ്ടികയറിയതാണ്. ഗുജറാത്ത് സര്‍വകലാശാലയില്‍ വാണിജ്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയില്ല. മുംബൈയില്‍ മഹീന്ദ്ര ബ്രദേഴ്സില്‍ ജോലിക്ക് ചേര്‍ന്നു. രണ്ടുകൊല്ലം അവിടെ ഡയമണ്ട് സോര്‍ട്ടറായി പണിയെടുത്തു. പിന്നെ വൈരക്കല്ലിന്‍െറ വ്യാപാരം സ്വന്തമായങ്ങ് തുടങ്ങി. നല്ല ഒന്നാന്തരം വജ്രദല്ലാളായി മാറി. ഒരുകൊല്ലം കൊണ്ട് ഉണ്ടാക്കിയത് 10 ലക്ഷം രൂപ. അന്ന് അദാനിക്ക് വയസ്സ് 20. എണ്‍പതുകളിലെ പത്തുലക്ഷത്തിന് ഇന്നത്തെ കോടികളുടെ മൂല്യമുണ്ട്. അതിനിടെയാണ് മൂത്ത സഹോദരന്‍ മഹാസുഖിന്‍െറ വിളിവരുന്നത്. അഹ്മദാബാദില്‍ മടങ്ങിച്ചെല്ലണം. താന്‍ ഒരു പ്ളാസ്റ്റിക് ഫാക്ടറി വിലക്കുവാങ്ങിയിട്ടുണ്ട്. അനിയന്‍ തന്നെ വേണം അത് നോക്കിനടത്താന്‍. പോകാതിരിക്കാന്‍ പറ്റില്ല. പോയി. അങ്ങനെയാണ് പി.വി.സി ഇറക്കുമതി ചെയ്തുകൊണ്ട് ചരക്കുവ്യാപാരം തുടങ്ങുന്നത്.
1988ല്‍ അദാനി എക്സ്പോര്‍ട്സ് ലിമിറ്റഡ് തുടങ്ങി. അപ്പോഴേക്കും അദാനിയുടെ നല്ലകാലം തുടങ്ങിയിരുന്നു. സ്വകാര്യ സംരംഭകര്‍ക്ക് കോടികള്‍ കൊയ്യാന്‍ പാകത്തിന് മന്‍മോഹന്‍സിങ് സാമ്പത്തികനയത്തിന്‍െറ വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചിരുന്നു. അതോടെ അദാനി ബിസിനസ് വ്യാപിപ്പിച്ചു. 1993ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്ദ്ര തുറമുഖത്തിന്‍െറ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. കരാര്‍ കിട്ടിയത് അദാനിക്ക്. അതോടെ ഇറക്കുന്ന ചരക്കിന്‍െറ 20 ശതമാനം കൈയടക്കിക്കൊണ്ട് അദാനിയുടെ സാമ്രാജ്യം വളര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി നിലയത്തിന്‍െറ അധിപനും കൂടിയാണ് അദാനി. 4620 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. വിവാദങ്ങളും പുത്തരിയല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നയിച്ചിരുന്നു. മോദിയോട് പ്രത്യേക പ്രതിപത്തിയൊന്നുമില്ളെന്ന് പറയും. പക്ഷേ, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മോദി കയറിപ്പറന്ന വിമാനങ്ങളത്രയും അദാനി ഗ്രൂപ്പിന്‍േറതായിരുന്നു. വിപണിവില കൊടുത്താണ് തങ്ങളുടെ വ്യോമയാന സേവനങ്ങള്‍ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതെന്ന് അതിനു മറുപടികൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ വിപണിവിലയിലും മൂന്നുമടങ്ങ് വില കുറച്ച് അദാനി ഗ്രൂപ്പിന് ഭൂമി കൊടുത്തിരുന്നു. 14,305 ഏക്കറാണ് കിട്ടിയത്. അത്രക്കുണ്ട് ഉന്നതങ്ങളിലെ പിടിപാട്. പ്രത്യേകിച്ചും മോദി ഭരിക്കുന്ന നാട്ടില്‍. അതുകൊണ്ട് അദാനിക്ക് ഇനി തഴച്ചുവളരാം.
മോദി എവിടേക്കു പറന്നാലും കൂടെ പറക്കുന്ന സ്വഭാവമുണ്ട്. അമേരിക്ക, ആസ്ട്രേലിയ, ബ്രസീല്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ പോയപ്പോഴെല്ലാം അദാനിയും കൂടെപ്പോയി. ഒൗദ്യോഗിക പ്രതിനിധിസംഘത്തിന്‍െറ ഭാഗമായല്ല പോക്ക്. വിദേശരാജ്യങ്ങളില്‍ ചില ബിസിനസ് താല്‍പര്യങ്ങളുണ്ട്. അതൊക്കെ പ്രധാനമന്ത്രിയുടെ ഓരം ചേര്‍ന്നുനിന്നാല്‍ എളുപ്പം നടക്കും. അതുതന്നെ കാര്യം. ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ ഇരുവരും താമസിച്ചിരുന്നത് ഒരേ ഹോട്ടലില്‍. ന്യൂയോര്‍ക് പാലസ്. ജി20 ഉച്ചകോടിയില്‍ മോദിക്കൊപ്പം നടക്കുന്നത് കണ്ടവരുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, റഷ്യ എന്നിവിടങ്ങളില്‍ മോദിക്കൊപ്പമുണ്ടായിരുന്നു അദാനി. ഇനിയിങ്ങ് കേരളത്തില്‍ അദാനി എന്തുചെയ്യുമെന്നാണ് നാം നോക്കേണ്ടത്. സംസ്ഥാനത്തിന്‍െറ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് അദാനിയുടേതെന്ന് വി.എസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
