ഉത്രാടപ്പാച്ചിലില്ല, ജീവിതം തിരിച്ചുപിടിക്കാൻ ഓടിത്തളർന്നു
text_fieldsമലപ്പുറം: ‘‘ദാ നോക്ക്. ഇവിടെയാണ് അത്തത്തിന് രാവിലെ ഞാനും മോളും പൂക്കളമിട്ടത്. അന്ന് ഇറങ്ങിയതാണ് വീട്ടിൽനിന്ന്. പൂക്കളം പോയിട്ട് വീട്ടുസാധനങ്ങൾ പോലും ബാക്കിയില്ല. നാളെ തിരുവോണമാണ്. ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഞങ്ങൾക്ക് എന്ത് ആഘോഷം. ചളിയും വെള്ളക്കെട്ടും ഇല്ലാതായാലല്ലേ ഒന്ന് വൃത്തിയാക്കിയെടുക്കാൻ പറ്റൂ’’- ഒതുക്കുങ്ങൽ മൂലപ്പറമ്പ് വടക്കുമണ്ണയിലെ ഇന്ദിരയെന്ന വീട്ടമ്മക്ക് സങ്കടത്താൽ വാക്കുകൾ മുറിഞ്ഞു. മഴ നിന്നതോടെ ഭൂരിഭാഗം പേരും വീട്ടിലേക്ക് മടങ്ങിയിട്ടും ഇനിയും സ്വന്തം കൂരയിൽ അന്തിയുറങ്ങാൻ കഴിയാത്ത ഹതഭാഗ്യരുടെ പ്രതിനിധിയാണിവർ. ഉത്രാടപ്പാച്ചിലെന്നത് വെറും പറച്ചിലല്ലെന്നും ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടമാണെന്നും ഇന്ദിരയും കുടുംബവും അനുഭവിച്ചറിഞ്ഞു.
കടലുണ്ടിപ്പുഴ ഗതിമാറി ഒഴുകിയതോടെയാണ് വടക്കുമണ്ണക്കാരും വെള്ളത്തിലായത്. ക്യാമ്പുകളിലും ബന്ധുക്കൾക്കൊപ്പം കഴിഞ്ഞവർ അധികവും മടങ്ങിയെത്തി. നാല് വീടുകൾ പക്ഷേ, ഇനിയും ദുരിതത്തിൽനിന്ന് മോചിതരായിട്ടില്ല. ഇന്ദിരയും ഭർത്താവ് പുളിക്കൽ അറമുഖനും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന് പുറമെ പുളിക്കൽ അപ്പു, പെരുമ്പള്ളി കമ്മു, കുറ്റിക്കാടൻ സലാം എന്നിവരുടെ കുടുംബങ്ങളെയും പ്രളയം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. വയോധികരായ കമ്മുവും ഭാര്യ ആച്ചുമ്മയും മകനും മരുമകൾക്കും പേരക്കുട്ടികളൾക്കുമൊപ്പം പാണക്കാട്ടെ മകളുടെ വീട്ടിലാണ് പെരുന്നാൾ കൂടിയത്.
മഴക്കാലത്ത് പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാറുണ്ടെങ്കിലും ഇത്രയും വലിയ കെടുതി ജീവിതത്തിലാദ്യമാണെന്ന് ആച്ചുമ്മയും മകന് ഷറഫുദ്ദീനും പറയുന്നു. വടക്കുമണ്ണയിൽ പല വീടുകളുടെയും മേൽക്കൂര വരെ വെള്ളമെത്തി. ചിലത് തകർന്നു. മൺവീടുകൾ പലതും ഏത് നിമിഷവും തകർന്നു വീഴുമെന്ന സ്ഥിതി. ഇന്ദിരയുടെ ഇളയ മകൾ അഞ്ജന വിദ്യാർഥിനിയാണ്. അകത്ത് സൂക്ഷിച്ചിരുന്ന പുസ്തകങ്ങളെല്ലാം നശിച്ചു. ഓടിട്ട മൺവീടാണ് ഇവരുടെത്. അടുപ്പൊക്കെ ഇനി ഉണ്ടാക്കിയിട്ട് വേണം. ഉമ്മത്തൂരിലെ ബന്ധുവീട്ടിലാണിവർ കഴിയുന്നത്. തിരുവോണനാളിലും അവിടെയായിരിക്കും. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ്. പക്ഷേ, ഇക്കുറി കറുപ്പ് മാഞ്ഞില്ലെന്ന് മാത്രമല്ല ജീവിതത്തിലിന്നോളമുണ്ടാവാത്ത ദുരിതത്തിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
