കാരുണ്യത്തിന്‍െറ കാലൊച്ചകള്‍
text_fields
ആകസ്മികമായി മസ്തിഷ്കമരണം സംഭവിച്ച നീലകണ്ഠശര്‍മയുടെ ജീവനുള്ള അവയവങ്ങള്‍ ദാനംചെയ്യുക വഴി അഞ്ചുപേരെങ്കിലും ആസന്നമരണത്തില്നിന്ന് തിരികെയത്തെുകയാണ്. യാഥാസ്ഥിതികത്വവും നിഷ്ഠകളുടെ കാണാച്ചരടുകളും മാറ്റിനിര്‍ത്തി, കാരുണ്യത്തിന്‍െറ സ്പന്ദനങ്ങള്‍ക്ക് മലയാളനാട് കാതോര്‍ക്കുകയാണ്. വേഗതപോര, പോരാ എന്ന് നിലവിളിക്കുന്ന ഒരു ജനതയുടെ ചരിത്രത്തിലെ ഏറ്റവും ഉദ്വേഗജനകമായ ഒരു ദിവസമാണ് ഇപ്പോള്‍ കടന്നുപോയത്. തിരുവനന്തപുരത്തെ ആശുപത്രി മുതല്‍ എറണാകുളം ആശുപത്രിവരെ എല്ലാവരും ഓടുകയായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ ത്രസിപ്പിക്കുന്ന ദൃക്സാക്ഷി വിവരണങ്ങള്‍. ശര്‍മയുടെ ഹൃദയം മാത്യു സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ നാം ഉറങ്ങാന്‍ മടങ്ങി.
ആളും ആരവവും കഴിയുമ്പോള്‍ ലതയും കുഞ്ഞുങ്ങളും ഒറ്റക്കാവും. അവരുടെ ഏകാന്തയാത്ര ആരംഭിക്കുകയാണ്. ഭരണകൂടവും ജനങ്ങളും ആ കുടുംബത്തെ ഏറ്റുവാങ്ങണം. രാജ്യത്തെ ഏറ്റവുമുന്നതമായ ധീരതക്കുള്ള പുരസ്കാരം ലതക്ക് സമ്മാനിക്കണം. മിടുക്കരായ രണ്ട് ആണ്‍കുട്ടികള്‍ക്കും പരമാവധി വിദ്യാഭ്യാസ സൗകര്യങ്ങള്‍... ഇതൊക്കെ തന്നെയാവണം നീലകണ്ഠശര്‍മയുടെ ഇന്നും തുടിക്കുന്ന ഹൃദയം സ്വപ്നംകണ്ടിരുന്നത്!
ജനങ്ങളുടെ വിശ്വാസവും സ്നേഹവും നിക്ഷേപമായി സ്വീകരിച്ച് തഴച്ചുവളരുന്ന ഭരണകൂട സംവിധാനങ്ങള്‍ അവരുടെ പ്രാഥമിക കര്‍ത്തവ്യങ്ങളുടെ മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്ച അരോചകമാണ്. ജീവിതത്തിന്‍െറ സമസ്ത മേഖലകളും സ്വകാര്യമേഖലക്ക് തീറെഴുതിയിട്ട് കൈകഴുകി പിന്‍വാങ്ങാന്‍ നാം സമ്മതിക്കരുത്.
എന്‍െറ പഴയൊരു സഹപാഠിയുടെ ലാവണത്തിലേക്ക് ഈയിടെ പോകാനിടയായി. അവന് കഴിഞ്ഞ രണ്ടു ദശാബ്ങ്ങളായി ഒരേ ഓഫിസില്‍തന്നെ ജോലി ചെയ്യുന്നു. പാഴായിപ്പോയ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഓഫിസാണിത്. കാടും പടര്‍പ്പും വകഞ്ഞു മാറ്റി ആ ഭാര്‍ഗവിനിലയത്തിലേക്ക് കയറുമ്പോള്‍, അകത്തൊരു മുറിയില്‍ ഒരാള്‍ മേശപ്പുറത്ത് കാലുകള്‍ കയറ്റിവെച്ച് സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു. ഉണരട്ടെ എന്ന് കരുതി കുറേനേരം കാത്തിരുന്നു. മറ്റൊരു മനുഷ്യാത്മാവിനെയും കണ്ടില്ല. അടുത്തുള്ള പീടികയില്‍ ചെന്ന് അന്വേഷിക്കുമ്പോഴാണ് പൊരുളറിഞ്ഞത്. മാസത്തിന്‍െറ അവസാനദിവസങ്ങളില്‍ മാത്രമേ സാര്‍ വരാറുള്ളൂ. പിന്നെ തിരുവനന്തപുരത്തേക്ക് പോകും. അവരൊക്കെ ധരിച്ചുവശായിരിക്കുന്നത് അദ്ദേഹത്തിന് അഡീഷനല്‍ ചാര്ജാണെന്നാണ്. മാസത്തില്‍ രണ്ടേ രണ്ട് ദിവസങ്ങള്‍ ജോലിചെയ്യുന്നവന് ഉള്‍പ്പെടെ സര്‍ക്കാര്‍ വന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച്, ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങള്‍ പാലിച്ച് സായുജ്യം നേടുന്നു.
ഇല്ല, ഞാന്‍ കാണാതിരിക്കുന്നില്ല, സര്‍ക്കാര്‍ സര്‍വിസിലെ ചില ദീപസ്തംഭങ്ങളെ- ജില്ലാ ഭരണാധികാരികളായ പ്രശാന്തും രാജമാണിക്യവും കേശവേന്ദ്രകുമാറുമൊക്കെ ആവതും ചെറുത്തുനിന്ന് തോല്പിക്കാന് ശ്രമിക്കുകയാണ്. അത്രയും ആശ്വാസകരം. വയനാടന്‍ പ്രകൃതിയെ ഇനിയും അധിക്ഷേപിക്കരുതെന്നുപറയാന് നമുക്ക് മറുനാടന്‍ അധികാരി വേണ്ടി വന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സടകുടഞ്ഞ് എഴുന്നേറ്റ് ഗര്‍ജിച്ചു -കേശവേന്ദ്രന്‍ സംസാരിക്കരുതെന്ന്. പണ്ട് മുഖത്ത് കരി ഓയില്‍ വാരിയൊഴിച്ച അതേ ഭരണകൂട നേതൃത്വം വീണ്ടും നഖങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ഇങ്ങനെ നിശ്ചലമായ ഭരണതലത്തിലേക്കാണ് വിഴിഞ്ഞവും കൊച്ചിന് മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കടന്നുവരുന്നത്. ആര്‍ജവമുള്ള കുറേ ഉദ്യോഗസ്ഥന്മാര്ക്ക് താങ്ങും തണലുമായി ഭരണകൂടം മാറണം. ഒറ്റയാള്‍ പട്ടാളമായ ശ്രീധരന്‍പോലും പതറുകയാണ്. സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നു. അതു പാടില്ല. ലോകം മുഴുവന്‍ കേരളത്തെപറ്റി തെറ്റായ സൂചികകള്‍ നല്കാന് ഇത്രയും അമാന്തം മതി. വിഴിഞ്ഞത്തിനുവേണ്ടി കൈയും മെയ്യും മറന്ന് നാം നില്‍ക്കണം. കേരളത്തിന്‍െറ തലയിലെഴുത്ത് മാറ്റുന്ന രീതിയിലുള്ള സാമ്പത്തികാഭിവൃദ്ധി ഈയൊരു പദ്ധതി സൃഷ്ടിച്ചേക്കും എന്ന് കണക്കുകള്‍ പറയുന്നു. മത്സ്യമേഖലയാകെ, പ്രത്യേകിച്ച് പരമ്പരാഗത മത്സ്യമേഖല, ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ആ പ്രദേശത്തെ ആള്‍ക്കാരുടെ ഹൃദയമിടിപ്പ് അടുത്തറിയുന്ന ഒരാളെന്ന നിലക്ക് കുറേ വര്‍ഷങ്ങളായുള്ള കാത്തുനില്പിന് അറുതിയാകും എന്ന് പ്രതീക്ഷിക്കുന്നു. അതിനോടനുബന്ധിച്ച് നടത്താന്‍ പോകുന്ന പദ്ധതികള്‍ സാമൂഹികക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമത്രെ! വറുതിയുടെ നാളുകള്‍ തീരുമോ? നമുക്ക് കാത്തിരിക്കാം. സര്‍ക്കാറിന്‍െറ മൃതാവസ്ഥയെ കുറിച്ച് എഴുതിവന്നപ്പോള്‍ പെട്ടെന്ന് ഒരു കാര്യം ഓര്മ വന്നു. ഇല്ല, ചില സന്ദര്‍ഭങ്ങളില്‍ എത്ര ഉത്സാഹത്തോടെയാണ് പ്രതികരിക്കുന്നതെന്ന് അറിയുമ്പോള്‍ ചിരിവരുന്നു. നമ്മുടെ പശ്ചിമഘട്ടം തുണ്ടംതുണ്ടമാക്കി മുറിച്ചുവില്ക്കുന്നതില് എത്രമേല്‍ ആര്‍ജവം? വന ഭൂമി കൃഷി ഭൂമിയാക്കി മാറ്റുന്നു. ആവാസ വ്യവസ്ഥകളുടെ വിധി തന്നെ ഒരു നാള്‍കൊണ്ട് മാറ്റിയെഴുതുന്നു. പട്ടയം വിതരണത്തിന് കാലവിളംബം കാണിക്കുന്ന ഉദ്യോഗസ്ഥരെ നിഷ്കരുണം സ്ഥലം മാറ്റുന്നു.
കോടതികളെയും മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനും ഉള്‍പ്പെടെയുള്ള അധമന്മാരെയും പ്രതിക്കൂട്ടിലടച്ച് വിളംബരങ്ങളിറക്കുന്നു. വനം വകുപ്പിന്‍െറ മാപ്പ് കീറിക്കളഞ്ഞ് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുന്നു. ആരോ വകുപ്പു മന്ത്രിയോട് ചോദിച്ചത്രേ: സാറേ, ഈ നാണംകെട്ട കസേരയില്‍, അപമാനിതനായി... വെളുപ്പ് ചിരിയോടെ, ഉത്തരം മൗനത്തിലൊതുക്കി; ഏറാന്മൂളിയായി അദ്ദേഹവും ഭരണത്തില്‍ വാഴുന്നു. ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍? തിരിച്ച് നീലകണ്ഠശര്മയിലേക്ക് തിരിച്ചുവരട്ടെ. അഭിഭാഷകന് എന്ന രീതിയില്‍ നീതിന്യായ വ്യവസ്ഥയോടും ഭരണകൂടത്തിനോടും ഇതേ ചോദ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടാവും അദ്ദേഹം മടങ്ങിയത്. അവ അരണിയിലെ സ്ഫുലിംഗങ്ങളാകട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
