Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദേശീയ പ്രതിജ്ഞ...

ദേശീയ പ്രതിജ്ഞ നവീകരിക്കുക

text_fields
bookmark_border
ദേശീയ പ്രതിജ്ഞ നവീകരിക്കുക
cancel

‘ലോകമേ തറവാട് തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും
കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം
താഴ്മതാന്‍ അഭ്യുന്നതി’
‘എന്‍െറ ഗുരുനാഥന്‍’ എന്ന കവിതയില്‍ മഹാകവി വള്ളത്തോള്‍ നമുക്ക് നല്‍കിയ വിശ്വസ്നേഹ സന്ദേശമാണ് മേല്‍ ചേര്‍ത്ത വരികള്‍. നമ്മുടെ വിദ്യാലയങ്ങളില്‍ സ്കൂള്‍ അസംബ്ളിയില്‍ നടത്തുന്നതും പാഠപുസ്തകങ്ങളിലൂടെ പ്രചരിക്കുന്നതുമായ പ്രതിജ്ഞയെ ഈ വരികളിലെ ആശയവുമായി താരതമ്യം ചെയ്യാനാണ് ഈ കുറിപ്പ്. ഈ പ്രതിജ്ഞ തയാറാക്കിയ കാലത്തേക്കാള്‍ എത്രയോ അധികം പുതിയ സ്വതന്ത്ര രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് യാഥാര്‍ഥ്യമാവുകയും ചിലതെല്ലാം ശിഥിലമാവുകയും ചെയ്തതും യാഥാര്‍ഥ്യബോധത്തോടെ വീക്ഷിക്കപ്പെടണം. സ്വത്വബോധത്തിന്‍െറയും വംശീയതയുടെയും വിഘടനവാദങ്ങളുടെയും മതവിദ്വേഷങ്ങളുടെയും ഒരു കൊളാഷ് ആയി ഭൂഗോളം മാറിക്കൊണ്ടിരിക്കുന്നു. ജീവസന്ധാരണാര്‍ഥം ജനങ്ങള്‍ അതിരുകള്‍ കടന്ന് ലോകമെമ്പാടും ചേക്കേറിക്കൊണ്ടിരിക്കുന്നു. ഒരുതരത്തില്‍ അടുത്ത അരനൂറ്റാണ്ട് അന്നത്തേതില്‍നിന്ന് വ്യത്യസ്തമായി ആഗോളീകരണത്തിന്‍െറ സ്വാധീനത്തില്‍ സങ്കലിത സംസ്കൃതിക്ക് ലോക ജനതയെ മാറ്റിക്കൊണ്ടിരിക്കുന്നതായും കാണാനാകും.
സങ്കുചിത സ്വരാജ്യസ്നേഹം ഇന്നത്തെ ലോകത്തില്‍ വെറും ഭ്രാന്താണ്.  അത് മനസ്സിനെ ആര്‍ദ്രമാക്കുന്നില്ല; ഹൃദയത്തിന്‍െറ ഉള്ളറകളിലേക്ക് എത്തുന്നുമില്ല. വൈകാരികമായ ഒരുതലത്തില്‍ അത് വ്യക്തിയെ തളക്കാന്‍ ശ്രമം നടത്തുന്നു.

കാര്യകാരണബോധത്തോടെ വിശകലനം ചെയ്ത് മനസ്സിലാക്കുമ്പോള്‍ വളര്‍ന്നുവരേണ്ടത് വിശ്വമാനവിക ദര്‍ശനമാണെന്നു കാണാം.
വാഗ അതിര്‍ത്തിയില്‍ ദിവസവും നടത്തുന്ന ഒരു ചടങ്ങുണ്ട്. ഇരുപക്ഷത്തെയും സൈനികര്‍ സ്വന്തം രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങള്‍ ആമന്ത്രണം ചെയ്യുന്ന ചെറിയ പരേഡ്. ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് രാജ്യസ്നേഹം ഉണ്ടാക്കുന്നതിന്  എല്ലാ രാഷ്ട്രങ്ങളിലും എക്കാലവും സമാന ചടങ്ങുകള്‍ നടന്നിരുന്നതായി കാണാം. രാജാക്കന്മാര്‍ വെട്ടിപ്പിടിച്ചിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ കാലത്ത് യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പായി ജനമനസ്സുകളില്‍ യുദ്ധാനുകൂല ചിന്ത അങ്കുരിപ്പിക്കാന്‍ കുടുംബ പരദേവതയെയോ ദേശ ദൈവത്തെയോ തട്ടകങ്ങളില്‍ ചെന്ന് വണങ്ങുന്ന രീതി പ്രാബല്യത്തിലുണ്ടായിരുന്നു.

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്ക് പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂനിയനും ചെക്കോസ്ലോവാക്യയും ഇന്നില്ല. യു.കെ എത്രകാലം യുനൈറ്റഡ് ആകുമെന്നും പറയാനാവില്ല. രാഷ്ട്രബാഹുല്യം, ബഹുസ്വരത, സ്വത്വബോധം, വംശീയത മുതലായ നിരവധി ഘടകങ്ങള്‍ ഇന്നു ലോകഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകങ്ങളായി ഭവിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍  ‘ഇന്ത്യ എന്‍െറ രാജ്യമാണ്’ എന്നു തുടങ്ങുന്ന പ്രതിജ്ഞ ഉള്‍പ്പെടെ ഓരോ രാജ്യവും സ്വന്തം ദേശീയ പ്രതിജ്ഞകളില്‍ ക്രിയാത്മക തിരുത്തുകള്‍ നടത്തുന്നത് സംഗതമാവും. പി.വി. സുബ്ബറാവു 1962ല്‍ തെലുങ്കുഭാഷയില്‍ രചിച്ച പ്രതിജ്ഞയാണ് നമ്മുടെ വിദ്യാലയങ്ങളില്‍ ഒന്നടങ്കം അംഗീകരിക്കപ്പെട്ടത്.

1963ല്‍ ഈ പ്രതിജ്ഞ ഇതര ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 1964ല്‍ ബംഗളൂരുവില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് തൊട്ടടുത്ത വര്‍ഷം മുതല്‍ ദേശീയ പ്രതിജ്ഞയായി ചൊല്ലാന്‍ തീരുമാനമെടുക്കുകയും ചെയ്തു. പുതിയ ലോക സാഹചര്യത്തില്‍ പ്രതിജ്ഞയിലെ കാലഹരണപ്പെട്ട ദേശീയ പ്രയോഗങ്ങള്‍ നവീകരിക്കേണ്ടതല്ളേ?  ‘ഈ ഭൂമി ഞാനടക്കം അധിവസിക്കുന്ന എല്ലാ ജീവജാലങ്ങളുടേതുമാണ്’ എന്ന വാക്യമാണ് വിദ്യാര്‍ഥികളെ മാനവികതയിലേക്കും വിശ്വദര്‍ശനത്തിലേക്കും എത്തിക്കാന്‍ പര്യാപ്തമാവുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണേണ്ടതിന് എന്‍െറ സഹോദരീസഹോദരന്മാരാണ് എല്ലാ ഭാരതീയരും എന്നതിലെ ‘ഭാരതീയരും’ എന്നിടത്ത് ജീവജാലങ്ങളും എന്നുചേര്‍ക്കുന്നതല്ളേ കരണീയം. നമ്മുടെ രാജ്യത്തെ മാത്രം സ്നേഹിച്ചാല്‍ മതിയോ? ഇതു ഏകലോക സൃഷ്ടിക്ക് മനുഷ്യനെ ഉയര്‍ത്തുന്നവിധത്തിലേക്കുമാറ്റിയാല്‍ സൈനിക ചെലവ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയും. ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന ദര്‍ശനം ഉയര്‍ന്നുവന്ന രാജ്യമാണിത്. അര്‍ഥരഹിതമായ യുദ്ധങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആയുധങ്ങള്‍ ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കാന്‍ ഞാന്‍ പരിശ്രമിക്കും. യുദ്ധങ്ങളും ആയുധങ്ങളും ഇല്ലാതാക്കുക വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാന്‍ സാധിക്കും. ഈ ചിന്തയിലേക്കു മാനവരാശി എത്താതിരിക്കാനാണ് ആയുധകച്ചവടക്കാര്‍ ശ്രമിക്കുക. അവരുടെ കെണികളെക്കുറിച്ച് നേരത്തേയുള്ള ബോധവത്കരണം ഗുണപ്രദമായിരിക്കും.

മാനവരാശിയുടെ ഇത$പര്യന്തമുള്ള സര്‍ഗാത്മകതയുടെ ശാശ്വത സ്മാരകങ്ങളെല്ലാം മാനവരാശിയുടെ പൊതു സ്വത്താണ്. അത് ഏതെങ്കിലുമൊരു രാജ്യത്ത് മാത്രം ഒതുങ്ങുന്നില്ല. ആ പരമ്പരാഗത സമ്പത്തിലാണ് നാം അഭിമാനം കൊള്ളേണ്ടത്. ഏറ്റവും അതിശയകരമാവുന്ന സംഗതി ഞാന്‍ എന്‍െറ രാജ്യത്തെ സ്നേഹിക്കുന്നു. അതിന്‍െറ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ കുട്ടികളെക്കൊണ്ട് ഇംഗ്ളീഷില്‍ പ്രതിജ്ഞയെടുപ്പിക്കുന്ന രീതിയാണ്. പരമ്പരാഗത സമ്പത്തില്‍ അഭിമാനമുണ്ടാകണമെങ്കില്‍ സംസ്കൃതത്തിലോ തമിഴിലോ പ്രതിജ്ഞചെയ്യാമല്ളോ. തന്നെയുമല്ല, തന്‍െറ മാതൃഭാഷയില്‍ പ്രതിജ്ഞ ചെയ്യുമ്പോഴേ അത് കുട്ടിയുടെ മനസ്സില്‍ തട്ടുകയുള്ളൂ എന്നും മന$ശാസ്ത്രജ്ഞരെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു. മനസ്സില്‍തട്ടി ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുക മാതൃഭാഷയില്‍ തന്നെയാണ്. അമ്പലങ്ങളുടെ മുന്നില്‍ തന്‍െറ ഹൃദയവികാരങ്ങള്‍ ആരുംതന്നെ ഇംഗ്ളീഷിലോ സംസ്കൃതത്തിലോ പറയാറില്ല.

പ്രതിജ്ഞയില്‍ ‘ഞാന്‍, എന്‍െറ’ എന്ന വിധത്തിലുള്ള പ്രയോഗങ്ങള്‍ക്കു പകരം നാം, നമ്മുടെ തുടങ്ങിയ പദങ്ങള്‍ സ്വീകരിക്കുന്നതാകും ഉചിതം. സ്വാര്‍ഥതയോടു പടവെട്ടുന്നവരും മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നവരുമായി തലമുറ വളരേണ്ടതുണ്ട്. സഹിഷ്ണുത, ക്ഷമ, അഹിംസ, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എന്നിവയുടെ പ്രാധാന്യതകൂടിയ ഇന്നത്തെ ലോകസാഹചര്യത്തില്‍ പ്രതിജ്ഞകള്‍ മാറ്റുന്നതിന് എല്ലാ രാജ്യങ്ങളിലും ശ്രമം നടക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളിലും നടത്തുന്ന സദൃശമായ പ്രതിജ്ഞകള്‍ ബദല്‍ പ്രതിജ്ഞകൊണ്ട് പുനര്‍വിന്യസനം നടത്തേണ്ടതായി വരുന്നു. അന്തര്‍ദേശീയതയും മാനവികതയും ഉണ്ടാകുന്നവിധത്തില്‍ ഈ പ്രതിജ്ഞ മാറേണ്ടിയിരിക്കുന്നു. അന്തര്‍ദേശീയ യോഗദിനംപോലെ അന്തര്‍ദേശീയ പ്രതിജ്ഞയെടുക്കുന്നതിലൂടെ നമുക്കു ‘വിവേകാനന്ദം’ അനുഭവപ്പെടും. ദാര്‍ശനിക ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ ഭാരതം തന്നെ അതിനു തുടക്കംകുറിക്കട്ടെ. ലോകത്തിനു വഴികാട്ടിയായി നമ്മുടെ പ്രതിജ്ഞകള്‍ വെളിച്ചം വീശട്ടെ.

‘നാം അധിവസിക്കുന്ന ഭൂമിയിലെ എല്ലാ സസ്യ ജന്തുജാലങ്ങളെയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ചരാചരങ്ങളെയും ചരിത്രവഴികളിലൂടെ മാനവരാശി നേടിയ പരമ്പരാഗത മൂല്യങ്ങളെയും സ്മാരകങ്ങളെയും നാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സര്‍വരോടും മര്യാദയോടെ പെരുമാറും. അഹങ്കാരം, ദ്വേഷം, വിദ്വേഷം എന്നിവ കൈവെടിയാനും തല്‍സ്ഥാനത്ത് സ്നേഹം, വിനയം, സഹിഷ്ണുത, ക്ഷമ, അഹിംസ എന്നീ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും നാം പരിശ്രമിക്കണം. അന്യന്‍െറ ദു$ഖങ്ങള്‍ പങ്കുവെക്കാനും സ്വാര്‍ഥതയില്ലാതെ വളരാനും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്ന ഒരു നിര്‍ദേശം ചര്‍ച്ചചെയ്യപ്പെടുന്നതിന് ആദ്യപടിയായി ഇവിടെ സമര്‍പ്പിക്കട്ടെ.         

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story