Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിലാക്കോഴിയും...

നിലാക്കോഴിയും പൊരുന്നക്കോഴിയും

text_fields
bookmark_border
നിലാക്കോഴിയും പൊരുന്നക്കോഴിയും
cancel

വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം അങ്ങനെ കുട്ടിച്ചോറായി. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍ വിചിത്ര താരം രാഹുല്‍ ഗാന്ധിയായിരുന്നെങ്കില്‍ ഇക്കുറി നരേന്ദ്ര മോദിയാണ്. ഗോള്‍ പോസ്റ്റ് മാറി. പ്രതിപക്ഷത്തെ നയിക്കാന്‍ കെല്‍പില്ലാതെ രാജ്യം വിട്ടു മുങ്ങിയ രാഹുല്‍ ഗാന്ധിയുടെ ദുരവസ്ഥയെക്കുറിച്ച പരിഹാസമല്ല, 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയുടെ ഊറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ പൊട്ടിച്ചിരി. ഈ സമ്മേളനകാലത്ത് സര്‍ക്കാര്‍ നടത്തിയെടുക്കാന്‍ മോഹിച്ചതൊക്കെ കട്ടപ്പുറത്ത്. പ്ളക്കാര്‍ഡും മുദ്രാവാക്യവുമായി ലോക്സഭയുടെ നടുത്തളത്തില്‍നിന്നവരും അല്ലാത്തവരുമായ 25 കോണ്‍ഗ്രസുകാരെ സ്പീക്കര്‍ ചെവിക്കുപിടിച്ചു പുറത്തേക്കു വിട്ടപ്പോള്‍, സഭാനടത്തിപ്പിന്‍െറ തന്ത്രം ഒരിക്കല്‍ക്കൂടി സര്‍ക്കാറിന് പിഴച്ചു. സഭക്കുള്ളില്‍ മുഴങ്ങിയതിനേക്കാള്‍ വീര്യത്തിലാണ് പ്രതിപക്ഷത്തിന്‍െറ പ്രതിഷേധം പുറത്തേക്ക് വ്യാപിച്ചത്. സഭ നടത്താതിരിക്കുന്ന പ്രതിപക്ഷ സമീപനത്തിന്‍െറ ശരിതെറ്റുകളേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മാനേജര്‍മാര്‍ക്കുള്ള കഴിവില്ലായ്മയാണ്.

കലങ്ങിയത് പാര്‍ലമെന്‍റ് സമ്മേളനം മാത്രമല്ല. രണ്ടു ബി.ജെ.പി മുഖ്യമന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും രാജി വെക്കണമെന്ന ആവശ്യം നടപ്പില്ളെങ്കിലും മോദിസര്‍ക്കാറിന്‍െറ പ്രതിച്ഛായ കലക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചു. ആം ആദ്മിക്കും പാവപ്പെട്ടവര്‍ക്കും എതിരാണ് ‘സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍’ എന്ന പ്രതീതിക്കൊപ്പം, വ്യവസായികള്‍ക്കും കടുത്ത നിരാശ. നിയമനിര്‍മാണങ്ങള്‍ക്കും അതിനൊത്ത ഭരണപരമായ തീരുമാനങ്ങള്‍ക്കും സര്‍ക്കാറിനുള്ള കെല്‍പ് ചോദ്യം ചെയ്യപ്പെടുന്ന മുഖംമാറ്റമാണ് വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തോടെ ഉണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമം പഴയ രൂപത്തില്‍ പിന്തുടരാതെ രക്ഷയില്ളെന്നു വന്നു. അടുത്ത ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ കൊണ്ടുവരേണ്ട ചരക്കുസേവന നികുതി നിയമത്തിന്‍െറ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനുള്ള വഴിയടഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന വാഗ്ദാന പദ്ധതി ഏറ്റെടുക്കാന്‍ വ്യവസായികളെ കിട്ടാത്ത ദുരവസ്ഥക്ക് പിന്നാലെയാണ് മോദിയുടെ കര്‍മശേഷി വ്യവസായ സമൂഹം ചോദ്യം ചെയ്തുതുടങ്ങിയത്. തൊഴില്‍നിയമ പരിഷ്കാരങ്ങള്‍ക്കെതിരെ ബി.എം.എസ് അടക്കം സകല ട്രേഡ് യൂനിയനുകളും ഒറ്റക്കെട്ട്. വ്യവസായികളുടെ കൈയടി കിട്ടാവുന്ന അജണ്ടകള്‍ വഴുതിപ്പോയി നിലാക്കോഴി പരുവത്തിലാണ് സര്‍ക്കാറിന്‍െറ നില്‍പ്.

യഥാര്‍ഥത്തില്‍ അതുതന്നെയാണ് വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം മുടക്കിയ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്നും പറയാം. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ എങ്ങനെയൊക്കെ ജനത്തിന് അനഭിമതരായി മാറിയോ, അതേ വഴികളിലൂടെ മോദിസര്‍ക്കാറിനെ ആട്ടിത്തെളിക്കുന്ന അജണ്ട, ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ചാട്ടവാറിന്‍െറ  സഹായത്തോടെ കോണ്‍ഗ്രസ് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍െറ നാവില്‍ ഊറുന്നത് പ്രതികാരത്തിന്‍െറ മധുരമാണ്. 2ജി, കല്‍ക്കരി അഴിമതിക്കേസുകളുടെ കാലത്ത് കോണ്‍ഗ്രസ് നേരിട്ട പ്രതിസന്ധിയുടെ മറ്റൊരു പകര്‍പ്പാണ് മോദിയും ബി.ജെ.പിയും ഇപ്പോള്‍ അനുഭവിക്കുന്നത്. 2004ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന ഘട്ടം വന്നപ്പോള്‍ ‘വിദേശി’ നാടുഭരിച്ചാല്‍ തലമുണ്ഡനം ചെയ്ത് കാവിയുടുത്ത് രാഷ്ട്രീയ ജീവിതം മതിയാക്കി സന്യസിക്കാന്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയ സുഷമയുടെ കസേരയും പ്രതിച്ഛായ അപകടത്തിലാക്കിയതിലും ആ പകരംവീട്ടല്‍ തെളിഞ്ഞു കത്തുന്നുണ്ട്. ഭരണപരവും നയപരവുമായ സ്തംഭനാവസ്ഥ കൊണ്ട് ജനത്തിനെന്തു ഗുണമെന്ന കാര്യം ഇതിനിടയില്‍ ശബ്ദം നഷ്ടപ്പെട്ട ചോദ്യമാണ്. എങ്കിലും കേവല ഭൂരിപക്ഷത്തിന്‍െറ അഹങ്കാരം കൊണ്ട് തുടങ്ങിവെച്ച വികല പരിഷ്കാരങ്ങള്‍ക്ക് മൂക്കുകയര്‍ വീഴുന്നെങ്കില്‍, അതാണ് പൊതുസമൂഹത്തിന് കിട്ടുന്ന ഗുണം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നതിന് നിമിത്തമായത് പ്രധാനമായും നാലു കാര്യങ്ങളാണ്. കൊടികുത്തിയ അഴിമതിയും തലതിരിഞ്ഞ പരിഷ്കാരങ്ങളുമാണ് ഒന്നാം നമ്പര്‍ വിഷയമായത്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ജനത്തിന് ആശ്വാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട്, ജനം വിലക്കയറ്റ കെടുതിയില്‍പെട്ടത് രണ്ടാമത്തെ കാരണം. അധികാരം പിടിക്കാന്‍ ആര്‍.എസ്.എസ് സംഘടിത പ്രവര്‍ത്തനം നടത്തിയതും വ്യവസായികള്‍ മോദിയുടെ നേതൃത്വത്തെ എല്ലാ നിലക്കും സഹായിച്ചതുമാണ് മറ്റൊരു കാരണം. വര്‍ഗീയതയുടെ കാവിക്കാറ്റില്‍ ഹിന്ദുത്വം ഹരം കൊള്ളുകയും മാറ്റത്തിനായി യുവാക്കള്‍ കൊതിക്കുകയും ചെയ്തു. വന്‍കിട മാറ്റങ്ങള്‍ താന്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വേദികള്‍ തോറും പ്രലോഭിപ്പിച്ച മോദിയെക്കുറിച്ച കിനാവുകള്‍ പക്ഷേ, പൊലിഞ്ഞത് പെട്ടെന്നാണ്. ചെങ്കോലും പേരെഴുതിയ സ്വര്‍ണനൂല്‍ കോട്ടുമായി അഹങ്കരിക്കുന്ന മോദി വലുതായിട്ടൊന്നും സംഭാവന ചെയ്യാന്‍ പോകുന്നില്ളെന്ന അതൃപ്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. അത് പാര്‍ലമെന്‍റ് സമ്മേളനത്തോടെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിലാണ് പ്രതിപക്ഷ ശ്രദ്ധ.

നരേന്ദ്ര മോദിക്ക് ഭരിക്കാന്‍ കിട്ടിയതിന്‍െറ നാലിലൊന്നു സമയം തീര്‍ന്നു. ഭരണമാറ്റത്തിന്‍െറ നല്ല ഫലങ്ങളൊന്നും ഇതിനിടയില്‍ കണ്ടില്ല. അധികാരം കിട്ടിയതിന്‍െറ ഹണിമൂണ്‍ കാലത്തെ ശുചിത്വ ഭാരതം മുതല്‍ മേക് ഇന്‍ ഇന്ത്യ വരെയുള്ള പരിപാടികള്‍ പൊളിഞ്ഞു നാനാവിധമായി. ജനാധിപത്യത്തില്‍ ഹണിമൂണിന് അനുവദിച്ചു കിട്ടുന്ന കാലം കുറവാണ്. എന്നിട്ടും പരമാവധി കാലാവധി നരേന്ദ്ര മോദി നീട്ടിയെടുത്തു. ചെയ്യാനുള്ള പ്രധാന ഉത്തരവാദിത്തങ്ങള്‍ മറന്ന് സ്റ്റേജ് മാനേജരായിത്തന്നെ തുടര്‍ന്നു. കേവല ഭൂരിപക്ഷം, അഹങ്കാരിക്കാനുള്ള ഒന്നായി മോദിയും ബി.ജെ.പിയും കണ്ടു. മോദിയുടെ കരുത്തിനെക്കുറിച്ച ഊതിപ്പെരുപ്പിച്ച കാഴ്ചപ്പാടുകള്‍ സ്വന്തം അണികള്‍ക്കിടയില്‍ തന്നെ പൊലിയുകയാണ്. വിലക്കയറ്റം നേരിടുന്നതിലും ജനാഭിമുഖ്യ നടപടികളിലുമൊക്കെ കോണ്‍ഗ്രസിനേക്കാള്‍ വീര്യത്തോടെ ജനത്തെ തളര്‍ത്താന്‍ മോദിസര്‍ക്കാര്‍ മത്സരിക്കുന്നുവെന്നാണ് 15 മാസത്തെ തിരിച്ചറിവുകള്‍. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ കടുംപിടിത്തം പ്രയോജനപ്പെടുത്തി, മോദിസര്‍ക്കാറിന്‍െറ ആം ആദ്മി-കര്‍ഷക വിരുദ്ധ സമീപനം തുറന്നു കാട്ടുകയാണ് പ്രതിപക്ഷം. മോദി സ്വയം തീര്‍ത്ത കവചത്തില്‍ കഴിയുമ്പോള്‍ത്തന്നെ, സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ദുര്‍ബലരായി മാറുകയും ചെയ്തിരിക്കുന്നു.

ഏതു സര്‍ക്കാറിനും ആദ്യത്തെ രണ്ടു വര്‍ഷങ്ങളാണ് കുതിപ്പിനുള്ള ചാന്‍സ്. അതിന്‍െറ കരുത്തിലാണ് അടുത്ത തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനെയും പാര്‍ട്ടിയേയും സജ്ജമാക്കുന്നത്. പക്ഷേ, കിട്ടിയ ജനപിന്തുണയില്‍ തെറ്റിദ്ധരിക്കുകയും അഹങ്കരിക്കുകയും ചെയ്ത നരേന്ദ്ര മോദിക്ക് ആദ്യ രണ്ടുവര്‍ഷങ്ങളുടെ മുക്കാല്‍പങ്ക്  പാഴാവുകയൂം കാലിടറുകയും ചെയ്തിരിക്കുന്നു. ലോക്സഭയില്‍നിന്ന് ഭിന്നമായി രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിന്‍െറ ഐക്യം മോദിയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിക്കുകയാണ്. ഭൂമി, ജി.എസ്.ടി ബില്ലുകളുടെ ഗതി അതാണ് വിളിച്ചുപറയുന്നത്. പാര്‍ലമെന്‍റില്‍ സമവായ ശൈലി  ഉണ്ടായിരുന്നെങ്കില്‍ ജി.എസ്.ടി ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതി വരില്ലായിരുന്നു. ഒട്ടുമിക്ക പാര്‍ട്ടികള്‍ക്കും ജി.എസ്.ടിയോട് ചില്ലറ വ്യവസ്ഥകളുടെ കാര്യത്തില്‍ മാത്രമാണ് വിയോജിപ്പ്. പക്ഷേ, പ്രതിപക്ഷത്തെ ലോക്സഭയില്‍ നേരിടുന്ന രീതിക്ക് രാജ്യസഭയില്‍ അവര്‍ കണക്കു തീര്‍ക്കുമ്പോള്‍ സര്‍ക്കാറിന് വെള്ളം കുടിക്കാതെ വയ്യ. ജഡ്ജി നിയമനത്തില്‍ കൊളീജിയം സമ്പ്രദായം മാറ്റി പ്രത്യേക കമീഷന്‍ രൂപവത്കരിക്കാനുള്ള ബില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുള്ളതായിരുന്നു. മോദിക്കു മുമ്പില്‍ പ്രതിപക്ഷം അന്തിച്ചുനിന്ന ആദ്യമാസങ്ങളില്‍ അനായാസമായി ഈ ബില്‍ സര്‍ക്കാര്‍ പാസാക്കി. അതേസമയം, ജി.എസ്.ടി ബില്‍ കുടുങ്ങിപ്പോവുകയും ചെയ്തിരിക്കുന്നു. സഭാനടത്തിപ്പില്‍ സര്‍ക്കാര്‍ പരാജയമായി മാറിയതിന് ഇതില്‍പരം ഉദാഹരണം വേണ്ട.

സര്‍ക്കാറിന്‍െറ കര്‍മശേഷി പ്രകടമാക്കേണ്ട ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ കുതിപ്പ് നഷ്ടപ്പെട്ട  സര്‍ക്കാറിന് ഇനിയുള്ള കാലത്ത് കരുത്തുകാട്ടാന്‍ പ്രയാസമായിരിക്കും. പൊരുന്നക്കോഴി പരുവത്തില്‍ മുന്നോട്ടു പോകുന്നതാണ് അതിന്‍െറ സ്വാഭാവിക പരിണതി. മന്‍മോഹന്‍സിങ് സര്‍ക്കാറിന് സംഭവിച്ചത് മറ്റൊന്നല്ല. 2019ലെ രണ്ടാമൂഴം വഴി 10 വര്‍ഷത്തെ ഭരണമെന്ന മോദിയുടെ സ്വപ്നം അകാലത്തില്‍ പൊലിയുന്ന ലക്ഷണം തെളിയുന്നത് അവിടെയാണ്. അതിന്‍െറ പേരില്‍  അഹങ്കരിക്കാന്‍ 44 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിനോ, ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കെല്‍പ് ആയിട്ടുണ്ടോ എന്ന ചോദ്യമാണ് അതിനൊപ്പം ബാക്കിയാവുക. മോദിയെ വളര്‍ത്തുന്നതില്‍ വര്‍ഗീയതയുടെ കര്‍മശേഷി വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകുന്ന സന്ദര്‍ഭത്തില്‍ പുറത്തെടുക്കാന്‍ സാധ്യതയുള്ള ആ കര്‍മശേഷിയെ ഇതിനെല്ലാമിടയില്‍ ഭയപ്പെടാതെ വയ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story