Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകര്‍ക്കടകപ്പൂക്കള്‍

കര്‍ക്കടകപ്പൂക്കള്‍

text_fields
bookmark_border
കര്‍ക്കടകപ്പൂക്കള്‍
cancel

പൂജ്യത്തില്‍നിന്ന് ഒന്നിലേക്കും പിന്നീട് പൂജ്യത്തിലേക്കും മടങ്ങുമ്പോള്‍ നാം ഒരു ജീവിതദൂരം പിന്നിടുന്നു. ഈ ദൂരത്തിന്‍െറ മാനങ്ങള്‍ വ്യത്യസ്തമാണ്.  കലണ്ടര്‍താളുകള്‍ക്കോ ഘടികാരസൂചികള്‍ക്കോ അളക്കാന്‍ കഴിയാത്ത ദൂരമാണത്. മരണങ്ങളുടെ പെയ്ത്തുകാലം തീരാറായിരിക്കുന്നു. വഴികള്‍ മുഴുവന്‍ കറുത്ത കൊടികള്‍, ഘനീഭവിച്ച മൗനം. ഈയിടെയായി പുതിയൊരു കാര്യം അവതരിച്ചിട്ടുണ്ട്. പരേതന്‍െറ ഫോട്ടോ പതിപ്പിച്ച ഫ്ളക്സ്ബോര്‍ഡുകളും മറ്റും. കാശില്ലാത്തവര്‍ കറുത്ത ബോര്‍ഡര്‍ ചുറ്റുമിട്ട വലിയ കടലാസ് നോട്ടീസുകള്‍ മതിലുകളില്‍ പതിപ്പിക്കുന്നു. കിടപ്പിലായവര്‍ക്ക് ആധിയാണ്. എങ്ങനെയെങ്കിലും ഈ മാസം കടന്നുകിട്ടണം. മാനത്ത് കോളുണ്ടെങ്കിലും കര്‍ക്കടകത്തില്‍ മഴ പെയ്യുന്നില്ല. ഗര്‍ഭിണികളായ കാര്‍മേഘങ്ങളെ കാണുമ്പോള്‍ മയിലിന്‍െറ ഹൃദയംപോലെ നമ്മുടെ മനസ്സും തുടിക്കും. ഒരു കാറ്റിന്‍െറ തലോടലില്‍ മേഘങ്ങള്‍ അലിയുന്നു. വീണ്ടും വെയിലിന്‍െറ കാഠിന്യം. കാത്തിരിക്കുന്ന ഓണക്കാലത്ത് വറുതി! വേണ്ട, നമുക്ക് പ്രതീക്ഷാപൂര്‍വം കാത്തിരിക്കാം.

ഓര്‍ക്കാപ്പുറത്താണ്, ഡല്‍ഹിയില്‍നിന്ന് വിളികളത്തെിയത്. മറ്റൊരു സംസ്ഥാന തലസ്ഥാനത്ത് ഒരു വലിയ സ്കൂള്‍ പണിയണം. അതിന്‍െറ ആപേക്ഷിക രൂപരേഖ വേണം എന്ന് ഒരാവശ്യം. ഭാഗ്യത്തിന്, അതേ ദിവസംതന്നെ കേന്ദ്രമന്ത്രിക്കും അത്യാവശ്യമായി സംസാരിക്കണമത്രെ! ഒരു  സൗജന്യ വിമാനയാത്രയില്‍ രണ്ടു കാര്യവും ഒന്നിച്ച് നടത്താമെന്ന് ഓര്‍ത്തപ്പോള്‍ സന്തോഷം തോന്നി. ഓഫിസിലെ ഒരു ടീമിനത്തെന്നെ ഈ പ്രോജക്ടിനായി സജ്ജമാക്കി. എല്ലാവരോടും ആവശ്യപ്പെട്ടു, ഇനി ഒരാഴ്ച ഊണിലും ഉറക്കത്തിലും ഈ സ്കൂളിന്‍െറ രൂപകല്‍പന നിറയണമെന്ന്. 3000 കുട്ടികള്‍. 25 ഏക്കര്‍ സ്ഥലം. കളിക്കാന്‍, പഠിക്കാന്‍, ആഹ്ളാദിക്കാന്‍, ഉണ്ണാന്‍, ഉറങ്ങാനുമൊക്കെ സ്ഥലങ്ങള്‍ വേണം.

സൂക്ഷ്മമായിതന്നെ ആവശ്യങ്ങള്‍ പരിഗണിക്കുകയും സൂര്യനെയും കാറ്റിനെയും സാക്ഷിയാക്കി രൂപകല്‍പന തയാറാക്കുകയും ചെയ്തു. ഒരു പൂങ്കാവനത്തിനകത്ത് വിദ്യാലയം മറഞ്ഞുനിന്നു. എനിക്ക് ഏറെ അഭിമാനവും സന്തോഷവും തോന്നി. ഡല്‍ഹിയിലെ സമ്മേളനസ്ഥലം ചോദിച്ചറിഞ്ഞ് ചെന്നപ്പോള്‍ കുറച്ചുപേര്‍ കാത്തിരിക്കുകയാണ്. കോട്ടും പാപ്പാസും അഹങ്കാരവും എടുത്തണിഞ്ഞവര്‍. അവര്‍ പറഞ്ഞറിഞ്ഞു- ഇതൊരു  മത്സരത്തിന്‍െറ അവസാന വട്ടമാണെന്ന്.  സാധാരണ മത്സരങ്ങളില്‍പോയിട്ട് ഓട്ടപ്പന്തയത്തില്‍പോലും പങ്കെടുക്കാത്തയെനിക്ക് അങ്കലാപ്പായി. അഞ്ചു ടീമുകള്‍ കഴിഞ്ഞ്, അവസാനക്കാരനായി എന്നെ അകത്തേക്ക് വിളിച്ചു. മൂന്നുപേരാണ് വിധികര്‍ത്താക്കള്‍. ഒരാള്‍ ഉറക്കച്ചടവോടെ തല കുമ്പിട്ടിരിക്കുന്നു. മുഖം കാണാനേയില്ല. വേറൊരു മദാമ്മ (അവര്‍ക്കിവിടെയെന്ത് കാര്യമെന്ന് എന്‍െറ മനസ്സ്).

മൂന്നാമത്തെയാള്‍ വന്ദ്യവയോധികന്‍. എന്‍െറ അഭിവാദ്യം സ്വീകരിക്കപ്പെടാത്തതിന്‍െറ ജാള്യതയില്‍ ഞാന്‍ നില്‍ക്കെ ആദ്യത്തെ ചോദ്യം: ഉള്ള സ്ഥലത്ത് എന്തുകൊണ്ട് ബഹുനില-എന്നുവെച്ചാല്‍-പത്തുനില കെട്ടിടങ്ങള്‍ പണിയുന്നില്ല?  ഗ്രീന്‍ എയര്‍കണ്ടീഷനിങ് എന്തുകൊണ്ട് കൊടുത്തില്ല? പഴഞ്ചന്‍ ലോ കോസ്റ്റ് കാര്യങ്ങള്‍ ഇപ്പോഴും എന്തിനാണ് തുടരുന്നത്? അപ്പോഴേക്കും എനിക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നു. ആരെയോ അവര്‍ നേരത്തേ തെരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു. വഴിപാടുപോലെ കുറെ ചോദ്യങ്ങള്‍ ചോദിച്ച്, എന്‍െറ ഉത്തരങ്ങള്‍ കേള്‍ക്കാതെ, ഞങ്ങള്‍ വരച്ചത് കാണാതെ അവരുടെ കര്‍ത്തവ്യങ്ങള്‍ അവര്‍ ഭംഗിയായി നിര്‍വഹിച്ചുതീര്‍ത്തിരിക്കുന്നു. തോല്‍ക്കുമെന്ന് തീര്‍ച്ചയാകുന്ന നിമിഷങ്ങളില്‍ ഞാന്‍ സത്യമായും അനുഭവിക്കുന്ന നറുനിലാവുണ്ട്. ഞങ്ങള്‍ പ്രാര്‍ഥനപോലെ പറയാന്‍ ശ്രമിക്കുന്നത് ഒരിക്കലും വൃഥാവിലാവില്ല.  എന്തെങ്കിലും ആരെങ്കിലുമൊക്കെ കേള്‍ക്കുമെന്ന്.

അപ്പോഴേക്കും മന്ത്രിമന്ദിരത്തില്‍നിന്ന് അടിയന്തര സന്ദേശങ്ങള്‍ ഒഴുകിയത്തൊന്‍ തുടങ്ങി. ബഹുമാന്യനായ കേന്ദ്രമന്ത്രിക്ക് മറ്റ് അത്യാവശ്യ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഉടനെയത്തെണം. പാറാവുകാരുടെ ഒൗദാര്യം തേടി ഓടിയത്തെിയപ്പോള്‍ അക്ഷമയോടെ പുംഗവന്മാര്‍ കാത്തിരിക്കുന്നു. സന്ദര്‍ശകരുടെ -അങ്ങനെയല്ലല്ളോ!- കാര്യം നേടാന്‍ വന്നവരുടെ നിര ഭേദിച്ച് അകത്ത് ആനയിക്കപ്പെട്ടു. ഇരിപ്പിടത്തില്‍ അവര്‍ എഴുന്നേറ്റ് ഹസ്തദാനം ചെയ്തപ്പോള്‍ മനസ്സിലെ കാര്‍മേഘങ്ങളൊഴിഞ്ഞു. നേരെ വിഷയത്തിലേക്ക്. മഥുര -ഉത്തര്‍പ്രദേശിലെ മഥുര -അവിടെ ആയിരം വിധവകള്‍ക്ക് കിടപ്പാടം കൊടുക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ട്. ആ പദ്ധതി ഒരു സര്‍ക്കാര്‍ ഏജന്‍സിയായിരിക്കും നിര്‍വഹണം നടത്തുക. അവര്‍ കുറച്ച് പ്ളാനുകള്‍ എന്നെ കാണിച്ചു. എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

പണ്ടൊരിക്കല്‍, തിരുവനന്തപുരത്ത് വന്നപ്പോള്‍, നിങ്ങള്‍ മൃഗങ്ങള്‍ക്കായി സൃഷ്ടിച്ച ചെറിയൊരു സ്വര്‍ഗം കാണാന്‍ ഇടയായി. മൃഗങ്ങള്‍ക്ക് സുന്ദരഭവനങ്ങള്‍ സൃഷ്ടിച്ച നിങ്ങള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ സുന്ദരഭവനങ്ങള്‍ പണിതിട്ടുണ്ട് എന്നെനിക്കറിയാം.
ശങ്കര്‍, ഇത് മഥുരയിലെ വിധവകളുടെ കാണാക്കണ്ണുനീര്‍... ഒന്ന് സഹായിക്കുമോ?
കുറച്ചുനേരം മുമ്പ് ചോദ്യശരങ്ങള്‍ ഏറ്റുപിടഞ്ഞ മനസ്സ് തണുത്തു. എന്‍െറ മനസ്സില്‍ ഒരു വൃന്ദാവനം ഉയരുകയായി. ഗോപികമാരുടെ ഉദ്യാനങ്ങള്‍. ലീലാവിലാസങ്ങള്‍. അദൃശ്യനായ കൃഷ്ണന്‍. വൈധവ്യദു$ഖങ്ങള്‍ക്ക് ശമനതാളം. പൂക്കള്‍. നടപ്പാതകള്‍. ദേവാലയങ്ങള്‍. ആതുരാലയം. മനസ്സിലിത്തിരി സമാധാനവും സന്തോഷവും-

ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. മിനിസ്റ്റര്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു മഥുരാപുരി പണിയാം. വൃന്ദാവനംപോലെ-
പിന്നൊന്നും അവര്‍ ചോദിച്ചില്ല. ഞാനീ പദ്ധതി നിങ്ങളുടെ സര്‍ഗാത്മകതക്ക് കൈവിടുന്നു. നിങ്ങള്‍ അത് ഹൃദയപൂര്‍വം ഏറ്റെടുത്ത് എന്നെ സഹായിക്കണം. വൈകുന്നേരം തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. സമയരഥങ്ങളില്‍ എത്ര പെട്ടെന്നാണ് വെയിലും ഇരുട്ടും മാറിമറിയുന്നത്?  കര്‍ക്കടകരാവിന്‍െറ മാസ്മരികതയിലേക്ക് ഞാന്‍ ഊളിയിട്ടു പറന്നു.

Show Full Article
TAGS:
Next Story