Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightടീസ്റ്റയെ...

ടീസ്റ്റയെ നിശ്ശബ്ദമാക്കുന്ന ഭരണകൂട തന്ത്രം

text_fields
bookmark_border
ടീസ്റ്റയെ നിശ്ശബ്ദമാക്കുന്ന ഭരണകൂട തന്ത്രം
cancel

തന്‍െറ സന്നദ്ധസേവന സംഘടനക്ക് ലഭിച്ച വിദേശ ഫണ്ടുകള്‍ ടീസ്റ്റ സെറ്റല്‍വാദ് വ്യക്തിഗത ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചോ എന്ന് അറിയാന്‍ അവരുടെ വസതിയില്‍ കര്‍ക്കശമായ പരിശോധനകളാണ് നടന്നത്. അധികാരം കൂട്ടിലടച്ച് വളര്‍ത്തുന്ന ‘12 തത്തകള്‍’ ആയിരുന്നു മുംബൈയില്‍ ടീസ്റ്റയുടെ വീടും ഓഫിസും അരിച്ചുപെറുക്കി പരിശോധിക്കാന്‍ എത്തിയത്. സി.ബി.ഐക്ക് വേറെ പണിയൊന്നുമില്ളേ എന്നാണ് എന്‍െറ സന്ദേഹം. ടീസ്റ്റ അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നു. ഗുജറാത്തില്‍ കുരുതിക്കും പീഡനങ്ങള്‍ക്കുമിരയായവര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ സന്ധിയില്ലാത്ത നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചതോടെ അവര്‍ അധികാരികളുടെ അലോസരകേന്ദ്രമായി മാറിയിരിക്കുന്നു. ടീസ്റ്റയെപ്പോലെ ഭയരഹിതയായി നിയമയുദ്ധം നടത്താത്തപക്ഷം ഇത്തരം സംഭവങ്ങളില്‍ എങ്ങനെ നീതി ലഭ്യമാകും?

ഏറക്കുറെ ഒറ്റയാള്‍പോരാട്ടമാണ് ടീസ്റ്റ നയിച്ചിരുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സങ്കീര്‍ണമായ വലക്കണ്ണികള്‍ക്കിടയിലൂടെ വര്‍ഷങ്ങളോളം നിയമവ്യവഹാരങ്ങള്‍ നടത്താന്‍ അസാമാന്യമായ മനോധൈര്യവും ക്ഷമയും അനുപേക്ഷണീയമാണ്. അതിനിടയില്‍ കടുത്ത പൊലീസ് അന്വേഷണങ്ങളെയും അവര്‍ക്ക് ഇടവിടാതെ അഭിമുഖീകരിക്കേണ്ടതായിവന്നു. നിഷ്പക്ഷരല്ലാത്ത പ്രോസിക്യൂട്ടര്‍മാരെയും മറ്റും നേരിടേണ്ട ഘട്ടങ്ങളും നിരവധിയായിരുന്നു. ടീസ്റ്റയുടെ അക്ഷീണപ്രയത്നങ്ങള്‍ക്കൊടുവില്‍ ഒരു സംസ്ഥാന മന്ത്രിയുള്‍പ്പെടെ ഗുജറാത്ത് കലാപം ഇളക്കിവിട്ടവരില്‍ ചിലരെയെങ്കിലും തടങ്കലിലടക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ടീസ്റ്റയുടെ മാത്രം സവിശേഷതയെന്ന് വിളിക്കാവുന്ന അചഞ്ചലമായ തന്‍േറടവും ഇച്ഛാശക്തിയുമാണ് ഈ വിജയങ്ങളുടെ അടിത്തറ. ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കിയ ഫണ്ട് ടീസ്റ്റ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്തു എന്നതാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്ന ആരോപണം. ടീസ്റ്റയെയും അവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും പരിചയമുള്ള ഒരാള്‍പോലും ഇത്തരമൊരു ആരോപണം വിശ്വസിക്കുന്ന പ്രശ്നമേയില്ല. ഋജുവും ലളിതവുമായ ജീവിതശൈലിയുടെ ഉടമകളായ ഇരുവരും നാളിതുവരെ ആഡംബരഭ്രമം പ്രകടിപ്പിച്ചിട്ടില്ല.

ഗുജറാത്തില്‍നിന്ന് മുംബൈയിലേക്ക് കുടിയേറിയ കുലീന കുടുംബത്തിലെ അംഗമാണ് ടീസ്റ്റ. നിയമവ്യവഹാരങ്ങളില്‍ പരമ്പരാഗതമായി വൈദഗ്ധ്യം തെളിയിച്ച കുടുംബം. നാവില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവളെന്ന വിശേഷണത്തിന് അര്‍ഹയായ ടീസ്റ്റക്ക് ആഡംബരജീവിതം നയിക്കാന്‍ എപ്പോഴും അവസരങ്ങള്‍ ലഭ്യമായിരുന്നിട്ടും പീഡിതര്‍ക്കും ഇരകള്‍ക്കും ഒപ്പം ക്ളേശങ്ങള്‍ പേറി നിലകൊള്ളുകയാണ് ഈ സാമൂഹികപ്രവര്‍ത്തക.

ഇരകള്‍ക്കുവേണ്ടി പോരാടുന്ന ടീസ്റ്റയെ നിശ്ശബ്ദയാക്കുന്നതിനുള്ള ഉപായം എന്ന നിലയിലാണിപ്പോള്‍ ടീസ്റ്റക്കെതിരെ നിയമലംഘനക്കേസുകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. പണം ചെലവിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന എല്ലാ ചട്ടങ്ങളും ഒരു പൗരന് എങ്ങനെ ഓര്‍മിച്ചിരിക്കാനാകും? പണം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് ചെലവഴിക്കുന്നതെങ്കില്‍ അത്തരക്കാരെ ഉടന്‍ പിടികൂടി സര്‍ക്കാറിന് ശിക്ഷ വിധിക്കാം. എന്നാല്‍, ടീസ്റ്റയുടെ കാര്യത്തില്‍ ഇത്തരം ക്രിമിനല്‍ ആരോപണങ്ങളൊന്നും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല.

നിയമപാലക കുടുംബത്തിലെ മുന്‍ അംഗമെന്ന നിലയില്‍ ഈ ‘തത്തകളെ’ ഓര്‍ത്ത് എനിക്ക് മഹാസങ്കടം തോന്നുന്നു. യജമാനന്മാര്‍ മാറിയാലും അടഞ്ഞ കൂട് മാത്രമാണ് തത്തകളുടെ വിധി. മുന്‍ യജമാനന്മാര്‍ ജയിലഴികളിലെ കുറ്റവാളികളെ മോചിപ്പിക്കാനായിരുന്നു തത്തകള്‍ക്ക് ആജ്ഞ നല്‍കിയിരുന്നതെങ്കില്‍ പുതിയ യജമാനന്മാര്‍ കുറ്റവാളികളല്ലാത്തവര്‍ക്ക് വിലങ്ങുവെക്കാനാണ് നിര്‍ദേശം നല്‍കിവരുന്നത്. ഇതില്‍ ഏതവസ്ഥയാണ് കൂടുതല്‍ ഹീനമെന്ന് പറയാന്‍ വയ്യ.

ഇന്ദ്രപ്രസ്ഥത്തിലെയും ഗുജറാത്തിലെയും അധികാരികള്‍ ടീസ്റ്റയെ നിശ്ശബ്ദമാക്കാന്‍ പ്രയത്നിക്കുമ്പോള്‍ വിജയ് ശങ്കര്‍ പാണ്ഡെ എന്ന ഐ.എ.എസ് ഓഫിസറെ ഞെരുക്കാനുള്ള ശ്രമം തുടരുകയാണ് യു.പി ഭരണകൂടം. എനിക്ക് വ്യക്തിപരമായി ഏറെ പരിചയമുള്ളയാള്‍. കേന്ദ്ര ഗവണ്‍മെന്‍റ് സെക്രട്ടറിയായി വരെ ഉയര്‍ത്തപ്പെടാന്‍ സര്‍വഥാ യോഗ്യന്‍. പക്ഷേ, ഇപ്പോഴും യു.പിയില്‍ ഒരു ജൂനിയര്‍ തസ്തികയില്‍ ഒതുക്കപ്പെട്ട് കാലം തള്ളിനീക്കുന്നു. അഴിമതിയെ മുഖംനോക്കാതെ ചോദ്യം ചെയ്യും എന്നതാണ് അദ്ദേഹത്തില്‍ അധികൃതര്‍ കാണുന്ന ‘കുറ്റം’.

യു.പിയില്‍ ഒരിക്കല്‍ ഐ.എ.എസ് ഓഫിസര്‍മാര്‍ക്കിടയിലെ അഴിമതി കണ്ടത്തൊന്‍ അദ്ദേഹം ഒരു പരീക്ഷ നടത്തിയിരുന്നു. ആ പരീക്ഷയില്‍ അഴിമതിക്കാരായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെിയവര്‍ പിന്നീട് സര്‍ക്കാര്‍ സെക്രട്ടറിമാരായി മാറി.
വിവിധ മേഖലകളില്‍നിന്ന് വിരമിച്ച ഞങ്ങള്‍ 15 പേര്‍ ഒരു പ്രത്യേക ക്ളബ് രൂപവത്കരിച്ച് യു.പിയില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു വേദിയില്‍ സംഗമിച്ച് ജനകീയപ്രശ്നങ്ങള്‍ വിശകലനം ചെയ്യും. അത്തരമൊരു സംഗമത്തെ തുടര്‍ന്ന് കള്ളപ്പണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പര്യഹരജി തയാറാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയുണ്ടായി. പാണ്ഡെ അദ്ദേഹത്തിന്‍െറ പിന്തുണ ഞങ്ങളെ അറിയിച്ചു.

എന്നാല്‍, അത് യു.പി സര്‍ക്കാറിന്‍െറ നീരസം വിളിച്ചുവരുത്തി. സര്‍ക്കാര്‍ പാണ്ഡെക്കെതിരെ നടപടി സ്വീകരിച്ചു. അലഹബാദ് ഹൈകോടതി അവസാനം പാണ്ഡെയുടെ രക്ഷക്കത്തെി. പക്ഷേ, പ്രതികാരബുദ്ധിയോടെ അധികൃതര്‍ അദ്ദേഹത്തെ വട്ടംകറക്കി. കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന്‍ അനുവദിക്കാതെ പാണ്ഡെയെ അവര്‍ സംസ്ഥാന സര്‍വിസില്‍ കെട്ടിയിട്ടു. ഇപ്പോള്‍ സുപ്രീംകോടതിയില്‍ ശരണം തേടിയിരിക്കുകയാണ് അദ്ദേഹം. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികാരവാഞ്ഛയോടെ പെരുമാറുമ്പോള്‍ ടീസ്റ്റമാര്‍ക്കും പാണ്ഡെമാര്‍ക്കും അഭയം നല്‍കാന്‍ ആരുണ്ട്, കോടതികള്‍ അല്ലാതെ!

കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്
(മുന്‍ ഐ.പി.എസ് ഓഫിസറായ ലേഖകന്‍ മുംബൈ പൊലീസ് കമീഷണര്‍, ഗുജറാത്ത് ഡി.ജി.പി, റുമേനിയന്‍ അംബാസഡര്‍ എന്നീ പദവികളും വഹിച്ചിരുന്നു)

Show Full Article
TAGS:
Next Story