Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅടിമച്ചങ്ങല...

അടിമച്ചങ്ങല സ്വന്തമെന്നവകാശപ്പെടുമ്പോള്‍

text_fields
bookmark_border
അടിമച്ചങ്ങല സ്വന്തമെന്നവകാശപ്പെടുമ്പോള്‍
cancel

വാമനാദര്‍ശം വെടിഞ്ഞിടേണം മാബലി
വാഴ്ച വരുത്തിടേണം...
 സഹോദരനയ്യപ്പന്‍ (ഓണപ്പാട്ട്)


ഉപ്പില്ലാത്ത ഒരു കടല്‍ പുത്തനായുണ്ടാക്കാം എന്നു വ്യാമോഹിക്കുന്നതുപോലെയാണ് ജാതിയില്ലാത്ത ഒരു ഹിന്ദുമതം നിര്‍മിച്ചുകളയാം എന്നു പലരും കരുതുന്നതെന്ന് ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍തന്നെ എഴുതിയ ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍.  മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റുന്ന ജാതിയും പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്മണ്യവും നീക്കിയാല്‍ ഹിന്ദുമതമെന്നു വിളിക്കുന്ന ബ്രാഹ്മണമതത്തില്‍ പിന്നൊന്നും അവശേഷിക്കുന്നില്ല എന്നതായിരുന്നു വ്യക്തമായ സൂചന.  പഴക്കം കൊണ്ടു തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങല സ്വന്തമാണെന്ന് ഒരടിമക്കു തോന്നുന്നതു പോലെയാണ് അവര്‍ണര്‍ക്ക് ഹിന്ദുമതം തങ്ങളുടേതാണെന്നു തോന്നുന്നതെന്നും സഹോദരനയ്യപ്പന്‍ അര്‍ഥശങ്കക്കിടയില്ലാതെ എഴുതിയിട്ടുണ്ട്. റഷ്യന്‍ വിപ്ളവത്തെ തത്സമയം കേരളീയര്‍ക്കു പരിചയപ്പെടുത്തിയ പോലെ കേരളത്തിന്‍െറ വെട്ടിമൂടിയ ബുദ്ധസഭ്യതയെക്കുറിച്ചും അദ്ദേഹം ധാരാളം എഴുതി.
കേരള നവോത്ഥാന ആധുനികതയുടെ ദാര്‍ശനിക വിധാതാവായ നാരായണഗുരുവിന്‍െറ മാനവസാഹോദര്യത്തേയും സമഭാവനയേയും കുറിച്ചുള്ള മുദ്രാവാക്യത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്, വേണം ധര്‍മം, വേണം ധര്‍മം, വേണം ധര്‍മം യഥോചിതം എന്നു മാറ്റിയെഴുതിയതും വത്സലശിഷ്യനായ സഹോദരനാണ്.  അഭിപ്രായസ്വാതന്ത്ര്യത്തേയും ആശയവൈവിധ്യത്തേയും ബഹുസ്വരതയേയും മാനിച്ച നാണുവാശാന്‍ ശിഷ്യന്‍െറ അഭിജ്ഞ മതത്തെ, അങ്ങനേയും ആകാം എന്ന് ഉദാരമായി അംഗീകരിക്കുകയാണുണ്ടായത്.  ജാതിയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച സഹോദരന് സ്വന്തം കൈപ്പടയില്‍ മാനവമഹാസന്ദേശങ്ങളെഴുതി നല്‍കി പ്രോത്സാഹിപ്പിച്ചതും മറ്റാരുമായിരുന്നില്ല.  മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നും പലമതസാരവും ഏകമെന്നും, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നും പറഞ്ഞ നാണുഗുരുവിന്‍െറ പിന്മുറക്കാര്‍ ഇന്ന് മനുഷ്യരാകാനല്ല, കൂടിയ ജാതിഹിന്ദുക്കളാകാനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.  
ഹിന്ദുവാണെന്ന് അവകാശപ്പെട്ട ആദ്യത്തെ യോഗനേതൃത്വമാണിന്ന് കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിണാമങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഒരു ജനതയേയും സാമൂഹിക പ്രസ്ഥാനത്തേയും പരിവാരത്തിനും ഹിന്ദുത്വശക്തികള്‍ക്കും കൂട്ടിക്കൊടുക്കുന്ന അപലപനീയമായ അപചയത്തിലേക്കു വീണിരിക്കുന്നത്.  ആരാണു ഹിന്ദുവെന്നും എന്താണു ഹിന്ദുത്വമെന്നും അറിയാത്ത ഏതാനും ചിലരുടെ ചരിത്ര അജ്ഞതയിലേക്ക് ഒരു വമ്പിച്ച ജനസമൂഹമൊന്നടങ്കം കൂപ്പുകുത്തുകയാണ്.  അധീശ ദേശീയതയും ഭരണകൂടോപാധികളും അക്കാദമിക മാധ്യമ ലോബികളും കഴിഞ്ഞ അരനൂറ്റാണ്ടായി നടത്തിയ വമ്പിച്ച ഹിന്ദുവത്കരണ പരിപാടികളുടെ, കണ്ണടച്ചിരുട്ടാക്കലിന്‍െറ ഇരകളായി അവര്‍ണ ബഹുജനങ്ങള്‍ വര്‍ണജാതിഹിംസയുടെ ഇരുട്ടിലേക്കു വീണ്ടും വഴുക്കി വീഴുകയാണ്.  അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന നൈതികസന്ദേശം ലോകത്തിനു നല്‍കിയ ഗുരുവിന്‍െറ പേരുപേറുന്ന പ്രസ്ഥാനം അപരഭീതിയും പകയും മദമാത്സര്യങ്ങളും പെരുക്കി അവര്‍ണ, ന്യൂനപക്ഷ ബഹുജനങ്ങളെ വംശഹത്യയിലൂടെയാണെങ്കിലും ഉന്മൂലനം ചെയ്യാം എന്ന ഹിംസാകാമന കുഴലൂതി പെരുപ്പിക്കുന്ന ഹിന്ദുത്വത്തിന്‍െറ ബ്രാഹ്മണിക ചേരിയിലേക്ക് സ്വയമറിയാതെ ആട്ടിത്തെളിക്കപ്പെടുകയാണ്.
ബംഗാള്‍ നവോത്ഥാനം മുതല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ദേശീയ നവോത്ഥാനം തികച്ചും ബ്രാഹ്മണികവും ഹൈന്ദവ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു എന്നു വ്യക്തമാക്കുന്ന പഠനങ്ങള്‍ ഇന്ന് ജ്യോതിര്‍ഗമയ ശര്‍മ, അമലേന്ദു മിശ്ര, ക്രിസ്റ്റോഫ് ജാഫ്രലോട്ട്, ജെ. രഘു തുടങ്ങി നിരവധി സാമൂഹിക ചരിത്രപഠിതാക്കളുടേതായുണ്ട്. ഹിന്ദു സാമ്രാജ്യത്വം എന്ന വിമര്‍ശപരികല്‍പന രൂപവത്കരിച്ചുകൊണ്ട് 1940കളില്‍തന്നെ ബ്രാഹ്മണിക ഹൈന്ദവ ദേശീയതയുടെ വിമര്‍ശ പരിപ്രേക്ഷ്യം അവതരിപ്പിച്ചത് നാണുവാശാന്‍െറ അരുമശിഷ്യനായിരുന്ന സ്വാമി ജോണ്‍ ധര്‍മതീര്‍ഥരായിരുന്നു. അഡ്വക്കറ്റ് ചാത്തനാട്ട് പരമേശ്വര മേനോന്‍ എന്ന സ്വാമി ജോണ്‍ ധര്‍മതീര്‍ഥരാണ് ലാഹോറില്‍നിന്ന് ഇംഗ്ളീഷിലും മലയാളത്തിലും ഹൈന്ദവദുഷ്പ്രഭുത്വത്തിന്‍െറ ചരിത്രമെഴുതി സ്വന്തമായി പ്രസിദ്ധീകരിച്ചത്. വിവേകാനന്ദനിലും അരബിന്ദോയിലും തിലകനിലും പട്ടേലിലും കൂടി ഉരുവമെടുക്കുന്ന ഹൈന്ദവമായ അധീശ ദേശീയത ഗാന്ധിയില്‍കൂടി അധിനിവേശ വിരുദ്ധതയുടെ ദേശീയ പൊതുമണ്ഡലത്തില്‍ മൂല്യപരമായി സ്ഥാപിക്കപ്പെടുകയായിരുന്നു എന്നാണ് പുത്തന്‍ സാമൂഹികശാസ്ത്ര വിദഗ്ധരായ ശര്‍മയും മിശ്രയും എല്ലാം അടിവരയിട്ടു പറയുന്നത്.
ബ്രാഹ്മണികമായ ദേശീയവാദ പ്രസ്ഥാനത്തില്‍നിന്നും വിഛേദിക്കണമെന്നും ജാതിയെ നശിപ്പിക്കാന്‍ അതിന്‍െറ മതസാധൂകരണ ആധാരങ്ങളെ കണ്ടത്തെണമെന്നുമുള്ള ഫൂലേയുടേയും അംബേദ്കറുടേയും സിദ്ധാന്തങ്ങളും പ്രയോഗങ്ങളും നമുക്കറിവുള്ളതാണ്.  ഫൂലേ ബഹുജന സമുദായമായി വിഭാവനം ചെയ്ത ഇന്ത്യയെ നീതിയുടേയും ത്യാഗത്തിന്‍േറയും രാജ്യമായ മാബലിയുടെ രാജ്യമായ ബലിരാജ്യമായും സ്നേഹരാജ്യമായ ക്രിസ്തുരാജ്യമായും ഭാവന ചെയ്തപ്പോള്‍ ഗാന്ധി ഇന്ത്യയെ വര്‍ണാശ്രമധര്‍മിയായ ക്ഷത്രിയനായകന്‍ രാമന്‍െറ രാജ്യമായി പ്രചരിപ്പിച്ചു.  രാമരാജ്യത്തില്‍ ശംബൂകന്‍െറ ഗതിയാവും തനിക്കുണ്ടാവുകയെന്നും അതിനാല്‍തന്നെ അവര്‍ണനായ തനിക്കു സന്യാസവും മനുഷ്യപദവിയും തന്നത് ബ്രിട്ടീഷുകാരാണെന്നും നാണുഗുരു വിളിച്ചു പറഞ്ഞിട്ടുണ്ട്.  വര്‍ണാശ്രമധര്‍മത്തെ സ്വധര്‍മമായി വാഴ്ത്തിയ ഗാന്ധിജി അതിനെ ന്യായീകരിച്ചുകൊണ്ട് ഒരു പുസ്തകംതന്നെ എഴുതി പ്രസിദ്ധീകരിച്ചു.  ജാതിവര്‍ണങ്ങളുടെ ഉറവിടമായ ഋഗ്വേദത്തിലെ പുരുഷസൂക്തത്തെ തന്നെ നാണുവാശാന്‍ നിശിതമായ ആക്ഷേപഹാസ്യത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.  വിരാട്പുരുഷനെന്ന ബ്രഹ്മപുരുഷന്‍െറ ശരീരാവയവങ്ങളില്‍നിന്നും നാലുവര്‍ണങ്ങളുണ്ടായി എന്ന കഥയെ ആക്ഷേപിച്ചു കൊണ്ട് ഇതെന്താ മരം പൊട്ടിമുളച്ചുണ്ടാകുന്ന പോലെയാണല്ളോ, എന്നാണദ്ദേഹം രൂക്ഷമായി പരിഹസിച്ചത്.  
ഹിന്ദുവാകാന്‍ മുതിരുന്ന അഭിനവ വര്‍ണാശ്രമമൃഗങ്ങള്‍ രാമരാജ്യത്തെക്കുറിച്ചും വേദത്തെക്കുറിച്ചുമുള്ള നാണുഗുരുവിന്‍െറ അസാധ്യമായ നര്‍മബോധം കലര്‍ന്ന കിടിലങ്ങളും മുന്നറിയിപ്പുകളുമെങ്കിലും ശ്രദ്ധിക്കുന്നത് നന്നാകും.  പി. കെ. ബാലകൃഷ്ണന്‍ നാരായണഗുരു എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ പോലെ ‘നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരായ’ യൂറോപ്യരെ കുറിച്ച് നാരായണഗുരു എന്ന ധീരനായ കേരളപുത്രന്‍ 1914ല്‍ ഒന്നാം ലോകയുദ്ധം തുടങ്ങുന്ന അവസരത്തില്‍ തത്വവിചിന്തനം ചെയ്യുന്നുണ്ട്.   ഗാന്ധിയുടെ കന്യാകുമാരീക്ഷേത്ര സന്ദര്‍ശനത്തെ കുറിച്ചുള്ള സഹോദരന്‍െറ ‘ഗാന്ധിസന്ദേശം’ എന്ന ചെറുകവിതയും ഗാന്ധി-അംബേദ്കര്‍ സംവാദങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍െറ സഹോദരന്‍ പത്രത്തില്‍ വന്ന നീണ്ട മുഖപ്രസംഗങ്ങളും ലേഖനങ്ങളുമൊന്നും വായിക്കാനിടയില്ലാത്ത ഹിന്ദുമതവാദികളായ അവര്‍ണ ബഹുജനങ്ങളും അവരെ വര്‍ണാശ്രമമൃഗങ്ങളാക്കാന്‍ ഇടനില നില്‍ക്കുന്ന നേതാക്കളും സഹോദരന്‍േറയും മിതവാദിയുടേയും വിവേകോദയത്തിന്‍േറയും മറ്റും പഴയ പ്രതികളും സഹോദരനെക്കുറിച്ച് മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പുത്തന്‍ പുസ്തകങ്ങളും വായിക്കുന്നത് നന്നായിരിക്കും.  
ചുരുങ്ങിയത് അദ്ദേഹത്തിന്‍െറ പദ്യകൃതികളെങ്കിലും വായിക്കുന്നത് ഇന്നത്തെ ഹൈന്ദവ വ്യാമോഹികള്‍ക്കുള്ള സുഖചികിത്സയായിരിക്കും.  ഓരോ പദ്യകൃതിയിലും അദ്ദേഹം ഇന്ത്യയെ അധിനിവേശിച്ച രോഗമായ ജാതിയേയും വര്‍ണത്തേയും അവയുടെ ഉറവിടമായ ബ്രാഹ്മണമതത്തേയും സംസ്കാര സൂക്ഷ്മമായി വിമര്‍ശവിചിന്തനം ചെയ്യുകയും ജാതിചികിത്സാ സംഗ്രഹം എഴുതി ബഹുജനങ്ങളെ സുഖപ്പെടുത്തുകയുമാണ്.  ജാതിയെ ചികിത്സിക്കാന്‍ കഴിവുള്ള ഒരപൂര്‍വ വൈദ്യനെക്കുറിച്ച് അഷ്ടാംഗഹൃദയം പറയുന്നുണ്ട്. അത്തരത്തിലുള്ള ഒരപൂര്‍വ വൈദ്യനായിരുന്നു സഹോദരന്‍.  ‘ജാതിഭാരതം’ എന്ന പദ്യകൃതിയില്‍ അംബേദ്കറെ ആദ്യമായി കേരളത്തില്‍ തുറന്നു പ്രകീര്‍ത്തിച്ച പ്രവാചകസ്വഭാവമുള്ള രാഷ്ടീയ എഴുത്തുകാരനായിരുന്നു സഹോദരന്‍.     
കേരളത്തിലെ നവോത്ഥാന സാമൂഹിക സാംസ്കാരിക പോരാട്ടങ്ങളുടെ മുന്നണിയില്‍ നിന്നുകൊണ്ട് മിശ്രഭോജന പ്രസ്ഥാനവും മിശ്രവിവാഹ സംഘവും യുക്തിവാദിസംഘവും നവബുദ്ധമത പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും ജാതിദഹന പ്രസ്ഥാനവും സമുദായവത്കരണ പ്രസ്ഥാനവും മനുഷ്യാവകാശ പ്രസ്ഥാനവും പൗരസമത്വാവകാശ പ്രസ്ഥാനവും എല്ലാം നയിച്ചത് എഴുത്തുകാരനും കവിയും പത്രപ്രവര്‍ത്തകനും പ്രക്ഷോഭകനും അധ്യാപകനും രാജ്യതന്ത്രജ്ഞനും അഭിഭാഷകനും മന്ത്രിയും ജനസേവകനും ജനപ്രതിനിധിയും സമുദായപ്രവര്‍ത്തകനും ജനനേതാവുമായ സഹോദരനയ്യപ്പനായിരുന്നു.  ബഷീറും റഫിയും കേശവദേവുമടങ്ങുന്ന സാമൂഹികബോധവും ചരിത്രബോധവുമുള്ള എഴുത്തുകാരെ കൈരളിക്കു കാഴ്ചവെച്ച പത്രാധിപരും സാഹിത്യമീമാംസകനുമായിരുന്നു കെ. അയ്യപ്പന്‍ ബി. എ, ബി.എല്‍. മലയാള കവിതയെ രാഷ്ട്രീയജാഗ്രമായി പരിവര്‍ത്തിപ്പിച്ച കാവ്യമീമാംസകനും കവിയുമായിരുന്നു പുലയനയ്യപ്പന്‍. ഈഴവരാദിയായ അവര്‍ണര്‍ പുലയരായി മാറിയാല്‍ മാത്രമേ അവര്‍ മനുഷ്യരാകൂ എന്ന ദലിതീകരണത്തിന്‍െറ നീതിശാസ്ത്രം സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചയാളാണ് 1917ലെ ചെറായി മിശ്രഭോജനം സാധ്യമാക്കിയ അയ്യപ്പന്‍.  ജാതിയുടെ മേലോട്ടുള്ള തൃഷ്ണയെ തകര്‍ത്ത് സാമൂഹികമായ കീഴ്ത്തട്ടിലേക്കിറങ്ങി, ഊഴിയില്‍ ചെറിയവരോടു സോദരത്വേന വാഴുക എന്നതായിരുന്നു ആ ‘പുലക്കൊട്ടി’യുടെ ജീവിതമാതൃക. വര്‍ണാശ്രമധര്‍മിയായി മേലോട്ടുകയറി നായരും നമ്പൂതിരിയുമടക്കമുള്ള സവര്‍ണ ജാതിഹിന്ദു ആവുകയല്ല, മറിച്ച് അടിത്തട്ടിലേക്കാണ്ടിറങ്ങി, അടിസ്ഥാന ജനതയുമായി കലര്‍ന്ന് മനുഷ്യരും ഏകോദരസഹോദരരും തുല്യരുമാവുക എന്നതായിരുന്നു സഹോദരന്‍േറയും നാണുവാശാന്‍േറയും ജൈവികവും നൈതികവുമായ തത്വചിന്തയും സാമൂഹികഭാവനയും ജീവിത പ്രയോഗവും. കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ നടന്ന ഈ കേരളീയമായ നവോത്ഥാന ചരിത്രമെങ്കിലും മനസ്സിലാക്കാത്ത ജനത ജാതിഹിന്ദുത്വത്തിന്‍െറ നരകത്തിലേക്കാണു വീണ്ടും നീങ്ങുന്നത്.

കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ളീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍
l

Show Full Article
TAGS:
Next Story