Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏദനിലെ ഗാന്ധി

text_fields
bookmark_border
ഏദനിൽനിന്ന് ഗാന്ധിയുടെ സർവകലാശാലയിലേക്ക്: ഇന്ത്യക്ക് ഒരു യമനി മകളുടെ കത്ത്
ഏദനിലെ ഗാന്ധി
cancel

1931 സെപ്റ്റംബർ മൂന്നിലെ പ്രഭാതം. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ഏദനിലേക്ക് ഒരു യാത്രാക്കപ്പൽ സാവധാനം അടുക്കുകയായിരുന്നു. ‘എസ്.എസ് രജ്പുതാന’ എന്നായിരുന്നു ആ കപ്പലിന്റെ പേര്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്ന പ്രമുഖനായ ഒരു യാത്രികനായിരുന്നു അതിലുണ്ടായിരുന്നത്. കൈത്തറി ഖാദി വസ്ത്രം ധരിച്ച, മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നില്ല; നയിക്കാൻ സൈന്യമോ വഹിക്കാൻ രാഷ്ട്രീയ പദവികളോ ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ആത്മീയ ആർജവം വൻകരകൾക്കപ്പുറമുള്ള കോടിക്കണക്കിന് മനുഷ്യരെ സ്വാധീനിക്കാൻ പോന്നതായിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്, ചരിത്രം അദ്ദേഹത്തെ മറ്റൊരു പേരിൽ ഓർമിച്ചുകൊണ്ടേയിരിക്കുന്നു, ‘മഹാത്മാ’.

ഏദനിൽ പൂക്കുന്ന ആശയങ്ങൾ

ഏദനിൽ ഗാന്ധിജി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ മാത്രമാണ്. എന്നാൽ ചില യാത്രകൾ അളക്കേണ്ടത് അവിടെ ചെലവഴിച്ച സമയം കൊണ്ടല്ല, മറിച്ച് അവിടെ ഉപേക്ഷിച്ചുപോയ ആശയങ്ങൾ കൊണ്ടാണെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഏദൻ സന്ദർശനത്തിന്റെ 95ാം വാർഷികമായിരുന്നു കടന്നുപോയത്.

ഇന്ത്യയും യമനും ആ ചരിത്ര നിമിഷത്തെ സ്മരിക്കുമ്പോൾ, തികച്ചും വ്യക്തിപരമായ ഒരു യാദൃച്ഛികത കൂടിയുണ്ട്. ഗാന്ധിജി ചരിത്രപരമായ തന്റെ യാത്രയിൽ കാലുകുത്തിയ ഏദൻ നഗരത്തിലാണ് ഞാൻ ജനിച്ചത്. ഇന്ന്, ഗാന്ധിയുടെ സ്വന്തം നാട്ടിൽ, ഇന്ത്യയിലെ കേരളത്തിൽ, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ‘സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ’ പിഎച്ച്.ഡി പൂർത്തിയാക്കുമ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമാണ്.

എന്റെ യാത്ര തുടങ്ങിയത് അന്ന് അദ്ദേഹം വിശ്രമിച്ച ഏദനിൽനിന്നായിരുന്നു. ലോകമെമ്പാടുമുള്ള നിരവധിയാളുകൾക്ക് ഗാന്ധിജി ഇന്ത്യൻ രാഷ്ട്രപിതാവാണ്. അദ്ദേഹത്തിന്റെ ലളിതമായ വേഷവിധാനം ഒരിക്കലും യാദൃച്ഛികമായിരുന്നില്ല. അദ്ദേഹം ധരിച്ച കൈത്തറി ഖാദി വസ്ത്രം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ചിഹ്നങ്ങളിലൊന്നായി മാറി. പാശ്ചാത്യ വസ്ത്രങ്ങൾ ഉപേക്ഷിച്ച് നാടൻ വസ്ത്രങ്ങൾ സ്വീകരിച്ചതിലൂടെ, ഗാന്ധിജി അധിനിവേശ സാമ്പത്തിക ചൂഷണത്തെ നിരസിക്കുകയും ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ തന്റെ ലാളിത്യം പ്രതിരോധമാക്കി മാറ്റിയിരുന്നു ഗാന്ധിജി. ആ തത്ത്വശാസ്ത്രം ഗാന്ധിജിയുടെ ഏദൻ സന്ദർശനത്തിലുമുണ്ടായിരുന്നു.

യമൻ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പ്

രജ്പുതാനയിൽ

ഏദനിലെ അദ്ദേഹത്തിന്റെ വരവ് രാഷ്ട്രീയ പ്രചാരണാർഥമായിരുന്നില്ല. റെഡ് സീ, സൂയസ് കനാൽ എന്നിവയിലൂടെ ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായിരുന്നു ഏദൻ. 1931ൽ ബോംബെക്കും ലണ്ടനുമിടയിൽ സർവിസ് നടത്തിയിരുന്ന കപ്പലുകൾ ഇന്ധനം നിറക്കുന്നതിനും അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിനുമായി ഏദനിൽ നിർത്തിയിരുന്നു. അങ്ങനെയാണ് ‘എസ്.എസ് രജ്പുതാന’ എന്ന കപ്പൽ ഏദനിൽ തങ്ങിയത്.

ഗാന്ധിജിയുടെ വരവിനെക്കുറിച്ചുള്ള വാർത്ത നഗരത്തിലുടനീളം വേഗത്തിൽ പടർന്നു. ഏദനിലെ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ സ്വീകരിക്കാൻ തുറമുഖത്ത് തടിച്ചുകൂടി. കച്ചവടക്കാർ, തൊഴിലാളികൾ, വിദ്യാർഥികൾ, മതനേതാക്കൾ, കുടുംബങ്ങൾ എന്നിവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായ ആ മനുഷ്യനെ ഒരുനോക്കുകാണാൻ മാത്രം എത്തിയവരായിരുന്നു. ഗാന്ധിജി വളരെ കുറഞ്ഞ സമയം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അറേബ്യൻ തീരത്ത് ജീവിക്കുമ്പോഴും ഇന്ത്യയുമായി വൈകാരികമായും സാംസ്കാരികമായും ബന്ധപ്പെട്ടിരുന്ന ആ സമൂഹത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആഴത്തിലുള്ള മുദ്രപതിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇന്നത്തെ ആളുകൾക്ക് ഏദൻ അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള വിദൂര നഗരമായി തോന്നാം. എന്നാൽ, ഗാന്ധിജിയുടെ ജീവിതകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വ ലോകത്ത് ഏദന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. മെഡിറ്ററേനിയൻ കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള തന്ത്രപ്രധാനമായ കവാടമെന്ന നിലയിൽ 1839ൽ ബ്രിട്ടൻ ഏദൻ പിടിച്ചെടുത്തു. ഏകദേശം ഒരു നൂറ്റാണ്ടോളം ബ്രിട്ടീഷ് ഇന്ത്യയുടെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായാണ് ഏദൻ ഭരിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഭരണപരമായി ഏദൻ ബോംബെയുമായി ബന്ധപ്പെട്ടിരുന്നു.

1937ലാണ് ഏദൻ ലണ്ടനിൽനിന്ന് നേരിട്ട് ഭരിക്കുന്ന ഒരു പ്രത്യേക ക്രൗൺ കോളനിയായി മാറിയത്. 1967 നവംബർ 30ന് സൗത്ത് യമൻ സ്വാതന്ത്ര്യം നേടുന്നതുവരെ ബ്രിട്ടീഷ് ഭരണം തുടർന്നു. ഈ ഭരണപരമായ ബന്ധം കാരണം ഇന്ത്യയും ഏദനും കൂട്ടിയിണക്കപ്പെട്ടിരുന്നു. കപ്പലുകൾ പരുത്തി, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, മുത്തുകൾ, തുണിത്തരങ്ങൾ എന്നിവ അറേബ്യൻ കടലിലൂടെ കൊണ്ടുപോയി. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഗുജറാത്തികൾ, പാർസികൾ, സിന്ധികൾ, ബോറകൾ, മലയാളികൾ, തമിഴർ, ഗോവൻസ് തുടങ്ങി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഏദനിൽ കുടിയേറിപ്പാർത്തത്. അവർ ഏദനിൽ കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, ആശുപത്രികൾ, പത്രങ്ങൾ, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്നിവ സ്ഥാപിച്ചു. അധ്യാപകരും ഡോക്ടർമാരും എൻജിനീയർമാരും വ്യാപാരികളുമായി അവർ ഏദന്റെ ബഹുസാംസ്കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

അറബി ഭാഷയോടൊപ്പം ഗുജറാത്തി, ഹിന്ദി, ഉർദു, തമിഴ്, മലയാളം, സോമാലി, ഇംഗ്ലീഷ് ഭാഷകളും അവിടത്തെ വിപണികളിൽ മുഴങ്ങി. പള്ളികളും സിനഗോഗുകളും ഹിന്ദു ക്ഷേത്രങ്ങളും തോളുരുമ്മി നിന്നു. ഗ്ലോബലൈസേഷൻ എന്ന വാക്ക് ഉണ്ടാകുന്നതിന് എത്രയോ മുമ്പുതന്നെ ഇന്ത്യയും ഏദനും അത് കാണിച്ചുതന്നിരുന്നു.

ഇന്ത്യയും യമനും തമ്മിൽ

യമനും ഇന്ത്യയും തമ്മിലുള്ള ബന്ധം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എത്രയോ മുമ്പേ തുടങ്ങിയതാണ്. ആയിരക്കണക്കിന് വർഷങ്ങളായി അറേബ്യൻ കടൽ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നുണ്ടെന്നാണ് ചരിത്രം പറയുന്നത്. പുരാതന യമനി രാജ്യങ്ങൾ ഇന്ത്യയിലേക്ക് കുങ്കുമവും സാമ്പ്രാണിയും കയറ്റിയയച്ചപ്പോൾ, ഇന്ത്യൻ വ്യാപാരികൾ സുഗന്ധവ്യഞ്ജനങ്ങളും പരുത്തിയും രത്നങ്ങളും തുണിത്തരങ്ങളും തെക്കൻ അറേബ്യയിലെ തുറമുഖങ്ങളിൽ എത്തിച്ചു. കാലവർഷക്കാറ്റ് കച്ചവടച്ചരക്കുകളെ മാത്രമല്ല, ഭാഷകളെയും സംസ്‌കാരങ്ങളെയും ഭക്ഷണരീതികളെയും ആശയങ്ങളെയും കടൽ കടത്തി വിട്ടു. ഏദനിൽ ജനിച്ചു വളരുമ്പോൾ, ഈ ചരിത്രബന്ധത്തിന്റെ ആഴം ഞാൻ പൂർണമായി മനസ്സിലാക്കിയിരുന്നില്ല. കഥകളിലൂടെയും സിനിമകളിലൂടെയും കുടുംബ ഓർമകളിലൂടെയുമാണ് ഞാൻ ഇന്ത്യയെ അറിഞ്ഞത്. എന്നാൽ പിന്നീട്, എന്റെ നഗരത്തെ രൂപപ്പെടുത്തിയത് ഈ ബന്ധങ്ങളാണെന്ന തിരിച്ചറിവിലേക്ക് ഞാനെത്തി.

വർഷങ്ങൾക്കുശേഷം, ഉന്നത വിദ്യാഭ്യാസത്തിനായി യമനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുമ്പോൾ, ചരിത്രം നൂറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയ ഒരു യാത്ര ഞാൻ അറിയാതെ പുനരാവിഷ്കരിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ ലോകത്തിന് നൽകിയ മണ്ണിൽ അറിവുതേടിയെത്തിയ ഒരു യുവ ഗവേഷകയുടെ വേഷത്തിൽ. ഇന്ത്യ എനിക്ക് കേവലം ഒരു ഡിഗ്രി തന്ന രാജ്യം മാത്രമല്ലെന്നും, മനുഷ്യത്വത്തെയും വ്യക്തിത്വത്തെയും എന്നെത്തന്നെയും മാറ്റിമറിച്ച ഇടമായി മാറുകയാണെന്നും ഞാൻ പതിയെ തിരിച്ചറിഞ്ഞുതുടങ്ങി.

ഗാന്ധി ഏദനിൽ സംസാരിക്കുന്നു

ഇന്ത്യയെ കണ്ടെത്തുന്നു, എന്നെയും

ഇന്ത്യയിൽ ആദ്യമായി എത്തുമ്പോൾ കുടുംബത്തിന്റെ പ്രതീക്ഷകളും ഒരു യമനി വിദ്യാർഥിനിയുടെ സ്വപ്നങ്ങളുമായിരുന്നു എന്റെ മനസ്സിൽ. പുസ്തകങ്ങളിൽ കണ്ട ഇന്ത്യയെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ഇന്ത്യയെ ദൂരെ നിന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന് ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു; അതിനെ അനുഭവിച്ചറിയണം. മഹാരാഷ്ട്ര എന്റെ ആദ്യത്തെ ക്ലാസ് മുറിയായി, കേരളം എന്റെ രണ്ടാമത്തെ ക്ലാസ് മുറിയും. വീട്ടുകാരെപ്പോലെ പെരുമാറിയ അയൽക്കാർ, അപരിചിതമായ സ്ഥലങ്ങൾ കാണിച്ചുതന്ന സാധാരണക്കാർ, പഠനത്തിനപ്പുറം പിന്തുണ നൽകിയ അധ്യാപകർ... ആ സ്നേഹപ്രകടനങ്ങൾ ഇന്ത്യയെ എന്റെ രണ്ടാമത്തെ വീടാക്കി മാറ്റി.

ആദ്യം സാംസ്കാരികപരമായുള്ള ഒരകൽച്ച ഞാൻ ഭയന്നിരുന്നു. എന്നാൽ, അതിനുപകരം എനിക്കനുഭവപ്പെട്ടത് ഈ നാടുമായുള്ള സാമ്യതയാണ്. കുടുംബബന്ധങ്ങളുടെ ആഴം, മുതിർന്നവരോടുള്ള ആദരവ്, അതിഥിസൽക്കാരം, കൂട്ടായ്മകൾ... ഇതെല്ലാം എന്നെ യമനെ ഓർമിപ്പിച്ചു. ഭാഷകൾ വേറെയായിരുന്നെങ്കിലും ഇരുനാട്ടിലെയും മൂല്യങ്ങൾ ഒന്നായിരുന്നു. കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ, യമനി വ്യാപാരികൾ എന്തുകൊണ്ടാണ് ഇന്ത്യയെ ഇത്രയധികം സ്നേഹിച്ചതെന്ന് വ്യക്തമായി. ഇവിടത്തെ തുറമുഖങ്ങൾ എന്നെ ഏദനെ ഓർമിപ്പിച്ചു. ഇവിടത്തെ സുഗന്ധവ്യഞ്ജന വിപണികൾ പഴയ കച്ചവട ചരിത്രത്തെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി.

ഗാന്ധിജി എന്ന പാഠപുസ്തകം

ഇന്ത്യ എനിക്ക് നൽകിയ ഏറ്റവും വലിയ പാഠം ഗാന്ധിജിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിലെ പഠനം എനിക്ക് വെറുമൊരു അക്കാദമിക് അനുഭവമായിരുന്നില്ല. യമനിലെ ലിംഗപദവി, വികസനം, പോസ്റ്റ്-കൊളോണിയൽ പഠനങ്ങൾ എന്നിവയെക്കുറിച്ചാണ് എന്റെ ഗവേഷണം. സ്വന്തം രാജ്യത്തെക്കുറിച്ചുള്ള പല ചോദ്യങ്ങളും ഉയർന്നുവന്നത് മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോഴാണ് എന്നതാണ് അതിലെ കൗതുകം. യഥാർഥ വികസനം കേവലം സാമ്പത്തിക കണക്കുകളിൽ മാത്രമല്ലെന്നും അത് മനുഷ്യന്റെ അന്തസ്സിലും വിദ്യാഭ്യാസത്തിലുമാണെന്നുമുള്ള ഗാന്ധിയൻ ആശയം എന്റെ ചിന്തകളെ സ്വാധീനിച്ചു. വർഷങ്ങളായി സംഘർഷങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എന്റെ മാതൃരാജ്യമായ യമനെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. രാജ്യപുനർനിർമാണത്തിന് റോഡുകളും സ്കൂളുകളും ആശുപത്രികളും മാത്രം പോരാ, മറിച്ച് വിശ്വാസം, സംഭാഷണം, വിദ്യാഭ്യാസം, കരുണ എന്നീ മൂല്യങ്ങളും വേണം. ഈ അർഥത്തിൽ ഗാന്ധിജിയുടെ സന്ദേശം ഇന്ത്യക്കു മാത്രമല്ല, മുറിവേറ്റ യമനും ലോകത്തിനും ഒരുപോലെ പ്രസക്തമാണ്.

ചരിത്രം ജീവിക്കുമ്പോൾ

ഇന്ത്യയിൽ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, ഗാന്ധിജിയുടെ പേര് ഏദനിൽ ഇന്നും ജീവിക്കുന്നു എന്ന് പറയുമ്പോൾ അവർ അത്ഭുതപ്പെടാറുണ്ട്. ഏദന്റെ ഹൃദയഭാഗത്തുള്ള ക്രാറ്ററിൽ ‘മഹാത്മാഗാന്ധി ഇന്റർനാഷനൽ സ്കൂൾ’ (MGIS) സ്ഥിതിചെയ്യുന്നുണ്ട്. 1998 ആഗസ്റ്റിലാണ് ഇത് ആരംഭിച്ചത്. ആദ്യം ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ഇന്ത്യൻ കുട്ടികൾക്കായി തുടങ്ങിയതാണെങ്കിലും, ഇന്ന് അവിടത്തെ 90 ശതമാനത്തിലധികം വിദ്യാർഥികളും യമനി കുട്ടികളാണ്! ഏദനിലെ പല കുടുംബങ്ങൾക്കും ഈ സ്കൂൾ അച്ചടക്കത്തിന്റെയും മികച്ച വിദ്യാഭ്യാസത്തിന്റെയും പ്രതീകമാണ്. ഏതാനും മണിക്കൂറുകൾമാത്രം നീണ്ടുനിന്ന ഒരു സന്ദർശനം തലമുറകൾക്ക് വെളിച്ചമേകുന്ന ഒന്നായി മാറിയത് ചരിത്രം. ഞാൻ ജനിച്ച നഗരത്തിൽ ഗാന്ധിജി വന്നു; ഇന്ന് ഞാൻ പഠിക്കുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള സർവകലാശാലയിലാണ്.

ഇന്നും ഏദനിലെ തെരുവുകളിൽ നടന്നാൽ ഇന്ത്യയുടെ കൈയൊപ്പ് കാണാം. ഏദനി ഭക്ഷണത്തിലെ ഏലക്കയും മഞ്ഞളും കറുവപ്പട്ടയും മസാലകളും; മുതിർന്നവരുടെ സംസാരത്തിലെ ഹിന്ദി, ഗുജറാത്തി, ഉർദു വാക്കുകൾ; ഏദനിലെ തിയറ്ററുകളിൽ മുഴങ്ങിയ ബോളിവുഡ് ഗാനങ്ങളും... അങ്ങനെയങ്ങനെ. ചരിത്രം പലപ്പോഴും യുദ്ധങ്ങളെയും ഭരണാധികാരികളെയും മാത്രമാണ് ആഘോഷിക്കാറ്. എന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും ശക്തമായ ബന്ധം നിർമിക്കുന്നത് സാധാരണക്കാരാണ്. സമുദ്രം താണ്ടിയ നാവികർ, സത്യസന്ധമായി കച്ചവടം ചെയ്ത വ്യാപാരികൾ, കുട്ടികളെ പഠിപ്പിച്ച അധ്യാപകർ, രോഗികളെ ശുശ്രൂഷിച്ച ഡോക്ടർമാർ, അറിവുതേടി യാത്ര ചെയ്ത വിദ്യാർഥികൾ... അറേബ്യൻ കടൽ യമനെയും ഇന്ത്യയെയും ഒരിക്കലും വേർപെടുത്തിയിട്ടില്ല; അത് നമ്മുടെ കഥകളെ അങ്ങോട്ടുമിങ്ങോട്ടും ചുമക്കുകയായിരുന്നു. ഗാന്ധിയുടെ ഏദനിൽനിന്ന് ഗാന്ധിയുടെ മണ്ണിലേക്ക് അറിവുതേടിയെത്തിയ ഒരു യമനി മകളുടെ ഈ യാത്രയും അങ്ങനെതന്നെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From Aden to Mahatma Gandhi University
Next Story