ദേശസ്നേഹ നിറവിൽ ഇന്ത്യൻ സ്കൂൾ മുലദയിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ മുലദയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽനിന്ന്
മുലദ: ഇന്ത്യൻ സ്കൂൾ മുലദയിൽ 76ാം റിപ്പബ്ലിക് ദിനാഘോഷം ദേശസ്നേഹത്തിന്റെ നിറവിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ‘ദേശീയ ചിഹ്നങ്ങൾ’ എന്ന വിഷയം പ്രമേയമാക്കിയാണ് പരിപാടികൾ അവതരിപ്പിച്ചത്. ഒമാൻ രാജകീയ ഗാനത്തിനും ഇന്ത്യൻ ദേശീയ ഗാനത്തിനുംശേഷം ആരംഭിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ മുഖ്യാതിഥിയും താവൂസ് അഗ്രികൾച്ചറൽ സിസ്റ്റംസ് ജനറൽ മാനേജർ ബാബു സാമുവൽ വിശിഷ്ടാതിഥിയുമായി.
പ്രത്യേക ക്ഷണിതാക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് സദസ്സിന് സ്വാഗതം പറഞ്ഞു. ഇന്റർ ഹൗസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച 184 വിദ്യാർഥികളെ ആദരിച്ചു. എട്ടാംക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റ് സംഘാംഗങ്ങളിൽനിന്ന് മുഖ്യാതിഥി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വർഗീസ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിച്ചു. സയ്യിദ് സൽമാൻ തന്റെ പ്രഭാഷണത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം എടുത്തു പറഞ്ഞു. സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
പ്രിപ്പറേറ്ററി, മിഡിൽ കമ്പാർട്ട്മെന്റിൽനിന്നുള്ള 55 വിദ്യാർഥികൾ പങ്കെടുത്ത ദേശസ്നേഹ ഗാനം അഭിമാനത്തിന്റെയും ഐക്യത്തിന്റെയും സമന്വയമായി. ഭരണഘടന നിർമ്മാണ ചരിത്രത്തിന്റെ നാൾവഴികൾ പ്രമേയമാക്കി വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ ടി. കൃഷ്ണമാചാരിയെയും കെ.എം. മുൻഷിയെയും, സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അമ്മു സ്വാമിനാഥൻ തുടങ്ങിയ വനിതാ രത്നങ്ങളെയും കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്.
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെ പ്രതീകപ്പെടുത്തുന്ന നൃത്തവും'വന്ദേമാതര'ത്തിന്റെ ആകർഷകമായ ആലാപനവും നടന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വർഗീസ് മുഖ്യാതിഥിയെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എം.ടി. മുസ്തഫ വിശിഷ്ടാതിഥിയെയും ആദരിച്ചു. സമ്മാന വിതരണ ചടങ്ങിൽ 'കലാസംഗമം' ഇന്റർ സ്കൂൾ സാഹിത്യ സാംസ്കാരിക പരിപാടികളിലും സി.ബി.എസ്.ഇ ക്ലസ്റ്റർ സ്പോർട്സ്, അത്ലറ്റിക് ഇനങ്ങളിലും വിജയികളായവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

