ഭാഗ്യനറുക്കെടുപ്പാകുന്ന നീതി
text_fieldsവലിയ അതിഥിസല്‍ക്കാര പ്രിയനായിരുന്നു പരേതനായ മുന്‍ അറ്റോണി ജനറല്‍ ഗൂലം വഹന്‍വതി. ഒരിക്കല്‍ തന്‍െറ അഭിഭാഷക സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്നിലെ വിഭവത്തില്‍ റോസ്റ്റ് ചെയ്യപ്പെട്ട ആടും സ്ഥലം പിടിച്ചിരുന്നു. രസികനായ ഒരു അഭിഭാഷകന്‍ അതില്‍ ഒരു തമാശ കണ്ടത്തെി. വഹന്‍വതിയെ വിളിച്ച് അയാള്‍ തുറന്നടിച്ചു. ‘വക്കീലന്മാര്‍ കുറെ പേരുണ്ട്. പക്ഷേ, ആട് ഒന്നു മാത്രവും. ഇത് നീതിയാണോ?’ യാക്കൂബ് മേമന് വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംവാദങ്ങളാണ് ഈ സംഭവം ഓര്‍മിക്കാനുള്ള കാരണം. മേമന്‍ എന്ന ബലിയാടും നീതിശാസ്ത്രത്തിന്‍െറ നിരവധി വ്യാഖ്യാനങ്ങളും എന്നൊരു താരതമ്യം അങ്ങനെയാണ് എന്‍െറ ഭാവനയില്‍ വന്നത്.
നീതിശാസ്ത്രവുമായി ബന്ധപ്പെട്ട ആദ്യ സമസ്യ വധശിക്ഷ എത്രമാത്രം ശരിയാണ് എന്നതുതന്നെ. വീഴ്ചയില്ലാത്ത വ്യവഹാരം വഴി അത് നടപ്പാക്കാനാകുമോ? വര്‍ത്തമാന കാലത്ത് മുന്‍കാലത്തേക്കാള്‍ ശക്തമായ രീതിയില്‍ ഭാഗ്യ നറുക്കെടുപ്പ് ആയി വധശിക്ഷ പരിണമിച്ചിരിക്കുന്നു. വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ് വര്‍ത്തമാനകാലത്തെ വധശിക്ഷാ നിര്‍ണയ രീതി. ജഡ്ജിമാരുടെ ചായ്വുകള്‍, ഭരണകര്‍ത്താക്കളുടെ സമീപനം, നടപ്പ് രാഷ്ട്രീയാന്തരീക്ഷം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ശിക്ഷാ വിധിയില്‍ സ്വാധീനമുളവാക്കാം. രാഷ്ട്രീയ പിന്‍ബലമോ സൗഹൃദങ്ങളോ ഇല്ലാത്തവരുടെ കാര്യത്തില്‍ മാത്രമേ ഉറപ്പായും വധശിക്ഷ പ്രതീക്ഷിക്കാവൂ എന്നായിരുന്നു കസബിന്‍െറയും അഫ്സല്‍ ഗുരുവിന്‍െറയും വധശിക്ഷകള്‍ നല്‍കിയ സൂചന. രാഷ്ട്രീയ സമ്മര്‍ദങ്ങളാല്‍ രാജീവ് ഘാതകരെ തൂക്കിലേറ്റാനാകില്ളെന്നും നമുക്ക് ബോധ്യപ്പെടുകയുണ്ടായി. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന നിയമശാസ്ത്ര വ്യവഹാരങ്ങള്‍ വിളംബരം ചെയ്യാറുണ്ടെങ്കിലും ദയദാക്ഷിണ്യങ്ങള്‍ ചോര്‍ന്നു ലഭിക്കുന്ന അരിപ്പയുടെ കണ്ണികള്‍ വിഭിന്ന അളവുകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്.
പല കേസുകളിലും മൃദുസമീപനം പുലര്‍ത്തുന്ന രാഷ്ട്രം ഭീകരരുമായി ബന്ധപ്പെട്ട കേസുകളില്‍ അമിത കാര്‍ക്കശ്യം പ്രകടിപ്പിക്കുന്നു എന്നതാണ് മറ്റൊരു സുപ്രധാന നൈതിക സമസ്യ. ഭീകരതയെ കര്‍ക്കശമായി അഭിമുഖീകരിക്കണമെന്ന വാദം ശരിയാണ്. പക്ഷേ, 1985ലെ ഭീകര നിരോധ നിയമപ്രകാരം (ടാഡ) തൂക്കിലേറ്റപ്പെട്ട ഏക വ്യക്തിയാണ് യാക്കൂബ് മേമന്‍. ഇന്ദിര ഗാന്ധിയുടെ വധത്തില്‍ കലാശിച്ച സിഖ് കലാപവുമായി ബന്ധപ്പെട്ട് 1985ല്‍ പാസാക്കിയ ഈ നിയമം പിന്നീട് ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുന്ന മൊഴികള്‍ തെളിവായി സ്വീകരിക്കാം എന്നതുള്‍പ്പെടെ നിരവധി ന്യൂനതകളാല്‍ വിവാദമായ ഭീകരനിരോധ നിയമം ആരോപിതരുടെ അപ്പീല്‍ അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന രീതിയിലുള്ളതായിരുന്നു. നൂറിലേറെ കൂട്ടുപ്രതികളോടൊപ്പം മേമന്‍ ഈ രീതിയിലാണ് വിചാരണക്ക് വിധേയനാക്കപ്പെട്ടത്.
പ്രതികളുടെ എണ്ണത്തില്‍ ബാഹുല്യം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികളെ തരംതിരിച്ച് ശിക്ഷവിധിക്കുന്ന രീതി കോടതികളില്‍ അവലംബിക്കപ്പെടുന്നു. ചിലരെ വിട്ടയക്കുന്നു. ചിലര്‍ക്ക് ലഘുശിക്ഷ നല്‍കുന്നു. ഏറ്റവും പ്രമുഖന് കടുത്ത ശിക്ഷ വിധിക്കപ്പെടുന്നു. മുംബൈ സ്ഫോടനകേസില്‍ ടാഡ കോടതി 11പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ അപ്പീലിനെ തുടര്‍ന്ന് യാക്കൂബ് മേമന്‍ ഒഴികെ 10പേര്‍ക്കും സുപ്രീംകോടതി വധശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചു. ബോംബ് സ്ഥാപിച്ചവര്‍ക്കുപോലും ഇളവുകള്‍ ലഭ്യമായി. രണ്ട് ഘടകങ്ങളായിരുന്നു മേമന് വധശിക്ഷ വിധിക്കാന്‍ കോടതി നിരത്തിയ ന്യായങ്ങള്‍. ഒന്ന്, സംഘത്തില്‍ യാക്കൂബ് മേമനുള്ള പ്രാമുഖ്യം. രണ്ട്, കുറ്റകൃത്യത്തിന്‍െറ ഗൗരവം. ദാവൂദ് ഇബ്രാഹീമിന്‍െറ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന പ്രകാരം ടൈഗര്‍ മേമന്‍ നടപ്പാക്കിയ സ്ഫോടന പരമ്പര എന്ന് പ്രോസിക്യൂഷന്‍ എടുത്തുപറഞ്ഞ കേസില്‍ പ്രമുഖരായ ദാവൂദിനെയും ടൈഗറിനെയും പിടികിട്ടാതെ വന്നതിനാല്‍ യാക്കൂബ് മേമന് വധശിക്ഷയുടെ മാരക നറുക്ക് വീഴുകയായിരുന്നുവെന്ന് സാരം. സ്ഫോടനത്തില്‍ യാക്കൂബ് കമാന്‍ഡിങ് റോള്‍ വഹിച്ചതായി സൂചനയില്ല. പിടിയിലായ ചെറുമീനുകളിലെ വലിയ മത്സ്യം മാത്രമായിരുന്നു അയാള്‍. ടൈഗര്‍ മേമന്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ യാക്കൂബിന് വധശിക്ഷ വിധിക്കപ്പെടില്ളെന്നാണ് നിയമ വ്യവഹാരങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.
വധശിക്ഷയിലേക്കുള്ള പാത
2013ല്‍ വധശിക്ഷ പ്രഖ്യാപിക്കപ്പെട്ട മേമന്‍െറ ദയാഹരജി 2014ലായിരുന്നു ആദ്യമായി നിരസിക്കപ്പെട്ടത്. അതോടെ വധശിക്ഷയിലേക്കുള്ള പാത സജ്ജമാവുകയായിരുന്നു. എന്നാല്‍, സുപ്രീംകോടതിയുടെ രണ്ട് വിധിന്യായങ്ങള്‍ പ്രതീക്ഷാജനകമായിരുന്നു. ദയാഹരജി തിരസ്കരിക്കപ്പെടുന്ന ഘട്ടത്തില്‍ രണ്ടാഴ്ച കഴിഞ്ഞശേഷമേ ശിക്ഷ നടപ്പാക്കാവൂ, ജഡ്ജിമാര്‍ക്കിടിയില്‍ ഭിന്നത ഉയരുന്ന സന്ദര്‍ഭങ്ങളില്‍ ഓപണ്‍ കോര്‍ട്ടില്‍ വിസ്തരിക്കാം എന്നീ വിധികളാണ് നേരിയ പ്രതീക്ഷകള്‍ക്കു നിമിത്തമായത്. എന്നാല്‍, കഴിഞ്ഞ മാസത്തെ നിയമവ്യവഹാരത്തില്‍ അത്തരം വിധികളും മേമന് രക്ഷാ കവചമായി കലാശിച്ചില്ല. തുടര്‍ന്നു റിട്ട്, പിഴ തിരുത്തല്‍ ഹരജികള്‍ നല്‍കിയെങ്കിലും പിഴകളില്ളെന്നായിരുന്നു കണ്ടത്തെല്‍.
ഈ ഘട്ടത്തിലായിരുന്നു ‘റോ’യുടെ മുന്‍ മേധാവി ബി. രാമന്‍െറ അപ്രകാശിത ലേഖനം ഒരു വെബ്പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ടത്. വിചാരണനേരിടാന്‍ സന്നദ്ധനായി യാക്കൂബ് മേമനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിയ സാഹചര്യങ്ങള്‍ പ്രസ്തുത ലേഖനത്തില്‍ വിശദീകരിക്കപ്പെട്ടു. നിരവധി തെളിവുകള്‍ ഹാജരാക്കിയ മേമന് ഒരിക്കലും വധശിക്ഷ നല്‍കാന്‍ പാടില്ളെന്ന് ലേഖനത്തില്‍ രാമന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, നീതിന്യായ വ്യവഹാരത്തിലെ ഇടപെടലാകുമെന്ന ആശങ്കയാല്‍ ജീവിച്ചിരിക്കെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഷീല ഭട്ടിന് രാമന്‍െറ സഹോദരന്‍ അനുമതി നല്‍കുകയായിരുന്നു. പക്ഷേ, ഒരു പരേതാത്മാവിന്‍െറ വാദം തെളിവായി സ്വീകരിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ളെന്നതിനാല്‍ ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നിരാകരിക്കപ്പെട്ടു. അതേസമയം, ദയാഹരജി സമര്‍പ്പിക്കെ പ്രമുഖ ജഡ്ജിമാരുടെ വാദങ്ങള്‍ക്ക് സുപ്രീംകോടതി പരിഗണന നല്‍കേണ്ടതായിരുന്നു. രാജ്യം കണ്ട മികച്ച ന്യായാധിപനായ മുന്‍ സുപ്രീംകോടതി ജഡ്ജി എച്ച്.എസ്. ബേഡി ഉള്‍പ്പെടെയുള്ള പ്രഗല്ഭര്‍ യാക്കൂബിനുവേണ്ടി ശബ്ദമുയര്‍ത്തുകയുണ്ടായി.
മേമന്‍െറ റിട്ട് ഹരജി പരിഗണിക്കെ ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് എം.ആര്‍. ദവെയും പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും നിയമജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരുത്തല്‍ ഹരജി പരിഗണിക്കാന്‍ നിയോഗിച്ച കോടതി ബെഞ്ചുപോലും ശരിയായ രീതിയിലായിരുന്നില്ല രൂപംകൊണ്ടതെന്ന ആരോപണം ഉന്നയിച്ചാണ് ജസ്റ്റിസ് ജോസഫ്, ദവെയുടെ വാദം ഖണ്ഡിച്ചത്. ജഡ്ജിമാര്‍ക്കിടയില്‍ ഇത്തരം ഭിന്നത ആവിര്‍ഭവിക്കുന്നപക്ഷം കേസ് വലിയ ബെഞ്ചിലേക്ക് മാറ്റുക എന്ന രീതി അവലംബിക്കപ്പെടണം. ഒടുവില്‍ മൂന്നംഗ ബെഞ്ച് ഈ ഹരജികളും തള്ളി.
യാക്കൂബ് മേമന്‍െറ കേസ് നാടകീയതകളോടെ അര്‍ധരാത്രിയിലും സുപ്രീംകോടതിയുടെ കവാടങ്ങള്‍ തുറന്ന് വിസ്തരിക്കപ്പെട്ടു. ദയാഹരജി തള്ളിയതിനാല്‍ രണ്ടാഴ്ചത്തേക്ക് ശിക്ഷ നീട്ടിവെക്കാനുള്ള ഹരജിയിലാണ് രാത്രി മൂന്നുമണിയോടെ വിസ്താരം നടന്നത്. 4.50ന് സുപ്രീംകോടതി പ്രസ്തുത ഹരജി തള്ളിയതോടെ ഉദ്വേഗങ്ങള്‍ക്ക് സമാപ്തിയായി. ഏപ്രിലില്‍ നിശ്ചയിച്ച തീയതിപ്രകാരംതന്നെ പുലര്‍ച്ചെ മേമന്‍ തൂക്കിലേറ്റപ്പെട്ടു. അങ്ങനെ നിയമപ്രകാരമുള്ള നീതി നടപ്പായി. ഇവിടെ നീതിയാണോ വിജയം നേടിയത് അതോ മേമന്‍ ബലിയാടാക്കപ്പെടുകയായിരുന്നോ? വായനക്കാര്‍ക്ക് വിധിപറയാം!
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകന്‍. ലേഖനം കടപ്പാട്: ദ ഹിന്ദു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
