Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവനൊപ്പം...

അവനൊപ്പം ഇറങ്ങിപ്പോയി പൊന്നോണവും...

text_fields
bookmark_border
അവനൊപ്പം ഇറങ്ങിപ്പോയി പൊന്നോണവും...
cancel

പെരുമഴ പെയ്തു തോർന്നിരുന്നു. കാറ്റ് വീശിക്കൊണ്ടേയിരുന്നു. എന്നിട്ടും തുളസിത്തറയിലെ വക്കുകളുടഞ്ഞ ഗണപതി വിഗ്രഹത്തിൽ നിറയെ മഞ്ഞൾ. മുകളിൽ മഴയത്തും വെയിലത്തും കാറ്റത്തും ഒരു കുഞ്ഞുകുടയുടെ കവചമുണ്ട്. അരികെ, ചോരചുവപ്പുള്ള വാടിയ ചെമ്പരത്തിപ്പൂ. ഇനിയൊരു കാറ്റിനും മറിച്ചിടാൻ കഴിയാത്ത മനക്കരുത്തുമായി തുളസിത്തറക്കടുത്തു ഉമ്മറത്ത് ഒരമ്മ. ഇനിയാരും വരാനില്ലെന്ന ഉറപ്പിൽ വീടിന്റെ പൂമുഖ വാതിൽ ഏതു നേരവും പൂട്ടിയ നിലയിലാണ്. ഒരു പകൽ അമ്മയ്കരികെ നിന്നും ഇറങ്ങിയ മകൻ തിരിച്ചു വരാനാകാത്തയിടത്തേക്കു കടന്നു പോയിരുന്നല്ലോ. ഈ വീട്ടിൽ ഇപ്പോൾ ആ അമ്മ തനിച്ചാണ്. 

കണ്ണുനീർ വന്നു കാഴ്ച മങ്ങുമ്പോൾ പ്രഭാവതിയമ്മ ഇരുമ്പു വാതിലിനരികെ വന്നു തുളസിത്തറയിലേക്കു നോക്കും. പൂമുഖ പടിയിൽ നിന്നും കണ്ണെത്തും ദൂരത്തു മകന്റെ അവശേഷിപ്പുണ്ട്. പണ്ടൊരിക്കൽ മകനു കിണറുപണിക്കിടെ കിട്ടിയതാണ്‌ വക്കുകൾ പൊട്ടിയ ആ ഗണപതി വിഗ്രഹം. ഇക്കണ്ട കാലമത്രയും ഉള്ളുരുകി കരഞ്ഞത് ആ വിഗ്രഹത്തിന് മുന്നിലാണ്. മറ്റൊരിടത്തും ഭഗവാനെ കാണാൻ അവർ പോയില്ല. പൊലീസുകാർ ഉരുട്ടിക്കൊന്ന മകന് നീതി ലഭിച്ചാലല്ലാതെ ദേവാലയങ്ങളിൽ കയറില്ല എന്ന് ആ അമ്മ ശപഥം ചെയ്തിരുന്നു.

ഒരോണക്കാലത്ത് അമ്മക്കുള്ള കോടിയും ഏറെ ഇഷ്ടമുള്ള പായസത്തിന്‌ അടയും വാങ്ങാൻ പോയ മകനെ പിറ്റേന്ന് മോർച്ചറിയുടെ എല്ലു തുളക്കുന്ന തണുപ്പിൽ നിന്നാണ് ആ അമ്മക്കു തിരിച്ചുകിട്ടിയത്. ചോര കങ്ങി കറുത്തു കരുവാളിച്ചു കിടക്കുന്നത് മകനാണെന്നു തിരിച്ചറിഞ്ഞ നിമിഷം നെഞ്ചു തകർന്നു അലറിക്കരഞ്ഞ ഈ അമ്മയുടെ സങ്കടവും പ്രതികാരവും ഈർച്ചവാൾ പോലെ ഇപ്പോൾ പ്രതികളുടെ മേൽപതിച്ചു. 12 വർഷങ്ങൾക്കു ശേഷം പ്രതികളായ പൊലീസുകാർ കുറ്റക്കാരാണെന്നും അവർക്ക് കൊലക്കയർ വിധിക്കപ്പെട്ടതും മറ്റൊരു ഓണക്കാലത്തിന്റെ അടുത്ത ദിനങ്ങളിലാണെന്നത് യാദൃശ്ചികം. 

"എന്റെ മകൻ പോയെപ്പിന്നെ ഓരോണവും വാവും വിഷുവും പൊങ്കാലയും എനിക്കില്ല, ഇനിയൊട്ടും ഉണ്ടാകുകയുമില്ല. അവർ(പ്രതികൾ) ഈ പന്ത്രണ്ടു കൊല്ലവും അവരുടെ മക്കൾക്കൊപ്പം ഓണം ഉണ്ടു. ഞാനിവിടെ കരഞ്ഞു. ഈ ഓണം അവർക്ക് കണ്ണീരോണമായിരിക്കും, ജയിലിൽ. മക്കളെ പിരിയുമ്പോഴുള്ള വേദന അവർ മനസിലാക്കും" -അമ്മയുടെ വാക്കുകൾ ഉടയുന്നില്ല. 


ശ്രീകണ്ടേശ്വരം പാർക്കിൽ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോകുന്ന സമയത്തു ഉദയകുമാർ ധരിച്ച വസ്ത്രം തിരികെ കൊടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. മോഷണ മുതൽ എന്നു പറഞ്ഞ് പോലീസ് പിടിച്ചെടുത്ത 4220 രൂപയും ഈ അമ്മയുടെ കൈകളിൽ തന്നെ തിരിച്ചെത്തും. എഴുത്തുകുത്തുകളും നടപടി ക്രമങ്ങളും ഇനിയും ഏറെയുള്ളതിനാൽ, മകൻ അവസാനമായി തൊട്ട വസ്ത്രവും പണവും ഓണത്തിന് മുൻപ് കിട്ടില്ലെന്ന്‌ അറിയാം. ഇക്കണ്ട കാലം കാത്തിരിക്കാൻ തയ്യാറായ അമ്മ ഇനിയും മകന്റെ വിരൽസ്പര്ശം പതിഞ്ഞ വസ്തുക്കൾക്കായി കാത്തിരിക്കാൻ തയ്യാറാണ്. മകന്റെ ഒരു ഫോട്ടോ പോലും ഇല്ലാത്ത ഈ വീട്ടിൽ അലമാരയിൽ പ്രത്യേക അറയിൽ അവ സൂക്ഷിക്കാനാണ് അമ്മയുടെ തീരുമാനം. 

"പായസം അവനിഷ്ടമായിരുന്നു, ഏത് പായസവും അവൻ ധാരാളം കഴിക്കും. അവസാനം അട വെച്ചു കൊടുക്കണം എന്നാണ് ആവശ്യപ്പെട്ടത്. അവനിഷ്ടമുള്ള ബീറ്റ് റൂട്ട് കറിയൊരുക്കി ഞാൻ കാത്തിരുന്നു. അന്ന് വന്നില്ല." 

ഇനിയൊരിക്കലും വരാൻ കഴിയാത്ത വിധം അവർ അവനെ കൊന്നു കളഞ്ഞിരുന്നു. അമ്മേ എന്നു അവൻ വിളിച്ചിരിക്കണം എന്നോർത്ത്, മകന്റെ വേദനയെ കുറിച്ചാലോചിച്ച് അവർ എല്ലാ രാത്രികളിലും പതം പറഞ്ഞു കരഞ്ഞു. 

"ഇനിയവരു അപ്പീല് പോയേക്കും. എവിടെ അപ്പീല് പോയാലും മുകളിലുള്ളയാൾ അവരുടെ പേര് എഴുതി വെച്ചിട്ടുണ്ട്. ഒന്നും ചെയ്യാത്ത, എന്റെ മകന്റെ മേൽ കൈവെച്ച സമയം ദൈവം അവരുടെ മേൽ കൈവെച്ചിട്ടുണ്ട്. അതാണ് ഇത്രയധികം സഹായം അവർക്ക് കിട്ടിയിട്ടും കൊലക്കയർ തന്നെ വന്നത്" ഇനിയും പോരാടാൻ തയ്യാറാണെന്ന് പ്രഭാവതിയമ്മ പറയുന്നു. 

കരമന നെടുങ്കാട് പള്ളിത്താനം മണ്ണടി ഭഗവതി നഗർ റെസിഡന്റ്സ് അസോസിയേഷനിലെ സി 39ആം നമ്പർ വീട്ടിൽ അമ്മക്ക് കൂട്ടായി രാത്രികളിൽ സഹോദരൻ മോഹനനുണ്ട്. കോടതി മുറികളിലെ യാത്രകൾക്ക് കൂട്ടു വരുന്ന സഹോദരനാണ് അത്യാവശ്യം വേണ്ട സാധനങ്ങൾ അമ്മക്കെത്തിച്ചു കൊടുക്കുന്നത്. 

പുതിയ കഥകളിൽ ഉദയകുമാർ പ്രഭാവതിയമ്മയുടെ  മകനല്ല എന്നാണ് പ്രചാരണം. എടുത്തു വളർത്തിയ മകനാണ് എന്നു ആരൊക്കെയോ ചേർന്നു കഥ പരത്തുന്നുണ്ട്. ആരെന്തു കഥ പറഞ്ഞാലും ഉദയകുമാർ താൻ പ്രസവിച്ച തന്റെ മകനാണ് എന്നു അമ്മ ആണയിടുന്നു. പ്രസവിച്ച മകൻ തന്റെ മകൻ തന്നെയാണ് എന്നു ഒരമ്മക്കു ആണയിടേണ്ടിവരുന്നത് ഒരു ഗതികേടാണ്.  കേസ്‌ ദുര്ബലപ്പെടുത്തുക, അമ്മയെ മാനസികമായി തളർത്തുക വഴി കേസിൽനിന്നു പിന്തിരിപ്പിക്കുക എന്നതാണ് കഥകളിറക്കിയവരുടെ ലക്ഷ്യം. എന്നാൽ ഒരു സമ്മർദത്തിനും അവരെ തളർത്താനായില്ല. ഒരു അപവാദ പ്രചാരണത്തിലും ഇടറിയില്ല. ഒരൊറ്റ ലക്ഷ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ, അത് നിറവേറി. 

മകനൊപ്പം ഓണവും പടിയിറങ്ങി പോയി, ഇപ്പോൾ എന്നും തുളസി തറയിൽ കൊണ്ട് വെക്കുന്ന ഒറ്റ ചെമ്പരത്തി മാത്രമാണ് ഈ പടിക്കെട്ടിനകത്തു പ്രവേശിക്കുന്ന ഒരേയൊരു പൂ .. ഇനി മറ്റൊരു പൂക്കളം ഈ വീട്ടിലുണ്ടാകില്ല. ഈ അമ്മ തന്നെ ചെഞ്ചോര ചുവപ്പുള്ള മറ്റൊരു പൂവാണ്, പെരുംമഴക്കും തളർത്താനാകാത്ത അമ്മപ്പൂ..

Show Full Article
TAGS:Udayakumar Onam 2018 
News Summary - udayakumar-onam 2018
Next Story