Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശിരോവസ്ത്രം: നാം...

ശിരോവസ്ത്രം: നാം നിയമത്തിന് വേണ്ടിയാകുമ്പോള്‍ സംഭവിക്കുന്നത്

text_fields
bookmark_border
ശിരോവസ്ത്രം: നാം നിയമത്തിന് വേണ്ടിയാകുമ്പോള്‍ സംഭവിക്കുന്നത്
cancel

നിയമം നമുക്ക് വേണ്ടിയാണ്, നാം നിയമത്തിന് വേണ്ടിയല്ല എന്നത് നിയമവുമായി ബന്ധപ്പെട്ട് ഉച്ചത്തില്‍ കേള്‍കാറുള്ള ആപ്തവാക്യമാണ്. എന്നാല്‍ നിയമങ്ങള്‍ മൗലികാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്രത്തിന്‍െറയും കടക്കല്‍ കത്തിവെക്കുന്നതായാല്‍ പോലും ‘നിയമമാണ് പവിത്രം’ എന്ന നിലപാടാണ് ചിലരെങ്കിലും സ്വീകരിക്കാറുള്ളത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ സിസ്റ്റര്‍ സെബ എന്ന ശിരോവസ്ത്രധാരിണിയായ വിദ്യാര്‍ഥിനി മടങ്ങുന്നതിലത്തെിച്ചേര്‍ന്ന സംഭവപരമ്പര, നിയമം ആര്‍ക്ക് വേണ്ടിയാകണം എന്ന മൗലികതയിലേക്ക് തന്നെയാണ് നമ്മുടെ സംവാദങ്ങളെ നയിക്കേണ്ടത്. നിയമം അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന (ബി.ജെ.പിയുടെ ഭാഷയില്‍ പാകിസ്ഥാനിലേക്ക് പോകുക) ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ നടത്തിയ പ്രസ്താവനയുടെ അര്‍ഥംകൂടി ചേര്‍ത്താണ് ഈ ആലോചനകള്‍ വികസിക്കേണ്ടത്.

സി.ബി.എസ്.ഇ മെയ് മാസത്തില്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഇക്കഴിഞ്ഞ 25ന് വീണ്ടും പരീക്ഷ തീരുമാനിച്ചത്. ഹരിയാന പോലുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷയില്‍ ബ്ളൂടൂത്ത് ഡിവൈസുകളടക്കമുള്ള ഇലട്രോണിക് ഉപകരണങ്ങള്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ചു എന്നാണ് സുപ്രീംകോടതിയില്‍ തെളിയിക്കപ്പെട്ടത്. തുണ്ട് കടലാസില്‍ നിന്ന് ഹൈടെക് സംവിധാനത്തിലേക്ക് കോപ്പിയടി മാറിയത് പരീക്ഷ നടത്തിപ്പിനെ സങ്കീര്‍ണമാക്കുന്നത് തന്നെ. എന്നാല്‍ കൂടുതല്‍ നിരീക്ഷകരെ നിയമിച്ചും ഇലട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും പരിഹരിക്കാവുന്ന പ്രശ്നത്തിന് സി.ബി.എസ്.ഇ വളരെ വിചിത്രമായ പരിഹാരമാണ് കണ്ടത്തെിയത്. മുക്കുത്തി, കമ്മല്‍ തുടങ്ങി ചെരുപ്പ്, മന്ത്രച്ചരട്, ഫുള്‍കൈ കുപ്പായം വരെയുള്ളവ പരീക്ഷാഹാളില്‍ പ്രവേശിക്കുന്നവര്‍ ധരിക്കാന്‍ പാടില്ളെന്ന് സര്‍ക്കുലറിക്കി. കൂട്ടത്തില്‍ സ്കാര്‍ഫ് (ശിരോവസ്ത്രം) ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതും വിലക്കി. മുക്കുത്തി, കമ്മല്‍ തുടങ്ങി അലങ്കാരത്തിനുപയോഗിക്കുന്ന ആഭരങ്ങള്‍ നിരോധിച്ചത് പോലെ വളരെ ലാഘവത്തോടെയാണ് മതാചാരവുമായി ബന്ധപ്പെട്ട ശിരോവസ്ത്രവും വിലക്കിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതാചരണത്തിനുള്ള അവകാശം മാത്രമല്ല, വിദ്യാര്‍ഥികളുടെ വ്യക്തിപരമായ പ്രയാസം പോലും പരിഗണിക്കപ്പെട്ടില്ല. സ്ഥിരമായി മതപരമായ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടിക്ക് ഒരു ദിവസത്തേക്കാണെങ്കില്‍ പോലും വ്യത്യസ്തമായ വസ്ത്രം ധരിക്കേണ്ടി വരുന്നത് വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുക. സ്ഥിരമായി സാരി ധരിക്കുന്ന സ്തീയോട് ഒരു ദിവസം ജീന്‍സും ടീഷര്‍ട്ടും ധരിച്ച് വരാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? തീര്‍ച്ചയായും അതൊരു പീഡനദിനം തന്നെയാകും അവര്‍ക്ക്. ഇത്തരം മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ പരിഗണന നേടിയില്ല.

മുസ്ലിം പ്രശ്നം എന്ന നിലയില്‍ വിഷയത്തെ സമീപിക്കുമ്പോള്‍ ഈ സര്‍ക്കുലറിന് മുമ്പും ശേഷവുമായി സി.ബി.എസ്.ഇ എടുത്ത നിലപാടുകള്‍ കൂടി ചേര്‍ത്തുവായിക്കാവുന്നതാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം തടസപ്പെടുത്തുന്ന രീതിയില്‍ പൊതുപരീക്ഷകളുടെ സമയം ക്രമീകരിച്ച് സി.ബി.എസ്.ഇ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നുണ്ട്. സമയാസമയങ്ങളില്‍ മുസ്ലിം സംഘടനകള്‍ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും സമരപരിപാടികളടക്കം നടത്തുകയും ചെയ്തിട്ടും സി.ബി.എസ്.ഇ കേട്ടഭാവം കാണിക്കാറില്ല. അവസാനമായി ഈ മാസം 22ന് സി.ബി.എസ്.ഇ പുറത്തിറക്കിയ ഉത്തരവില്‍ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളില്‍ യോഗ നിര്‍ബന്ധമാക്കിയിരിക്കയാണ്. ശിരോവസ്ത്ര ബഹളത്തിനിടയില്‍ വിവാദമാകാതെ പോയ ഈ ഉത്തരവടക്കം വ്യക്തമാക്കുന്നത് സി.ബി.എസ്.ഇയിലെ ചില ഉദ്യോഗസ്ഥരെങ്കിലും രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ളവരാണെന്നാണ്.

ശിരോവസ്ത്രം വിലക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മുസ്ലിം സംഘടനകള്‍ അതിനെതിരെ പ്രതികരിച്ചിരുന്നു. എസ്.ഐ.ഒ (സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ) സമരപരിപാടികള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിയമ നടപടികളിലേക്കും നീങ്ങുകയുണ്ടായി. ഇതിനിടയില്‍ സി.ബി.എസ്.ഇ അധികൃതര്‍ വിശ്വാസത്തെ ഹനിക്കുന്ന നിലപാട് ഉണ്ടാകില്ളെന്ന് പ്രസ്താവനയിറക്കുകയുണ്ടായി. എന്നാല്‍ ആദ്യമിറക്കിയ സര്‍ക്കുലറില്‍ മാറ്റം വരുത്താന്‍ സി.ബി.എസ്.ഇ സന്നദ്ധമായില്ല. അതിനാലാണ് എസ്.ഐ.ഒ കേസുമായി മുന്നോട്ട് പോയത്. വിഷയത്തില്‍ ചീഫ് ജസ്റ്റിന്‍െറ നിലപാട് തീര്‍ത്തും നിരാശാജനകമായിരുന്നു. സി.ബി.എസ്.ഇയുടെ സര്‍ക്കുലറില്‍ ഇടപെടാനാവില്ളെന്ന് മാത്രമല്ല, മൂന്ന് മണിക്കൂര്‍ ശിരോവസ്ത്രമിടാതിരുന്നാല്‍ വിശ്വാസം നഷ്പെടില്ളെന്നും കേസിന്‍െറ പ്രചോദനം ദുരഭിമാനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്രയുമായപ്പോള്‍ കേസ് പരിഗണിച്ചാല്‍ തള്ളപ്പെടുമെന്നും അതോടെ സി.ബി.എസ്.ഇ സര്‍ക്കുലറിന് നിയമ പ്രാബല്യം വരുമെന്നും മനസിലാക്കി കേസ് പിന്‍വലിക്കുകയായിരുന്നു. ഇത്രയും നടന്നതിന് ശേഷമാണ് ആചാരപരമായ വസ്ത്രങ്ങള്‍ (Customary dresses) ധരിക്കുന്നവര്‍ അരമണിക്കൂര്‍ നേരത്തേ പരീക്ഷാ ഹാളിലത്തെണമെന്ന നിര്‍ദേശവുമായി സര്‍ക്കുലര്‍ സി.ബി.എസ്.ഇ പുറത്തിറക്കുന്നത്. ഈ സര്‍ക്കുലറിന് തിയ്യതി ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കുലര്‍ നിര്‍ദേശം പോലും പരീക്ഷാ നാളില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.

 കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ളെന്ന വാര്‍ത്ത വന്നതോടെ, അതുവരെ മുസ്ലിം വിഷയമായിരുന്ന ഒരുകാര്യം പൊതുസമൂഹത്തിന്‍െറ കൂടി വിഷയമാകുന്നത് നാം കണ്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ വെണ്ടക്കയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപനങ്ങളും നിരത്തി. പക്ഷേ അപ്പോഴേക്കും സിസ്റ്റര്‍ സെബയുടെ പരീക്ഷ എഴുതാനും അങ്ങനെ അറിവിന്‍െറ ഉയരങ്ങളിലേക്ക് അഗ്നിച്ചിറകുകള്‍ വിടര്‍ത്തി പറക്കാനുമുള്ള ഒരവസരം നഷ്പ്പെട്ടിരുന്നു. തീര്‍ച്ചയായും സിസ്റ്റര്‍ സെബക്കെതിരെയുണ്ടായ നീതിനിഷേധം ചോദ്യംചെയ്യപ്പെടേണ്ടതാണ്. കാരണക്കാര്‍ക്കെതിരെ നടപടിയുണ്ടാകണം. എന്നാല്‍, പോരാട്ടം അതില്‍ പരിമിതപ്പെടാനനുവദിക്കരുത്. ക്രിസത്യന്‍ മിഷിനറി സ്കൂളുകളിലടക്കം ‘തട്ടം പിടിച്ച് വലിക്കുന്ന’ മാനേജ്മെന്‍റുകള്‍ ഇങ്ങ് കേരളത്തിലുമുണ്ട്. ശിരോവസ്ത്രം ധരിച്ച, കന്യാസ്ത്രീകള്‍ കൂടിയായ അധ്യാപകര്‍ക്ക് പോലും തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടിയുടെ അവകാശമംഗീകരിച്ച് കൊടുക്കാനവില്ളെന്നത് വിരോധാഭാസമാണ്. സ്ഥാപനവല്‍കൃത ഇസ്ലാമോഫോബിയയെന്ന് അക്കാദമിക ലോകത്ത് വ്യവഹരിക്കപ്പെടുന്ന പ്രതിഭാസത്തിന്‍െറ ലാഞ്ചനകള്‍ സി.ബി.എസ്.ഇ നടപടിയിലും ന്യായാധിപന്മാരുടെ വാക്കുകളിലും വെളിപ്പെടുന്നുണ്ട്. ഫാഷിസം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊഞ്ഞനംകുത്തുന്ന, ഇസ്ലാമോഫോബിയ ഒളിഞ്ഞും തെളിഞ്ഞും ഓരിയിടുന്ന കാലത്ത് കൂടുതല്‍ ജാഗ്രത ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാകണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അംഗീകരിക്കാനവുന്നതവണം നിയമം. അവകാശങ്ങള്‍ക്ക്നേരെ വാളോങ്ങുന്ന നിയമങ്ങള്‍ക്കെതിരെ ചോദ്യമുയരണം. നാം നമുക്ക് വേണ്ടി നിയമമുണ്ടാക്കുന്നതാണ് ജനാധിപത്യം. അതിനാല്‍ നിയമം നമുക്ക് വേണ്ടിയാകുവോളം നമുക്ക് പോരാടം.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story