മുസ്ലിം ലീഗ് നേതൃത്വവും വിദ്യാഭ്യാസമന്ത്രിയും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, കാലിക്കറ്റ് യൂനിവേഴ്സിറ്റിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം യശശരീരനായ സി.എച്ച്. മുഹമ്മദ് കോയ വികാരഭരിതനാകുമായിരുന്നുവത്രെ. കാരണം, ഈ സര്‍വകലാശാല അദ്ദേഹത്തിന്‍െറ സ്വപ്നസന്തതിയായിരുന്നു. പാര്‍ട്ടി രൂപവത്കരിച്ച് 20 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുസ്ലിം ലീഗിന് ആദ്യമായി 1967ലെ ഇ.എം. എസ് മന്ത്രിസഭയിലൂടെ അധികാരം കൈവന്നപ്പോള്‍ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ അദ്ദേഹം മുന്‍കൈ എടുത്താണ് മലബാറില്‍ ഒരു യൂനിവേഴ്സിറ്റി എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നത്. ഇ.എം.എസ് സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. സാമുവല്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 22 അംഗ വിദഗ്ധസമിതി സര്‍വകലാശാല സ്ഥാപിക്കുന്നതിന് പച്ചക്കൊടി കാട്ടിയതോടെ, നിയമസഭാ സമ്മേളനം ചേരാന്‍പോലും കാത്തുനില്‍ക്കാതെ ഒരു ഓര്‍ഡിനന്‍സിലൂടെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് നാന്ദികുറിക്കുന്നത്. അത്രക്കും അടിയന്തര പ്രാധാന്യത്തോടെയാണ് സി.എച്ച് യൂനിവേഴ്സിറ്റിയുടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ഒരുവേള, പിന്നാക്കത്തിന്‍െറ കാവടിയുംപേറി മുടന്തിനടന്ന മലബാറുകാരുടെ ഭാവി ഭാഗധേയം തിരുത്തിക്കുറിക്കാന്‍ ഉതകുന്ന മികച്ചൊരു സര്‍വകലാശാലയായിരിക്കണം ഇതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണ് എന്നതിന്‍െറ പേരില്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ അവയെ നിഷ്പ്രഭമാക്കാന്‍ തന്‍െറ വാക്ചാതുരിയും തൂലികയും അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചു.
‘ഗനിയുഗം’
പുതുതായി സ്ഥാപിക്കപ്പെടുന്ന സര്‍വകലാശാലക്ക് ‘ലോകമറിയപ്പെടുന്ന പുരാതനമായ ഒരു പട്ടണത്തിന്‍െറ പേര്’ തന്നെ വേണമെന്ന് സി.എച്ച് ശഠിച്ചു. കേവലമൊരു കലാശാല എന്നതിനപ്പുറം മേഖലയുടെ തമസ്സ് അകറ്റാന്‍ പര്യാപ്തമാകുന്ന, അക്കാദമികവും സാംസ്കാരികവുമായി നിലവാരം പുലര്‍ത്തുന്ന മികച്ചൊരു സ്ഥാപനമായിരിക്കണം അതെന്ന ഉല്‍ക്കടമായ ആഗ്രഹം അദ്ദേഹം നെഞ്ചേറ്റിനടന്നു. അതുകൊണ്ടുതന്നെ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആരായിരിക്കണം എന്ന ചോദ്യം വന്നപ്പോള്‍ സങ്കുചിതമായ പ്രാദേശിക, രാഷ്ട്രീയ താല്പര്യങ്ങള്ക്ക് മനസ്സുകൊടുക്കാതെ, അദ്ദേഹത്തിന്‍െറ കണ്ണുകള്‍ സംസ്ഥാനത്തിന്‍െറ അതിരുകള്‍ ഭേദിച്ച് രാജ്യത്തിന്‍െറ നാനാദിക്കുകളില്‍ പരതിനടന്നു. ഇ.എം.എസിനെപ്പോലെ, യൂനിവേഴ്സിറ്റിയുടെ പ്രചോദന പ്രഭവ കേന്ദ്രമായിരുന്ന മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന് ഇവ്വിഷയകമായി ഓര്മക്കുറിപ്പില് രേഖപ്പെടുത്തുന്നതിങ്ങനെ: ‘പുതിയ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ഒരു മുസ്ലിം ആയിരിക്കണമെന്ന് സി.എച്ചിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനേക്കാള്‍ നിര്‍ബന്ധം വി.സിയായി നിയമിക്കപ്പെടുന്നയാള്‍ പ്രാപ്തനായ ഭരണാധികാരിയും പ്രഗല്ഭനായ അക്കാദമീഷ്യനും ആയിരിക്കണമെന്നതായിരുന്നു’. അത്തരമൊരു വ്യക്തിക്കുവേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ബംഗളൂരുവിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.എം. ഗനിയെ കണ്ടത്തെുന്നത്. സി.എച്ചിന്‍െറ സെലക്ഷന് തെറ്റിയില്ല എന്ന് കാലം തെളിയിച്ചു. യൂനിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആറുവര്‍ഷം നീണ്ട ‘ഗനിയുഗം’ അതിന്‍െറ വളര്‍ച്ചയുടെയും അക്കാദമിക മികവിന്‍െറയും നിര്‍ണായക കാലഘട്ടമായിരുന്നു. തുടക്കം മികച്ചതാണെന്നതിനാല്‍ ഗനിയുടെ പിന്‍ഗാമികളായി വന്ന ഡോ. നൂര്‍ മുഹമ്മദ്, പ്രഫ. കെ.എ. ജലീല്‍, ടി.എന്‍. ജയചന്ദ്രന്, പ്രഫ. ടി.കെ. രവീന്ദ്രന്, ഡോ. എന്‍.എന്‍.പി. ഉമ്മര്‍കുട്ടി, ഡോ. കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയവരുടെ ജോലി ഒരുപരിധിവരെ അനായാസമാക്കി. അക്കാദമികരംഗത്തും കലാകായിക മേഖലകളിലും ‘കാലിക്കറ്റി’ന്‍െറ പേര് ദേശീയതലത്തില്‍പോലും വിശ്രുതമായി.
സി.എച്ചിന്‍െറ കാഴ്ചപ്പാട്
ആമുഖമായി ഇത്രയും പറഞ്ഞത് സി.എച്ച്. മുഹമ്മദ് കോയക്കും അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുമായുള്ള അഭേദ്യബന്ധത്തെ അടയാളപ്പെടുത്താനാണ്. ‘അത് എന്‍െറ സര്‍വകലാശാലയാണ്’ എന്ന് കാണുമ്പോഴെല്ലാം പറയുമായിരുന്നെന്ന് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കാലിക്കറ്റ് മുന്‍ വി.സിയുമായ ടി.എന്‍. ജയചന്ദ്രന് അനുസ്മരിക്കാറുണ്ട്. മറ്റൊരു അഡീഷനല്‍ ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡി. ബാബുപോള്‍ സി.എച്ചിന്‍െറ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: സി.എച്ച് പ്രഗല്ഭനായ മന്ത്രിയായിരുന്നു. മുസ്ലിം താല്പര്യങ്ങള് പരിഗണിച്ചിട്ടുണ്ടാകാം. എന്നാല്‍, വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്ലിം സമുദായത്തിന്‍െറ ആധുനീകരണത്തെക്കുറിച്ചും സി.എച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1967ല്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ മലപ്പുറത്തും ഇതര മലബാര്‍ ജില്ലകളിലും വിദ്യാഭ്യാസത്തിന്‍െറ നവയുഗം തുറക്കാന്‍ സഹായിച്ചു.’ ആ നവയുഗം ഗള്ഫ്ധന്യതയുടെ അകമ്പടിയോടെ ബഹുദൂരം സഞ്ചരിച്ചതിന്‍െറ അനുഭവസാക്ഷ്യങ്ങള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അങ്ങനെ മലബാറിന്‍െറ ശിരോലിഖിതം മാറ്റിയെഴുതിയപ്പോഴും സി.എച്ച് ‘എന്‍െറ സര്‍വകലാശാല’ എന്ന് ഹൃദയത്തോട് ചേര്‍ത്തുവെച്ച് അഭിമാനം കൊണ്ട കാലിക്കറ്റ് വാഴ്സിറ്റി ഇന്ന് എവിടെ എത്തിനില്ക്കുന്നുവെന്ന് ഡോ. എം. അബ്ദുസ്സലാമിന്‍െറ ‘സംഭവബഹുലമായ’ നാലുവര്‍ഷത്തിനുശേഷം പുതിയ വി.സിയെ അന്വേഷിച്ചിറങ്ങിയ ലീഗ് നേതൃത്വവും വകുപ്പ് മന്ത്രിയും ഇരുന്ന് ചിന്തിക്കേണ്ടതാണ്. ഒരു യൂനിവേഴ്സിറ്റിക്ക് എത്രവരെ അധോഗതി കൈവരിക്കാനാകുമെന്ന് കാണിച്ചുതന്ന ഒരു കാലഘട്ടമാണ് കടന്നുപോയത്. എല്ലാ രംഗത്തും കുത്തഴിഞ്ഞപ്പോള്‍ ചന്തപ്പറമ്പിനെ വെല്ലുന്ന അരാജകത്വവും കാലുഷ്യവും കാമ്പസിനെ ആമൂലാഗ്രം ഗ്രസിച്ചു. അക്കാദമീഷ്യന്മാര് ധൈഷണികവും വൈജ്ഞാനികവുമായ വ്യവഹാരങ്ങള്‍കൊണ്ട് സചേതനമാക്കേണ്ട കലാശാലാങ്കണം നാലാംകിട രാഷ്ട്രീയത്തിന്‍െറ വിളയാട്ടകേന്ദ്രമായി അധപതിക്കുന്നത് പ്രബുദ്ധകേരളത്തിന് നിസ്സംഗമായി നോക്കിനില്ക്കേണ്ടിവന്നു. 2014 ആഗസ്റ്റ് 18ന് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് കലാശാലയുടെ ചുവരുകളുള്ള കാലത്തോളം മാഞ്ഞുപോകില്ല. കോണ്‍ഗ്രസ് -മുസ്ലിം ലീഗ് അംഗങ്ങള്‍ ചേര്‍ന്ന് വി.സിയെയും പ്രോ-വി.സിയെയും മര്‍ദിച്ചവശനാക്കി. വി.സിയും കായികമായി അവരെ നേരിട്ടു. ഒരു മഹത്തായ സ്ഥാപനത്തെ, അതിനെ വളര്‍ത്തേണ്ടവരും പരിപാലിക്കേണ്ടവരുംതന്നെ നശിപ്പിച്ചുവെന്ന് ചുരുക്കം. ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും രാഷ്ട്രീയ അതിപ്രസരത്തിന്െറയും യൂനിയന്ഗുണ്ടായിസത്തിന്െറയുമൊക്കെ ‘മികച്ച’ മാതൃകയാണ് കാലിക്കറ്റ്. അമരത്തിരിക്കുന്നവരും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളുമൊക്കെ സ്ഥാനമാനങ്ങള്‍ വിസ്മരിച്ച് കാമ്പസിനെ നശിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥികളും അവരുടെ സംഘടനകളും നാശത്തിന്‍െറ തമോഗര്‍ത്തത്തിലേക്കുള്ള കുതിച്ചോട്ടത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ മറന്നില്ല.
അരാജകത്വം അവസാനിപ്പിക്കണം
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഇന്നത്തെ പരിതോവസ്ഥക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് ഉത്തരം പലതാകാമെങ്കിലും വൈസ് ചാന്‍സലറെ നിയമിക്കുന്ന വിഷയത്തില്‍ കാണിക്കുന്ന രാഷ്ട്രീയ സങ്കുചിതത്വവും ദീര്ഘവീക്ഷണമില്ലായ്മയുമാണ് അടിസ്ഥാന കാരണമെന്ന് നിഷ്പക്ഷമതികള്‍ക്ക് ഏക സ്വരത്തില്‍ വിളിച്ചുപറയാനാകും. ഒരു സര്‍വകലാശാലയുടെ ഉയര്‍ച്ചയും താഴ്ചയും അതിന്‍െറ തലപ്പത്തിരിക്കുന്നവരെ ആശ്രയിച്ചാണിരിക്കുന്നത്. വൈസ് ചാന്‍സലര്‍ കാഴ്ചപ്പാടും അക്കാദമിക അഭിരുചിയും ഭരണനൈപുണിയും കൈമുതലായവരാണെങ്കില് യൂനിവേഴ്സിറ്റി താനേ മികവിലേക്ക് നടന്നുകയറാതിരിക്കില്ല. മറിച്ചാണെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് സമീപകാലത്ത് കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങള്‍ സമര്‍ഥിക്കുന്നു. പ്രഫ. ഗനിയെയും ഡോ. നൂര്‍ മുഹമ്മദിനെയും പരതിപ്പോയ സി.എച്ചിന്‍െറ ആത്മാര്‍ഥതയുടെ നൂറിലൊരംശം ഇന്നത്തെ നേതൃത്വത്തിനുണ്ടായിരുന്നെങ്കില്‍ സര്‍വകലാശാല ഈ പരിതോവസ്ഥയിലേക്ക് ആപതിക്കുമായിരുന്നില്ല. യൂനിവേഴ്സിറ്റിയെ ഇമ്മട്ടില്‍ രാഷ്ട്രീയ ചന്തപ്പറമ്പാക്കിമാറ്റിയതിനു പിന്നില്‍ ഇടതു-വലത് സര്‍ക്കാറുകള്‍ നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. വി.സി നിയമന വിഷയത്തില്‍ സങ്കുചിത രാഷ്ട്രീയ-ജാതിമത പരിഗണനകള്‍ക്ക് അതീതമായി വിശാലമായി ചിന്തിക്കാത്ത കാലത്തോളം അന്തരീക്ഷം മെച്ചപ്പെടാന്‍ പോകുന്നില്ല. ടി.എന്‍. ജയചന്ദ്രനുശേഷമാണ് കാമ്പസിനകത്തേക്ക് രാഷ്ട്രീയം ഇരച്ചുകയറുന്നത്. വി.സിയെ കാഴ്ചക്കാരനായി നിര്‍ത്തി, തങ്ങളുടെ ആള്‍ക്കാരുടെ ആധിപത്യമാണ് രാഷ്ട്രീയനേതൃത്വം ലക്ഷ്യംവെക്കുന്നത്. അത്തരമൊരു സമീപനത്തിലടങ്ങിയ അധാര്‍മികതയും ക്രൂരതയും ആരെയും മാനസികമായി അലോസരപ്പെടുത്താറില്ല. കേരളത്തിന്‍െറ പുറത്തുനിന്ന് അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് യൂനിവേഴ്സിറ്റിയെ നന്നാക്കിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൈയാളിയ എം.എ. ബേബി ഇടക്കാലത്ത് നടത്തിയ ശ്രമംപോലും ഉദ്ദേശിച്ച ഫലം കാണാതെപോയത് കലാശാലയുടെ സൂക്ഷ്മകോശങ്ങളിലേക്കുപോലും പടര്‍ന്നുകയറിയ മാരകരോഗം മൂലമാണ്. പ്രഫ. സയ്യിദ് ഇഖ്ബാല്‍ ഹസനൈന്െറയും അന്‍വര്‍ ജഹാന് സുബേരിയുടെയും കാലഘട്ടത്തില്‍ അക്കാദമികരംഗത്തെ മികവ് പ്രതീക്ഷിച്ചത്ര വീണ്ടെടുക്കാനായില്ളെങ്കിലും ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളാകാതെ നോക്കിയിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയെക്കുറിച്ച് നന്നായി അറിയുന്നവര്‍ ഇങ്ങോട്ട് വരാന്‍പോലും ധൈര്യപ്പെടുന്നില്ല എന്നതിന്‍െറ തെളിവാണ് പ്രശസ്ത ചരിത്രകാരി ശിറിന്‍ മൂസ്വി (അലീഗഢ് യൂനിവേഴ്സിറ്റി) യെ കൊണ്ടുവരാനുള്ള എം.എ. ബേബിയുടെ ശ്രമം പരാജയപ്പെട്ടത്. അതിനുശേഷമാണ് എടുത്തുകാട്ടാവുന്ന അക്കാദമിക പാരമ്പര്യമൊന്നുമില്ലാത്ത, അലീഗഢില്‍ ലേഡീസ് ഹോസ്റ്റല്‍ മേട്രണായിരുന്ന സുബേരിയെ കണ്ടത്തൊന്‍ നിര്‍ബന്ധിതമായത്. അവര്‍ക്കുശേഷം, സ്കൂള്‍ അധ്യാപകനായ പാര്‍ട്ടി നേതാവിനെ വാഴ്സിറ്റിയുടെ തലപ്പത്ത് അവരോധിക്കാനുള്ള ലീഗ് നേതൃത്വത്തിന്‍െറ നീക്കത്തെ വിവിധ കേന്ദ്രങ്ങള്‍ ചെറുത്തുതോല്പിച്ചു. അതോടെയാണ് ഡോ. അബ്ദുസ്സലാമിന് നറുക്കുവീണതും ഇക്കണ്ട അനര്‍ഥങ്ങളിലേക്ക് വാഴ്സിറ്റി വലിച്ചിഴക്കപ്പെട്ടതും.
നാലുവര്‍ഷത്തെ ലജ്ജാവഹമായ അനുഭവങ്ങളില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ പാഠങ്ങളൊന്നും ഉള്‍ക്കൊണ്ടില്ല എന്നാണ് വി.സി പദവിയിലേക്ക് പരിഗണിക്കാനായി പാര്‍ട്ടി നേതൃത്വം തയാറാക്കിയ പട്ടിക വ്യക്തമാക്കുന്നത്. അതില്‍ ചിലരുടെ പേര് കേള്‍ക്കുമ്പോള്‍ അറിയുന്നവര്‍ നടുങ്ങിപ്പോയേക്കാം. സര്‍വകലാശാലയെ കരകയറ്റാനുള്ള ആത്മാര്‍ഥ ശ്രമം ഇനിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വീണ്ടും തകരാന്‍ പോകുന്നത്. രോഗമറിഞ്ഞല്ല ചികിത്സിക്കാന്‍ പോകുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു വേണ്ടത് മറ്റ് യൂനിവേഴ്സിറ്റിയോ കോളജോ ഭരിച്ച് ശേഷിതെളിയിച്ച, ആജ്ഞാശക്തിയുള്ള, അക്കാദമികമായി മികവുറ്റ നല്ളൊരു ഭരണകര്‍ത്താവിനെയാണ്. കാമ്പസ് കൈയടക്കിവെച്ച രാഷ്ട്രീയ ദല്ലാള്‍മാരെ നിലക്കുനിര്‍ത്താനും യൂനിവേഴ്സിറ്റിയുടെ നഷ്ടപ്രതാപവും നിലവാരവും വീണ്ടെടുക്കാനും ശേഷിയുള്ള ഒരു വൈസ് ചാന്‍സലറെ കണ്ടത്തെുക പ്രയാസകരമാണെന്ന് കരുതുന്നത് രാഷ്ട്രീയ, മത പരിഗണനയുടെ കുടുസ്സായ വൃത്തത്തില്‍നിന്ന് പുറത്തുകടക്കാതെ ചിന്തിക്കുന്നതുകൊണ്ടാണ്. സി.എച്ചിന്‍െറ യൂനിവേഴ്സിറ്റിയെ രക്ഷിക്കണമെങ്കില്‍ ലീഗ് നേതൃത്വവും വിദ്യാഭ്യാസ വകുപ്പും അല്പം ഉയര്‍ന്നുചിന്തിക്കാന്‍ മുന്നോട്ടുവരുകയേ നിവൃത്തിയുള്ളൂ. രാഷ്ട്രീയ-സാമുദായിക പരിഗണനകള്‍ മാറ്റിവെച്ച് പ്രഗല്ഭനായ ഒരു അഡ്മിനിസ്ട്രേറ്ററെ കണ്ടത്തൊന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കുമോ എന്നതാണ് കാതലായ ചോദ്യം. അതിന് സാധിക്കാത്തപക്ഷം വരുന്ന തലമുറയോട് ഇവര്‍ മറുപടി പറയേണ്ടിവരും.
l