Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഓണനാളിലും...

ഓണനാളിലും സമരമിരിക്കുന്നു ഇൗ വീട്ടമ്മ

text_fields
bookmark_border
ഓണനാളിലും സമരമിരിക്കുന്നു ഇൗ വീട്ടമ്മ
cancel

ഓണമെന്നാൽ മലയാളിക്ക് ആഘോഷങ്ങളുടെ കാലമാണ്. സദ്യയൊരുക്കുന്നതി​​​​െൻറയും പൂക്കളമിടുന്നതി​​​​െൻറയും തിരക്കിലാകും മിക്ക വീട്ടകങ്ങളും. എന്നാൽ കളമശേരി മാനാത്തുപാടത്തെ ഒരു വീട്ടമ്മ എന്നത്തെയും പോലെ ഓണനാളുകളിലും വീടിനു മുന്നിലെ സമരപ്പന്തലിലാണ്​. പ്രീത ഷാജിയുടെയും കുടുംബത്തി​​​​െൻറയും ജീവിതത്തിൽ നിന്ന് എല്ലാ ആഘോഷങ്ങളും മാഞ്ഞുപോയിട്ട് 24 വർഷമായി. 
‘ഓണം വന്നാലും വിഷുവന്നാലും ഞങ്ങൾക്ക് ഒരുപോലെയാണ്. ഈ വീട്ടിൽ നിന്ന് തെരുവിലേക്ക് ഇറക്കിവിട്ടവർക്കെതിരെയുള്ള സമരം തുടങ്ങിയ നാൾ മുതൽ അതിന് പിന്നാലെയാണ്. അതിനിടയിലെന്ത് ആഘോഷങ്ങൾ...?’ ജപ്തി ചെയ്യാൻ വന്നവരെ സ്വന്തം മനോവീര്യം കൊണ്ട് വിറപ്പിച്ച ഈ വീട്ടമ്മയുടെ വാക്കിൽ നിരാശയല്ല നിർവികാരതയാണ് തെളിഞ്ഞുനിന്നത്. 

‘സ്വന്തം വീടിന് മുന്നിൽ ചിതയൊരുക്കി മരണം വരെ നിരാഹാര സമരം നടത്തേണ്ടി വരുന്ന വീട്ടമ്മയാണ് ഞാൻ. എൻെറ കൊച്ചുങ്ങൾ കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയതാണ് ഈ സമരങ്ങളും ചെറുത്ത് നിൽപ്പുനിൽപ്പുകളും. ഇപ്പോൾ അവർക്ക് കൊച്ചുങ്ങളായി. മകൻ അഖിലിന് നാലുവയസും മകൾ ശ്രീക്കുട്ടിക്ക് ഒരുവയസുമുള്ളപ്പോഴാണ് സമരം തുടങ്ങുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം മാറിമറഞ്ഞപ്പോൾ നഷ്ടമായത് അവരുടെ കുട്ടിക്കാലവും കൂടിയാണ്. സ്കൂളും പഠനവുമെല്ലാം പ്രതിസന്ധികൾ നേരിട്ടു.കോടതിയും കേസുമല്ലാം നിത്യസംഭവമായി. ആദ്യമൊക്കെ ഓണമൊക്കെ വരുമ്പോൾ ആഘോഷിക്കാൻ പറ്റാത്തതിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് മക്കൾ. കുട്ടികൾക്ക് ഇതൊക്കെയല്ലേ രസം. പക്ഷേ എന്തുചെയ്യാം. പിന്നെപ്പിന്നെ അവർക്കും അത് ശീലമായി. ഈ ദുരിത ജീവിതത്തിനിടയിലും അവർ ഡിഗ്രി വരെ പഠിച്ചു. കല്യാണം കഴിഞ്ഞു... ’

സുഹൃത്തിന് ജാമ്യം നിന്നു, പിന്നാലെ വന്നത് ദുരിതങ്ങൾ 
സുഹൃത്തിന് ബിസിനസ് ആവശ്യത്തിന് വേണ്ടി ഭർത്താവ് ഷാജി ലോർഡ് കൃഷ്ണ ബാങ്കിൽ നിന്ന്1994ൽ  രണ്ടു ലക്ഷം രൂപക്ക് ജാമ്യം നിന്നതാണ് ഇവിടെ വരെ എത്തിച്ചത്. 18.5 സ​​​​െൻറ് സ്ഥലവും വീടുമായിരുന്നു ഈട് കാണിച്ചത്​. കൃത്യസമയത്ത് പണം തിരിച്ചടക്കാതെ സുഹൃത്ത് വിദഗ്ധമായി ഷാജിയെ പറ്റിച്ചു.  
ലോർഡ് കൃഷ്ണ ബാങ്ക് സെഞ്ചൂറിയൻ ബാങ്കിൽ വൈകാതെ ലയിച്ചു. അതിന് ശേഷം സെഞ്ചൂറിയൻ ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കിലും ലയിച്ചു. അന്ന് ലോർഡ് കൃഷ്ണ ബാങ്കിൽ അടച്ച രണ്ടു ലക്ഷം രൂപ ഏകദേശം 2.75 കോടിയായെന്നാണ് ഇപ്പോൾ  എച്ച്.ഡി.എഫ്.സി ബാങ്കുകാർ പറയുന്നത്. ജപ്തി നോട്ടീസുകൾ ഒന്നൊന്നായി വീടിന് മുന്നിൽ പതിച്ചപ്പോൾ അടയ്​ക്കാം അടയ്​ക്കാം എന്നു പറഞ്ഞ് സുഹൃത്ത് വീണ്ടും കബിളിപ്പിച്ചു. ഉള്ളപണമെല്ലാം സ്വരുക്കൂട്ടി ഒരു ലക്ഷം രൂപ  ഷാജി ബാങ്കിൽ അടച്ചിരുന്നു.  എന്നാൽ അതൊന്നും പോരെന്ന് പറഞ്ഞ്  ബാങ്ക് കോടികളുടെ കുടിശ്ശിക കണക്ക് കാട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു. അതിന് പുറമെ രണ്ടരക്കോടിയോളം വിലവരുന്ന ഈ സ്ഥലം പ്രീതയോ ഷാജിയോ അറിയാതെ 38 ലക്ഷം രൂപക്ക് ബാങ്ക് ലേലം ചെയ്തു. ആ വിവരം അറിഞ്ഞിരുന്നെങ്കിൽ കുറച്ച് സ്ഥലം വിറ്റാണെങ്കിലും ലേലത്തിൽ വീട് പിടിക്കാമായിരുന്നെന്ന് പ്രീത പറയുന്നു. 

ഒത്തുകളിച്ച് ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും
കുടിശ്ശിക അടപ്പിക്കുക എന്നതിനപ്പുറത്തേക്ക് കണ്ണായ ഇടത്തെ സ്ഥലം തട്ടിയെടുക്കുക എന്നതാണ് ഇപ്പോഴുള്ള ലക്ഷ്യം. ഇതിന് വേണ്ടി റിയൽ എസ്റ്റേറ്റുകാരും ബാങ്കുകളും ഒത്തുകളിക്കുകയാണ്. ഇവർക്ക് കൂട്ടായി ജനപ്രതിനിധികളടക്കമുള്ളവരുണ്ടെന്നും പ്രീത ഷാജി ആരോപിക്കുന്നു. ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് 10 സ​​​​െൻറ് വിട്ടുകൊടുത്തുകൂടെ എന്നൊക്കെ ചോദിച്ച് റിയൽ എസ്റ്റേറ്റുകാരുടെ ബിനാമിമാർ നിരന്തരം സമീപിക്കുന്നുണ്ട്.  ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ ഈ സ്ഥലം തട്ടിയെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന്​ മനസ്സിലാകും. നിരവധി തവണ പൊലീസിൻെറ സഹായത്തോടെ ഇവിടെനിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ നല്ലവരായ നാട്ടുകാരും സമരസമിതിക്കാരും പൂർണ പിന്തുണയുമായി അന്നുമുതൽ കൂടെയുണ്ട്. ‘സർഫാസി വിരുദ്ധ സമിതി’, ‘മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി’ എന്നിവരുടെ  ചെറുത്തുനിൽപ്പിനെ തുടർന്ന് പലതവണ കുടിയിറക്കാൻ വന്നവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. കഴിഞ്ഞ  ജൂലൈ ഒമ്പതിന് പ്രീതയെ കുടിയൊഴിപ്പിക്കാനായി അധികൃതരെത്തിയെങ്കിലും സമരസമിതിയുടെ ചെറുത്ത് നിൽപ്പ് ശക്​തമായി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് പ്രീതയും കുടുംബവും കുടിയിറക്കാൻ വന്നവരെനേരിട്ടത്. സമരസമിതിയിലെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ജയിലിൽ കിടന്ന അവരെ പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും ഈ ഭാഗത്തേക്ക് കാലുകുത്തരുതെന്ന കർശന നിബന്ധന അവർക്ക് മേലെ പൊലീസ് ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് സമരസമിതിയിലെ പലർക്കും ഇങ്ങോട്ട് വരാൻ പോലും സാധിക്കുന്നില്ല. 

ചത്താലും ഇവിടെനിന്ന് ഇറങ്ങിക്കൊടുക്കില്ല  
ഈ വീടും സ്ഥലവും നഷ്ടപ്പെടാതിരിക്കാനാണ് സമരം തുടങ്ങിയത്. ഒന്നും രണ്ടും ദിവസമല്ല. 24 വർഷമായി ഇതുതുടങ്ങിയിട്ട്.  ജാമ്യം നിന്നതി​​​​െൻറ പേരിലാണ് ബാങ്ക് ഈ പാവപ്പെട്ട കുടുംബത്തോട് ഈ ചതി ചെയ്തത്. എന്നെപ്പോലെ ആയിരക്കണക്കിന് പേരുണ്ട് ഇതുപോലെ വഴിയാധാരമായി പോയത്. ഈ സമരം എച്ച്.ഡി.എഫ്.സി ബാങ്കിനോട് മാത്രമല്ല, ഇതുപോലെ പാവങ്ങളെ പിഴിയുന്ന അനേകം ബാങ്കുകൾക്കും നേരെയാണ്. ഇനിയും ഇതുപോലൊരു  കുടുംബം  ഉണ്ടാകരുത്. അതുമാത്രമാണ് ലക്ഷ്യം. പ്രീത പറയുന്നു. കള്ളവും ചതിയുമില്ലാത്ത ഭരണാധികാരിയുടെ ഓർമകളിൽ നാട് മുഴുവൻ ഓണം ആഘോഷിക്കുമ്പോൾ , കള്ളവും ചതിയും മാത്രം നിറഞ്ഞ ഭരണ സംവിധാനങ്ങളും ബാങ്കുകളും തീർത്ത കെണിയിൽ പെട്ടുപോയ വീട്ടമ്മ ഓണനാളിലും  സമരംതുടരുകയാണ്.

Show Full Article
TAGS:preethashaji Onam 2018 kerala news 
News Summary - preethashaji-onam 2018-kerala news
Next Story