ജോലിയോ കല്യാണമോ; എന്താണ് പെൺകുട്ടികളുടെ ഫസ്റ്റ് ചോയ്സ്?
text_fieldsലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും കരിയറും മുഖ്യമായ ജീവിതലക്ഷ്യങ്ങളായി മാറുകയാണ്. വിവാഹം കുടുംബത്തിന്റെ പ്രധാന ഉത്തരവാദിത്തമെന്ന മുൻകാല ധാരണകളെ മറികടന്ന്, സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമുള്ള ശ്രമമാണ് പുതുതലമുറയിലെ യുവതികളിൽ കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, ജനാധിപത്യ ചിന്താഗതികൾ ഇതെല്ലാം സ്ത്രീകൾക്ക് സാമൂഹികപദവി നൽകാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഈ മാറ്റത്തിന്റെ പ്രതിഫലനം ഇന്ത്യയിലും പ്രത്യേകിച്ച്, വിദ്യാഭ്യാസ-സാമൂഹിക വികസനത്തിന് മാതൃകയായ കേരളത്തിലും വ്യക്തമായി കാണാം.
ആഗോള കാഴ്ചപ്പാടിൽ നോക്കുമ്പോൾ, സ്ത്രീ വിദ്യാഭ്യാസ നിരക്ക് ഉയരുന്നത് വിവാഹ സങ്കല്‍പങ്ങളിലും വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. UNESCOയുടെ Global Education Monitoring Report 2023 പ്രകാരം, ലോകമെമ്പാടുമുള്ള 15-24 വയസ്സുള്ള യുവതികളിൽ 53ശതമാനം പേർ പത്താംക്ലാസ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് (tertiary education) ചേരുന്നുണ്ട്. 2000ത്തിലെ 28ശതമാനം എന്ന നിലയിൽ നിന്നുള്ള വൻപുരോഗതിയാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. തൊഴിൽ സുരക്ഷ, വരുമാന സ്വാതന്ത്ര്യം, ആത്മവിശ്വാസം എന്നിവ ലഭിക്കുമ്പോൾ അവർ സ്വന്തം ജീവിതപാത ആദ്യം സൃഷ്ടിക്കാനും വിവാഹം പിന്നീട് എന്ന സമീപനം സ്വീകരിക്കാനും തയാറാകുന്നു.
കേരളത്തിന്റെ സാമൂഹിക പങ്കാളിത്തത്തിൽ ഈ മാറ്റം കൂടുതൽ ശക്തമായി അനുഭവപ്പെടുന്നു. 18-25 വയസ്സുള്ള പെൺകുട്ടികളിൽ ഏകദേശം 90 ശതമാനം പേർ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേ 2019-21 (NFHS-5) വ്യക്തമാക്കുന്നു. കേരളത്തിലെ 95.7ശതമാനം സ്ത്രീസാക്ഷരാത നിരക്ക് രാജ്യത്തു തന്നെ ഏറ്റവും ഉയർന്നതാണ്. ഉയർന്ന ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്ന സ്ത്രീകളുടെ എണ്ണം വർഷംതോറും ഉയർന്നുവരുന്നു. AISHE അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേ 2021(AISHE) പ്രകാരം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ എൻറോൾമെൻഡ് അനുപാതം പുരുഷന്മാരെ മറികടന്ന് 52 ശതമാനമാണ്. ഇത് തൊഴിൽ മേഖലയിലെ പ്രവേശനം സ്വാഭാവികമായും വേഗത്തിലാക്കുന്നു. ഈ മാറ്റം വിവാഹസമ്പ്രദായത്തെയും ബാധിക്കുന്നു. സാമ്പ്ൾ റെജിസ്ട്രേഷൻ സിസ്റ്റം ( SRS)സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2020 പ്രകാരം, കേരളത്തിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 24.9 ആയി ഉയർന്നിട്ടുണ്ട്. തൊഴിൽജീവിതം ഉറപ്പാക്കിയശേഷം വിവാഹം മതിയെന്ന് തീരുമാനിക്കുന്ന യുവതികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു.
വിവാഹ-കരിയർ തീരുമാനം സംബന്ധിച്ച് കേരളത്തിലെ മതവിഭാഗങ്ങൾക്കിടയിലും വ്യത്യാസങ്ങൾ കാണപ്പെടുന്നു. 92ശതമാനം പേർ ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഹിന്ദു സമൂഹത്തിലെ വനിതകളുടെ ശരാശരി വിവാഹ വയസ്സ് 26 ആണ്. മുസ്‍ലിം വനിതകളിൽ 88 ശതമാനം പേർ ഉയർന്ന വിദ്യാഭ്യാസം നേടുന്നു; 24.5 വയസ്സിനടുത്താണ് അവർ വിവാഹിതരാകുന്നത്. ക്രൈസ്തവ സ്ത്രീകളിൽ വിദ്യാഭ്യാസ പൂർത്തീകരണ നിരക്ക് 94 ശതമാനവും ശരാശരി വിവാഹ വയസ്സ് 27ഉം ആണ്. ഈ കണക്കുകൾ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS) 2023 റിപ്പോർട്ടുകൾ പ്രതിപാദിക്കുന്ന മതപരമായ സാമൂഹിക വ്യത്യാസങ്ങൾക്കും കുടുംബ പ്രതീക്ഷകൾക്കും തമ്മിലെ ബന്ധം വ്യക്തമാക്കുന്നു.
ആരോഗ്യകരമായ കുടുംബജീവിതം നയിച്ചുതന്നെ കരിയറില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ധാരാളം ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ബിരുദാനന്തര പഠനത്തിനിടയിൽ വിവാഹം കഴിച്ച് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുകയും പിന്നീട്, പ്രസവശേഷം കുട്ടികളുടെ സംരക്ഷണത്തിന് താൽക്കാലിക അവധി എടുത്തുകൊണ്ട് ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന ധാരാളം സ്ത്രീകൾ നമുക്ക് പരിചിതരാണ്. അമ്മമാരായ വിദ്യാർഥിനികളുടെ കുഞ്ഞുങ്ങളെ പരിചരിക്കാൻ മൂന്നുവർഷം മുമ്പ് കോഴിക്കോട് ലോ കോളജിൽ ഡേ കെയർ സെന്റർ ആരംഭിച്ചെന്ന വാർത്ത വായിച്ചത് ഓർക്കുന്നു. സ്ത്രീകളുടെ മൾട്ടി ടാസ്കിങ് കഴിവും കുടുംബത്തിന്റെ ശക്തമായ പിന്തുണയും ചേർന്നാല്‍ അവർക്ക് തൊഴിൽ-കുടുംബ ജീവിതം സമന്വയപൂർവം മുന്നോട്ട് നയിക്കാനാകും. ജോലി ചെയ്യണമെന്ന അഭിനിവേശം നല്ലതാണ്. അതുണ്ടെങ്കിൽ വിവാഹത്തിനും പ്രസവത്തിനും ശേഷവും പഠനം തുടർന്നു കൊണ്ടേയിരിക്കാം. തൊഴിലിനാവശ്യമായ സർട്ടിഫിക്കേഷനുകൾ നേടുക, വിദ്യനേടിയതും താൽപര്യമുള്ളതുമായ പുതിയ തൊഴില്‍ നൈപുണ്യങ്ങള്‍ ആര്‍ജിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ കരിയർ നിലനിർത്തുന്നതിൽ വലിയപ്രയാസം നേരിടേണ്ടിവരില്ല. നിശ്ചയദാർഢ്യവും താൽപര്യവുമുണ്ടെങ്കിൽ സന്തുലിതമായ കുടുബ ജീവിതം മുന്നോട്ട് നയിച്ചുതന്നെ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. കരിയറിനായി വൈവാഹികജീവിതം നീട്ടിവെക്കുന്നതും അമ്മയാകാൻ വൈകുന്നതുമൊക്കെ സൃഷ്ടിക്കുന്ന സങ്കീർണതകൾ വർഷങ്ങൾ പിന്നിടുമ്പോൾ മാത്രമാണ് തിരിച്ചറിയുക.
തങ്ങളുടെ യോഗ്യതക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ അവസരങ്ങൾ പരിമിതമായ സാഹചര്യത്തിൽ, കേരളത്തിലെ വിദ്യാഭ്യാസം നേടിയ യുവാക്കളും യുവതികളും മികച്ച സാധ്യതകൾ തേടി ഇന്ത്യക്കുള്ളിലും വിദേശത്തും കുടിയേറുന്നു.
കുടിയേറുന്നവരിൽ ഭൂരിഭാഗവും മികച്ച വിദ്യാഭ്യാസമുള്ളവരാണ്. കേരള മൈഗ്രേഷൻ സർവേ പ്രകാരം, കുടിയേറ്റക്കാരിൽ 41.4ശതമാനം പേർക്ക് കോളജ് ബിരുദമുണ്ട്. സ്ത്രീകളിൽ ഈ പ്രവണത കൂടുതൽ ശക്തമാണ്. പുരുഷ കുടിയേറ്റക്കാരിൽ ബിരുദമുള്ളവരുടെ വിഹിതം 34.7ശതമാനമാണെങ്കില്‍ സ്ത്രീകളിൽ ഇത് 71.5 ശതമാനമാണ്. മുൻകാലങ്ങളിൽ സ്ത്രീകൾ പ്രവാസത്തിലേക്ക് കടന്നിരുന്നത് വിവാഹിതയായ ശേഷമായിരുന്നെങ്കിൽ ഇന്നത്തെ ട്രെൻഡ് പെൺകുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽതേടി വിവാഹത്തിനു മുമ്പ് തന്നെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതാണ്.
െട്രൻഡ് അല്ലിത് ജീവിതം
കാലഘട്ടത്തിന്റെ ട്രെൻഡ് എന്നതിലുപരി മുൻ തലമുറയിൽ വിദ്യാഭ്യാസം നേടിയിട്ടും ജോലിക്ക് പോകാൻ അനുവദിക്കാത്ത ഭർത്താക്കന്മാർ, പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാമൂഹിക-കുടുംബ സമ്മർദം കാരണം വിവാഹത്തിന് സമ്മതിക്കേണ്ടിവന്ന പെൺകുട്ടികൾ, ഈയൊരനുഭവം നമുക്കുണ്ടാകരുതെന്ന തോന്നൽ കൂടിയാണ് പുതിയ തലമുറയിലെ പെൺകുട്ടികളെ മാറി ചിന്തിപ്പിക്കാൻ പ്രേരണ നൽകിയത്.
കരിയർ ഒരിക്കലും വിവാഹത്തിന് തടസ്സമാകുന്നില്ല, വിവാഹം കരിയറിനും. പെണ്‍കുട്ടികളുടെ കരിയറിന് പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ജീവിത സങ്കല്‍പവും തീരുമാനങ്ങളും സമൂഹത്തിന്റെ വളർച്ചയുടെ സൂചനകളും സ്ത്രീസ്വാതന്ത്ര്യത്തിന്റെ നേട്ടവുമാണെന്ന് അവകാശപ്പെടുന്നവരുണ്ട്. കേരളം ലോകത്തോടൊത്ത് സഞ്ചരിക്കുന്നു, പെൺകുട്ടികൾക്ക് അവരുടെ ഭാവി അവർക്കു തന്നെ നിർണയിക്കാനുള്ള അവസരം നൽകി. വിവാഹം അവർക്കൊരു നിർബന്ധിത കവാടമല്ല; ജീവിതത്തിന്റെ ഒരു ഘട്ടം മാത്രം എന്നാണവരുടെ വാദം. വിദ്യാഭ്യാസം, കരിയർ, വ്യക്തിത്വം, സാമ്പത്തിക സ്വയംപര്യാപ്തത; ഇവയാണ് ഇപ്പോൾ മുൻപന്തിയിൽ. ഈ പ്രവണത തുടർന്നാൽ ഭാവിയിൽ സമൂഹത്തിൽ കുടുംബ ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന ‘ബാക്ക് റ്റു ദി ഫാമിലി’ കാമ്പയിനിലേക്ക് വഴി തിരിക്കുമെന്ന് തീർച്ച!
(ഖത്തർ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിൽ സ്റ്റാറ്റിസ്റ്റീഷ്യൻ സ്പെഷലിസ്റ്റാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

