Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവൈദേകം വിൽപന: കച്ചവടം...

വൈദേകം വിൽപന: കച്ചവടം എന്നാൽ ഇതാണ്... ഇനിയെന്ത് വിവാദം, എന്തന്വേഷണം

text_fields
bookmark_border
Vaidekam and EP jayarajan
cancel

കണ്ണൂർ: കളി ഇ.പി. ജയരാജനോട് വേണ്ട. ഇതല്ല ഇതിലപ്പുറവും കണ്ടവനാണ് ​ഇദ്ദേഹം... എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലെത്തിയപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം വീട്ടിലിരുന്ന ഇ.പിയുടെ ശരീര ഭാഷ ഏറക്കുറെ ഇങ്ങനെയായിരുന്നു. ജാഥ മൂന്നുദിവസം കണ്ണൂർ ചുറ്റി അതതിന്റെ വഴിക്കുപോയി. കൊച്ചിയിലെത്തി ഇടനിലക്കാരൻ നന്ദകുമാറിന്‍റെ അമ്മയെ ഷാളണിയിച്ചപ്പോഴും ജാഥയിൽ പ​ങ്കെടുക്കാത്തതിന്റെ ഒരു കുലുക്കവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരെന്ത് പറഞ്ഞാലും കുഴപ്പമില്ലെന്ന ശരീരഭാഷയുടെ ആവർത്തനം.

തന്നേക്കാൾ ജൂനിയറായ ഒരാൾ പാർട്ടി സെക്രട്ടറിയായപ്പോൾ തുടങ്ങിയതാണ് ഇനി ഇങ്ങനെയൊക്കെ മതിയെന്ന ചിന്ത. നടക്കാതെ പോയ ചില സ്വപ്നങ്ങളുടെ പേരിലുള്ള കലിപ്പായിരുന്നു പാർട്ടി പരിപാടികളിലെ മാറിനിൽക്കൽ. രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യന്റെ അടുത്തൊരു ഇരിപ്പിടം പ്രതീക്ഷിച്ച് മട്ടന്നൂരിൽ സീറ്റ് പ്രതീക്ഷിച്ചു. നടന്നില്ല. കോടിയേരിയുടെ ഒഴിവിൽ പാർട്ടി സെക്രട്ടറി സ്ഥാനം കണക്കുകൂട്ടി. അതുമുണ്ടായില്ല. പി.ബി അംഗം പ്രതീക്ഷിച്ചതും നടക്കാതെപോയി. എന്നാ പിന്നെ ഇങ്ങനെയൊക്കെ മതിയെന്ന് വിചാരിച്ച് സജീവ രാഷ്ട്രീയം വിടുന്നുവെന്ന പ്രതീതി വരെ സൃഷ്ടിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഒരാളുടെ മാറിനിൽക്കലിൽ എം.വി. ഗോവിന്ദനുമുണ്ടായി പരിഭവം.

ഈ തക്കം നോക്കി പഴയ റിസോർട്ട് വിവാദം പി. ജയരാജൻ വീണ്ടും പൊക്കുന്നു. റിസോർട്ട് ചൂണ്ടിക്കാട്ടി ഇ.പി ജയരാജന് അനധികൃത സ്വത്തുണ്ടെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചു. പി. ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ ഇതേ പരാതി വന്നപ്പോൾ എവിടെയുമെത്താതെ കെട്ടടങ്ങിയതാണ്. അന്നത്തെ സാഹചര്യമാണതിന് കാരണം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ആന്തൂർ നഗരസഭാധ്യക്ഷയായിരിക്കുന്ന വേളയിലാണ് റിസോർട്ടിന് നിർമാണാനുമതി നൽകിയത്. ഇതേ നഗരസഭയാണ് പലകാരണങ്ങൾ നിരത്തി പ്രവാസി വ്യവസായി സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതും ഒടുവിൽ വ്യവസായി ജീവനൊടുക്കിയതും. അന്ന് ആ വിവാദത്തിൽ എം.വി. ഗോവിന്ദനൊപ്പം നിന്നു ഇ.പി. ജയരാജൻ. റിസോർട്ട് വിവാദം വന്നപ്പോൾ എം.വി. ഗോവിന്ദന്റെ സഹകരണം തിരിച്ചും കിട്ടി. അങ്ങനെ റിസോർട്ട് വിവാദം അന്ന് ജലരേഖയായി. പുതിയ സാഹചര്യത്തിൽ പി. ജയരാജ​ൻ ഉന്നയിച്ച റിസോർട്ട് വിഷയം നന്നായി കത്തി. പാർട്ടിയിൽ ഒറ്റപ്പെടുമെന്ന സ്ഥിതിയായി. പഴയ രക്ഷകനായ മുഖ്യമന്ത്രിയും കൂടെയില്ല. അങ്ങനെയാണ് റിസോർട്ടിലെ കുടുംബ നിക്ഷേപം വിറ്റൊഴിയാൻ തീരുമാനിച്ചത്.

വിവാദം കത്തുന്നതിനിടെ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഒന്നും രണ്ടും മൂന്നും തവണ രേഖകൾ ഹാജരാക്കിയിട്ടും വിടുന്ന ലക്ഷണമില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇ.ഡിക്കു മുന്നിലും പരാതികൾ. കേന്ദ്ര ഏജൻസികൾക്കു പിന്നാലെ സംസ്ഥാന വിജിലൻസ് വകുപ്പും റിസോർട്ട് കയറിയിറങ്ങാൻ തുടങ്ങി. നിർമാണവേളയിലെ പരാതികളാണ് വിജിലൻസിനു മുന്നിലുള്ളത്. റിസോർട്ടിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഭാര്യ പി.കെ. ഇന്ദിരക്കും മകൻ പി.കെ. ജയ്സണുമാണ് നിക്ഷേപമെന്ന സത്യമൊന്നും ആരും ചെവികൊണ്ടില്ല.

ഇനിയും റിസോർട്ട് ചുമലിലേറ്റിയാൽ എല്ലാം കൈവിടുമെന്ന തോന്നലിൽനിന്നാണ് മൊത്തമായി വിൽക്കുകയെന്ന ചിന്തയിലെത്തിയത്. 11 ഡയറക്ടർമാർക്കും ഇതേ നിലപാട് തന്നെ. അന്വേഷണത്തിനൊടുവിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമായ റിട്രീറ്റ്സ് കമ്പനിയുമായി കരാറാവുന്നു. ഓഹരികൈമാറ്റ നടപടികൾക്ക് കാലതാമസമെടുക്കുന്നതിനാൽ കമ്പനി നടത്തിപ്പ് പൂർണമായി കൈമാറി. എത്ര രൂപക്കാണ് കരാറെന്ന് പുറത്തുവിട്ടിട്ടില്ല. ഇതോടെ, ആന്തൂർ നഗരസഭയിലെ മൊറാഴ ഉടുപ്പക്കുന്നിലെ പത്തേക്കറിലധികം വരുന്ന സ്ഥലത്തെ അതിമനോഹരമായ ആയുർവേദ റിസോർട്ടിന് ഇനി കേന്ദ്രമന്ത്രിയുടെ വിലാസമായി. ഈ വിൽപനയാണ് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്. നിക്ഷേപകർക്ക് വേണ്ടത് ലാഭവും തലവേദന ഒഴിയലുമാണ്. ഇത് രണ്ടും ഈ കച്ചവടത്തിലൂടെ മാറിക്കിട്ടി. 91.99 ലക്ഷത്തിന്റെ നിക്ഷേപത്തിന്റെ പേരിൽ രാഷ്ട്രീയമായി ഇ.പിയെ അങ്ങ് ഇല്ലാതാക്കാമെന്ന് ആരെങ്കിലും കരുതിയാൽ അതും ഇല്ലാതായി.

ആദായ നികുതി വകുപ്പും ഇ.ഡിയുമൊക്കെ ഉടുപ്പക്കുന്ന് കയറി കണക്കെടുക്കാൻ വരുമോ എന്നാണ് ഇനി അറി​യേണ്ടത്. ടി.ഡി.എസ് കാര്യങ്ങളും കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുമൊക്കെ ഇനി എങ്ങനെയാവും മുന്നോട്ടുപോവുക. ഇനി പ്രതിപക്ഷ നേതാവ് പറയുന്നപോലെ ഇവരുടെ കൊടുക്കൽ വാങ്ങലിന്റെ ഭാഗമാണോ ഈ വിൽപന.

അദാനിയെ കുറിച്ച് ശത്രുക്കൾ പ്രചരിപ്പിക്കുന്ന ഒരു ആരോപണമുണ്ട്. അവർ ഒരു കമ്പനി വാങ്ങുന്നതിനു മുമ്പ് അവി​ടെ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിയിരിക്കും. പിന്നാലെ ആ കമ്പനി അവർ സ്വന്തമാക്കിയിരിക്കും. ഇനി അങ്ങനെ വല്ല ആരോപണവും വരുമോ എന്നു നോക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanVaidekam resort
News Summary - vaidekam resort sale and ep jayarajan
Next Story