മറക്കില്ല, മാർക്ക് ടള്ളി
text_fieldsഡ്രൈവർക്കൊപ്പം മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ലോസ് ആഞ്ജലസ് ടൈംസിലെ മാർക്ക് ഫൈൻമാൻ. ഭഗവാൻ കൃഷ്ണന്റെ നഗരിയായ മഥുരയിലെ ടോൾ പിരിവ് കേന്ദ്രത്തിന് മുന്നിൽ കാർ നിർത്തിയതും പിൻസീറ്റിലിരുന്ന ഒരു ഇന്ത്യൻ റിപ്പോർട്ടർ വിളിച്ചുപറഞ്ഞു- ‘‘മാർക്ക്, താങ്കൾ ഒരു മാധ്യമപ്രവർത്തകനാണെന്ന് പറയൂ, അവർ വിട്ടയക്കും’’
‘മാർക്ക്’ എന്ന പേര് കേട്ടതും ടോൾ ജീവനക്കാരന്റെ കണ്ണുകൾ തിളങ്ങി. റോഡരികിലെ കയറുകട്ടിലിൽ ബീഡിയും വലിച്ചിരിക്കുന്ന സുഹൃത്തുക്കളെ അയാൾ കൈവീശി വിളിച്ചു. അവർ ഓടി കാറിനെ വളഞ്ഞു-‘‘മാർക്ക് ടള്ളീ! മാർക്ക് ടള്ളീ!’’ എന്നാർത്തുവിളിച്ചു. അവർക്ക് ആള് മാറിപ്പോയെന്ന കാര്യം തിരിച്ചറിയുന്നതിനുമുമ്പേ, രോഷാകുലനായ മാർക്ക് ഫൈൻമാൻ ‘‘ഇതാ നിന്റെ ടോൾ, എന്നെ പോകാൻ അനുവദിക്കൂ’’ എന്നുപറഞ്ഞ് ഒരു പത്തു രൂപാ നോട്ട് ടോൾ കീപ്പർക്കുനേരെ എറിഞ്ഞു.
ഒരുപക്ഷേ ആ സംഭവത്തോടെ ഫൈൻമാൻ ശരിക്കും തളർന്നുപോയിട്ടുണ്ടാകാം. വിദേശ മാധ്യമപ്രവർത്തകരുടെ നിരയിൽ എന്നും എപ്പോഴും മുകളിൽ ഒരാളുണ്ടായിരുന്നു-സർ മാർക്ക് ടള്ളി. സന്തുലനം, വിശ്വാസ്യത, ജാഗ്രത, വ്യക്തിപരമായ ആകർഷണീയത എന്നിങ്ങനെ തികച്ചും പ്രഫഷനൽ മികവുകളാലാണ് അദ്ദേഹം ആ ഉന്നത നിലയിൽ എത്തിയത്. ജോർബാഗിലെ സഫ്ദർജങ് കുടീരത്തിനരികിലും പിന്നീട് നിസാമുദ്ദീൻ ഈസ്റ്റിലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സൗഹൃദക്കൂട്ടിലേക്ക് എല്ലാ വിഭാഗം ആളുകളും ആകർഷിക്കപ്പെട്ടിരുന്നു. മാർക്കിന്റെ ഭാര്യ മാർഗരറ്റ്, അദ്ദേഹത്തിന്റെ പിതാവിന്റെ സമ്മതി നേടിയ ഊർജസ്വലയായ ഒരു വിക്ടോറിയൻ വനിതയായിരുന്നു.
‘ബുരാ സാഹിബ്’ എന്ന് മാർക്ക് വിശേഷിപ്പിച്ചിരുന്ന പിതാവ് കൽക്കട്ട ആസ്ഥാനമായ ഗില്ലാൻഡേഴ്സ് അർബുത്നോട്ടിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് മാർക്ക് ജനിച്ചത്. ഡാർജിലിങ്ങിലെ സെന്റ് പോൾസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാൾബറോ കോളജിൽ. അതു കഴിഞ്ഞ് കേംബ്രിജിലെ ട്രിനിറ്റി ഹാളിൽ ദൈവശാസ്ത്ര പഠനം. ഒരു വൈദികനാകാനുള്ള അദ്ദേഹത്തിന്റെ ഉദ്യമത്തെ തടസ്സപ്പെടുത്തിയത് ട്രിനിറ്റി ഹാളിലെ ട്യൂട്ടറായിരുന്ന, പിന്നീട് കാന്റർബറി ആർച് ബിഷപ്പായി മാറിയ റോബർട്ട് റൺസിയാണ്.
‘‘മാസ്റ്റർ ടള്ളി, പള്ളിയിലെ പ്രസംഗപീഠത്തേക്കാൾ പബ്ബാണ് നിങ്ങൾക്ക് കൂടുതൽ ചേരുകയെന്ന് തോന്നുന്നു’’ എന്ന റൺസിയുടെ തമാശ പറച്ചിലിൽ ഒരു സത്യമുണ്ടെന്ന് മാർക്ക് തിരിച്ചറിയുകയായിരുന്നു.
അതെ, മാർക്ക് ബിയർ ആസ്വദിച്ചിരുന്നു. പ്രിയപ്പെട്ട ഫ്ലാറ്റ് ബിറ്റർ ബിയർ ഇന്ത്യയിൽ ലഭ്യമല്ലാഞ്ഞതിനാൽ അദ്ദേഹം വീട്ടിൽ തന്നെ അത് നിർമിക്കാനും ശ്രമിച്ചിരുന്നു. തന്റെ വൈദിക പരിശീലനത്തിനും വിനോദങ്ങളും വികൃതികളും നിറഞ്ഞ യഥാർഥ ജീവിതത്തിനും ഇടയിൽ മാർക്ക് എന്നും അസ്വസ്ഥനായിരുന്നു. തന്റെ വിശ്വാസം പാപമെന്ന് കരുതുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ സദാചാരം തങ്ങിനിന്നു. ഉദാഹരണത്തിന്, ഡൽഹി ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ശ്രീലാൽ ശുക്ല എഴുതിയ ‘രാഗ് ദർബാരി’, റാഹി മാസൂം റാസ രചിച്ച ‘ആധാ ഗാവ്’ തുടങ്ങിയ ക്ലാസിക് നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി ഗിലിയൻ റൈറ്റുമായി അദ്ദേഹം പ്രണയത്തിലായി. ഗിലിയനോടൊപ്പം താമസിക്കുമ്പോഴും ഒരുതരം കുറ്റബോധം മാർക്കിനെ വേട്ടയാടിയിരുന്നു. അദ്ദേഹം മാർഗരറ്റിനെ വിവാഹമോചനം ചെയ്തില്ല. ഹാംപ്സ്റ്റെഡിലെ അവരുടെ വീട്ടിൽവെച്ച് ഞാൻ കണ്ട മാർഗരറ്റും മാർക്കും തമ്മിലെ ബന്ധം കളിചിരികളും സ്നേഹവും നിറഞ്ഞതായിരുന്നു.
മാർക്കും ഗിലിയനും തമ്മിലെ ബന്ധം തളിർത്ത കാലം എനിക്ക് പറയാൻ കഴിയും-1979 ഏപ്രിൽ. അടൽ ബിഹാരി വാജ്പേയിക്കൊപ്പം ഞാൻ ചൈനയിലേക്ക് പോകേണ്ടതായിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസ് നിർണായക ഘട്ടത്തിൽ നിൽക്കുന്ന സമയമായിരുന്നതിനാൽ, യാത്രാമധ്യേ ഇസ്ലാമാബാദിൽ നിന്ന് ആ വാർത്ത കൂടി ശേഖരിക്കാൻ ഞാൻ തീരുമാനിച്ചു. റാവൽപിണ്ടിയിലെ ഫ്ലാഷ് മാൻസ് ഹോട്ടലിൽ മാർക്ക് ടള്ളിയുടെ തൊട്ടടുത്ത മുറിതന്നെ കിട്ടിയത് എനിക്ക് വലിയ സന്തോഷമായി. അക്കാലത്ത് ഗിലിയൻ ഉർദുവിൽ കത്തുകൾ എഴുതാറുണ്ടായിരുന്നു.
എന്നാൽ, അത് റോമൻ ലിപിയിലായിരുന്നു. ഇത്തരത്തിൽ, താൻ വീടാക്കിയ രാജ്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിച്ച ഇംഗ്ലീഷുകാരന് ഗിലിയൻ ഒരു പാലമായി മാറി. ഇവിടെയും മാർക്ക് അസ്വസ്ഥനായിരുന്നു: അദ്ദേഹം ഇന്ത്യയെ സ്നേഹിച്ച ഒരു ഇംഗ്ലീഷുകാരനായി തുടർന്നു. അദ്ദേഹത്തിന് പത്മശ്രീയും പത്മഭൂഷണും ഒപ്പം നൈറ്റ്ഹുഡും ലഭിച്ചതിൽ ഒരു കാവ്യനീതിയുണ്ട്.
മാർക്കിനെ സന്ദർശിക്കാനെത്തുന്നവരുടെ നീണ്ട നിര എനിക്ക് മുറിയിൽനിന്ന് കാണാമായിരുന്നു. അവരിൽ പലരും യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. എനിക്ക് പാകിസ്താനിൽ കാര്യമായ വാർത്താ സ്രോതസ്സുകളൊന്നുമില്ലെങ്കിലും ഭൂട്ടോയെ തൂക്കിലേറ്റുമോ എന്ന കാര്യത്തിൽ മാർക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിച്ചു. ഒരു ദിവസം പുലർച്ചെ കറാച്ചിയിലുള്ള കസിന്റെ ഫോൺ:‘‘ഭയ്യാ, നിങ്ങൾ മാർക്ക് ടള്ളി താമസിക്കുന്ന അതേ ഹോട്ടലിൽ ആയതുകൊണ്ട് ഭൂട്ടോയെ തൂക്കിലേറ്റിയ വാർത്ത നിങ്ങൾക്ക് കിട്ടിക്കാണുമല്ലോ അല്ലേ?’’ എനിക്കത് വല്ലാത്ത പ്രയാസമുണ്ടാക്കി. മാർക്ക് തന്റെ അന്താരാഷ്ട്ര സ്കൂപ്പുകളിൽ ഒന്ന് റിപ്പോർട്ട് ചെയ്തിരുന്നു, തൊട്ടടുത്ത മുറിയിലുണ്ടായിട്ടും എനിക്കൊരു സൂചന പോലും നൽകാതെ. ഞാൻ പരിഭവം പറയാൻ ചെന്നപ്പോൾ മാർക്ക് തുറന്നടിച്ചു പറഞ്ഞു: ‘‘നോക്കൂ സഈദ്, ഞാനൊരു പ്രഫഷനലാണ്. വാർത്താ റിപ്പോർട്ടിങ്ങിന്റെ കാര്യത്തിൽ എനിക്ക് ബി.ബി.സിയോട് മാത്രമാണ് കൂറ്’’.
ഒരു ഇന്ത്യക്കാരന്റെ കൂറ് സ്വന്തം ഗ്രാമത്തോടാണ്. മുഹർറം പത്തിലെ ആചാരങ്ങൾ കാണാൻ മാർക്കും ഗിലിയനും എന്റെ ഗ്രാമമായ മുസ്തഫാബാദിലേക്ക് അനുഗമിച്ചതോടെ ഞങ്ങളുടെ സൗഹൃദത്തിന് പുതിയൊരു തലം കൈവന്നു. ഉത്തരേന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന നഖ്വി കുടുംബത്തിലെ ഏകദേശം 50 ഓളം പേർ അന്ന് മുസ്തഫാബാദിൽ ഒത്തുകൂടിയിരുന്നു. മാർക്കും ഗിലിയും അവിടെയുള്ള എല്ലാവർക്കും പ്രിയപ്പെട്ടവരായി. അവർ പലതവണ ഗ്രാമം സന്ദർശിക്കാനെത്തി എന്നതിൽ മുസ്തഫാബാദുകാർ അഭിമാനം കൊണ്ടു. മിർ അനീസ് രചിച്ച മർസിയകൾ (വിലാപകാവ്യങ്ങൾ) പള്ളി മിമ്പറിൽ കയറി നിന്ന് ആലപിക്കുന്ന ഗിലിയൻ അവിടത്തെ സ്ഥിരം കാഴ്ചയായി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ട് തിരിച്ചെത്തിയതോടെ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ചില മാറ്റങ്ങളുണ്ടായി. നെഹ്റൂവിയൻ മതേതരത്വം ഇന്ത്യയുടെ മതപരമായ സ്വത്വത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം കരുതാൻ തുടങ്ങി. ഇത് ഹിന്ദുത്വത്തിന്റെ ഒരു തുടക്കമാണോ എന്ന് മാർക്ക് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു.
ദക്ഷിണേഷ്യയിലും ലോകമെമ്പാടുംതന്നെയും ബി.ബി.സി റേഡിയോ കൈവരിച്ച സ്വാധീനവും വിശ്വാസ്യതയും മാർക്ക് ടള്ളി എന്ന വ്യക്തിയുടെ മാത്രം പരിശ്രമഫലമാണ്, അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്. ഒരിക്കൽ ഒരു തെരഞ്ഞെടുപ്പ് സർവേക്കായി മാർക്കും വഖാർ അഹമ്മദും മാർക്കിന്റെ വിശ്വസ്ത സഹകാരി സതീഷ് ജേക്കബും കൂടി മഹ്മൂദാബാദിനടുത്തുള്ള ഒരു ഗ്രാമത്തിൽ പോയി. അവിടെ കട്ടിലിൽ കിടക്കുന്ന ഒരു വയോധികനെ കണ്ടു.
‘‘നിങ്ങളും ഈ ഗ്രാമക്കാരും ആർക്കാണ് വോട്ട് ചെയ്യുക എന്ന് അറിയാൻ വന്നതാണ്’’- ഞങ്ങൾ പറഞ്ഞു. അയാൾ എഴുന്നേറ്റിരുന്ന് നെറ്റി ചുളിച്ചു. തലയണക്കരികിൽ സൂക്ഷിച്ച റേഡിയോ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: ‘‘ഞാൻ ബി.ബി.സി കേട്ടു കഴിയുന്നതു വരെ ഒരക്ഷരം മിണ്ടില്ല’’.
മാർക്കിന്റെ വിയോഗത്തിൽ കശ്മീരിലും പ്രതികരണങ്ങളില്ലെങ്കിൽ അത് അതിശയം തന്നെയായിരിക്കും. കാരണം അവരെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായ ഏക മാധ്യമം ബി.ബി.സി മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

