Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇവര്‍ ഭൂമിയുടെ ഉപ്പ്

ഇവര്‍ ഭൂമിയുടെ ഉപ്പ്

text_fields
bookmark_border
ഇവര്‍ ഭൂമിയുടെ ഉപ്പ്
cancel

‘അവസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിനുശേഷമേ, അവസാനത്തെ പുഴയും വറ്റിവരണ്ടതിനുശേഷമേ, അവസാനത്തെ മത്സ്യവും ചത്തുപൊന്തിയതിനുശേഷമേ നിങ്ങള്‍ക്ക് അവയുടെ വില മനസ്സിലാവൂ. അന്ന് നിങ്ങള്‍ക്ക് മനസ്സിലാവും നിങ്ങള്‍ ഇപ്പോള്‍  ഏറ്റവും വിലമതിക്കുന്ന നിങ്ങളുടെ പണത്തിന് ഒരു വിലയുമില്ളെന്ന്.’
ഒരു നൂറ്റാണ്ട് മുമ്പ് പാപ്വന്യൂഗിനിയിലെ ആദിവാസിമൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്‍റിനയച്ച കത്തിലെ വാചകങ്ങളാണിത്. നിരക്ഷരലോകം അക്ഷരലോകത്തിന് നല്‍കിയ മുന്നറിയിപ്പ്. പ്രകൃതിയെ മെരുക്കാം; പക്ഷേ, ഭരിക്കാനാവില്ല എന്ന നിത്യനൂതന സത്യത്തെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുരുക്കങ്ങളായി, കാലാവസ്ഥാവ്യതിയാനങ്ങളായി, പ്രളയങ്ങളും സൂനാമികളുമായി പ്രകൃതി പ്രതികരിക്കുമ്പോള്‍ ഈ ആദിവാസിമൂപ്പന്‍െറ ജ്ഞാനത്തിനുമുന്നില്‍ നാം ശിരസ്സ് കുനിക്കേണ്ടിവരുന്നു. ഇപ്പോള്‍  ആഗസ്റ്റ് ഒമ്പത്. ഇന്ത്യക്ക് അത് ക്വിറ്റിന്ത്യാദിനമാണെങ്കില്‍ ലോകത്തിനത് ആദി(മ)വാസിദിനമാണ്.

1995 ആഗസ്റ്റ് ഒമ്പതിനാണ് ആദ്യത്തെ ലോക ആദിവാസിദിനം ആചരിച്ചത്. 1985-1994 കാലഘട്ടം ആദിവാസികള്‍ക്കുവേണ്ടിയുള്ള സാര്‍വദേശീയദശകമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, 1994 ഡിസംബര്‍ 23ന്  ഈ ദിനാചരണവും യു.എന്‍ പ്രഖ്യാപിച്ചു. 1993ല്‍ നടന്ന രണ്ടാംലോക മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത കറുത്തവര്‍ഗക്കാര്‍ ശക്തിയുക്തം ഉന്നയിച്ച ഈ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു.

ആദിവാസികളുടെ അസ്തിത്വം, സംസ്കാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍  ഈ ദിനാചരണങ്ങള്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു. ഈ ദിശയിലുള്ള ഒരു സന്ദേശമാണ് സെക്രട്ടറിജനറല്‍  ലോകത്തിന് നല്‍കിയത്. ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ വിലമതിക്കണമെന്നും അവര്‍ക്ക് നീതിയും നിയമപരിരക്ഷയും അന്തസ്സും ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതോടൊപ്പം ദാരിദ്ര്യവും ഭൂമിയുടെ അന്യവത്കരണവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് സാര്‍ഥകമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കൊളംബസ് അമേരിക്കയില്‍ കപ്പലിറങ്ങിയതുമുതല്‍ ആരംഭിച്ച കൊടുംപാതകങ്ങള്‍ അഞ്ച് നൂറ്റാണ്ട് പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ളെന്ന് ലോകത്തെങ്ങുമുള്ള ആദിവാസിജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ളോ. ഈ യാഥാര്‍ഥ്യത്തിലേക്ക് ലോക മനസ്സാക്ഷിയെ ഉദ്ദീപിപ്പിക്കുന്ന പ്രതീകാത്മക നടപടിയാണ് ലോക ആദിവാസിദിനം.
ലോകജനസംഖ്യയില്‍ 37 കോടിയുണ്ട് ആദിവാസികള്‍ -അതായത് ആകെ ജനസംഖ്യയുടെ ഏകദേശം അഞ്ചു ശതമാനം. 90 രാജ്യങ്ങളില്‍ 5000 വ്യത്യസ്ത വിഭാഗങ്ങളായി അവര്‍ അധിവസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത്. അടുത്ത സ്ഥാനം ഇന്ത്യക്കാണ്.
കോളനിവത്കരണം
ആഗസ്റ്റ് മാസം ഒമ്പതിന് ലോക ആദിവാസിദിനം യു.എന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കോളനിവത്കരണത്തിന്‍െറ ഇരകള്‍ അതിന് തുടക്കം കുറിച്ചിരുന്നു. 1992ല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് കൊളംബസിന്‍െറ 500ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിരോധത്തിന്‍െറ 500 വര്‍ഷങ്ങള്‍ എന്ന പേരില്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അമേരിക്കയിലെ ടേര്‍ട്ടില്‍ ഉപദ്വീപില്‍ കൊളംബസ് കാലുകുത്തിയ ഒക്ടോബര്‍12ാം (1492) തീയതിയാണ് അതിനായി അവര്‍ തെരഞ്ഞെടുത്തത്. തദ്ദേശസമൂഹങ്ങളെ സംബന്ധിച്ച് പാതകത്തിന്‍െറ നൂറ്റാണ്ടുകള്‍ക്ക് ആരംഭംകുറിച്ചത് ആ ദിനമാണ്. കേരളത്തില്‍ അത് ആരംഭിച്ചത് 1498 ലാണ്. വാസ്കോ ഡ ഗാമ കോഴിക്കോട് കടപ്പുറത്ത് കപ്പലിറങ്ങിയ വര്‍ഷം.

ഇന്ത്യയിലെ സ്വര്‍ണനിക്ഷേപങ്ങളെപ്പറ്റി കേട്ടറിഞ്ഞാണ്  കൊളംബസ്  സ്പെയിനില്‍നിന്ന് യാത്രയാരംഭിച്ചത്. കടലില്‍ ദിശതെറ്റി, അവര്‍ സാന്‍സാല്‍വദോറിനടുത്തുള്ള ടേര്‍ട്ടില്‍ ഉപദ്വീപില്‍ എത്തിപ്പെടുകയായിരുന്നു. തദ്ദേശവാസികളായ ടെയ്നോഗോത്രം വളരെ സ്നേഹപൂര്‍വം ആതിഥേയരെ സ്വീകരിച്ചു. സ്പെയിന്‍ അതിന് നല്‍കിയ പ്രത്യുപകാരം അവിസ്മരണീയമായിരുന്നു.  കൊന്നും യൂറോപ്യന്‍ അടിമച്ചന്തകളില്‍ വിറ്റഴിച്ചും ടെയ്നോകളെ വംശനാശത്തോളമത്തെിച്ചു. കൊളംബസ് കപ്പലിറങ്ങുമ്പോള്‍ അവരുടെ ജനസംഖ്യ മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 25 വര്‍ഷങ്ങള്‍കൊണ്ട് അവര്‍  12,000മായി ചുരുങ്ങി. ടെയ്നോകള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. മത്സ്യത്തിന്‍െറ എല്ലുകള്‍ പോര്‍മുനകളാക്കിയ അമ്പുകള്‍ക്ക് നിറത്തോക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് അക്ഷരാര്‍ഥത്തില്‍ യൂറോപ്പ് അമേരിക്കയിലേക്ക് ഒഴുകുകയായിരുന്നു. ഭൂമിയോ പ്രകൃതിവിഭവങ്ങളോ ആരുടേയും സ്വന്തമല്ളെന്ന് വിശ്വസിച്ച അമേരിക്കന്‍ ഗോത്രസമൂഹങ്ങള്‍ക്ക് അവയെല്ലാം അതിവേഗം നഷ്ടപ്പെട്ടു. കൈയേറ്റങ്ങള്‍ക്ക് കൈയേറ്റക്കാര്‍തന്നെ നിയമങ്ങളുണ്ടാക്കി. 1625ല്‍ മസാചൂസറ്റ്സില്‍ തദ്ദേശവാസികളുടെ ഭൂമി വെള്ളക്കാര്‍ക്ക് പതിച്ചുകൊടുത്തുകൊണ്ടുള്ള ആദ്യത്തെ പട്ടയം നിര്‍മിച്ചു.

12,000 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്ന ഒരു പ്രമാണം വെള്ളക്കാര്‍ ഉണ്ടാക്കുകയും അതില്‍ അവിടത്തെ ആദിവാസി മുഖ്യനായ സാമൊസെറ്റിനെക്കൊണ്ട് നിര്‍ബന്ധിച്ച് വിരലടയാളം ചാര്‍ത്തിക്കുകയും ചെയ്തു. ‘ആകാശംപോലെ ഭൂമിയും ദൈവത്തില്‍നിന്ന് വരുന്നതാണ്. അതില്‍ എങ്ങനെ മനുഷ്യന് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയും’ -ആദിവാസി മുഖ്യന്‍െറ ഈ വാക്കുകള്‍ വെള്ളക്കാര്‍ പുച്ഛിച്ചുതള്ളി. ചെറുത്തുനിന്നിടത്തെല്ലാം കനത്ത നഷ്ടം തദ്ദേശവാസികള്‍ നേരിട്ടു. വെര്‍ജീനിയയില്‍ സ്പെയിനിന്‍െറ കൈയേറ്റങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഒരു ഗോത്രസമൂഹത്തിന് വലിയ ആള്‍നാശം സംഭവിച്ചു. കൈയേറ്റം കഴിഞ്ഞാല്‍ മറ്റൊരു തന്ത്രം മതംമാറ്റമായിരുന്നു. അധിനിവേശങ്ങള്‍ പിന്നെ പ്രത്യക്ഷപ്പെട്ടത് വികസനത്തിന്‍െറയോ വിദ്യാഭ്യാസത്തിന്‍െറയോ പേരിലായിരുന്നു.

ആദിവാസിദിനാചരണവുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട ഒരു പേരാണ് സ്വദേശി അമേരിക്കന്‍ സാമൂഹികപ്രവര്‍ത്തകയും സിനിമാനിര്‍മാതാവുമായ മില്ലി കെച്ചസ് സ്ചുവാനയുടേത്. കൊളംബസ്ദിനം ആഘോഷിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ അതിനെതിരെ പ്രതിരോധത്തിന്‍െറ അഞ്ഞൂറുവര്‍ഷങ്ങള്‍ എന്ന പേരില്‍ അധിനിവേശത്തിന്‍െറ ക്രൂരതകള്‍ തുറന്നുകാണിക്കുന്ന പരിപാടിക്ക് തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു അവര്‍. അവരുടെ ചെറുത്തുനില്‍പിനെ തുടര്‍ന്നാണ് സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിലേക്ക് കൊളംബസ് ഉപയോഗിച്ച പായ്ക്കപ്പലിന്‍െറ മാതൃക സൃഷ്ടിച്ച് യാത്ര നടത്താനുള്ള അമേരിക്കന്‍ പരിപാടി ഉപേക്ഷിക്കപ്പെട്ടത്.
പ്രാഗ്ബോധം
ആദിവാസികള്‍ മറ്റൊരു ലോകം മാത്രമായിരുന്നില്ല, ലോകബോധംകൂടിയായിരുന്നു. സ്വകാര്യസ്വത്തില്ലാത്ത, നാളെയില്ലാത്ത, സ്നേഹത്തിന്‍െറയും നന്മയുടേയും നിറവുകളുള്ള സമൂഹം. സിയാറ്റില്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്‍റിനയച്ച കത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് എത്ര ഭാസുരമായ ലോകബോധമായിരുന്നു അവരുടേതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 1854ല്‍ അമേരിക്കയിലെ പൂഗെറ്റ്സോണ്ട് ദ്വീപുകളില്‍ അധിവസിച്ചിരുന്ന സുസ്ക്കോമിഷ് എന്ന ആദിവാസിവിഭാഗത്തിന്‍െറ തലവനായിരുന്നു സിയാറ്റില്‍ മൂപ്പന്‍. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റിന് അയച്ച, ധാരാളം ഉദ്ധരിക്കപ്പെട്ട, കത്തിന്‍െറ ഉള്ളടക്കം ഇതായിരുന്നു: ‘പ്രസിഡന്‍റ് പറയുന്നു, അദ്ദേഹം ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഭൂമിയും ആകാശവും വില്‍ക്കാനും വാങ്ങാനും സാധിക്കുക. ഞങ്ങള്‍ക്ക് ഈ ആശയം തീര്‍ത്തും അപരിചിതമാണ്. വായുവും വെള്ളവും നമുക്ക് സ്വന്തമല്ളെങ്കില്‍ പിന്നെ എങ്ങനെയാണ് അവ നിങ്ങള്‍ക്ക് വാങ്ങാനാവുക.’

‘ഭൂമിയുടെ ഓരോ കണികയും എന്‍െറ ജനങ്ങള്‍ക്ക് വിശുദ്ധമാണ്. തിളങ്ങുന്ന ഓരോ പൈന്‍മരവും ഓരോ മണല്‍ത്തിട്ടയും ഇരുണ്ട കാടുകളിലെ മൂടല്‍മഞ്ഞും ഓരോ പുല്‍മേടും ഓരോ പ്രാണിയും എന്‍െറ ജനങ്ങള്‍ അവരുടെ ഓര്‍മകളിലും അനുഭവങ്ങളിലും പരിപാവനമായി സൂക്ഷിക്കുന്നു.’
 എന്തുകൊണ്ടാണ് ഇന്നും ഗോത്രസമൂഹങ്ങള്‍ ഇത്രമാത്രം പ്രതിസന്ധികള്‍ നേരിടുന്നത്? എന്തുകൊണ്ടാണ് ആദിവാസിവികസനപ്രവര്‍ത്തനങ്ങളിലധികവും ലക്ഷ്യം കാണാത്തത്? ലോകം മുഴുവന്‍ ഈ ചോദ്യം ഉയരുന്നുണ്ട്. അവരുടേതുംകൂടിയാണ് ഈ ഭൂമിയും ആകാശവും. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്രമാത്രം ചര്‍ച്ചകള്‍ അതിന്‍െറ പേരില്‍ സംഘടിപ്പിക്കുന്നു. പരിഷ്കൃതന്‍ ഇന്നും ആദിവാസികളെ കഴിവുകെട്ടവരായി അല്ളെങ്കില്‍ സഹതാപം അര്‍ഹിക്കുന്നവരായി മാത്രമേ കാണുന്നുള്ളൂ. ആദിവാസികള്‍ സാമൂഹികമായും സാംസ്കാരികമായും വ്യത്യസ്തഗണമാണ് എന്ന കാര്യം  ആരും  മനസ്സിലാക്കിയിട്ടില്ല.

ആദിവാസി മേഖലകളിലെ വന്നവാസികളായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് അസൂയയും അമര്‍ഷവും ഉണ്ടാക്കുന്ന അളവിലുള്ള വന്‍തുകകളും ആനുകൂല്യങ്ങളുമാണ് ഓരോ വര്‍ഷവും ആദിവാസികള്‍ക്കു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നത്. അത് ഓരോ പഞ്ചവത്സരപദ്ധതിയിലും ആവര്‍ത്തിക്കപ്പെടുന്നു. ആദിവാസികള്‍ക്കു വേണ്ടി ചെലവഴിച്ച തുക, നടപ്പാക്കിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് ഒരു ഗുണ-ദോഷ വിശകലനം നടത്താനോ പദ്ധതികള്‍ പുന$സംവിധാനം ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ആദിവാസികളല്ലാത്ത വിഭാഗങ്ങള്‍ക്കിടയില്‍ ആദിവാസികളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ശ്രമിച്ചിട്ടില്ല. ഇപ്പോഴും മലയാളിയുടെ ചെരിപ്പിനനുസരിച്ച് ആദിവാസികളുടെ കാല് മുറിക്കുന്നത് തുടരുന്നു. പ്രകൃതിക്കും സംസ്കൃതിക്കുമിടയില്‍, ഇക്കോ കള്‍ചറിനും അഗ്രികള്‍ചറിനുമിടയില്‍ രണ്ടുതരം ബോധങ്ങളുടെ അകലമുണ്ട്.

Show Full Article
TAGS:
Next Story