Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപടിയിറക്കം

പടിയിറക്കം

text_fields
bookmark_border
പടിയിറക്കം
cancel

കാലിക്കറ്റ് സര്‍വകലാശാല എന്ന പേര് കാലാന്തരത്തില്‍ ലോപിച്ച് കലാപശാല എന്നായാലും കാര്യമായ അര്‍ഥവ്യത്യാസമൊന്നും വരാനില്ല. അതിനെ നന്നാക്കിക്കളയാം എന്നൊക്കെ ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പാണ്. അവരുടെ ബുദ്ധിസ്ഥിരതയെ നാം ന്യായമായും സംശയിക്കണം. ഒന്നാമത് അത് പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള ഒരിടമല്ല. അവിടെ സര്‍വകലയും പഠിപ്പിക്കുന്നുണ്ട് എന്നതു നേരാണ്. ദോഷം പറയരുതല്ളോ, അത്തരം കലകള്‍കൊണ്ട് അവിടെ ചിലര്‍ പിഴച്ചുപോവുന്നുമുണ്ട്. പക്ഷേ, അത് ഉന്നതവിദ്യാഭ്യാസമല്ല.  അങ്ങനെയൊരു ശാലയിലാണ് 2011 ആഗസ്റ്റ് 12ന് ഡോ. എം. അബ്ദുസ്സലാം വൈസ് ചാന്‍സലറായി വരുന്നത്. നാലുകൊല്ലം മുള്‍ക്കസേരയിലിരുന്ന് ചരിത്രപുരുഷനായി മാറിയതിനുശേഷം ഇന്നേക്ക് മൂന്നാംദിനം അദ്ദേഹം പടിയിറങ്ങുകയാണ്. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ, ഞാനിപ്പം മാനത്ത് വലിഞ്ഞുകേറും എന്നു പറഞ്ഞ് 67 അധ്യാപകര്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സാംസ്കാരിക മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. എന്താണ് ഈ സന്തോഷത്തിന്‍െറ നിദാനം?

പടിയിറങ്ങുന്നത് ഹിറ്റ്ലറെന്ന് വിളിപ്പേരുള്ളയാള്‍. ലക്ഷണമൊത്ത ഏകാധിപതിയെന്ന് ശത്രുക്കള്‍. സര്‍വകലാശാലയുടെ അരനൂറ്റാണ്ടുനീളുന്ന ചരിത്രത്തില്‍ ഭരണകാലത്തു മുഴുവനും വിവാദനായകനാവാന്‍ യോഗം സിദ്ധിച്ചവര്‍ അപൂര്‍വം. 24 മണിക്കൂറും സായുധ പൊലീസിന്‍െറ സംരക്ഷണത്തില്‍ കഴിഞ്ഞ മറ്റൊരു വി.സിയും കാലിക്കറ്റില്‍ ഉണ്ടായിട്ടില്ല. ഇന്‍സാസ് റൈഫ്ളും പേറി രണ്ട് അംഗരക്ഷകര്‍ സദാ ഇരുവശത്തുമുണ്ടാവും. ആ കാഴ്ച കണ്ടാല്‍ അധ്യാപകനാണ് എന്നാരും പറയില്ല. ശത്രുരാജ്യത്തില്‍നിന്ന് വധഭീഷണി നേരിടുന്ന കേന്ദ്രമന്ത്രിയുടെ മട്ടും ഭാവവും. അതിനൊത്ത  സുരക്ഷാസന്നാഹങ്ങള്‍. കാമ്പസില്‍ സ്ഥിരം പൊലീസ് ഒൗട്ട്പോസ്റ്റ്. കലാപനിയന്ത്രണത്തിനുപയോഗിക്കുന്ന ‘വജ്ര’ എന്ന പ്രത്യേക വാഹനം. മുന്നൊരുക്കങ്ങള്‍ ഏറെയുണ്ടായിരുന്നു, കലാപകാരികളില്‍നിന്ന് ജീവന്‍ രക്ഷിക്കാന്‍. ടി.പിയെ കൊല്ലുന്നതുപോലെ കൊല്ലുമെന്നാണ് പറഞ്ഞത്. പച്ചക്കു കത്തിക്കും എന്നു താക്കീതു കിട്ടി. വീട്ടിലേക്ക് പന്തം വലിച്ചെറിഞ്ഞു. രാത്രിയില്‍ ആപ്പീസില്‍ പൂട്ടിയിട്ടു. ഇ.എം.എസ്  സെമിനാര്‍ ഹാളില്‍ വെള്ളംപോലും കൊടുക്കാതെ പൂട്ടിയിട്ടു. എന്തിന്, പെണ്‍കുട്ടികളെ വിട്ട് പീഡിപ്പിക്കാന്‍പോലും നോക്കി. അപ്പോഴൊക്കെ പൊലീസിനെ വിളിച്ച് കേണു. നാലുകൊല്ലത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് 116 കേസുകള്‍. പൊലീസ് കേസെടുത്തില്ല. വിളിച്ചിട്ടും വന്നില്ല. ഇങ്ങനെ ആകെമൊത്തം ഒറ്റപ്പെട്ടുപോയ ഹതഭാഗ്യനാണ്.

തൊപ്പിയില്‍ തൂവലുകള്‍ ഏറെ. അടിയന്തരാവസ്ഥക്കു സമാനമായ സ്ഥിതിവിശേഷം കാമ്പസില്‍ സൃഷ്ടിച്ച ജനാധിപത്യവിരുദ്ധന്‍ എന്ന ബഹുമതിയാണ് ഇതില്‍ പ്രധാനം. സര്‍വകലാശാലാ കെട്ടിടങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ളെന്ന വിധി കോടതിയില്‍നിന്ന് സമ്പാദിച്ചു. അതിന്‍െറ മറവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും പോസ്റ്ററുകളും നിരോധിച്ചു. ജീവനക്കാരെ നിരീക്ഷിക്കാന്‍ കാമറ വെച്ചു. പെണ്‍കുട്ടികള്‍ പീഡിപ്പിക്കുമെന്ന പേടിയില്‍ വി.സിയുടെ ആപ്പീസില്‍ പെണ്ണായിപ്പിറന്നവര്‍ക്ക് പ്രവേശമില്ളെന്ന് വാറോലയിറക്കി. സിന്‍ഡിക്കേറ്റ് യോഗത്തില്‍ കൈയേറ്റം ചെയ്യപ്പെട്ട ആദ്യവി.സിയായി. യൂനിവേഴ്സിറ്റിയുടെ റാങ്കിങ് 46ല്‍നിന്ന് 26ലേക്കു കൊണ്ടത്തെിച്ചു. സമ്മാനമായി കിട്ടിയത് ആറ് വിജിലന്‍സ് കേസ്, മൂന്ന് ലോകായുക്ത കേസ്. വനിതാ കമീഷന്‍ കേസ് വേറെ. നാലുകൊല്ലത്തിനുള്ളില്‍ രണ്ടു ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിട്ടിറക്കിയത്. അതും ഒരു റെക്കോഡ്. മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പു നല്‍കിയത് മതേതര സമൂഹത്തിന് അപമാനമാണ് എന്നു പറഞ്ഞത് സുകുമാര്‍ അഴീക്കോടാണ്. നാലുകൊല്ലം മുമ്പ്. കാലിക്കറ്റില്‍ ആരെ വി.സിയാക്കും എന്ന് തിരച്ചില്‍ കമ്മിറ്റി ഊണുമുറക്കവുമുപേക്ഷിച്ച് തിരച്ചില്‍ നടത്തിയിട്ടും യോഗ്യനായ ഒരാളെ കിട്ടിയില്ല. പത്തുകൊല്ലം സര്‍വകലാശാല പ്രഫസര്‍ ആയ ഒരാളെ ലീഗില്‍ മഷിയിട്ടുനോക്കിയിട്ടും കാണാനായില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ന്യായമനുസരിച്ചാണ് പ്രാദേശിക നേതാവായ ഒരു പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേര് ഗവര്‍ണര്‍ക്കു കൊടുത്തത്. ആള് കോളജില്‍ പഠിപ്പിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറിയില്‍നിന്ന്  വിരമിച്ചതാണ്. വിമര്‍ശമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസുകാരനായ അബ്ദുസലാമിന് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായി നറുക്കുവീണു.

ഒരു പാര്‍ട്ടിയുടെ പിന്തുണയോടെ വലിയ പദവി കിട്ടുമ്പോള്‍ അതിനു നന്ദി കാട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ളെങ്കില്‍ താങ്ക്ലെസ് ഫെലോ എന്ന് ചരിത്രം വിധിക്കും. അതുകൊണ്ട് കാമ്പസില്‍ കാലെടുത്തുവെച്ച നിമിഷം മുതല്‍ നന്ദികാട്ടല്‍പ്രക്രിയ തകൃതിയായി നടത്തി. സി.പി.എം സിന്‍ഡിക്കേറ്റ് പിരിച്ചുവിടുക എന്ന ദൗത്യമാണ് ആദ്യം ഏറ്റെടുത്തത്. നിയമനങ്ങളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രം തയാറാക്കി ഗവര്‍ണര്‍ക്ക് അയച്ചു. സംഗതി ഏറ്റു. സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടു.  യു.ഡി.എഫിന് മേല്‍ക്കൈയുള്ള പുതിയ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിലെ ലീഗ് പ്രതിനിധികള്‍ക്ക് ആഗ്രഹങ്ങള്‍ കുറച്ചു കൂടുതലാണ്. അവര്‍ ഓരോരോ ആഗ്രഹങ്ങളുമായി നിരന്തരം ബുദ്ധിമുട്ടിക്കും. കടപ്പാടുണ്ടെങ്കിലും നിയമം നോക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ളോ. അതോടെ ലീഗുകാരുമായി ഇടഞ്ഞു. ചെയ്യാന്‍ പറ്റുന്നത് മുഴുവന്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ഭൂമിദാനംചെയ്ത ദാനശീലന്‍ എന്ന പേരുവരെ കിട്ടി. സി.എച്ച് ചെയര്‍ തുടങ്ങുന്നതിന് ചോദിച്ചത് അമ്പതു സെന്‍റ്. കൊടുത്തത് പത്ത് ഏക്കര്‍. 550 സെന്‍റ് ഭൂമി കാടുപിടിച്ചുകിടക്കുകയാണ്. ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ഹരിതകായിക സമുച്ചയം തുടങ്ങിയ പദ്ധതികള്‍ക്കും ഭൂമിദാനം ചെയ്തു. ഒക്കെ അപാരമായ നന്ദിപ്രകടനങ്ങള്‍. കൊടുക്കുന്നതെല്ലാം ലീഗുനേതാക്കളുടെ സ്വന്തക്കാര്‍ക്കാണ്. അതിനുമുണ്ടായിരുന്നു  ന്യായീകരണം. പണമില്ല യൂനിവേഴ്സിറ്റിയുടെ കൈയില്‍. പ്രൈവറ്റ് ഫണ്ട് ആകര്‍ഷിക്കാനുള്ള മാര്‍ഗമാണ് ഭൂമിദാനം. വിവാദമായപ്പോള്‍ ഉത്തരവ് റദ്ദാക്കി. പിന്നീട് നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കൊടുത്തു.

പ്രതിപക്ഷമില്ലാതെ ഭരിക്കുക എന്ന ജനാധിപത്യ വിരുദ്ധതക്ക് ചൂട്ടുപിടിച്ചതാണ്. ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിങ് നടപ്പാക്കി. ചായകുടി നിരോധിക്കാന്‍ നിരീക്ഷണ കാമറകള്‍ വെച്ചു. അനങ്ങിയാല്‍ ഷോകോസ്, അല്ളെങ്കില്‍ സസ്പെന്‍ഷന്‍. നാലുകൊല്ലത്തിനിടയില്‍ കൊടുത്തത് 1600 കാരണം കാണിക്കല്‍ നോട്ടീസ്. സേവനാവകാശ നിയമമനുസരിച്ച് മുഴുവന്‍ സേവനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കി. അതോടെ പരസ്പരം പട്ടികകൊണ്ട് തലക്കടിച്ച് ചോരചിന്തിയവര്‍ തോളോടു തോള്‍ ചേര്‍ന്ന് സംയുക്ത സമരസമിതി രൂപവത്കരിച്ച് പൊതുശത്രുവിനെതിരെ പൊരുതി. ഗത്യന്തരമില്ലാതെ  ജീവനക്കാര്‍ക്ക് വഴങ്ങി ഉത്തരവു തിരുത്തി.

ഏതു വി.സി പോയാലും ചാണകം തളിച്ച് ശുദ്ധീകരിക്കുന്ന ഒരു ചടങ്ങുണ്ട്. ഇന്നേക്ക് മൂന്നാംദിവസം അത് നടക്കും. എന്നിട്ടു വേണം യൂനിയനുകള്‍ക്ക് വിശുദ്ധമായ ആഭിചാരകര്‍മങ്ങള്‍ തുടരാന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story