Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചെന്നായ് എന്നു...

ചെന്നായ് എന്നു നിലവിളിക്കും മുമ്പ്

text_fields
bookmark_border
ചെന്നായ് എന്നു നിലവിളിക്കും മുമ്പ്
cancel

നാസികളുടെ പ്രഭാവകാലത്ത് അവരെ അനുകൂലിച്ച് ഒരു ജര്‍മന്‍ പത്രത്തില്‍വന്ന കാര്‍ട്ടൂണ്‍: തടിച്ചുകൊഴുത്ത ഒരു ജൂതബാലനും പശ്ചാത്തലത്തില്‍ മെലിഞ്ഞുണങ്ങിയ ഒരു ജര്‍മന്‍കുട്ടിയുമാണ് അതിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു രചനയില്‍ കാര്യം ഒന്നുകൂടി വ്യക്തമാക്കിയിരുന്നു. തടിച്ചുകൊഴുത്ത ഒരു തുരപ്പനും അസ്ഥിപോലും ശോഷിച്ച ഒരു പൂച്ചയുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍.
ഒരാവാസവ്യവസ്ഥയില്‍ ഹിതകരമായത്  ശോഷിക്കുകയും അഹിതകരമായത് പോഷിക്കുകയും ചെയ്യുന്ന വൈപരീത്യമാണ് രണ്ടു രചനകളുടെയും ‘മോട്ടീഫ്’. സമാനമായൊരു പ്രമേയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്‍െറ ക്രെഡിറ്റ് ബി.ജെ.പി നേതാവ് വി. മുരളീധരനവകാശപ്പെട്ടതാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തികമായും നിര്‍വീര്യമാക്കപ്പെടുകയാണെന്നും ന്യൂനപക്ഷങ്ങള്‍ അവരുടെ ജീവസ്ഥലിയുടെ വ്യാപ്തി അനുദിനം വര്‍ധിപ്പിക്കുകയാണെന്നുമാണ് ടിയാന്‍െറ വാദം.
ഒരു കാര്യത്തില്‍ ഏതായാലും മുരളി പഴയ നാസിപത്രങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. ജര്‍മനിയിലെ ന്യൂനപക്ഷമായിരുന്ന ജൂതര്‍ അവിടത്തെ മൃഗീയഭൂരിപക്ഷത്തേക്കാള്‍ സമ്പത്തിലും വിദ്യാഭ്യാസത്തിലും കേമന്മാരായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്. വെയ്മര്‍ ഭരണകാലത്ത് സാധാരണ ജര്‍മന്‍കാരുടെ ജീവിതം ദുരന്തപൂര്‍ണമായിരുന്നുവെന്നതും നിസ്തര്‍ക്കം.
പക്ഷേ, ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയോ? ഉദ്യോഗങ്ങളിലും സേനയിലും അവരുടെ സാന്നിധ്യം കഷ്ടിച്ച് മൂന്നു ശതമാനം. നഗരങ്ങളില്‍ അവരുടെ അവസ്ഥ ദലിതരേക്കാള്‍ പിന്നാക്കം. ഗ്രാമങ്ങളില്‍ ഗിരിജനങ്ങളേക്കാള്‍ അല്‍പം മെച്ചം.
പല നഗരങ്ങളിലെയും രാജപാതകള്‍ അവരുടെ ചേരിയുടെ അതിര്‍ത്തിയില്‍ ചോദ്യചിഹ്നങ്ങളായി അവസാനിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അതിന്‍െറ ഉപോല്‍പന്നങ്ങളായ കുറ്റകൃത്യങ്ങളും ലഹരിയും നിയമരാഹിത്യവും അവരുടെ പരിസരങ്ങളെ അടയാളപ്പെടുത്തുന്നു. ഒരു ജനതതിയെന്ന നിലക്ക് തങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന്  മനസ്സിലാക്കാന്‍വേണ്ട ജനതതിയെന്ന അറിവുപോലുമില്ലാത്തവര്‍ എന്ന് നയന്‍താര സഹ്ഗാള്‍ പറഞ്ഞ വിശേഷണം അവര്‍ക്ക് ചേരും.
ഇതിന് പുറമെയാണ് ഹിന്ദുത്വ ഭീകരില്‍നിന്ന് അവരനുഭവിക്കുന്ന ഭീഷണി. ഒരര്‍ഥത്തില്‍, കപ്പല്‍ച്ചേതം വന്ന്, നടുക്കടലിന്‍െറ ഏകാന്തതയില്‍ ലൈഫ്ബോട്ടില്‍ അഭയംതേടിയ ‘പൈ’യുടെ അവസ്ഥയിലാണവര്‍. ലൈഫ്ബോട്ടില്‍, റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന നരിക്കുട്ടനും ഒരു കഴുതപ്പുലിയുമായിരുന്നല്ളോ ‘പൈ’ക്ക് കൂട്ട്. തൊഗാഡിയമാരുടെയും സാക്ഷി മഹാജന്മാരുടെയും സാന്നിധ്യം മുസ്ലിംകളെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നല്ല.
ഉത്തരേന്ത്യന്‍ മുസ്്ലിം ഗെറ്റോകളില്‍ ഗവേഷണം നടത്തിയ ജെറമീ സീബ്രൂക്ക് മാലിന്യക്കൂമ്പാരങ്ങളില്‍ ജീവസന്ധാരണത്തിന് വഴിതേടുന്ന അവരുടെ അവസ്ഥ  ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട്. സീബ്രൂക്കിന്‍െറ അഭിപ്രായത്തില്‍ ചരിത്രവും വര്‍ത്തമാനവും നിഷേധിക്കപ്പെട്ട അവര്‍ രാഷ്ട്രീയ നിര്‍വീര്യവത്കരണത്തിന്‍െറ നിദര്‍ശനങ്ങളാണ്.
‘വാഷിങ്ടണ്‍ ടൈംസി’ലെ റിപ്പോര്‍ട്ടനുസരിച്ച് ഉത്തരേന്ത്യന്‍ മുസ്ലിംകളില്‍ പലരും ജോലിതേടാനും സാമൂഹികാംഗീകാരത്തിനും ഹിന്ദുപേരുകളും സാംസ്കാരിക ബിംബങ്ങളും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ചിലരെങ്കിലും സ്വന്തം ചാളകളില്‍ ഹിന്ദുദൈവങ്ങള്‍ക്ക് പ്രതിഷ്ഠ ഒരുക്കേണ്ടിവന്നിരിക്കുന്നു.
കേരളം അപവാദമോ?
ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ പതിതാവസ്ഥ ഒരര്‍ഥത്തില്‍ നരേന്ദ്ര മോദിപോലും അംഗീകരിച്ചതാണ്. യു.പിയിലെ ഒരു മുസ്ലിം മേഖലയിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു 50 വര്‍ഷത്തിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കിയതത്രയും കപടവാഗ്ദാനങ്ങള്‍ ആയിരുന്നു. മോഹനസ്വപ്നങ്ങള്‍ കാണിച്ച് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഒരു കൈയില്‍ കമ്പ്യൂട്ടറും മറ്റേതില്‍ ഖുര്‍ആനുമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുക. ചില അതി-നിഷ്കളങ്കരെങ്കിലും ഇതില്‍ വിശ്വസിച്ചു. പക്ഷേ, അവര്‍ക്ക് ലഭിച്ചത് ലാപ്ടോപ്പുകളോ ലോലിപോപ്പുകളോ ആയിരുന്നില്ല. വഞ്ചനയുടെയും ചതിയുടേയും ജുറാസിക് അവതാരങ്ങളായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇതിനകം 24 ശതമാനം വര്‍ധിച്ചുവെന്ന സ്ഥിതിവിവരത്തിനപ്പുറമാണ് മുസ്ലിം സ്വത്വം നേരിടുന്ന ഭീഷണി.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ താരതമ്യേന മെച്ചമായ അവസ്ഥ പരിവാര്‍ പ്രഭൃതികള്‍ക്ക് അലോസരമുണ്ടാക്കുന്നത്. സര്‍ക്കാര്‍ ജോലികളിലോ എയ്ഡഡ് മേഖലയിലോ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന് ഇന്നും ആനുപാതികമായ പ്രാതിനിധ്യമില്ളെന്നതിന് വസ്തുതകള്‍ സാക്ഷി. ബി.ജെ.പി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ അവര്‍ക്ക് അനുപാതത്തില്‍ കവിഞ്ഞ പ്രാതിനിധ്യമുള്ളത് സ്വാശ്രയമേഖലയിലാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വന്തം കാശുമുടക്കി കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ മുഖ്യമായും അനുഭവിക്കുന്നത് മുസ്ലിം സമുദായമാണ്. സര്‍ക്കാര്‍ ചെലവില്‍ പലപ്പോഴും വലിയ സ്്റ്റൈപെന്‍േറാടെ കുട്ടികള്‍ പഠിക്കുന്ന ഐ.ഐ.ടികളിലും ഐ.ഐ.എസ്.ഇ.ആറുകളിലും നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്ത ഒരു കൂട്ടര്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം കൊണ്ട് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതുപോലും തെറ്റ്. വിദ്യ സവര്‍ണന്‍െറ കുത്തകയാണെന്നും അത് ഒളിഞ്ഞുകേള്‍ക്കുന്ന കീഴാളന്‍െറ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും പറഞ്ഞ സവര്‍ണമനസ്സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുറ്റം പറയരുത്: ഏകലവ്യന്‍െറ വിരല്‍ ഛേദിച്ച പഴയ മേലാള മനസ്സില്‍നിന്ന് ജാതിമേദസ്സിന്‍െറ വിഷബീജങ്ങള്‍ വിപാടനം ചെയ്യുക അത്ര എളുപ്പമല്ല.
മുരളീധരന്‍െറ മറ്റൊരു പരാതി ഹൈവേയോടടുത്ത് ഒരു പ്രത്യേക സമുദായവും  തോട്ടംമേഖലയില്‍ മറ്റൊരു പ്രത്യേക സമുദായവും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ്. ഭൂമി വില്‍ക്കുന്നതത്രയും ഒട്ടും പ്രത്യേകമല്ലാത്ത സമുദായമാണെന്നതാണ് അദ്ദേഹത്തിന്‍െറ പരിഭവം. വിശ്വാസപരമായ കാരണങ്ങളാല്‍ പണം ബാങ്കിലിട്ട് പലിശവാങ്ങാന്‍ വകുപ്പില്ലാത്ത ഒരു പ്രത്യേക വിഭാഗം, പലപ്പോഴും ഫലദായകമല്ലാത്ത ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപിക്കുമ്പോള്‍ അതിന്‍െറ പ്രയോജനം ലഭിക്കുന്നത് പരമ്പരാഗതമായി അനുപാതരഹിതമായ ഭൂസ്വത്ത് കൈവശം വെച്ചിരിക്കുന്ന വരേണ്യ ന്യൂനപക്ഷത്തിനാണ്. അവരുടെ നിക്ഷേപങ്ങള്‍ പെരുകുകയും ജീവിതനിലവാരം ഉയരുകയും ചെയ്യുന്നു. പാണ്ഡവന്‍െറ കാലം മുതല്‍ തങ്ങളുടെ പ്രപിതാക്കള്‍ കൈവശംവെച്ച ഇത്തരം യക്ഷിനിലങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രബുദ്ധരായ പുതിയ ഹിന്ദുതലമുറക്ക് താല്‍പര്യമില്ളെന്നതാണ് വസ്തുത.
അതിരിക്കട്ടെ, കേരളത്തിലെ വന്‍ഭൂസ്വത്തുക്കള്‍ കൈവശംവെച്ചിരിക്കുന്നത് ടാറ്റ, ഹാരിസണ്‍ മലയാളം തുടങ്ങിയ കൂറ്റന്‍ കോര്‍പറേറ്റുകളാണ്. ‘ടാറ്റ ടീ’യുടെ കൈവശം മതിയായ രേഖകളില്ലാത്ത അമ്പതിനായിരം ഹെക്ടര്‍ ഭൂമിയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പീവീസ് ഗ്രൂപ് ഏതാനും സെന്‍റുകള്‍ കൈയേറിയെന്നും ഗള്‍ഫാര്‍ ഗ്രൂപ് കോവളം കൊട്ടാരം വാങ്ങിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും പെരുമ്പറ മുഴക്കിയ ബി.ജെ.പി എന്തുകൊണ്ട് ഈ വന്‍കിടകള്‍ക്കെതിരെ ചെറുവിരലനക്കുന്നില്ല? ഹിന്ദുക്കളായ ഭക്തജനങ്ങള്‍ ശ്രീ പത്മനാഭന് കാണിക്ക സമര്‍പ്പിച്ച  സ്വത്ത് ഒരു രാജവംശം കുറെക്കാലമായി കൈയടക്കിവെക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്നു. ആ സമ്പത്തിന്‍െറ ചെറിയ ഒരു വിഹിതം മതി കേരളത്തിലെ ഹിന്ദുക്കളുടെ സകലദാരിദ്ര്യവും പരിഹരിക്കാന്‍; ഒരു നൂറ് സ്വാശ്രയ കലാലയങ്ങള്‍ തുടങ്ങാന്‍. ഭൂരിപക്ഷ സമുദായത്തിന്‍െറ ദുരവസ്ഥയോര്‍ത്ത് ബാഷ്പം പൊഴിക്കുന്ന ബി.ജെ.പി എന്തുകൊണ്ട് ഇത്തരത്തില്‍ ചിന്തിക്കുന്നില്ല എന്നതിന് സംഘ്പരിവാറിന്‍െറ വരേണ്യ ഡി.എന്‍.എയെകുറിച്ചറിയുന്നവര്‍ക്ക് മതിയായ ബോധ്യമുണ്ട്.
കണക്കുകള്‍ കള്ളം പറയുന്നില്ല: ഇന്ത്യയിലെ ഭൂസ്വത്തിന്‍െറ സിംഹഭാഗവും കൈവശംവെച്ചിരിക്കുന്നത് ഉപരിപാളിയില്‍പെട്ട ഭൂരിപക്ഷ സമുദായത്തിലെ വരേണ്യ ന്യൂനപക്ഷമാണ്. വികസനമെന്ന വര്‍ണക്കടലാസ് കാണിച്ച് സാധാരണക്കാരുടെ നെഞ്ചിന്‍ മുകളിലൂടെ ഈ സൂക്ഷ്മാണുന്യൂനപക്ഷത്തിന് സുഗമപാതയൊരുക്കുകയാണ് ‘അഛാദിന്‍’ കൊണ്ട് ബി.ജെ.പി ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷ വിരോധത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന വര്‍ഗീയ പുകമറ അത്തരമൊരു ദൗത്യത്തിന് എന്തുകൊണ്ടും ഉശിരുപകരും. തൊഗാഡിയമാരും സാക്ഷീമഹാജന്മാരും നിര്‍വഹിക്കുന്ന ആ ഉദ്യമത്തിന്‍െറ കേരളീയവതാരമാവാനാണ് വി. മുരളീധരന്‍ ശ്രമിക്കുന്നത്. കേരളം ഗുജറാത്താവുന്ന അച്ഛാദിന്‍കള്‍ക്ക് അത് കാരണമാകരുത്!
 

Show Full Article
TAGS:
Next Story