Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആള്‍ദൈവങ്ങളുടെ ആലയം

ആള്‍ദൈവങ്ങളുടെ ആലയം

text_fields
bookmark_border
ആള്‍ദൈവങ്ങളുടെ ആലയം
cancel

സമൂഹത്തിലെ ഉന്നതരെ ഭക്തരാക്കി ആള്‍ദൈവങ്ങള്‍ വിലസുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ മന്ത്രവാദവിരുദ്ധ നിയമം നിലവിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. നിഷേധിച്ചാല്‍ ആപത്ത് വരുമെന്ന ഭീതി ഭക്തരില്‍ നിറച്ച് ചൂഷണംചെയ്യുകയാണ് ഈ ആള്‍ദൈവങ്ങളെന്ന് അഖില്‍ ഭാരതീയ അന്ധ ശ്രദ്ധാ നിര്‍മൂലന്‍ സമിതി ഫൗണ്ടര്‍ പ്രഫ. ശ്യാം മാനവ് പറയുന്നു. തന്നില്‍ ദൈവികത്വമുണ്ടെന്ന് പറയുന്നതും ഭീതിപരത്തി ആളുകളെ വരുതിയിലാക്കുന്നതും 2013ലെ മന്ത്രവാദവിരുദ്ധ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം ആള്‍ദൈവങ്ങളെ പിന്തുടരുകയോ പിന്തുണക്കുകയോ ചെയ്യുന്നതും ആറുമാസ തടവ് അര്‍ഹിക്കുന്ന കുറ്റമാണ്. മഹാരാഷ്ട്രയില്‍ നിയമം നിലവില്‍വന്നിട്ട് വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും നിയമം നടപ്പാക്കേണ്ടവര്‍ അത് ഗൗനിക്കുന്നില്ല എന്നതാണ് ഖേദകരം. മുംബൈയിലെ ആള്‍ദൈവം രാധെ മാ എന്ന 50കാരിയായ സുഖ്വീന്ദര്‍ കൗറുമായി ബന്ധപ്പെട്ട് ഈയിടെ ഉയര്‍ന്ന വിവാദം അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് വീണ്ടും തിരികൊളുത്തുകയാണ്. നഗരത്തിലെ എല്ലാ ആള്‍ദൈവങ്ങളുടെയും മന്ത്രവാദികളുടെയും കണക്കെടുക്കാനും അവരെയും അവരുടെ ഭക്തരെയും നിരീക്ഷിക്കാനും ഒടുവില്‍ മുംബൈ പൊലീസും തീരുമാനിച്ചു.

ചെല്ലുന്നിടത്തെല്ലാം വിവാദം സൃഷ്ടിച്ചിട്ടുള്ള ആളാണ് സുഖ്വീന്ദര്‍ കൗര്‍. ജന്മനാടായ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദൊറങ്കല ഗ്രാമത്തില്‍നിന്ന് നാട്ടുകാര്‍ ഓടിച്ചതാണിവരെ. പിന്നീട് ഡല്‍ഹിയിലായിരുന്നു ഈ ആള്‍ദൈവം. 12 വര്‍ഷം മുമ്പാണ് സാമ്പത്തിക കേന്ദ്രമായ മുംബൈയിലേക്ക് കുടിയേറിയത്. ഇതിനിടെ, ജന്മനാട്ടില്‍ ചെന്ന് എതിരാളികളുമായി അനുരഞ്ജനവുമുണ്ടാക്കി. കുഞ്ഞുനാള്‍ തൊട്ട് സുഖ്വീന്ദര്‍ കൗറില്‍ ദൈവികത്വമുണ്ടായിരുന്നുവെന്നാണ് അവകാശവാദം. വിവാഹിതയും അമ്മയുമായ അവര്‍ 23ാം വയസ്സില്‍ ദൈവ വേഷപ്പകര്‍ച്ച നടത്തി. എന്നാല്‍, നാട്ടുകാര്‍ അവരുടെ വാദം അംഗീകരിച്ചിരുന്നില്ല. ദൈവികത്വമുള്ള കുട്ടിയായി അവരെ കണ്ടിട്ടേയില്ളെന്നാണ് ഗ്രാമീണരുടെ പക്ഷം. എന്നാല്‍, ആ ഗ്രാമം വിട്ട് രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമ്പത്തിക തലസ്ഥാനങ്ങളിലേക്ക് ചേക്കേറിയ സുഖ്വീന്ദര്‍ കൗര്‍ രാധെ മാ ആയി ശക്തിയാര്‍ജിക്കുന്നതാണ് കണ്ടത്. രാഷ്ട്രീയ, വ്യവസായ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖര്‍ ഭക്തരായി മാറിയതോടെ രാധെ മായുടെ പ്രഭ കൂടി. മുംബൈയിലെ വ്യവസായി സഞ്ജീവ് ഗുപ്തയാണ് ഇവരെ മുംബൈയില്‍ എത്തിച്ചത്. എന്നാല്‍, സന്യാസിസമൂഹം ഇവരെ അംഗീകരിച്ചിട്ടില്ല. നാസിക് കുംഭമേളയില്‍ അവര്‍ രാധെ മാക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇതൊന്നും അവരുടെ വളര്‍ച്ചയെ ബാധിക്കുന്നില്ല.

സ്ത്രീധന പീഡന ആരോപണവുമായി നിക്കി ഗുപ്തയെന്ന 32കാരി രംഗത്തുവന്നതോടെയാണ് രാധെ മാ വിവാദത്തിലാകുന്നത്. കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ തന്‍െറ ഭക്തരായ ഭര്‍ത്താവിനെയും അദ്ദേഹത്തിന്‍െറ മാതാപിതാക്കളെയും രാധെ മാ നിര്‍ബന്ധിക്കുന്നതായാണ് നിക്കി ഗുപ്തയുടെ പരാതി. 102 കോടിയുടെ ആഭരണങ്ങള്‍ നല്‍കിയാണ് നിക്കിയുടെ വിവാഹം. എന്നാല്‍, അത് പോരാ കൂടുതല്‍ വാങ്ങണമെന്ന് രാധെ മാ കല്‍പിക്കുന്നു. അതോടെ ഗുപ്താ കുടുംബം ആ ദൈവകല്‍പന നടപ്പാക്കാന്‍ ശ്രമിക്കുകയായി. പ്രാര്‍ഥന ചടങ്ങിന് ഗുപ്താ കുടുംബത്തിലേക്ക് രാധെ മാ വരാനുള്ള ചെലവും നിക്കിയുടെ കുടുംബംതന്നെ വഹിക്കണമെന്നാണ് കല്‍പന. എതിര്‍ത്ത നിക്കിയെ രാധെ മായുടെ ആശ്രമത്തില്‍ ജോലിക്കു നിര്‍ത്തുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. നിക്കി എന്ന യുവതിയെ കണ്ടിട്ടേയില്ളെന്നാണ് രാധെ മായുടെ അവകാശവാദം. നിക്കിയുടെ പരാതിയില്‍ പൊലീസ് ഇവര്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. നിക്കിയുടെ പരാതിക്കു പിന്നാലെ, സ്കെര്‍ട്ടണിഞ്ഞ് ശരീരഭാഗങ്ങള്‍ കാണിക്കുംവിധം മോഡലിനെപ്പോലെ പോസ് ചെയ്തുള്ള ഫോട്ടോകള്‍ ചോര്‍ന്നത് രാധെ മാക്ക് വിനയായി. പിന്നാലെ, ഭക്തര്‍ക്കിടയില്‍ സിനിമാപ്പാട്ടിട്ട് നൃത്തം ചെയ്യുന്നതും ഭക്തര്‍ എടുത്തുയര്‍ത്തി ഊയലാട്ടുന്നതുമായ വിഡിയോ ദൃശ്യങ്ങളും ചോര്‍ന്നു. ഇതോടെ, രാധെ മാക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയുണ്ടായി. അതിലൊന്നാണ് ഗുജറാത്തിലെ കച്ച് സ്വദേശികളായ ഏഴ് കര്‍ഷകരെ രാധെ മാ വഞ്ചിച്ചെന്നത്. അഭിവൃദ്ധി ഉണ്ടാകുമെന്നു പറഞ്ഞ് ഇവരില്‍നിന്ന് ഒന്നരക്കോടി രൂപയാണത്രെ രാധെ മാ വാങ്ങിയത്. കൃഷിഭൂമിയും മറ്റും വിറ്റ് പണമുണ്ടാക്കിക്കൊടുത്തവര്‍ക്ക് കടം മാത്രം ബാക്കിയായി. അതോടെ, തട്ടിപ്പിനിരയായ നാല് കര്‍ഷകര്‍ ആത്മഹത്യചെയ്തെന്ന് ധര്‍മരക്ഷക് മഹാമഞ്ച് എന്ന സംഘടനയുടെ പ്രസിഡന്‍റ് രമേഷ് ജോഷി ആരോപിക്കുന്നു. കച്ചിലെ കര്‍ഷകരില്‍നിന്ന് തെളിവു ശേഖരിച്ച് രമേഷ് ജോഷി കാന്ത്വലി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

ദാഭോല്‍കറും ഗോവിന്ദ പന്‍സാരെയും
സുഖ്വീന്ദര്‍ കൗര്‍ എന്ന രാധെ മാ വിവാദ നായികയായി മാറിയതോടെ മുംബൈ പൊലീസ് മന്ത്രവാദവിരുദ്ധ നിയമത്തിലേക്കു തിരിയുന്നുവെന്നത് ആശാവഹമാണ്. ഈ നിയമത്തിന്‍െറ സത്ത, ആവശ്യകത, നടപ്പാക്കേണ്ട രീതി എന്നിവയെ സംബന്ധിച്ച് ബോധവത്കരിക്കാന്‍ അഖില്‍ ഭാരതീയ അന്ധ ശ്രദ്ധാ നിര്‍മൂലന്‍ സമിതിയുടെ സഹായത്തോടെ മുംബൈ പൊലീസ് നീക്കം നടത്തുന്നു. നിയമം നടപ്പാക്കാന്‍ തീവ്രശ്രമം നടത്തിയ ഡോ. നരേന്ദ്ര ദാഭോല്‍കര്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നു. ദാഭോല്‍കറുടെ കൊലപാതകമാണ് യഥാര്‍ഥത്തില്‍ നിയമം നടപ്പാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ സമ്മര്‍ദമുണ്ടാക്കിയത്. അദ്ദേഹം കൊല്ലപ്പെട്ട് നാലുമാസത്തിനകം സര്‍ക്കാറിന് ഈ നിയമം നടപ്പാക്കേണ്ടിവരുകയായിരുന്നു. 2013 ആഗസ്റ്റ് 20ന് രാവിലെ പുണെയിലാണ് 67കാരനായ ദാഭോല്‍കര്‍ വെടിയേറ്റു മരിച്ചത്. പ്രഭാതനടത്തത്തിനിടെ ബൈക്കിലത്തെിയ രണ്ട് ചെറുപ്പക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല നടന്നിട്ട് രണ്ടുവര്‍ഷം തികയുകയാണ്. എന്നാല്‍, ഇതുവരെ കൊലയാളികളെ കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അനധികൃത തോക്കു വില്‍പനക്കാരെ കേസില്‍ കുടുക്കി മുഖം രക്ഷിക്കാന്‍ പൊലീസും സര്‍ക്കാറും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല, സമാന ആക്രമണം പിന്നീട് തടയുന്നതിലും മഹാരാഷ്ട്ര പൊലീസും ഭീകരവിരുദ്ധ സേനയും പരാജയമാണെന്ന് ഗോവിന്ദ പന്‍സാരെയുടെ കൊലപാതകം തെളിയിക്കുന്നു. സാമൂഹിക പരിഷ്കര്‍ത്താവായ സി.പി.ഐ നേതാവാണ് ഗോവിന്ദ പന്‍സാരെ. ഹിന്ദുത്വക്കും ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെയെ വീര പുരുഷനാക്കുന്നതിനുമെതിരെ നിരന്തരം ബോധവത്കരണം നടത്തിവരുമ്പോഴാണ് പന്‍സാരെ കൊല്ലപ്പെടുന്നത്. ഈവര്‍ഷം ഫെബ്രുവരി 16ന് കോലാപൂരിലെ വീടിനു മുന്നിലാണ് ആക്രമിക്കപ്പെട്ടത്. ഭാര്യ ഉമക്കൊപ്പം പ്രഭാതനടത്തത്തിനിടെ ബൈക്കിലത്തെിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ പന്‍സാരെ 20ന് മുംബൈയിലെ ബ്രീച്ച്കാന്‍ഡി ഹോസ്പിറ്റലില്‍ മരിച്ചു.

നരേന്ദ്ര ദാഭോല്‍കറെ കൊന്നതിനു സമാനമാണ് ഈ ആക്രമണം എന്നത് മാത്രമല്ല; ദാഭോല്‍കറുടെ വിധിയുണ്ടാകുമെന്ന ഭീഷണിക്കത്ത് കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പ് ഗോവിന്ദ പന്‍സാരെക്ക് ലഭിച്ചിരുന്നു. പന്‍സാരെ കൊല്ലപ്പെട്ടതിനുശേഷം ‘ദാഭോല്‍കറുടെ വിധി ’ ഉണ്ടാകുമെന്ന ഭീഷണി ദാഭോല്‍കറുടെ ജ്യേഷ്ഠനും ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ദത്താപ്രസാദ് ദാഭോല്‍കര്‍ക്കും സാമൂഹിക മാറ്റത്തിനായി ശ്രമം നടത്തുന്ന സി.പി.ഐ നേതാവ് ഭരത് പട്നാകര്‍ക്കും ലഭിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദയെ മതേതരനായി അവതരിപ്പിച്ച ദത്താപ്രസാദിന്‍െറ പുസ്തകമാണ് ഭീഷണിക്കു കാരണം. കൊലയാളികളെ കണ്ടത്തൊന്‍ ദേവേന്ദ്ര ഫട്നാവിസിനും അദ്ദേഹം നയിക്കുന്ന സര്‍ക്കാറിനും ഇച്ഛാശക്തിയില്ളെന്ന് പന്‍സാരെയുടെ മകള്‍ സ്മിത സത്പൂതെ പറയുന്നു. വിശ്വസനീയമായ അന്വേഷണവും നിയമനടപടികളും പ്രതീക്ഷിക്കാവുന്ന രാഷ്ട്രീയ, ഭരണ അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്ന് ദാഭോല്‍കറുടെ അനുയായികള്‍ പറയുന്നു. പന്‍സാരെയുടെ ഘാതകരെ കണ്ടത്തൊന്‍ ഭരണ പങ്കാളിയായ ശിവസേനപോലും ദേവേന്ദ്ര ഫട്നാവിസിനെ വെല്ലുവിളിക്കുകയുണ്ടായി. എന്നാല്‍, ഒന്നും സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
l

Show Full Article
TAGS:
Next Story