Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരാണ് കൊടുംഭീകരന്‍?

ആരാണ് കൊടുംഭീകരന്‍?

text_fields
bookmark_border
ആരാണ് കൊടുംഭീകരന്‍?
cancel

ബാബരി മസ്ജിദ് തകര്‍ത്ത തന്‍െറ ‘കുട്ടി’കളുടെ പ്രവൃത്തിയില്‍ ആഹ്ളാദിക്കുകയും രക്തദാഹിയായി മുംബൈയിലെ മുസ് ലിംകളെ കൊന്നൊടുക്കാന്‍ അവരെ പറഞ്ഞുവിടുകയും ചെയ്തയില്‍ സന്തോഷിക്കുകയും ചെയ്ത ഒരാള്‍. കൂട്ടക്കൊലക്ക് പ്രതികാരമായി നടന്ന ബോംബാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത  മറ്റൊരാള്‍. കൊല്ലാനും കൊള്ളയടിക്കാനും കൊള്ളിവെപ്പ് നടത്താനും അക്രമികളെ ആഹ്വാനം ചെയ്ത ഒരാള്‍. മറ്റെയാള്‍ മുംബൈ സ്ഫോടനത്തിന് ബാഹ്യമായ പങ്കുമാത്രം വഹിച്ച വ്യക്തി.  ഒരാള്‍ മരിക്കും വരെ ബോംബെയെ സ്വന്തം അധീനതയിലാക്കി. അയാളെ മരണ ശേഷം രാഷ്ട്രം ബഹുമതി നല്‍കി ആദരിച്ചു. കീഴടങ്ങിയതിനുശേഷം വര്‍ഷങ്ങളോളം ജയില്‍ അടച്ചിട്ടതിനുശേഷം മറ്റെയാളെ വധശിക്ഷക്ക് വിധേയനാക്കി. ഭൂരിപക്ഷ രാഷ്ട്രീയത്തെ വളര്‍ത്താന്‍ വേണ്ടി നടത്തിയ കൂട്ടക്കുരുതിയുടെ ഇരകളുടെ കാര്യത്തില്‍ എന്താണ് നമ്മുടെ പൊതുബോധം പ്രതികരിക്കാതെ പോയതെന്ന ചോദ്യമാണ് രണ്ട് വ്യക്തികളോട് സ്വീകരിച്ച ഭിന്ന സമീപനം ഉയര്‍ത്തുന്നത്.  

മുംബൈ സ്ഫോടനത്തിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്നതില്‍ ഉണ്ടായ രോഷം അത്രയെളുപ്പമൊന്നും ഇല്ലാതാകില്ല. ചിലര്‍ ഇതില്‍ ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍, മറ്റുചിലര്‍ വധശിക്ഷയുടെ പ്രാകൃതത്വത്തെ ചൊല്ലി പ്രതിഷേധിക്കുന്നു. എന്നാല്‍, ഒരു വിഭാഗം യാക്കൂബിനെ തൂക്കിക്കൊല്ലുന്നതിനുള്ള ഭരണകൂടത്തിലെ വാദങ്ങളെ അംഗീകരിക്കുന്നേയില്ല. ഭീകരവാദത്തിനെതിരെ ഏറ്റവും ഫലപ്രദമായ സന്ദേശം നല്‍കാന്‍ ഇതിലൂടെ കഴിയുന്നുവെന്നാണ് ഭരണകൂടം മുഖ്യമായും പറയുന്നത്. ഭീകരവിരുദ്ധ നീക്കത്തിന്‍െറ ഭാഗമായി ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നാണ് ഇവരുടെ വാദം. ഇവര്‍ ചോദിക്കുന്നത്  ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം മുസ്ലിംകളെ കൂട്ടക്കുരുതിക്ക് വിധേയമാക്കിയതും ആക്രമിച്ചതും എങ്ങനെയാണ് ബോംബ് സ്ഫോടനത്തെക്കാള്‍ കുറഞ്ഞരീതിയിലുള്ള ഭീകരപ്രവര്‍ത്തനമാകുന്നത് എന്നാണ്  
മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അധോലോക ഗ്രൂപ്പുകളുടെ ബോംബുണ്ടാക്കലും അതുപയോഗിച്ചുള്ള അക്രമങ്ങളും കൂടുതല്‍ തീവ്രമായ കുറ്റകൃത്യമാകുകയും  ഹിന്ദുത്വ ആശയങ്ങളോട് കൂറുപുലര്‍ത്തിക്കൊണ്ട് വാളുകളും പെട്രോള്‍ കാനുകളും എല്‍.പി.ജി സിലിണ്ടറുകളും മറ്റും ഉപയോഗിച്ചുള്ള കിരാതമായ കൊലപാതകങ്ങളും കലാപങ്ങളും താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ആദ്യവിഭാഗത്തില്‍ പെട്ടവരെ ഭരണകൂടം വേട്ടയാടുകയും ചിലപ്പോള്‍ ഏറ്റുമുട്ടലിലൂടെയും അല്ളെങ്കില്‍ തൂക്കിക്കൊല്ലുകയും ചെയ്യുമ്പോള്‍, കലാപത്തിന്‍െറ വ്യാപാരികളായ ചിലര്‍ അധികാരത്തിലത്തെുകയും ചിലര്‍ക്ക് മരിക്കുമ്പോള്‍ ഒൗദ്യോഗിക ബഹുമതികള്‍ ലഭിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?

ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ ഉദാഹരണമാണ് യാക്കൂബ് മേമനെ തൂക്കിക്കൊലപ്പെടുത്തിയതിലൂടെയും  സ്ഫോടനത്തിന് മുന്നോടിയായുള്ള മുസ്ലിം വിരുദ്ധ കലാപം നടത്തിയതിന് കുറ്റക്കാരെന്ന് ബി.എന്‍. ശ്രീകൃഷ്ണ കമീഷന്‍ കണ്ടത്തെിയ ബാല്‍ താക്കറെയോടും ശിവസൈനികരോടും സ്വീകരിച്ച വ്യത്യസ്ത സമീപനവും ബോധ്യപ്പെടുത്തുന്നത്. ഒരു വശത്ത് യാക്കൂബ് മേമന് വധശിക്ഷയും മറുവശത്ത് ബാല്‍ താക്കറെ മരിച്ചപ്പോള്‍ അദ്ദേഹത്തിന് നല്‍കിയ ഒൗദ്യോഗിക ബഹുമതിയും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍െറ വിവേചനത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.  ഇത് ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
 ഒരു പ്രത്യേക രാഷ്ട്രീയാദര്‍ശം അടിച്ചേല്‍പിക്കുന്നതിന് ജനങ്ങളെ ഏത് രീതിയിലും ഭീതിപ്പെടുത്താമെന്ന് കരുതുന്ന ചിന്താപദ്ധതിയായി ഭീകരവാദത്തെ കാണുകയാണെങ്കില്‍ മുംബൈ കലാപം പോലുള്ള മുസ് ലിം വിരുദ്ധ കലാപങ്ങള്‍ എങ്ങനെയാണ്  ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്ന അക്രമവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചെറുതാവുന്നത്.

മുംബൈ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാകിസ്താനുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ യാക്കൂബ് മേമന്‍ കൂടുതല്‍ വലിയ ഭീകരവാദിയാണോ?  പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് തൂക്കിലേറ്റിയ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവാണോ വലിയ ഭീകരന്‍?  ഒരു അന്വേഷണ ഏജന്‍സിയും ഇക്കാര്യം സംശയലേശമന്യേ തെളിയിച്ചിട്ടില്ല. എന്നാല്‍, ഇതൊന്നും ഇവരെ തൂക്കിക്കൊല്ലുന്നതില്‍നിന്നും ഇന്ത്യന്‍ ഭരണകൂടത്തെ വിലക്കിയിട്ടുമില്ല.  നീതി നടപ്പിലാക്കപ്പെട്ടുവെന്നും അതില്‍ ആഹ്ളാദിക്കണമെന്നുമാണ്  ഇവരെ കൊന്നതിനുശേഷം ഭരണകൂടം നമ്മോട് പറഞ്ഞത്. ഇതിനോട് യോജിക്കാത്തവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. ഭരണകൂടം നടപ്പിലാക്കുന്ന കൊലപാതകങ്ങളോടുള്ള നിലപാടുകള്‍ എങ്ങനെയാണ് രാജ്യസ്നേഹത്തിന്‍െറ അളവുകോലാകുന്നത്?. ദേശസുരക്ഷയുമായും ഭീകരവാദവുമായും ബന്ധപ്പെട്ട ഭരണകൂടത്തിന്‍െറ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭീകരവാദത്തോടുള്ള രണ്ടുതരം സമീപനമാണ് ഇതിനെതിരായ നമ്മുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ ഭാഗമായി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കുരുതിയോടും കലാപങ്ങളോടും ഒരു സമീപനവും ഇതിനോട് പ്രതികരണമായി അധോലോക സംഘങ്ങള്‍ മുസ്ലിംകളെ ഉപയോഗിച്ച് നടത്തുന്ന സ്ഫോടനങ്ങളോട് മറ്റൊരു സമീപനവുമാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതാണ് ഒരു വിഭാഗത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നത്. യഥാര്‍ഥത്തില്‍ ഇതേക്കാള്‍ ദേശവിരുദ്ധമായി എന്തുണ്ട്?

ബാബ്രി മസ്ജിദ് പൊളിച്ചതിനുശേഷം ബോംബെയുടെ തെരുവുകളില്‍ അക്രമം അഴിച്ചുവിടാന്‍ ബാല്‍ താക്കറെയെയും ശിവസേനയേയും ഇന്ത്യന്‍ ഭരണകൂടം അനുവദിച്ചിരുന്നില്ലായെങ്കില്‍ ബോംബെ സ്ഫോടനം സംഭവിക്കില്ലായിരുന്നു എന്ന കാര്യം മറന്നാല്‍ ചരിത്രം നമുക്ക് മാപ്പുതരില്ല. ജനങ്ങളുടെ മനസ്സില്‍ ഭീതി വിതക്കുകയാണ് ഭീകരവാദത്തിന്‍െറ രാഷ്ട്രീയം എന്നു മനസ്സിലാക്കിയാല്‍ യാക്കൂബ് മേമന്‍ താക്കറെയെക്കാള്‍ കൂടുതല്‍ ജനങ്ങളില്‍ ഭീതിവിതച്ചിട്ടുണ്ടാകുമോ? 1992-93 കാലത്തെ കലാപത്തിന്‍െറ ഉത്തരവാദിയെന്ന് ശ്രീകൃഷ്ണ കമീഷന്‍ കണ്ടത്തെിയ വ്യക്തിയാണ് ബാല്‍ താക്കറെ. ബാബരി മസ്ജിദ് തകര്‍ത്തത് എന്‍െറ കുട്ടികളാണെന്ന് പരസ്യമായി അഹങ്കരിച്ച വ്യക്തികൂടിയാണ് അദ്ദേഹം.  ഇത്തരത്തിലൊരു ആളുതന്നെയാണ്  പിന്നീട് മഹാരാഷ്ട്രയുടെ നിയന്ത്രണം കൈയാളിയതും, ഇയാളെയാണ്   മരണശേഷം ദേശീയ പതാകയില്‍ പൊതിഞ്ഞ് രാഷ്ട്രം ആദരിച്ചതും. ബാബരി മസ്ജിദ് പൊളിക്കുന്നതിനുമുമ്പ് ഇയാളെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ മുംബൈ കലാപവും അതുകൊണ്ടുതന്നെ ബോംബ് സ്ഫോടനവും ഉണ്ടാകുമായിരുന്നില്ല എന്നു കരുതാനുള്ള കാരണങ്ങള്‍ ഏറെയാണ്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ് യാക്കൂബ് മേമന്‍ ദേശവിരുദ്ധനും താക്കെറെ ദേശീയ താരവുമായി. ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ സ്വഭാവത്തെക്കുറിച്ച് ഇത് എന്താണ് നമ്മോട് പറയുന്നത്.  ഭരണഘടന ആവശ്യപ്പെടുന്നതുപോലെ, മതേതരത്വവും ജനാധിപത്യവുമാണോ ഇവിടെ നടപ്പിലാക്കപ്പെടുന്നത്?  

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍െറ വിവേചന സ്വഭാവത്തിന്‍െറ പ്രതീകമായി കാണാവുന്ന വ്യക്തിയാണ് ബാല്‍താക്കറെ. ബോംബെ കലാപത്തില്‍ 600ലധികം മുസ്ലിംകള്‍ കൊല്ലപ്പെട്ടപ്പോള്‍, ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹികമേഖലയിലെ വരേണ്യവിഭാഗത്തിന്‍െറ ബോധത്തെ അത് അസ്വസ്ഥമാക്കിയില്ല. മുംബൈയില്‍ താമസിക്കുന്ന തെക്കെ ഇന്ത്യക്കാരെയും വടക്കെ ഇന്ത്യക്കാരെയും ശിവസേന ആക്രമിച്ചപ്പോഴും ഈ വിഭാഗത്തിന് അല്ലലൊന്നും ഉണ്ടായില്ല. അക്രമത്തെ തുടര്‍ന്ന് പലര്‍ക്കും മുംബൈ വിട്ടുപോകേണ്ടതായും വന്നു. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ അടിസ്ഥാനത്തില്‍ ശിവസേനയെ സ്വാഭാവികമായും ഒരു ക്രിമിനല്‍ സംഘമായിട്ടായിരുന്നു കണക്കാക്കേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഭരണകൂടം അതിനെ ഒരു മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമാക്കി അംഗീകരിക്കുകയാണ് ചെയ്തത്.  ഒരു കാലത്ത് മുംബൈയുടെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന ടെക്സ്റ്റൈല്‍ രംഗത്തെ മുതലാളിമാരുടെ ഗുണ്ടസംഘങ്ങളായാണ് ശിവസേന ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. എല്ലാ തീവ്രവലതു സംഘങ്ങളെയും പോലെ, ഒരിക്കലും വന്‍കിട മുതലാളിമാരെ ചോദ്യം ചെയ്യന്‍ ശിവസേനയും തയാറായിരുന്നില്ല. എന്നു മാത്രമല്ല അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനായിരുന്നു ശിവസേനയും പ്രവര്‍ത്തിച്ചുപോന്നത്.

മുംബൈയിലെ തൊഴിലാളി സംഘടനകള്‍ വലിയ രാഷ്ട്രീയ ശക്തിയായി പരിവര്‍ത്തിക്കപ്പെട്ടേക്കാമെന്ന ഘട്ടത്തില്‍, അതിനെ നേരിടാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ശിവസേനയെയാണ് ആശ്രയിച്ചത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരായ താക്കറെയുടെ വിഷലിപ്തമായ നീക്കങ്ങളാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന കൃഷ്ണ ദേശായിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. മുംബൈയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ തന്‍െറ കുടിലമായ നീക്കങ്ങള്‍കൊണ്ട് താക്കറെക്ക് സാധിച്ചു. കോണ്‍ഗ്രസാണ് ഇതിന് ശിവസേനക്ക് കൂട്ടായി നിന്നത്. പിന്നീട് ശിവസേന ദലിതുകളെയും ദലിത് പ്രസ്ഥാനങ്ങളെയും ലക്ഷ്യമിട്ടുതുടങ്ങി. ഇതും കോണ്‍ഗ്രസിന്‍െറ പിന്തുണയോടെയായിരുന്നു.  എല്ലാ വലതുപക്ഷ ഹിന്ദു സംഘടനകളുടെയും പ്രത്യേകത അതിന്‍െറ അതി തീവ്രമായ മുസ്ലിം വിരുദ്ധതയാണ്. ശിവസേനയും അതുതന്നെയാണ് പ്രയോഗത്തില്‍ വരുത്തിയത്. മുസ്ലിംകള്‍ ദേശവിരുദ്ധരാണെന്ന് താക്കറെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മിനി പാകിസ്താന്‍ എന്ന് അവഹേളനാ രൂപത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ഭീവണ്ടിയില്‍ 1970 മേയ് 7, 8 ദിവസങ്ങളില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ താക്കറെയുടെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍, അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറായില്ല.

 അക്രമവും ഭീഷണിപ്പെടുത്തലുമായി മുംബൈയെ നിയന്ത്രിച്ചെങ്കിലും ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയും ശിവസേനയെ നിയന്ത്രിക്കാന്‍ മിനക്കെട്ടില്ല. ഇതാണ് ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം അങ്ങയേറ്റം ജുഗുപ്സാവഹമായ രീതിയില്‍ മുസ്ലിംകളെ കൊന്നൊടുക്കിയ കലാപം നയിക്കാന്‍ ശിവസേനക്ക് ധൈര്യം നല്‍കിയത്. ഈ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ആര്‍.എസ്.എസ്സും കൂടെയുണ്ടായിരുന്നു. മുസ്ലിംകളെ കൂട്ടക്കുരുതി ചെയ്ത തന്‍െറ ശിഷ്യരുടെ ചെയ്തിയില്‍ പരസ്യമായി അഭിമാനം കൊള്ളുന്ന താക്കറെയാണ് പിന്നീട് രാജ്യം കണ്ടത്. യാക്കൂബ് മേമനെപ്പോലുള്ളവരെ ഭരണകൂടം കൊലപ്പെടുത്തുമ്പോഴെല്ലാം, താക്കറെയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തില്ളെങ്കില്‍ പൗരരെന്ന നിലയിലുള്ള കടമ പാലിക്കുന്നതില്‍ നമ്മള്‍ വീഴ്ച വരുത്തുന്നുവെന്നു കൂടിയാണ് അര്‍ഥം.

(തെഹല്‍ക  മാനേജിങ് എഡിറ്ററാണ് ലേഖകന്‍. 'ഹു ഈസ് ദി ബിഗസ്റ്റ് ടെററിസ്റ്റ്' എന്ന തെഹല്‍ക കവര്‍ സ്റ്റോറിയുടെ സംഗ്രഹം)

Show Full Article
TAGS:
Next Story