Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയു​ടെ സീറ്റി​ൽ മറ്റൊരു ‘മുഖ്യമന്ത്രി’!! -വായിക്കാം കുഞ്ഞൂഞ്ഞ് കഥകള്‍

text_fields
bookmark_border
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയു​ടെ സീറ്റി​ൽ മറ്റൊരു ‘മുഖ്യമന്ത്രി’!! -വായിക്കാം കുഞ്ഞൂഞ്ഞ് കഥകള്‍
cancel

ഉമ്മൻ ചാണ്ടിയുടെ തിരക്കുപിടിച്ച ജീവിതത്തിൽ ഫലിതവും കൂ​ടപ്പിറപ്പായിരുന്നു. അദ്ദേഹത്തി​ന്റെ കുഞ്ഞുകുഞ്ഞു തമാശകൾ പ്രസ് ​സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ സമാഹരിച്ച് പുസ്തക രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതിൽനിന്ന് തെരഞ്ഞെടുത്ത ഫലിതങ്ങൾ വായിക്കാം: ​

ആരെന്തു വിളിച്ചാലും ഉമ്മന്‍ ചാണ്ടിക്ക് ഒരുപോലെ!

കുഞ്ഞ്, കുഞ്ഞൂഞ്ഞ്, ഓസി, ഉമ്മന്‍ ചാണ്ടി അങ്ങനെ പല പേരുകളാണ് ഉമ്മന്‍ ചാണ്ടിക്ക്. ഓസിച്ചേട്ടന്‍ എന്നു വിളിക്കുന്നത് ശശി തരൂര്‍ എം.പി.

ആരെന്തു വിളിച്ചാലും ഉമ്മന്‍ ചാണ്ടിക്ക് ഒരുപോലെ.

പുതുപ്പള്ളിയില്‍ സമപ്രായക്കാര്‍ കുഞ്ഞൂഞ്ഞേ എന്നും കൊച്ചുപിള്ളേര്‍ വരെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെന്നും വിളിക്കും.

പാര്‍ട്ടിക്കാര്‍ക്കിടയിലും തിരുവനന്തപുരത്തുമാണ് ഓസി പ്രചാരത്തിലുള്ളത്.

ഒരിക്കല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പയ്യപ്പാടിയില്‍ ഒരു മരണമുണ്ടായി. ഏതാനും ദിവസം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി മരണവീട് സന്ദര്‍ശിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശത്തോടെ 'ദേ, ഉമ്മന്‍ ചാണ്ടി..' എന്ന് വിളിച്ചുപറഞ്ഞു.

പിതാവ് ദേഷ്യത്തോടെ കുട്ടികളുടെ ചെവിക്കു പിടിച്ചു.

എന്തിനാണ് കുട്ടികളെ ശിക്ഷിച്ചതെന്ന് ഉമ്മന്‍ ചാണ്ടി.

''കുട്ടികള്‍ സാറേന്നു വിളിക്കണം. അല്ലാതെ പേരു വിളിക്കുരത്.''

''താനെന്താ എന്നെ വിളിക്കുന്നത്?'' ഉമ്മന്‍ ചാണ്ടി ചോദിച്ചു.

''ഉമ്മന്‍ ചാണ്ടീന്ന്.''

''താന്‍ വിളിക്കുന്നതു കേട്ടല്ലേ കുട്ടികളും വിളിക്കുന്നത്. മേലാല്‍ ഇതിന്റെ പേരില്‍ കുട്ടികളുടെ ചെവിക്കു പിടിക്കരുത്.''

ഉമ്മന്‍ ചാണ്ടി കുട്ടികളെക്കൊണ്ട് 'ഉമ്മന്‍ ചാണ്ടി' എന്ന് വിളിപ്പിച്ചിട്ടാണ് അവിടെനിന്നു പോയത്.


ഈ ഹോര്‍ലിക്സും കുഞ്ഞൂഞ്ഞിന്റെ പറ്റിലെഴുതിക്കോ...

ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് ഉണ്ടോയെന്ന് എന്നും പത്രത്തില്‍ പരതുന്ന ഒരാള്‍ കോട്ടയത്തുണ്ട്.

''പ്രിയപ്പെട്ട കൊച്ചുമോന്‍, ഈ കത്തുമായി വരുന്ന ആള്‍ക്ക് ആവശ്യമായ മരുന്ന് നല്കി സഹായിക്കണം..'' ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരംകത്താണ്.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ദര്‍ബാറില്‍ മരുന്നുവാങ്ങാനുള്ള സഹായം തേടിയെത്തുന്നവര്‍ ഏറെ. അവരെ കത്തുമായി കോട്ടയത്തെ മണര്‍കാട് മെഡിക്കല്‍സിലേക്കാണ് അയയ്ക്കുന്നത്. പുരസ്‌കാരങ്ങളില്‍നിന്നു ലഭിക്കുന്ന ക്യാഷ് അവാര്‍ഡാണ് മരുന്നിന്റെ ബില്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്നത്. കടയുടമ കൊച്ചുമോന്‍ പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് വല്ലതും ഒത്തിട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ കയ്യോടെ പോയി കുടിശിക വാങ്ങും.

ഒരിക്കല്‍ നല്ല തുകയുള്ള അവാര്‍ഡിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ട കൊച്ചുമോന്‍ പ്രതീക്ഷയോടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തു ചെന്നു.

''കൊച്ചുമോനേ.. പുരസ്‌കാരവും കവറും കിട്ടി. പക്ഷേ, കവര്‍ കാലിയായിരുന്നു!'' ഉമ്മന്‍ ചാണ്ടി സങ്കടപ്പെട്ട.

അടുത്ത അവാര്‍ഡ് വരട്ടെയെന്നു പറഞ്ഞ് കൊച്ചുമോനെ മടക്കിയയച്ചു.

മറ്റൊരിക്കല്‍ ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പുമായി ഒരു അപ്പാപ്പന്‍ കൊച്ചുമോന്റെ കടയിലെത്തി. സൗജന്യമരുന്നിന്റെ കൂടെ ഒരു കുപ്പി ഹോര്‍ലിക്സും വാങ്ങിയ അപ്പാപ്പന്‍ അതും കുഞ്ഞൂഞ്ഞിന്റെ പറ്റിലെഴുതിക്കോ എന്നു പറഞ്ഞ് ഒറ്റനടപ്പ്!

കസേരയിൽ പുതിയൊരു മുഖ്യമന്ത്രി!

പാതിരാവരെ ജനനിബിഡമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസും പരിസരവും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ ഓഫീസ് നിറഞ്ഞു കവിയുമ്പോള്‍ ആളുകള്‍ കോറിഡോറിലേക്കു മാറി അവിടവും ജനനിബിഡമാകും. ഒരു പൂരപ്പറമ്പില്‍ നില്ക്കുന്ന പ്രതീതി. തെയ്യങ്ങള്‍ പോലെ ആളുകള്‍ വരുന്നു, പോകുന്നു. അവരെല്ലാം മുഖ്യമന്ത്രിയെ കണ്ടാണ് മടങ്ങുന്നത്. ചിലരുടെ കാര്യങ്ങള്‍ അപ്പോള്‍ തന്നെ സാധിക്കും. ബാക്കിയുള്ള അപേക്ഷകള്‍ നോക്കാന്‍ സ്റ്റാഫിനെ നിയോഗിക്കും. ഒരാള്‍ക്കുപോലും മുഖ്യമന്ത്രിയെ കാണാനാവാതെ മടങ്ങേണ്ടി വന്നിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകാന്‍ സമയനിയന്ത്രണമൊക്കെ തത്വത്തിലുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് അതൊന്നും ബാധകമല്ല. എല്ലാ നിയന്ത്രണങ്ങളും കെട്ടുപൊട്ടിച്ചാണ് ആളുകളുടെ പ്രവാഹം. സെക്യൂരിറ്റി സ്റ്റാഫിനും മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും പിടിപ്പതു പണി തന്നെ. ഒരീച്ചയ്ക്കുപോലും ഇപ്പോള്‍ കയറാന്‍ പറ്റാത്ത വിധത്തില്‍ നിയന്ത്രണമുള്ള സെക്രട്ടേറിയറ്റിന് ഇങ്ങനെയും ഒരു പൂര്‍വാശ്രമമുണ്ട്! ഈ ജനപ്രവാഹത്തിനിടയിലാണ് ഒരിക്കല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്നത്. ഓഫീസില്‍ ലൈവ് വെബ് കാസ്റ്റിംഗ് നടക്കുന്നതിനാല്‍ വിദേശത്തുള്ള ആരോ വിളിച്ചുപറഞ്ഞപ്പോഴാണ് 'പുതിയൊരു മുഖ്യമന്ത്രി' ഉണ്ടായ കാര്യം അറിഞ്ഞതു തന്നെ.

മുംബൈ ടു കേരള

കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അനൂപ് ലോക്ഡൗണ്‍ കാലത്ത് മുംബൈയില്‍ പെട്ടുപോയത് പ്രതിശ്രുത വധുവിനോപ്പം. അനൂപിന്റെ പ്രതിശ്രുത വധു ടീന മുംബൈയില്‍ നഴ്‌സാണ്. അസുഖബാധിതയായ ടീനയുടെ ഓപ്പറേഷനുവേണ്ടി മാര്‍ച്ച് 17നു അനൂപ് മുംബൈയിലെത്തി. മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഓപ്പറേഷനുശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മുംബൈ പനവേലില്‍ ഗസ്റ്റ് ഹൗസില്‍ വാടകയ്ക്ക് താമസം തുടങ്ങി. നാട്ടിലേക്ക് വരാന്‍ പല വഴികളും നോക്കി. ടീനയുടെ കൂടെ കോട്ടയംകാരിയായ മറ്റൊരു നഴ്‌സുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ അവര്‍ക്കും എത്രയും വേഗം നാട്ടില്‍ വരണം.

എറണാകുളത്തുള്ള ടീനയുടെ ചേട്ടന്‍ വഴി ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചപ്പോള്‍ തന്നെ അദ്ദേഹം ഫോണെടുത്തു. തിരികെ വിളിക്കാമെന്നു പറഞ്ഞു.

ഇത്രയും തിരക്കുള്ള ആള്‍ക്കാരൊക്കെ തിരിച്ചുവിളിക്കുമോ? ആ പ്രതീക്ഷയും അസ്തമിച്ചു. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. മുംബൈയില്‍ ജോജോ തോമസ്, എല്‍ദോ ചാക്കോ എന്നിവരുടെയും പ്രൈവറ്റ് സെക്രട്ടറി ആര്‍കെ ബാലകൃഷ്ണന്റെയും നമ്പരുകള്‍ നല്കി.

അങ്ങോട്ടു വിളിക്കുന്നതിനു മുമ്പ് മൂവരുടെയും വിളികളെത്തി. പിന്നെ കാര്യങ്ങള്‍ അതിവേഗം നീങ്ങി. എല്‍ദോയുടെ വണ്ടിയില്‍ നാട്ടിലേക്ക് യാത്ര ആരംഭിച്ചു. മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ വണ്ടി തടഞ്ഞു. ആര്‍കെയുടെ വിളി എത്തിയതോടെ ആ തടസവും നീങ്ങി.

പുലര്‍ച്ചെ രണ്ടു മണിക്ക് അനൂപും ടീനയും വീട്ടിലെത്തി. കോട്ടയംകാരി നഴ്‌സിനെ കോട്ടയത്ത് എത്തിച്ചിട്ടാണ് എല്‍ദോ മടങ്ങിയത്.

ഇതിനിടെ പല തവണ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. നിര്‍ദിഷ്ട സ്ഥലത്ത് എത്തുന്നതുവരെ. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അവര്‍ക്കുവേണ്ടി ഒരു പിതാവിനെപ്പോലെ ഉറങ്ങാതെ കാത്തിരുന്നു!

വിളിച്ചത് പിണറായിയെ, കിട്ടിയത് കുഞ്ഞൂഞ്ഞിനെ

ലോക്ഡൗണില്‍ കോയമ്പത്തൂരില്‍ കുടുങ്ങിപ്പോയ 6 വിദ്യാര്‍ത്ഥിനികള്‍ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. പക്ഷേ, ആരോ അവര്‍ക്ക് കൊടുത്ത നമ്പര്‍ തെറ്റി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പരിലാണ് കുട്ടികള്‍ വിളിച്ചത്.

കോയമ്പത്തൂരില്‍ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍ എന്നീ പ്രദേശങ്ങളിലുള്ള സജ്ന, മുഹ്സിന, ശാമിലി, മുഫിദ, അമൃത, മുഹ്സിന എന്നിവരായിരുന്നു അവര്‍.

അവരുടെ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും തീര്‍ന്നു. നാട്ടിലേക്ക് എത്രയും വേഗം മടങ്ങിവരണം. ഇതായിരുന്നു ആവശ്യം.

വൈകുന്നേരം 5 മണിക്ക് ഒരാള്‍ ബന്ധപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. പറഞ്ഞ സമയത്തു തന്നെ വിളിയെത്തി. കുട്ടികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്കു വേണ്ട മുഴുവന്‍ സാധനങ്ങളും എത്തിച്ചുകൊടുത്തു. ഇതിനിടെ ഉമ്മന്‍ ചാണ്ടി കുട്ടികളെ വിളിച്ച് സഹായം എത്തിയെന്ന് ഉറപ്പാക്കി.

തുടര്‍ന്ന് നാട്ടിലെത്തുന്നതിനും അവരെ സഹായിച്ചു.

4300 കോവിഡ് കോളുകള്‍

ലോക്ഡൗണ്‍ കാലത്ത് എല്ലാവരും പൂട്ടിക്കെട്ടി വീടുകളില്‍ വിശ്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പൂര്‍വാധികം കര്‍മനിരതനായി. ഡോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത ദിനചര്യകളും 2019 നവംബര്‍ 18ന് ഇടിച്ചുനിന്നിരുന്നു. അന്നാണ് ഡെങ്കിപ്പനി ബാധിച്ച ഉമ്മന്‍ ചാണ്ടി വീട്ടിലായത്. തുടര്‍ന്ന് ലോക്ഡൗണ്‍ വന്നു. അത് ഉമ്മന്‍ ചാണ്ടിയെ അക്ഷരാത്ഥത്തില്‍ വീട്ടുതടങ്കലിലാക്കി. ആദ്യമായി ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ വിരുന്നുകാരന്‍ എന്ന നിലയില്‍നിന്ന് ഗൃഹനാഥന്‍ എന്ന നിലയിലേക്ക് ഉമ്മന്‍ ചാണ്ടി മാറി.

2020 മാര്‍ച്ച് 22ന് ദേശീയവ്യാപകമായ ജനതാ കര്‍ഫ്യൂവും മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തെ ലോക്ഡൗണും പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ ജീവിതത്തിലാദ്യമായി കുറച്ചുനാള്‍ വിശ്രമിച്ചു. പത്രമാസികകള്‍ വിശദമായി വായിച്ചു. കൊച്ചുമകന്‍ എഫിനോവയുമായി കളിച്ചു. സിനിമകളും കണ്ടു. ലോക്ഡൗണ്‍ തീരാന്‍ കാത്തിരുന്ന ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ചുകൊണ്ട് അതു വീണ്ടും നീട്ടി. പക്ഷേ, കീഴടങ്ങാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല.

11 ലക്ഷത്തിനടുത്ത് അനുയായികളുള്ള തന്റെ ഫേസ് ബുക്കില്‍ ഒരു ചെറിയ കുറിപ്പിട്ടു. വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പരുകളും അതിനറ്റത്ത് താനുമുണ്ടെന്നുമായിരുന്നു അത്.

മൂന്നു ഫോണുകള്‍ നിലയ്ക്കാതെ ചിലച്ചു തുടങ്ങി. ലോകമെമ്പാടുംനിന്ന് രാത്രിയും പകലും വിളിയോടു വിളി. ലോക്ഡൗണില്‍ കുടുങ്ങിയവര്‍, രോഗികളായവര്‍, വിമാനം വേണ്ടവര്‍, ട്രെയിന്‍ വേണ്ടവര്‍, ബസ് വേണ്ടവര്‍, ചികിത്സ വേണ്ടവര്‍. എല്ലാ വിളികളും ഉമ്മന്‍ ചാണ്ടി തന്നെ അറ്റന്‍ഡ് ചെയ്തു. അതിനായി ഒരു ഡയറി തുറന്നു. വിളിക്കുന്നയാളുടെ ആവശ്യവും ഫോണ്‍നമ്പരും കുറിച്ചെടുത്തു. പിന്നെ അവരെ തിരികെ വിളിച്ചു. 4300ലധികം ഫോണ്‍ നമ്പരുകളാണ് ആ ബുക്കില്‍ കുറിച്ചുവച്ചിരിക്കുന്നത്. ഇതില്‍ മിക്കവരെയും സഹായിച്ചു.

ലോക്ഡൗണ്‍മൂലം സ്റ്റാഫിനു വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എങ്കിലും ഒരു കോളും അറ്റന്‍ഡ് ചെയ്യാതെ പോയില്ല. ഒരാവശ്യവും നടക്കാതിരുന്നില്ല. സഹായിക്കാന്‍ പറ്റിയവരെ കയ്യും മെയ്യും മറന്ന് സഹായിച്ചു. ശബ്ദത്തിനു തകരാര്‍ ഉള്ളതുകൊണ്ട് ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റാണ് നിര്‍ദേശിച്ചിരുന്നത്. നിരന്തരമായ ഫോണ്‍ ഉപയോഗംമൂലം ശബ്ദം കൂടുതല്‍ തകരാറിലായി.

ലോക്ഡൗണ്‍കാലത്ത് പ്രവാസികളെ തിരികെ എത്തിക്കാന്‍ 'കൂടണയും വരെ കൂടെയുണ്ട്' എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അത് നൂറു ശതമാനവും നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചു.

എഴുതിയാല്‍ തീരാത്ത ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ ഏറ്റവുമധികം എഴുതപ്പെട്ട നേതാവ് ഉമ്മൻ ചാണ്ടിയായിരിക്കും. മൊത്തം 17 പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. അതിൽ ആറെണ്ണം അദ്ദേഹത്തിന്റെ ഫലിതങ്ങളാണ്. മൂന്നെണ്ണം ജീവചരിത്രവും. മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചതാണ്.

കുഞ്ഞൂഞ്ഞ് കഥകള്‍ തന്നെ ആ​റെണ്ണം പുറത്തിറക്കി

കുഞ്ഞൂഞ്ഞ് കഥകള്‍- 1 ഡിസി ബുക്‌സ് (2009)

കുഞ്ഞൂഞ്ഞ് കഥകള്‍-2 മാതൃഭൂമി ബുക്‌സ് (2016)

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞ് കഥകള്‍- 3 ഡിസി ബുക്‌സ് (2021)

കുഞ്ഞൂഞ്ഞ് കഥകള്‍- റഷ്യന്‍ പരിഭാഷ (2016)

കുഞ്ഞൂഞ്ഞ് കഥകള്‍- തമിഴ് പരിഭാഷ - ദിനമലര്‍ പബ്ലിക്കേഷന്‍സ് (2016)

OC Stories - ഇംഗ്ലീഷ്- കറന്റ് ബുക്‌സ് (2013)

ജീവചരിത്രം മൂന്നെണ്ണം

A Gracious voice, Life of Oommen Chandy- Konark Publishes New Delhi (2013)

തുറന്നിട്ട വാതില്‍- ഡിസി ബുക്‌സ് (2006)

ഉമ്മന്‍ ചാണ്ടി- ശ്രേഷ്ഠ പബ്ലിക്കേഷന്‍സ് തിരുവനന്തപുരം (2019)

നിയമസഭാ പ്രസംഗം മൂന്ന്

കേരളത്തിനൊപ്പം നാലര പതിറ്റാണ്ട് - ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് (2016)

ജനശബ്ദത്തിന് നാല്പതാണ്ട്- പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് (2010)

നിയമസഭയിലെ ഉമ്മന്‍ ചാണ്ടി- അക്ഷരപ്രസാദം പബ്ലിക്കേഷന്‍സ് കോഴിക്കോട്

ലേഖനസമാഹാരം (2)

ഒരു കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍ - പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് (2011)

ഉമ്മന്‍ ചാണ്ടി @ 50 - പേപ്പര്‍ പബ്ലിക വര്‍ക്കല (2020)

ഉമ്മന്‍ ചാണ്ടി രചിച്ച പുസ്തകങ്ങള്‍

കാലത്തിനൊപ്പം - പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് (2009)

പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍- ഡിസി ബുക്‌സ് (2010)

കേരളത്തിന്റെ ഗുല്‍സാരി- ആര്യഗായത്രി പബ്ലിക്കേഷന്‍സ് കോട്ടയം (2010)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyOommen Chandy Passed Away
News Summary - Oommen Chandy's real-life humorous situations
Next Story