നെല്ലിയുടെ മുറിവുകളെ കുത്തിനോവിക്കണോ?
text_fields1983ലെ നെല്ലി കൂട്ടക്കൊല സംബന്ധിച്ച, ഇക്കാലമത്രയും പൂഴ്ത്തിവെച്ചിരുന്ന തിവാരി കമീഷൻ റിപ്പോർട്ട് പൊടുന്നനെ പരസ്യപ്പെടുത്താനുള്ള അസം സർക്കാർ തീരുമാനത്തെ ആശ്വാസത്തോടെയല്ല, ഉത്കണ്ഠയോടെയാണ് ജനങ്ങൾ കാണുന്നത്. സുതാര്യതയോ നീതിയോ ഉറപ്പാക്കുന്നതിനല്ല, പഴയ മുറിവുകൾ തുറക്കാനും മറികടന്നു തുടങ്ങിയ സംശയങ്ങളും സങ്കടങ്ങളും വീണ്ടുമുയരാനും ഈ നീക്കം വഴിവെച്ചേക്കുമെന്ന് പലരും ആശങ്കപ്പെടുന്നു.
നെല്ലി മേഖലയിലെ ജനങ്ങൾ ഒടുവിൽ സമാധാന ജീവിതത്തിലേക്കെത്തിയ ഘട്ടത്തിൽ റിപ്പോർട്ട് പുറത്തുവിടുന്നത് വർഷങ്ങൾകൊണ്ട് വീണ്ടെടുത്ത വിശ്വാസത്തെ തകർക്കുമെന്ന പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയുടെ അഭിപ്രായം കൃത്യമാണ്. ഭിന്നതകൾക്കതീതമായി നാടിന് സംഗീതം പകർന്നുനൽകിയ സുബീൻ ഗാർഗിന്റെ വിയോഗത്തിന്റെ പേരിൽ ഹിന്ദുക്കളും മുസ്ലിംകളും ഒരേ മനസ്സോടെ നിൽക്കുന്ന വേളയിൽ സർക്കാർ നടത്തുന്ന ഈ നീക്കം ‘നിരാശജനകം’ എന്നാണ് ‘ദ നെല്ലി സ്റ്റോറി’ സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പാർഥജിത് ബറുവ വിശേഷിപ്പിച്ചത്.
നെല്ലി കൂട്ടക്കൊല ആധുനിക അസമിന്റെ ചരിത്രത്തിലെ ചോരയിൽ മുങ്ങിയ അധ്യായങ്ങളിലൊന്നാണ്. പ്രക്ഷുബ്ധമായ അസം പ്രക്ഷോഭ കാലത്ത്, 1983 ഫെബ്രുവരി 18ന്, അസമീസ് ഹിന്ദുക്കളും തദ്ദേശീയ ഗോത്രക്കാരും അടങ്ങുന്ന ജനക്കൂട്ടം മോറിഗോൺ ജില്ലയിലെ ബംഗാളി മുസ്ലിംകളുടെ താമസകേന്ദ്രങ്ങൾ ആക്രമിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, 2,100ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, സ്ത്രീകളും കുട്ടികളുമായിരുന്നു അതിലേറെയും. മധ്യ അസമിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ കൃഷിപ്പണി ചെയ്യാൻ 1930കളിൽ കിഴക്കൻ ബംഗാളിൽ നിന്ന് കുടിയേറിയവരുടെ പിന്മുറക്കാരായിരുന്നു ഈ കുടുംബങ്ങൾ.
551 പേജുള്ള റിപ്പോർട്ട് തിവാരി കമീഷൻ 1984 മേയ് മാസം അന്നത്തെ ഹിതേശ്വർ സൈകിയ സർക്കാറിന് സമർപ്പിച്ചതാണ്. പക്ഷേ, ഒരിക്കലും അസം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടില്ല. വിവിധ രാഷ്ട്രീയ കക്ഷികൾ നേതൃത്വം നൽകുന്ന സർക്കാറുകൾ അധികാരത്തിൽ വന്നു. അവരെല്ലാം റിപ്പോർട്ട് പരസ്യമാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി. ഒരുപക്ഷേ, വേദനകളെ വീണ്ടും തുറക്കുന്നതിനേക്കാൾ ഓർമയുടെ നിശ്ശബ്ദ സഹിഷ്ണുതയിലാണ് സമാധാനം നിലനിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടാവാം. 43 വർഷങ്ങൾക്കുശേഷം കരുണയും സാംസ്കാരിക ഐക്യദാർഢ്യവും ഭിന്നതകൾ പരിഹരിച്ചുകൊണ്ടിരിക്കെ ആ റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങുമ്പോൾ ഒരു അടിസ്ഥാന ധാർമിക ചോദ്യം ഉയർത്തുന്നു: രാഷ്ട്രീയത്തിന്റെയും നീതിയുടെയും എന്തു ലക്ഷ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടാൻ പോകുന്നത്?
അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്ത പ്രകാരം, ഓരോ സാമൂഹിക സ്ഥാപനത്തിനും മനുഷ്യ വളർച്ചയിൽ അതിന്റെ പങ്ക് നിർവചിക്കുന്ന ഒരു ലക്ഷ്യമോ അന്ത്യമോ ഉണ്ട്. കേവലം നിയമങ്ങൾ നടപ്പാക്കാനോ തെറ്റുകൾക്ക് ശിക്ഷ നൽകാനോ മാത്രമല്ല സൗഹൃദം, നീതി, പൗരബോധം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തി നല്ല ജീവിതങ്ങൾ സൃഷ്ടിക്കാനാണ് രാഷ്ട്രീയം നിലനിൽക്കുന്നത് എന്നാണ് അദ്ദേഹം വിശ്വസിച്ചത്. ഈ അർഥത്തിൽ, നീതി കേവലം നടപടിക്രമമല്ല, അതു ലക്ഷ്യാധിഷ്ഠിതമാണ്.
രാഷ്ട്രീയത്തിന്റെ ലക്ഷ്യം മുറിവുകൾ ഉണക്കുകയും സംഘർഷം ഛിന്നഭിന്നമാക്കിയതിനെ ഒരുമിപ്പിക്കലുമാണെങ്കിൽ, ഇന്ന് നെല്ലി റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ അത്തരമൊരു ലക്ഷ്യവും നിറവേറ്റപ്പെടുന്നില്ല. അതു സുതാര്യത സംബന്ധിച്ച വാചകമടികൾക്ക് ഉപകരിച്ചേക്കാം, പക്ഷേ സമുദായങ്ങൾ ഏറെ പണിപ്പെട്ട് പുനഃസ്ഥാപിച്ച ധാർമിക ക്രമം തകർക്കാൻ സാധ്യതയുണ്ട്. യഥാർഥ നീതി എന്നത് ഭൂതകാലത്തെ വെളിപ്പെടുത്തൽ മാത്രമല്ല, വർത്തമാനകാലത്ത് വിശ്വാസം പുതുക്കൽ കൂടിയാണ്. ഭരണകൂടം ഈ ലക്ഷ്യം മറക്കുകയും ഓർമയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയും ചെയ്യുമ്പോൾ, നീതി പ്രതികാരമായി മാറുന്നു, രാഷ്ട്രീയം വെറുമൊരു കെട്ടുകാഴ്ചയായി ഒടുങ്ങുന്നു.
റിപ്പോർട്ട് അവതരിപ്പിക്കുന്നത് അനുകമ്പ, ഉത്തരവാദിത്തം, മുറിവുണക്കൽ എന്നിവക്ക് ഗുണപ്പെടുമെങ്കിൽ ന്യായീകരിക്കാമായിരുന്നു. എന്നാൽ, കേവലം തെരഞ്ഞെടുപ്പിനോടടുപ്പിച്ചുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കും ഭയം വീണ്ടും ആളിക്കത്തിക്കാനുമാണ് അതു വഴിവെക്കുന്നതെങ്കിൽ ഭരണത്തിന്റെ യഥാർഥ ലക്ഷ്യംതന്നെയാണ് അപമാനിക്കപ്പെടുന്നത്.
ഓർമയുടെ രാഷ്ട്രീയം
റസ്സൽ ബാങ്ക്സിന്റെ ‘ദ സ്വീറ്റ് ഹിയർ ആഫ്ടർ’ എന്ന നോവലിൽ നമ്മുടെ കാലത്തിന്റെ അലോസരപ്പെടുത്തുന്ന ഒരു ഉപമ കാണാനാവും. ഒരു ചെറു അമേരിക്കൻ പട്ടണത്തിലുണ്ടായ, ഒരുപാട് കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂൾ ബസ് അപകടമാണ് നോവലിന്റെ ഇതിവൃത്തം. ദുഃഖം മുറ്റിനിൽക്കെ, അഭിഭാഷകരും മാതാപിതാക്കളും നാട്ടുകാരും മുറിവുണക്കാനല്ല, കുറ്റം ചുമത്തുന്ന വ്യവഹാരങ്ങളിലാണ് വ്യാപൃതരാവുന്നത്. വേദന രാഷ്ട്രീയവത്കരിക്കപ്പെടുന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നു. സഹാനുഭൂതിയിൽനിന്ന് വേർപെട്ടാൽ സത്യത്തിന് ഒരു സമൂഹത്തെ നശിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് നോവൽ പകരുന്ന പാഠം.
നെല്ലിയെക്കുറിച്ചുള്ള ഓർമയെ അതേ കണ്ണിലൂടെ മനസ്സിലാക്കണം. പതിറ്റാണ്ടുകളായി, കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങൾ വിവാഹങ്ങൾ, കൂട്ടായ അധ്വാനം, പ്രാർഥനകൾ എന്നിവയിലൂടെ നിശ്ശബ്ദമായി പാലങ്ങൾ നിർമിച്ചു. അവർ നെല്ലിയെ മറന്നിട്ടില്ല, പക്ഷേ അതിനൊപ്പം ജീവിക്കാൻ പഠിച്ചു. അവരുടെ മൗനം നിഷേധമല്ല, അത് പ്രതിരോധശേഷിയാണ്. ഇപ്പോൾ റിപ്പോർട്ട് വീണ്ടും തുറക്കുന്നത് ആ ദുർബലമായ മൗനത്തെ പുതിയസംശയമാക്കി മാറ്റാൻ സാധ്യതയുണ്ട്. ഇത്തരം നിമിഷങ്ങളിൽ, രാഷ്ട്രീയത്തിന് എങ്ങനെ അനുരഞ്ജനം വളർത്താനാകുമെന്ന് വീണ്ടും കണ്ടെത്തണം. ഓർമയെ മുതലെടുപ്പിനുവേണ്ടി ആയുധമാക്കാതെ, ജ്ഞാനമാക്കി മാറ്റാൻ പഠിക്കണം.
ക്ഷമിക്കാനുള്ള സ്വാതന്ത്ര്യം
അരിസ്റ്റോട്ടിലിന്റെയും ഗാന്ധിയുടെയും കാഴ്ചപ്പാടിൽ, സ്വാതന്ത്ര്യം എന്നത് പ്രവർത്തിക്കാനുള്ള കഴിവ് മാത്രമല്ല, ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കൂടിയാണ്. അസമിലെപ്പോലെ വൈവിധ്യമുള്ള, മുറിവേറ്റ ഒരു സമൂഹത്തിൽ, സ്വാതന്ത്ര്യം ക്ഷമിക്കാനുള്ള സ്വാതന്ത്ര്യവും, ചരിത്രത്തിന് ബന്ദിയാകാതെ മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യവുമായിരിക്കണം.
ഇവിടെയാണ് സർക്കാർ തീരുമാനം അസ്ഥാനത്തായി തോന്നുന്നത്. 43 വർഷങ്ങൾ എന്നത് വലിയൊരു കാലയളവാണ്. അതിജീവിച്ചവരിൽ അധികപേർക്കും വയസ്സായി, പലരും ഈ ലോകംതന്നെ വിട്ടുപോയി. ഇരകളുടെയും കുറ്റവാളികളുടെയും മക്കൾ ഇപ്പോൾ ഒരേ സ്കൂളുകളും തൊഴിലിടങ്ങളും പാട്ടുകളും പങ്കിടുന്നു. റിപ്പോർട്ട് പെട്ടെന്ന് വീണ്ടും തുറക്കുന്നത് ധീരമായ ഒരു പ്രവൃത്തിയല്ല; അത് കാലത്തിന്റെ ധാർമിക ജ്ഞാനത്തെ അവഗണിക്കുന്ന പ്രവൃത്തിയാണ്. നീതിയുക്തമാവണമെങ്കിൽ നീതി സമയോചിതമായിരിക്കണം. അതു വളരെ വൈകി വരുമ്പോൾ, പലപ്പോഴും മുറിവുകൾ ഉണങ്ങുന്നതിനെ തടയുന്നു; മനുഷ്യർ സഹിഷ്ണുതയിലൂടെ സാധ്യമാക്കിയ അനുരഞ്ജനങ്ങളെ അസ്ഥിരപ്പെടുത്താനിടയാക്കുന്നു.
സത്യത്തിനും ചരിത്രപരമായ രേഖകൾക്കും തീർച്ചയായും ന്യായമായ സ്ഥാനമുണ്ട്. നെല്ലി ദുരന്തം രേഖപ്പെടുത്തുകയും പഠിപ്പിക്കുകയും ഓർമിക്കുകയുംവേണം. എന്നാൽ, ഓർമിക്കുന്നതും ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കുന്നതും ഒരുപോലെയല്ല. ഓർമ പ്രതികാരത്തിലേക്ക് നയിക്കാതെ അനുരഞ്ജനത്തിലേക്ക് നയിക്കുമ്പോൾ മാത്രമേ നീതിക്ക് ഉപകരിക്കൂ. മുറിവുകൾ വീണ്ടും തുറക്കുന്നതിനുപകരം സ്മാരകങ്ങൾ, സ്കോളർഷിപ്പുകൾ, സമാധാന വിദ്യാഭ്യാസം എന്നിവയിൽ ഊന്നൽ നൽകാം. അത് ഇരകളെ ആദരിക്കുകയും ജീവിച്ചിരിക്കുന്നവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ്. ഒത്തൊരുമിച്ചുള്ള കലാ-സാംസ്കാരിക-സാമ്പത്തിക പദ്ധതികളിലൂടെ സമുദായങ്ങളെ ഒരുമിപ്പിക്കുന്ന പ്രാദേശിക സംരംഭങ്ങളെ പിന്തുണക്കാം. അതുവഴി ഓർമയെ വേദനയിലേക്കുള്ള തിരിച്ചുവരവിനുപകരം നവീകരണത്തിനുള്ള പാലമാക്കി മാറ്റാം.
ചില സമയങ്ങളിൽ, മൗനം ഒരു ധാർമിക പ്രവൃത്തിയായി മാറുന്നു. നിഷേധത്തിന്റെ മൗനമല്ല, മാന്യതയുടെ മൗനം, അവസരവാദത്താൽ ഭൂതകാലത്തിന്റെ വിലയിടിക്കാൻ അനുവദിക്കാനുള്ള വിസമ്മതം. അസമിന് ഇന്ന് അത്തരമൊരു മൗനം ആവശ്യമാണ്. അരിസ്റ്റോട്ടിൽ അസമിലേക്ക് നോക്കുകയാണെങ്കിൽ, അവിടം ഒരു ധാർമിക വഴിത്തിരിവിലാണെന്ന് അദ്ദേഹം പറഞ്ഞേനെ. ഒരു പാത സ്നേഹവും സ്വാതന്ത്ര്യവും നൽകുന്ന നീതിയുടെയും ക്ഷമയുടെയും രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു. മറ്റേ പാത നീതിയെ വിഭജനത്തിന്റെ ഉപകരണമാക്കുന്ന ഭയത്തിന്റെയും കാട്ടിക്കൂട്ടലുകളുടെയും രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു. അതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
(ഗുവാഹതി സർവകലാശാല നിയമവിഭാഗം അധ്യാപികയായ പല്ലവിദേവിയും ഗവേഷകയായ റിങ്കി ബോറയും countercurrents.orgൽ എഴുതിയ കുറിപ്പിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

