Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിരോഷിമ എന്ന...

ഹിരോഷിമ എന്ന ദുഃഖസ്മൃതി

text_fields
bookmark_border
ഹിരോഷിമ എന്ന ദുഃഖസ്മൃതി
cancel

ഇന്ന് ആഗസ്റ്റ് ആറ്. 70 വര്‍ഷങ്ങള്‍ക്കുമുമ്പ് 1945ല്‍ ഇതേ ദിനത്തിലാണ് ജപ്പാനിലെ ചുകോഗു പ്രദേശത്തെ പ്രധാന ജനവാസ-വ്യവസായ കേന്ദ്രമായ ഹിരോഷിമ നഗരം ലോകത്തില്‍ അണുബോംബിന്‍െറ ആഘാതത്താല്‍ ഏതാണ്ട് സമ്പൂര്‍ണമായി നശിക്കുന്ന ആദ്യനഗരമായി മാറി ചരിത്രത്തില്‍ ഇടം നേടിയത്. ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കന്‍ വായുസേനയുടെ ബി.29 വിമാനത്തിന്‍െറ പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ തന്‍െറ കൈവിരലുകള്‍ ബോംബ് റിലീസിങ് ബട്ടനിലമര്‍ത്തിയപ്പോള്‍ ‘ലിറ്റ്ല്‍ ബോയ്’ എന്നു പേരിട്ട ശക്തമായ അണുബോംബ് ഹിരോഷിമ നഗരത്തിന്‍െറ മാറിലേക്ക് പതിച്ചത്.

തീനാമ്പുകള്‍ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ച.കി.മീ. വരുന്ന ജനവാസമേഖലയെയാണ്. ആ നഗരത്തിലെ നിരപരാധികളായ കുട്ടികളും സ്ത്രീകളുമടക്കമുള്ള 71,000 ജനങ്ങള്‍ തല്‍ക്ഷണം തീനാമ്പുകളേറ്റു കരിഞ്ഞുവീണു. പൊള്ളലും മുറിവുമേറ്റ അനേകായിരങ്ങള്‍ നീറുന്ന വേദനസഹിച്ച് പിന്നീടുള്ള ദിനങ്ങളില്‍ പിടഞ്ഞുമരിച്ചു. അണുവികിരണങ്ങളുടെ ദുരന്തംപേറി പിന്നീട് ജനിച്ചവരടക്കമുള്ള ലക്ഷങ്ങള്‍ ജീവച്ഛവങ്ങളായി. കെട്ടിടങ്ങളും വ്യവസായശാലകളും തകര്‍ത്ത് ബോംബ് ഹിരോഷിമയെ നിലംപരിശാക്കി. ഇന്നും ലോക മന$സാക്ഷിയെ നടുക്കുന്ന മനുഷ്യസൃഷ്ടിയായ ഒരു വലിയ ദുരന്തത്തിന്‍െറ ഓര്‍മയാണ് ആഗസ്റ്റ് ആറും ഹിരോഷിമയും.

മൂന്നുദിവസം കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് അമേരിക്ക ‘ഫാറ്റ്മാന്‍’ എന്നുപേരിട്ട മറ്റൊരു അണുബോംബ് ജപ്പാനിലെതന്നെ നാഗസാക്കി നഗരത്തില്‍ വീഴ്ത്തി. നാശംവിതച്ച മനുഷ്യസൃഷ്ടിയായ മറ്റൊരു ദുരന്തം. അമേരിക്ക നടത്തിയ ഈ രണ്ടു ബോംബിങ്ങുകളാണ് ലോകത്തില്‍ ഇന്നുവരെ ആണവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ട സംഭവങ്ങള്‍. രണ്ടു സ്ഫോടനങ്ങളിലും അതില്‍നിന്നുള്ള റേഡിയേഷന്‍മൂലം പിന്നീടുമായി 2,20,000 പേര്‍ മരിച്ചതായാണ് കണക്കുകൂട്ടുന്നത്. രണ്ടാം ലോകയുദ്ധത്തിന്‍െറ ഭാഗമായിട്ടാണ് സഖ്യകക്ഷികളില്‍പെട്ട അമേരിക്ക യുദ്ധം ജയിക്കാനായി ഇത്തരം ഒരു മഹാപാതകം ചെയ്തത്.

യൂറോപ്പിനെ മാത്രമല്ല, ലോകത്തിന്‍െറയാകെ ശാക്തിക സന്തുലനത്തെ മാറ്റിമറിച്ച ഒന്നായിരുന്നു ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവരടങ്ങിയ അച്ചുതണ്ടുശക്തികളും സോവിയറ്റ് റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരടങ്ങിയ സഖ്യശക്തികളും തമ്മില്‍നടന്ന രണ്ടാം ലോകയുദ്ധം. യുദ്ധപ്രഖ്യാപനമൊന്നും കൂടാതെ ഹിറ്റ്ലറുടെ ജര്‍മനി, പോളണ്ടിനെ ആക്രമിച്ചതോടെ 1939 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചയുദ്ധം 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായി അമേരിക്ക, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ മാരകമായ ആണവ ബോംബിങ്ങിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് ജപ്പാന്‍െറ കീഴടങ്ങലിലൂടെയും സെപ്റ്റംബര്‍ രണ്ടിന് ഒപ്പുവെച്ച കരാറിലൂടെയും അവസാനിച്ചു. ലോകത്ത് ആണവായുധം ഉപയോഗിച്ച ഒരേയൊരു യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. അമേരിക്കയുടെ ഈ മാരകമായ ബോംബിങ് ജപ്പാന്‍െറ കീഴടങ്ങലിനും രണ്ടാം ലോകയുദ്ധത്തിന്‍െറ അവസാനത്തിനും കാരണമായെങ്കിലും ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിനും നരകയാതനകള്‍ക്കും വഴിവെച്ച ആ സംഭവം ഇന്നും ലോകജനതക്ക് നടുക്കുന്ന ഓര്‍മയാണ്.

ദുരന്ത ദു$ഖംപേറി ഓരോ ആഗസ്റ്റ് ആറും ഹിരോഷിമ ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുമ്പോള്‍ ആണവായുധമുക്ത ലോകത്തിനായി സമാധാന കാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുന്ന അവസരമായി അവ മാറുകയാണ്. ഇനിയും അത്തരത്തിലുള്ള ഒരു ആണവദുരന്തം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ല. അന്ന് പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ അനേകമടങ്ങ് പ്രഹരശേഷിയുള്ള ആണവ ബോംബുകള്‍ സുരക്ഷയുടെ പേരുപറഞ്ഞ് രഹസ്യമായും പരസ്യമായും അനേകം രാഷ്ട്രങ്ങള്‍ തങ്ങളുടെ ആയുധപ്പുരകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഭ്രാന്തമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന രാഷ്ട്രനേതാക്കളും സ്വയം ചാവേറുകളായിപ്പോലും മനുഷ്യരെ കൊന്നൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന തീവ്രവാദി ഗ്രൂപ്പുകളും ആണവായുധങ്ങള്‍ കരസ്ഥമാക്കാനും അതു പ്രയോഗിക്കാനുമുള്ള സാധ്യതയുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ സമ്പൂര്‍ണനാശത്തിനു വഴിതെളിക്കുന്ന ഒരു ആണവായുധ പ്രയോഗത്തിന്‍െറ ചിന്തകള്‍പോലും സമാധാനകാംക്ഷികളായ ലോകജനതയെ ചകിതരാക്കുന്നു.

ഹിരോഷിമ ദിനം ഇന്ന് സമാധാനത്തിന്‍െറയും ആണവ നിരായുധീകരണത്തിന്‍െറയും സന്ദേശം പരത്തുന്ന ദിനമാണ്. 2020ഓടെ ആണവായുധങ്ങളില്ലാത്ത ഒരു ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിച്ച് സജീവമായ ചര്‍ച്ചകളും മന$സാക്ഷി ഉണര്‍ത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ഈ ദിനത്തില്‍ നടക്കുന്നു.

ആണവായുധങ്ങളുടെ കരിനിഴലില്‍നിന്ന് ലോകം മോചിതമാകണം. രാസായുധങ്ങളും ആണവായുധങ്ങളും ഉള്‍പ്പെടെ കൂട്ടനശീകരണത്തിന് ശക്തിയുള്ള എല്ലാ ആയുധങ്ങളും ഇല്ലാതാക്കണം. അതുമാത്രമാണ് സുരക്ഷിത ലോകത്തിലേക്കുള്ള വഴി. ഈ ആയുധങ്ങള്‍ ഉള്ളിടത്തോളം ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലായിരിക്കും.

ആണവായുധമുക്ത ലോകത്തിനു വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമം തുടരുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓര്‍മകള്‍ ഈ പ്രവര്‍ത്തനത്തില്‍ വലിയ പ്രചോദനമായിത്തീരുന്നു. മറ്റൊരു ആണവയുദ്ധത്തിന്‍െറ വിദൂരസാധ്യതകള്‍പോലും ഇല്ലാതാക്കാനാണ് ആണവ നിരായുധീകരണത്തിന്‍െറ വക്താക്കള്‍ ശ്രമിക്കുന്നത്. ആണവ നിരായുധീകരണത്തില്‍ ആത്മാര്‍ഥത കാണിക്കാനും നേതൃത്വമേറ്റെടുക്കാനും അമേരിക്ക എന്ന രാഷ്ട്രത്തിനു ബാധ്യതയുണ്ട്. മറ്റു പല രാജ്യങ്ങളെയും ഭ്രാന്തരാഷ്ട്രങ്ങളായി വിശേഷിപ്പിക്കുകയും അവരുടെയും മറ്റു തീവ്രവാദ  ഗ്രൂപ്പുകളുടെയും കൈകളില്‍ ആണവായുധം വന്നുചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തിനെപ്പറ്റി പരിതപിക്കുകയും ചെയ്യുന്ന അമേരിക്കയാണ് ലോകത്തില്‍ ആദ്യമായി ആണവബോംബ് പരീക്ഷിച്ചതും അത് മനുഷ്യരുടെ പച്ചമാംസത്തില്‍ പൊട്ടിച്ചതും. 1945 ജൂലൈയില്‍ ന്യൂമെക്സികോയിലെ അലാമോഗാര്‍ഡോവില്‍വെച്ച് ‘ട്രിനിറ്റി’ എന്നപേരില്‍ ലോകത്തെ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് തുടക്കംകുറിച്ചത് അമേരിക്കയാണ്. രണ്ടാമത്തെ ആണവ ബോംബ് 1945 ആഗസ്റ്റ് ആറിന് അമേരിക്ക പൊട്ടിച്ചത് മാനവരാശിയുടെ നെഞ്ചിലായിരുന്നു, ഹിരോഷിമയില്‍. മൂന്നാമത്തെ ബോംബ് നാഗസാക്കിയിലും വര്‍ഷിച്ച് പരീക്ഷണവും പ്രയോഗവും അമേരിക്ക പൂര്‍ത്തിയാക്കി. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ഹീനമായ മനുഷ്യക്കുരുതിക്കെതിരെയും ആണവായുധങ്ങള്‍ക്കെതിരെയും ലോക മന$സാക്ഷി ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്നുമുതല്‍ നടക്കുകയാണ്. ഒട്ടനവധി അന്താരാഷ്ട്ര ആണവായുധ നിയന്ത്രണക്കരാറുകള്‍ ഇതിനകം ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്. 1963ല്‍ ജോണ്‍ എഫ്. കെന്നഡിയും നിഖിത ക്രൂഷ്ചേവും ഒപ്പുവെച്ച ഭാഗിക ആണവപരീക്ഷണ നിരോധ കരാര്‍, 1968ല്‍ ലോകത്തിലെ അനേകം രാജ്യങ്ങള്‍ ഒപ്പുവെച്ച ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി), ആണവ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ എസ്.എ.എല്‍.ടി  ഒന്നും രണ്ടും കരാറുകള്‍ എന്നിവ ആണവ നിരായുധീകരണ രംഗത്ത് നിര്‍ണായക ചുവടുവെപ്പുകളായിരുന്നു.

എസ്.എ.എല്‍.ടി കരാറുകള്‍ എസ്.ടി.എ.ആര്‍.ടി (സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാറുകളിലേക്ക് നയിച്ചു. ’91ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും സോവിയറ്റ് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവെച്ച എസ്.ടി.എ.ആര്‍.ടി ഒന്നിന്‍െറ കാലാവധി 2009 ഡിസംബറില്‍ അവസാനിച്ചു.

2010 ഏപ്രില്‍ എട്ടിന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് മെദ്വ്യദെവും തമ്മില്‍ ഒപ്പുവെച്ച പുതിയ എസ്.ടി.എ.ആര്‍.ടി കരാറാണ് വന്‍ശക്തികള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവായുധ നിയന്ത്രണക്കരാര്‍. മാനവരാശിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൃദയംതുറന്ന ചര്‍ച്ചകള്‍ നടത്തി ആണവായുധമുക്ത ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോക നേതാക്കള്‍ക്ക് കഴിയട്ടെയെന്നു നമുക്കാശിക്കാം. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നൊമ്പര സ്മൃതികള്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ഥതക്ക് ആക്കം പകരാനും കഴിയട്ടെ!

Show Full Article
TAGS:
Next Story