onam banner madhyamam onam banner madhyamam
നിസാർ പുതുവന / August 24 / 12:11 AM

കുട്ടനാട്ടുകാർ ഇക്കുറി എവിടെ പൂക്കളമിടും...?

ഇനിയും വെള്ളമിറങ്ങാതെ സ്​തംഭിച്ചു നിൽക്കുന്ന കുട്ടനാടി​െൻറ സങ്കടക്കാഴ്​ചകൾ

‘നാട്ടിലെ പൊക്കംകൂടിയ സ്‌ഥലം ക്ഷേത്രമാണ്‌. അവിടെ, ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന്‌ ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്‌. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത്‌ 67 കുട്ടികളുണ്ട്‌. 356 ആളുകൾ പട്ടി, പൂച്ച ആട്‌, കോഴി മുതലായ വളർത്തുമൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്‌ഠയുമില്ല...’
( തകഴിയുടെ ‘വെള്ളപ്പൊക്കം’ എന്ന കഥയിൽനിന്ന് )

ചെറുകാലിക്കായലിന് സമീപമാണ് ആറുപങ്ക് പാടശേഖരം. കുട്ടനാടൻ പാടങ്ങളിലെ ഏറ്റവും സമൃദ്ധമായ ഇടങ്ങളിലൊന്ന്. കായലി​​​െൻറ ഒാരത്ത് നിറയെ കർഷകരുടെ വീടുകളാണ്. അമിതും രേവതിയും രോഹിതും ഒക്കെ കളിക്കൂട്ടുകാരാണ്. കഴിഞ്ഞ ഒാണക്കാലത്ത് അവർ ആ പാടവരമ്പത്തൂടെ ഒാടി നടന്നാണ് അത്തപ്പൂക്കളം ഒരുക്കാനുള്ള പൂക്കൾ ശേഖരിച്ചത്. കുട്ടികളെ നിരാശപ്പെടുത്താത്തത്ര പൂക്കൾ കൊടുക്കാനൊരുങ്ങി തുമ്പയും ചെമ്പരത്തിയും നാലുമണിച്ചെടികളും ഒക്കെ നിറഞ്ഞുനിന്നിരുന്നു കുട്ടനാട്ടിലെ പാടവരമ്പുകളിൽ. ഇക്കുറി രേവതിയും കൂട്ടുകാരും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. കുട്ടനാടിനെ മൊത്തത്തിൽ മഴയും മടവീഴ്ചയും വിഴുങ്ങിയ ഒാണക്കാലമാണിത്. ഇക്കുറി അവർക്ക് പൂക്കളം പോയിട്ട് ഒാണ​ത്തെക്കുറിച്ച  ഒാർമകൾപോലുമില്ല. പേമാരി കൊണ്ട് രക്തം െപാടിഞ്ഞ മനസ്സുകൾ ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നോവുതിന്ന മനസ്സുമായി കഴിയുകയാണ്.

വെള്ളപ്പൊക്കം ജീവിതചര്യയായ കുട്ടനാട്ടുകാർക്കുപോലും വിശ്വസിക്കാനാവുന്നില്ല കിഴക്കൻ വെള്ളത്തി​​​​െൻറ ആ വരവ്​
 

ആറുപങ്ക് പാടശേഖരത്തിന് സമീപത്തെ ഉമ്പിക്കാരം വീട്ടിൽ കമലാക്ഷിയമ്മക്ക് വയസ് 99. കർക്കടകപ്പെയ്ത്തുകളും വെള്ളപ്പൊക്കവും ഒക്കെ ഇൗ കാലത്തിനിടക്ക് ഒരുപാട് കണ്ടിട്ടുണ്ട്. ഇക്കുറി കമലാക്ഷിയമ്മ ഒന്ന് ആടിയുലഞ്ഞുപോയി. അവർ മാത്രമല്ല, മലായള നാട് മുഴുവൻ. വെള്ളം പൊങ്ങിവന്ന ആദ്യദിവസങ്ങളിൽ പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഭർതൃസഹോദര​​​െൻറ വീട്ടിൽ അഭയംതേടിയ കാർത്യായനിയെയും മകനെയും തേടി വെള്ളം അവിടെയും എത്തി. ഒടുക്കം ജീവനും എടുത്തുപിടിച്ച് കിട്ടിയ ചെറുവള്ളത്തിൽ രക്ഷപ്പെടുകയായിരുന്നു.

വെള്ളപ്പൊക്കത്തിൽനിന്ന്​ രക്ഷപ്പെട്ട മുത്തശ്ശി പേരക്കുട്ടിയുമായി പൊട്ടി​ക്കരയുന്നു.. ചിത്രം ബിമൽതമ്പി
 

ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് പ്രളയങ്ങൾക്കാണ് കുട്ടനാട് സാക്ഷിയായത്. പേമാരിയിൽ ചെറുതും വലുതുമായ നാൽപതോളം മടകൾ തകർന്ന് കുട്ടനാട് മുഴുവൻ െവള്ളത്തിനടിയിലായാതായിരുന്നു ആദ്യ പ്രളയം. എല്ലാ മഴക്കാലവും കുട്ടനാട്ടുകാർക്ക് കരുതലി​​​െൻറ ദിനങ്ങളാണ്. വെള്ളം വന്ന് കണ്ട് മിണ്ടി തിരികെ പൊയ്ക്കൊണ്ടിരുന്ന ദിനങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ മഴക്കാലം വരെ ഒാർമ. ഇക്കുറി വെള്ളം കീഴ്പ്പെടുത്താൻ എത്തുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. ഒടുക്കം ഒരു തീപ്പെട്ടിക്കൊള്ളിയെങ്കിലും എടുത്ത് ഇടുപ്പിൽ ചേടാൻ ഇടകൊടുക്കാതെ വെള്ളം കുതിച്ചിങ്ങെത്തി.

മനുഷ്യരെക്കാൾ മരണത്തിലേക്ക്​ എടുത്തെറിയപ്പെട്ടത്​ വളർത്തു മൃഗങ്ങളായിരുന്നു... ചിത്രം: ബിമൽ തമ്പി
 

ജൂലൈ 14ന് കയറിത്തുടങ്ങിയ വെള്ളം 18 വരെ അങ്ങനെ നിന്നു. വീടി​​​െൻറ മുകളിലും നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി ഒടുക്കം എല്ലാം ഇ​െട്ടറിഞ്ഞ് ദുരിതാശ്വാസത്തിനെത്തിയവർക്കൊപ്പം അവർ ക്യാമ്പുകളിലേക്ക് നടന്നു. നനഞ്ഞുവിറച്ച കോഴികളും തലമാത്രം മുകളിലേക്ക് ഉയർത്തി ആടുകളും പട്ടികളും പശുക്കളും ഒക്കെ അവരുടെ അന്നദാതാക്കളെ ദയനീയമായി നോക്കിനിന്നു. ആ മിണ്ടാപ്രാണികൾക്ക് വേണ്ടിയായിരുന്നു അവർ മരണത്തെപ്പോലും വെല്ലുവിളിച്ച് ആ മഹാപ്രളയത്തിൽ പിടിച്ചുനിന്നത്. രക്ഷാപ്രവർത്തകർ വന്നുവിളിച്ചപ്പോഴും പലരും വളർത്തുമൃഗങ്ങളെ ചൂണ്ടിക്കാട്ടി അവയെ കൊണ്ടുപോയാൽ ഞങ്ങളും വരാം എന്നറിയിച്ചു. കൃഷി മാത്രമല്ല അവർക്ക് നഷ്ടമായത്. കിടപ്പാടവും ഇതുവരെയുള്ള സകലതും ആണ്. പ്രളയബാക്കിയിൽനിന്ന് ഇനി അവർക്ക് ഒന്നേ എന്ന് പറഞ്ഞ് തുടങ്ങണം. അതിനിടയിൽ ഒാണമുണ്ണാൻ നേരമില്ല, ഇടവും.

പലായനത്തി​​​​െൻറ ഇൗ മുറിവുകൾ ഉണങ്ങാൻ ഇനി എത്ര കാലം കുട്ടനാട്ടുകാർ കാത്തിരിക്കണം..?
 

ആലപ്പുഴയിൽ മാത്രം 2.20 ലക്ഷം പേർ ക്യാമ്പുകളിൽ ആണെന്ന് കലക്ടർ എസ്. സുഹാസ് അറിയിച്ചിട്ടുണ്ട്. കുട്ടനാട് മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവസാനനിമിഷം എവിടെയെങ്കിലും പോയി രക്ഷെപ്പടെട്ട എന്ന് കരുതി ഉടമകൾ തുറന്നുവിട്ട് കോഴികളും മൃഗങ്ങളും വിശന്നുവലഞ്ഞ് പലയിടത്തായി ചിതറിക്കിടക്കുകയാണ്. പിന്നെ എങ്ങനെയാണ് അവർ സമാധാനമായി ഒാണമുണ്ണുക. അപ്പോഴും ക്യാമ്പുകൾ നൽകുന്ന സമാശ്വാസങ്ങൾ ചെറതല്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക