പ്രത്യാശയോടെ വീണ്ടും
text_fields
കാലാവസ്ഥാ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ തീക്ഷ്ണമായ തോതില്‍ ആഗോളതാപനം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥയില്‍ വ്യതിയാനം ഉളവാക്കിയും മഴലഭ്യത ചുരുക്കിയും വരള്‍ച്ചകള്‍ സമ്മാനിച്ചും താണ്ഡവമാടുന്ന ആഗോളതാപനത്തെ ബന്ധിച്ചുനിര്‍ത്താനുള്ള പുതിയ ഉടമ്പടിക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ വീണ്ടുമൊരു കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് സജ്ജരാവുകയാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ ചേരുന്ന പാരിസ് ഉച്ചകോടിയില്‍ 195 രാഷ്ട്രങ്ങളാണ് ആഗോളതാപന വര്‍ധന തടയുന്ന നിര്‍ണായക ഉടമ്പടി ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കപ്പെടുന്നു.
2009ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പരാജയാനുഭവം മുന്‍നിര്‍ത്തി ദുര്‍ഘടമായ നയതന്ത്ര ചര്‍ച്ചകള്‍ അതിസൂക്ഷ്മമായി നടത്താനുള്ള വ്യഗ്രതയിലാണ് പ്രമുഖ രാജ്യങ്ങള്‍. ഉച്ചകോടി വിജയകരവും ഫലപ്രദവുമാകണമെങ്കില്‍ അതിനുമുമ്പായി നടക്കാനിരിക്കുന്ന ചെറുകിട ഉച്ചകോടികള്‍, സമ്മേളനങ്ങള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയുടെ വിജയം നിര്‍ണായകമായിരിക്കും. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ദിശ നിര്‍ണയിക്കുന്ന സുപ്രധാന 11 മുഹൂര്‍ത്തങ്ങള്‍ ചുവടെ.
1. അലാസ്ക സമ്മേളനം: കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ വെട്ടിക്കുറക്കാനുള്ള സുദൃഢ തീരുമാനം യു.എസ് പ്രസിഡന്‍റ് അലാസ്കയില്‍ പ്രഖ്യാപിക്കും. ആഗസ്റ്റ് 29-30 തീയതികളില്‍ അലാസ്കയില്‍ ചേരുന്ന സമ്മേളനത്തില്‍ ആഗോളതാപനം കുറക്കാനുള്ള പോംവഴികളും സമര്‍പ്പിക്കപ്പെടും. ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം തടയാനുള്ള പദ്ധതികളിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ അരങ്ങേറും. ചൈന, ഇന്ത്യ, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ സന്നിഹിതരാകും.
2. ബോണ്‍ സമ്മേളനം: ബോണില്‍ യു.എന്‍ വിളിച്ചുചേര്‍ക്കുന്ന കാലാവസ്ഥാ വ്യതിയാന ചര്‍ച്ചാസമ്മേളനത്തിന് ആഗസ്റ്റ് 31ന് തുടക്കമാകും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന സമാന ചര്‍ച്ചകള്‍ ലക്ഷ്യം കൈവരിക്കാതെ സമാപിച്ചതിനാല്‍ കൂടുതല്‍ ഗൗരവ സമീപനത്തോടെയാകും ബോണ്‍ സംഭാഷണം. പാരിസ് ഉച്ചകോടിയുടെ അടിത്തറ സജ്ജമാക്കാന്‍ ഈ ചര്‍ച്ചകള്‍ സഹായകമായേക്കും. നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പോംവഴികളായിരിക്കും ചര്‍ച്ചയില്‍ ഓരോ പ്രതിനിധിയും സമര്‍പ്പിക്കുകയെന്ന് ആക്ഷന്‍ എയ്ഡിലെ ഹര്‍ജിത്സിങ് പ്രത്യാശിക്കുന്നു.
3. പാരിസ് മന്ത്രിതല സമ്മേളനം: 50 പ്രമുഖ രാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ സെപ്റ്റംബര്‍ 6-7 തീയതികളില്‍ പാരിസില്‍ ബോണ്‍ സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും ഭിന്നതകള്‍ പരിഹരിക്കാന്‍ വിശാല ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികളുടെ സാമ്പത്തിക സ്രോതസ്സ് കണ്ടത്തെുന്ന വിഷയവും മന്ത്രിതല സമ്മേളനത്തില്‍ സ്ഥാനം നേടും.
4. ലക്സംബര്‍ഗിലെ ഇ.യു സാമ്പത്തിക സമ്മേളനം: യൂറോപ്യന്‍ യൂനിയനിലെ 28 ധനകാര്യ മന്ത്രിമാരുടെ ഫോറമായ സാമ്പത്തിക ധനകാര്യ കൗണ്‍സില്‍ (ഇക്കോഫിന്‍) പരിസ്ഥിതി പദ്ധതികള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക ബാധ്യതകള്‍ വിശകലനം ചെയ്യും. വികസനസഹായം, ഹരിതകടപത്രം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാരിസ് ഉച്ചകോടിയുടെ വിജയത്തില്‍ നിര്‍ണായക പ്രഭാവം സൃഷ്ടിച്ചേക്കും.
5. യു.എന്‍ പൊതുസഭാ സമ്മേളനം: സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സംഗമത്തെ പോപ് ഫ്രാന്‍സിസ് സംബോധന ചെയ്യും. പരിസ്ഥിതിപ്രശ്നത്തില്‍ ശ്രദ്ധേയമായ ചാക്രികലേഖനം പുറത്തുവിട്ട പോപ്പിന്‍െറ പ്രഭാഷണം പാരിസ്ഥിതിക പ്രബുദ്ധത തൊട്ടുണര്‍ത്തുന്നതാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
പൊതുസഭയില്‍ പ്രഭാഷണം നടത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി പ്രത്യേക സംഭാഷണം നടത്തും. കാര്‍ബണ്‍ ബഹിര്‍ഗമനരംഗത്തെ മുന്‍നിര രാഷ്ട്രസാരഥികളുടെ സംഭാഷണവും പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാവിയില്‍ ഗണ്യമായ സ്വാധീനം ഉളവാക്കും.
6. ബോണ്‍ കണ്‍വെന്‍ഷന്‍: ആഗോളതാപനം കുറക്കാന്‍ ഓരോ രാജ്യവും സ്വീകരിക്കേണ്ട പദ്ധതികള്‍ സമര്‍പ്പിക്കേണ്ട സമയപരിധി അവസാനിക്കുന്ന ഒക്ടോബര്‍ ഒന്നിന് ബോണില്‍ കാലാവസ്ഥാ വിദഗ്ധര്‍ നേട്ടങ്ങള്‍ അവലോകനം ചെയ്യും. ഇതിനകം 49 രാജ്യങ്ങള്‍ നടപടികളുടെ വിശദരേഖ സമര്‍പ്പിച്ചതായി യു.എന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
7. ലണ്ടന്‍ എണ്ണ ഉച്ചകോടി: ആഗോള പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി എണ്ണഭീമന്മാരെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ എണ്ണക്കമ്പനികള്‍ നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍, ബാധകമായ ചട്ടങ്ങള്‍ എന്നിവ ഒക്ടോബര്‍ 6-7 തീയതികളിലെ ലണ്ടന്‍ ഉന്നതതലം വിശകലനം ചെയ്യും. സിനോ പെക്, സൗദി അരാംകോ, ബി.പി, ഷെല്‍, പെര്‍മക്സ്, ഇ.എന്‍.ഐ തുടങ്ങിയ പ്രമുഖ ഊര്‍ജ കമ്പനികളുടെ പങ്കാളിത്തത്തോടെയാകും ലണ്ടന്‍ ഉച്ചകോടി.
8. ഇ.യു-മൊറോകോ ഉച്ചകോടി
കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചുനിര്‍ത്താനുള്ള പോംവഴികളെ സംബന്ധിച്ച് യൂറോപ്യന്‍ യൂനിയനും മൊറോകോയും നടത്തുന്ന നിര്‍ണായക ഉച്ചകോടി ഒക്ടോബര്‍ 12ന് സമ്മേളിച്ച് പുതിയ തീരുമാനങ്ങള്‍ പുറത്തുവിടും. കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രചാരണങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ ഉച്ചകോടി വിശകലനം ചെയ്യും.
9. അഡ്ഹോക് സമ്മേളനം: പാരിസ് ഉച്ചകോടിക്കുമുമ്പേ സ്വീകരിക്കേണ്ട അടിയന്തര കര്‍മപദ്ധതികള്‍ വിശകലനം ചെയ്യാന്‍ അഡ്ഹോക് സമിതി ഒക്ടോബര്‍ മധ്യത്തോടെ ബോണില്‍ സമ്മേളനം ചേരും. സെപ്റ്റംബറില്‍ സംഘടിപ്പിച്ച ചര്‍ച്ചകള്‍ അഡ്ഹോക് സമിതി അവലോകനം ചെയ്യും.
10. ജി 20 ഉച്ചകോടി: ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-20 നവംബര്‍ മധ്യത്തില്‍ തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി ആഗോള സമ്പദ്ഘടനയെ കൂടുതല്‍ കാര്‍ബണ്‍ വിമുക്തമാക്കുമെന്ന ജി-7 ഉച്ചകോടിയുടെ പ്രഖ്യാപനത്തെ കേന്ദ്രീകരിച്ച് ജി-20 ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ അരങ്ങേറും. പരിസ്ഥിതി സംരക്ഷണ ഫണ്ടുമായി ബന്ധപ്പെട്ട സമ്പന്ന രാഷ്ട്രങ്ങളുടെ വാഗ്ദാനങ്ങളും ചര്‍ച്ചയില്‍ ഇടംനേടും.
11. കോമണ്‍വെല്‍ത്ത് ഉച്ചകോടി: 53 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ സാരഥികളുടെ മാള്‍ട്ട ഉച്ചകോടിക്ക് നവംബര്‍ 27ന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ കേന്ദ്രസ്ഥാനം നേടും. ചൈന, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് കോമണ്‍വെല്‍ത്തില്‍ പ്രാതിനിധ്യം ഇല്ളെങ്കിലും ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ വികസ്വര രാഷ്ട്രങ്ങളുടെ നിലപാടുകളാകും കോമണ്‍വെല്‍ത്ത് തീരുമാനങ്ങളുടെ ഗതി നിര്‍ണയിക്കുക. ആഗോള താപവര്‍ധനയുടെ പ്രത്യാഘാതമായി സമുദ്രത്തില്‍ മുങ്ങിപ്പോകുമെന്ന ആശങ്കയില്‍ കഴിയുന്ന മാലദ്വീപ്, സെന്‍റ്കിറ്റ്സ്, തുവാലു എന്നീ ദ്വീപ് രാജ്യങ്ങള്‍ കര്‍ശന സ്വഭാവമുള്ള കാലാവസ്ഥാ വ്യതിയാന നിയന്ത്രണ ഉടമ്പടിക്കുവേണ്ടി ശക്തമായ ലോബിയിങ് ആരംഭിക്കും. ഈ ദ്വീപുകളുടെ മാത്രമല്ല, ലോകത്തിന്‍െറതന്നെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന ചുവടുവെപ്പുകള്‍ പാരിസ് ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
(പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍. കടപ്പാട്: www.rtcc.org)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
