പുലിക്കുട്ടി പതുങ്ങുന്നത് ഒരിക്കലും ഇരയെ പേടിച്ചിട്ടില്ല, മറിച്ച് വർധിത വീര്യത്തോടെ അതിനെയോ അതിനേക്കാൾ വലുതിനെയോ ആക്രമിച്ച് കീഴടക്കാനാണ്. ഈ പതുങ്ങൽ കാണുേമ്പാൾ ചില ദോഷൈകദൃക്കുകൾക്ക് പേടിച്ചു പോയി എന്നൊക്കെ തോന്നാം. പക്ഷെ സത്യമതല്ല. നമ്മുടെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്ന് വേങ്ങരയിലേക്ക് തിരിച്ച് വണ്ടി കയറുന്നതും മോദിയുടെ ഫാസിസത്തെ പേടിച്ചിേട്ടാ അതല്ലെങ്കിൽ എന്തെങ്കിലും മോഹിച്ചിട്ടോ അല്ല. മറിച്ച്, അവിടത്തെ ദൗത്യം പൂർത്തിയാക്കി. ഇനി വിജയെൻറ കമ്യൂണിസത്തെ ഭൂമി മലയാളത്തിൽ നിന്ന് നിഷ്കാസനം ചെയ്യുക എന്ന അടുത്ത ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി മാത്രമാണ്.
🔴🔴🔴🔴 🔴🔴🔴🔴🔴 🔴🔴🔴🔴
വേങ്ങര വഴിയാണ് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് എത്തുകയെങ്കിൽ, പാലാ വഴി എത്താൻ ജോസ് കെ. മാണി മരങ്ങാട്ടുപള്ളിയിലും കാത്തുനിൽക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി ലോക്സഭയാണ് ഉപേക്ഷിക്കുന്നതെങ്കിൽ ജോസ് കെ. മാണി രാജ്യസഭ കളഞ്ഞിട്ടാണ് നിയമസഭയിൽ കയറാൻ നോക്കുന്നത്. ഒരാൾ വലതുവഴിയും മറ്റൊരാൾ ഇടതുവഴിയുമാണെന്നേയുള്ളൂ.
കുഞ്ഞാലിക്കുട്ടിക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെങ്കിലും ജോസിന് പാലായിൽ വിലങ്ങുതടിയായി മാണി സി. കാപ്പനും എൻ.സി.പിയും നിൽക്കുന്നുണ്ട്. പിണറായി എടുത്തുമാറ്റും വരെയേ ആ തടി അവിടെ കിടക്കുകയുള്ളൂവെങ്കിലും ജനം കനിഞ്ഞാലേ നിയമസഭ കയറാനാവൂ.
🔴🔴🔴🔴 🔴🔴🔴🔴🔴 🔴🔴🔴🔴
'ബി.ജെ.പിക്കെതിരെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടത്തിനാണ് ഞാൻ ഡല്‍ഹിയിലേക്ക് പോകുന്നത്. ജയിച്ച് പോയ ഉടന്‍ അധികാരത്തിെൻറ പട്ടുമെത്തയില്‍ കിടക്കാനാകില്ലെന്ന് എനിക്കറിയാം. ബി.ജെ.പിക്കെതിരെ ഫൈറ്റിന് ഞാന്‍ തയാറാണ്'- എം.എല്‍.എ സ്ഥാനം രാജിവെച്ച് മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്‍റെ പിൻഗാമിയായി ഇറങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടി നടത്തിയ നയപ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ, മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും 'ബി.ജെ.പിക്കെതിരായ ദൈര്‍ഘ്യമേറിയ' ഫൈറ്റ് അവസാനിപ്പിച്ച് തിരിച്ചെത്താൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഫൈറ്റിൽ, 56 ഇഞ്ചിനെ മലർത്തിയടിച്ചു കഴിഞ്ഞാൽ പിന്നെ ഇരട്ടച്ചങ്കല്ലാതെ മറ്റെന്താ ഉള്ളത്?.
അതുപോലെ, സാധാരണ മനുഷ്യർക്ക് മൂന്നു വർഷം എന്നത് ഒരു ഹ്രസ്വകാലമായി തോന്നാമെങ്കിലും കുഞ്ഞാലിക്കുട്ടിയെപ്പോലെ ലോക്സഭാംഗത്വവും നിയമസഭാംഗത്വുമൊക്കെ ഉചിതവും യുക്തവുമായ സമയത്ത് അമ്മാനമാടിക്കളിക്കാൻ ശേഷിയുള്ളവർക്ക് അത് പ്രകാശവർഷം എന്നൊക്കെ പറയും പോലെ ദൈർഘ്യമേറിയതാണ്. മുത്തലാഖ് ബില്ലിെൻറ വോട്ടെടുപ്പ് ദിവസം മലപ്പുറത്തെ സാന്നിധ്യം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസത്തെ ഫ്ലൈറ്റ് മിസാവൽ തുടങ്ങി എത്രയെത്ര നിർണായക സംഭവങ്ങളാണ് ആ മൂന്നു വർഷത്തെ പാർലമെൻററി ജീവിതത്തിൽ സംഭവിച്ചത്. അവയൊക്കെ സുലൈമാൻ സേട്ടും ബനാത്ത് വാലയും ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെ ലോക്സഭയിൽ പതിപ്പിച്ച മുദ്രകൾ പോലെ ഒരിക്കലും അലിയാത്ത ചരിത്രവസ്തുതകളായി അവശേഷിക്കും എന്ന കാര്യവും ഉറപ്പാണ്.
🔴🔴🔴🔴 🔴🔴🔴🔴🔴 🔴🔴🔴🔴
നടക്കാതെ പോയ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്തുമെന്ന തെരഞ്ഞെടുപ്പു കമീഷെൻറ തീരുമാനം വന്നതോടെ ചവറയിൽ ഷിബു ബേബിജോണും ആർ.എസ്.പിയും പോലും ആലോചിക്കും മുേമ്പ അതിെൻറ ചുമതല കുഞ്ഞാലിക്കുട്ടി ഏറ്റെടുത്താണ് തിരിച്ചുവരവിെൻറ ഒരുക്കങ്ങൾ ആരംഭിച്ചത്. കഥയിൽ ചോദ്യമില്ലാത്തുപോലെ ചവറയിൽ ലീഗിന് എന്ത് കാര്യമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഓരോന്നിനും ഒരോരാ കാരണങ്ങൾ!.
തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാരവും അന്നേ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതിലെ യു.ഡി.എഫ് പ്രകടനവും കൂടി വിലയിരുത്തിയതോടെ ഇനി താനില്ലാതെയൊരു കേരളമില്ലെന്ന് കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയില്ലാതൊരു നിയമസഭ വേണ്ടെന്ന് ലീഗും തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയാവാൻ കുഞ്ഞാലിക്കുട്ടിയോളം യോഗ്യരായി പാർട്ടിയിൽ മറ്റാരുമില്ലാത്തുപോലെ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഡപ്യൂട്ടി മുഖ്യമന്ത്രിയാവാനും മറ്റാരുമില്ല. ഇനി രാഹുലിന് സംഭവിച്ചത് രമേശിന് സംഭവിച്ചാൽ യുക്തമായ തീരുമാനം അപ്പോഴുണ്ടാവുമെന്നേ പറയാനാവൂ.
🔴🔴🔴🔴 🔴🔴🔴🔴🔴 🔴🔴🔴🔴
മുൻപ് കെ. മുരളീധരൻ എന്ന കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം രാജിവച്ച് മന്ത്രിയായി. എം.എൽ.എ അല്ലാതിരുന്നതിനാൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കണമെന്ന നിയമമുള്ളതുകൊണ്ട് കോൺഗ്രസിന്‍റെ ഉറച്ചകോട്ടയായ വടക്കാഞ്ചേരിയിൽ വി. ബാലറാമിനെ രാജിവെപ്പിച്ച് മത്സരിച്ചെങ്കിലും ജനത്തിന് അത് അത്രയങ്ങ് പിടിച്ചില്ല. തോൽപ്പിച്ച് ൈകയ്യിൽ കൊടുത്തു. അതോടെ ൈകയ്യിലിരുന്ന പ്രസിഡൻറ് സ്ഥാനവും കിട്ടിയ മന്ത്രിക്കസേരയും പോയിക്കിട്ടി. പിന്നെ ഒന്ന് കരകയറാൻ പെട്ട പാട് അദ്ദേഹത്തിന് മാത്രമമേ അറിയൂ.
കുറ്റിപ്പുറത്ത് ജലീൽ പറ്റിച്ച തോൽവി പോലൊന്നും ഇനി സംഭവിക്കാനിടയില്ലെങ്കിലും 'കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പോയപോലെ 'എന്നൊരു ചൊല്ല് രാഷ്ട്രീയ കേരളത്തിന് സമാനിക്കാനായി എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.
🔴🔴🔴🔴 🔴🔴🔴🔴🔴 🔴🔴🔴🔴
പണ്ട്, അച്യുതമേനോനും എ.കെ. ആൻറണിയുമൊക്കെ ഇതുപോലെ ഡൽഹിയിൽനിന്ന് വന്നിട്ടുണ്ട്. എന്നാൽ, അവർക്കൊക്കെ ഒരുക്കിയിട്ടിരുന്ന മുഖ്യമന്ത്രിക്കസേരയിൽ കയറിയിയിരിക്കുക എന്ന ജോലിയേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെയൊക്കെ കാര്യം അതല്ല. ഒരു നിശ്ചയവുമില്ലാത്തിടത്തേക്കാണ് വരുന്നത്. അതിനാൽ, എന്തും സംഭവിക്കാം. ഇനി ഏതെങ്കിലും നിയമസഭാമണ്ഡലം 'അങ്ങെടുക്കാൻ' തയാറായി സുരേഷ് ഗോപി എന്ന രാജ്യസഭാംഗവും നിൽക്കുന്നുണ്ടെന്നാണറിവ്. ഇതൊക്കെ കാണുേമ്പാൾ ഇൗ ലോക്സഭ, രാജ്യസഭ എന്നൊക്കെ പറഞ്ഞാൽ, തോന്നുേമ്പാൾ പോകാനും ഇറങ്ങാനുമൊക്കെയായിട്ട് ഇത്രക്കിത്രയൊക്കെയേ ഉള്ളോ എന്നാണ് ജനത്തിെൻറ സംശയം.