Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകാഫിർ സ്ക്രീൻഷോട്ട്:...

കാഫിർ സ്ക്രീൻഷോട്ട്: വടകരയിൽ സി.പി.എം നുണബോംബ്, സ്റ്റീൽ ബോംബ് ഫാക്ടറികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു

text_fields
bookmark_border
കാഫിർ സ്ക്രീൻഷോട്ട്: വടകരയിൽ സി.പി.എം നുണബോംബ്, സ്റ്റീൽ ബോംബ് ഫാക്ടറികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു
cancel

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നിയമനടപടികൾക്ക് നേതൃത്വം നൽകുന്ന പാറക്കൽ അബ്ദുല്ല എം.എൽ.എ എഴുതുന്നു:

ഒരു ചെറിയ തെറ്റായ വാർത്തയോ, വ്യാജ സോഷ്യൽ മീഡിയ പോസ്റ്റോ വഴി മിനിറ്റുകൾക്കകം ആൾക്കൂട്ടവിചാരണകളും ദാരുണമായ കൊലപാതകങ്ങളും വരെ അരങ്ങേറുന്ന ഭീതിദമായ അവസ്ഥയിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ത്യൻ പശ്ചാത്തലത്തിൽ മുസ്‍ലിം വിദ്വേഷവും ഇസ്‍ലാമോഫോബിയയും പരത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വിഷലിപ്തമായ വർഗീയത പ്രചരിപ്പിക്കുന്നതിൽ സംഘപരിവാർ ഐ.ടി സെല്ലുകൾക്ക് യാതൊരു മടിയുമില്ല. ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയും സംരക്ഷണവും ഇവർക്ക് ലഭിക്കുന്നു എന്നത് ജനാധിപത്യവിശ്വാസികളെ ഭയപ്പെടുത്തുന്ന ഒന്നാണ്.

എന്നാൽ, കേരളത്തിലേക്ക് വരുമ്പോൾ വിദ്വേഷപ്രചരണത്തിലും വ്യാജവാർത്താ നിർമ്മാണത്തിലും ഒരുപിടി മുന്നിലാണ് സി.പി.എം. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമായി വലിയ 'നുണബോംബ് ഫാക്ടറികളാണ്' സി.പി.എമ്മിനുള്ളത്. വടകര താലൂക്കിനെ സംബന്ധിച്ച് സി.പി.എമ്മിന്റെ നുണബോംബ് ഫാക്ടറികളും സ്റ്റീൽ ബോംബ് ഫാക്ടറികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

ഇതിന്റെ ഏറ്റവും അപകടകരവുമായ ഉദാഹരണമായിരുന്നു 2024-ലെ വടകര പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി സി.പി.എം നുണ ബോംബ് ഫാക്ടറിയിൽ നിന്ന് പുറത്തുവിട്ട ‘കാഫിർ സ്ക്രീൻഷോട്ട്’.

യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിക്കാനും, മുഹമ്മദ് കാസിം എന്ന നിരപരാധിയായ എം.എസ്.എഫ് പ്രവർത്തകനെ സമൂഹത്തിന് മുന്നിൽ കൊടും വർഗീയവാദിയാക്കി ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞുകൊടുക്കാനുമാണ് സി.പി.എം ഈ കടുംകൈ ചെയ്തത്. വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കലായിരുന്നു ഇവരുടെ അജണ്ട.


അന്ന് രാത്രി തന്നെ ഇതിന്റെ അപകടം മനസ്സിലാക്കി കാസിമിനെയും കൂട്ടി ഞങ്ങൾ വടകര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അങ്ങേയറ്റം നിസംഗതയോടെയും നിസാരവൽക്കരിച്ചുമാണ് ഉദ്യോഗസ്ഥർ ഈ ഗൗരവമേറിയ വിഷയത്തെ സമീപിച്ചത്. വടകരയിലെ യു.ഡി.എഫ് പ്രവർത്തകരെ സംബന്ധിച്ച് സി.പി.എമ്മിന്റെ ഇത്തരം കുതന്ത്രങ്ങൾ പുതിയ അനുഭവമല്ലാത്തതുകൊണ്ട് തന്നെ, ഇതിന് പിന്നിലെ വലിയ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ ഞങ്ങൾ ബഹുമാനപ്പെട്ട കേരള ഹൈകോടതിയെ സമീപിച്ചു. കോടതിയുടെ സമയോചിതവും കർശനവുമായ ഇടപെടൽ ഒന്നുമാത്രമാണ് കാസിമിന്റെ നിരപരാധിത്വം തെളിയിക്കാനും, അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനിലേക്ക് എത്തിക്കാനും കാരണമായത്.


രണ്ട് അജണ്ടകളാണ് ഈ വ്യാജ സ്ക്രീൻഷോട്ടിലൂടെ സി.പി.എം ലക്ഷ്യമിട്ടത്. ഒന്ന്, തെരഞ്ഞെടുപ്പ് തലേന്ന് വോട്ടർമാരിൽ വർഗീയ ചേരിതിരിവുണ്ടാക്കി കള്ളപ്രചരണത്തിലൂടെ ജയിക്കുക. രണ്ട്, അഥവാ ഇലക്ഷനിൽ പരാജയപ്പെട്ടാൽ ഈ വ്യാജസ്ക്രീൻഷോട്ട് ഉയർത്തിക്കാട്ടി നാട്ടിൽ വലിയൊരു വർഗീയ കലാപം അഴിച്ചുവിടുക. അതിന് ബലമേകുന്ന തരത്തിലായിരുന്നു വ്യാജസ്ക്രീൻഷോട്ട് പുറത്തു വന്ന നിമിഷം മുതലുള്ള സിപിഎം നേതാക്കളുടെയും അണികളുടെയും പ്രതികരണം.

എന്നാൽ ഷാഫി പറമ്പിലിന് ചരിത്രഭൂരിപക്ഷം നൽകി വിജയിപ്പിച്ചുകൊണ്ടാണ് ജനങ്ങൾ ഇതിന് മറുപടി നൽകിയത്. ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്തുവന്ന ഉടനെ ഞങ്ങൾ നിയമപരമായി പൊലീസിനെയും കോടതിയേയും സമീപിച്ചില്ലായിരുന്നെങ്കിൽ, റിസൾട്ടിന് ശേഷം വടകരയിൽ സി.പി.എം വലിയ രീതിയിലുള്ള അക്രമപരമ്പരകളും വർഗീയ സംഘർഷങ്ങളും അഴിച്ചുവിടുമായിരുന്നു എന്ന് ഉറപ്പായിരുന്നു.

ഇടത് ഭരണത്തിന്റെ തണലിൽ വിദ്വേഷപ്രചാരകർ സ്വൈര്യവിഹാരം നടത്തിയപ്പോൾ അവരിലേക്കെത്താൻ ജുഡീഷ്യറി മാത്രമായിരുന്നു ഞങ്ങൾക്ക് അഭയം. എന്നാൽ ജനകീയ സർക്കാർ ചരിത്രഭൂരിപക്ഷത്തോടെ അധികാരമേൽക്കുമ്പോൾ പ്രതികളെ പിടികൂടാൻ ഈ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ഈ കേസിന്റെ ഗൗരവവും ബോധ്യപ്പെടുത്തിയപ്പോൾ, അദ്ദേഹം ഒട്ടും വൈകാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഉത്തരവിടുകയായിരുന്നു. ഇത് വെറുമൊരു അന്വേഷണമല്ല, മറിച്ച് വർഗീയതക്കും വിദ്വേഷപ്രചരണത്തിനുമെതിരെയുള്ള ജനകീയ സർക്കാരിന്റെ ഉജ്ജ്വല പ്രഖ്യാപനമാണ്. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parakkal AbdullaCPMKafir Screenshot
News Summary - Kafir Screenshot Row: 'CPM Lie Bomb, Steel Bomb Factories Working Together' in Vadakara -parakkal abdulla
Next Story