ഓൺലൈൻ തട്ടിപ്പ് വീണ്ടും; ബഹ്റൈനിൽ രണ്ട് മലയാളികൾക്ക് 3.13 ലക്ഷം നഷ്ടമായി
text_fieldsമനാമ: ബഹ്റൈനിൽ ഒാൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വീണ്ടും. രണ്ട് മലയാളികൾക്ക് 1590 ദിനാർ (3,13,912 രൂപ) ആണ് കഴിഞ്ഞ ദിവസം നഷ്ടമായത്.
ബഹ്റൈനിലെ പ്രമുഖ കമ്പനിയിൽ ജീവനക്കാരാണ് രണ്ടുപേരും. ഒരാളുടെ മൊബൈൽ ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പർ ചോദിച്ച് അജ്ഞാത നമ്പറിൽനിന്ന് കോൾ വരികയായിരുന്നു. പണം ട്രാൻസ്ഫർ ചെയ്യുേമ്പാൾ അബദ്ധത്തിൽ മൊബൈൽ നമ്പർ മാറിയതാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇതു വിശ്വസിച്ച് അദ്ദേഹം ഒ.ടി.പി നമ്പർ കൈമാറി. തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നിന്ന് 1297 ദിനാർ പിൻവലിച്ചുവെന്ന സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്.
രണ്ടാമത്തെയാൾക്ക് ബുധനാഴ്ച രാവിലെയാണ് ശമ്പളം അക്കൗണ്ടിൽ എത്തിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 293 ദിനാർ ഒരു മൊബൈൽ നമ്പർ വഴി ട്രാൻസ്ഫർ ചെയ്തതായി സന്ദേശം വന്നു. അതിന് മുമ്പ് ഇദ്ദേഹത്തിെൻറ മൊബൈലിലേക്ക് കോളോ സന്ദേശമോ വന്നിരുന്നില്ല. ഉടൻതന്നെ ബാങ്കിൽ വിവരം അറിയിച്ചു. ഒാൺലൈൻ തട്ടിപ്പുകൾ അന്വേഷിക്കുന്ന അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിെൻറ 992 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സന്ദേശത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചപ്പോൾ 'നിങ്ങൾക്ക് കഴിയുന്നത് ചെയ്യൂ' എന്ന മറുപടിയാണത്രേ ലഭിച്ചത്. ഹിന്ദി കലർന്ന ഇംഗ്ലീഷിലായിരുന്നു സംസാരം.
വിഷയം ബഹ്‌റൈൻ അധികാരികളുടെയും ഇന്ത്യൻ എംബസിയുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് സാമൂഹിക പ്രവർത്തകനായ കെ.ടി സലീം പറഞ്ഞു.
ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്നാണ് ഇൗ തട്ടിപ്പുകൾ ഒാർമിപ്പിക്കുന്നത്. സമീപകാലത്ത് നിരവധി പേർക്ക് ഒാൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

