Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightക്രൈസ്തവ വോട്ടുകൾ...

ക്രൈസ്തവ വോട്ടുകൾ ഇക്കുറി എങ്ങോട്ട്?

text_fields
bookmark_border
ക്രൈസ്തവ വോട്ടുകൾ ഇക്കുറി എങ്ങോട്ട്?
cancel

‘കപട പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു. അകമെയോ, അവർ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു’ (മത്തായി 7:15).

സുവിശേഷം പഠിപ്പിക്കുന്നത് വഞ്ചകരെ വെറുക്കാനല്ല, മറിച്ച് അവരെ തിരിച്ചറിയാനുള്ള വിവേകം വേണമെന്നാണ്. ‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരും ആയിരിക്കുവിൻ’ എന്ന വചനം വഞ്ചകർ നിറഞ്ഞ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് മാർഗനിർദേശം നൽകുന്നുവെന്നാണ് പുരോഹിതർ വിവരിക്കാറുള്ളത്.

അനിൽ ആന്റണി ഉദാഹരണം

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഈ നിലപാടാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ഏറക്കുറെ പുലർത്തുന്നത്. അനിവാര്യ സന്ദർഭങ്ങളിൽ അവർ വഞ്ചകരെ തിരിച്ചറിയുന്നുണ്ട്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പൊളിറ്റിക്കൽ കരിയർ ഗ്രാഫ് അതിന്റെ ഉദാഹരണമാണ്. ആന്റണിയുടെ ചങ്കുതകർത്ത് അനിൽ 2023ലാണ് ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേർന്നത്. തങ്ങൾക്കനുകൂലമായ വോട്ടിന്റെ വഴിയിലേക്ക് കേരളത്തിലെ ക്രൈസ്തവ സമുദായത്തെ ആകർഷിക്കാൻ അന്തോണീ പുത്രന്റെ പശ്ചാത്തലം ഉപയോഗിക്കാൻ പാർട്ടി വലിയ പദ്ധതികൾ ആവിഷ്കരിച്ചു. മൂന്ന് മാസത്തിനുശേഷം ദേശീയ സെക്രട്ടറിയായി ആ ചെറുപ്പക്കാരനെ അവരോധിക്കുകയും ചെയ്തു. ക്രൈസ്തവ സമൂഹത്തിൽ പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യാനുള്ള കൈയാളായി അനിൽ വളർന്നുപന്തലിക്കുമെന്നായിരുന്നു വ്യാമോഹം.


എന്നാൽ, ഒന്നുമുണ്ടായില്ല. കെട്ടിപ്പൊട്ടിയ മനക്കോട്ടകൾ തകർന്നടിഞ്ഞത് ബി.ജെ.പിയെ ഞെട്ടിക്കുന്നതായിരുന്നു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കാവിക്കുപ്പായമിടുവിച്ച് കളത്തിലിറക്കിയ അനിൽ ആന്റണി, യു.ഡി.എഫിന്റെ ആന്റോ ആന്റണിക്കും എൽ.ഡി.എഫിന്റെ തോമസ് ഐസക്കിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രൈസ്തവരുടെ സാന്നിധ്യം ഏറെയുള്ള മണ്ഡലത്തിലായിരുന്നു ഈ തിരിച്ചടി.

അനിൽ ആന്റണിയെപ്പോലെ ടോം വടക്കനെയും ഒപ്പമെത്തിക്കുമ്പോൾ ക്രിസ്ത്യൻ സമൂഹത്തിലേക്ക് സംഘ്പരിവാറിന്റെ പാലമായി വർത്തിക്കുമെന്ന പ്രതീക്ഷയാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ, അതും നനഞ്ഞ പടക്കമായി. ബി.ജെ.പി പ്രവർത്തനങ്ങളിൽ അനിലിന്റെയും വടക്കന്റെയും ഇടപെടൽ ഇടയ്ക്കിടെ നടക്കുന്ന പ്രസ് കോൺഫറൻസുകളിലും ഒറ്റപ്പെട്ട ചടങ്ങുകളിലെ പങ്കാളിത്തത്തിലും പിന്നെ അൽപം ‘എക്സ്’ പോസ്റ്റുകളിലുമായി ഒതുങ്ങിയിരിക്കുന്നു.

ഇക്കുറി ഒന്നും ഏശുന്ന മട്ടില്ല

ഏപ്രിൽ ഒമ്പതിന് കേരളം നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കുന്ന ഈ സന്ദർഭത്തിലും ക്രൈസ്തവരെ ആകർഷിക്കാൻ ബി.ജെ.പി സജീവ ശ്രമം നടത്തുന്നുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ക്രൈസ്തവ സമൂഹത്തിന് ‘മൈക്രോ-മൈനോരിറ്റി പദവി’യും ക്ഷേമ പദ്ധതികളിലും സ്കോളർഷിപ്പുകളിലും സാമൂഹിക വികസന ആനുകൂല്യങ്ങളിലും ന്യായമായ പ്രാതിനിധ്യവുമൊക്കെ ഉറപ്പ് നൽകിയാണ് അവരെ മാടിവിളിക്കുന്നത്.

പക്ഷേ, ഇക്കുറി ഒന്നും ഏശുന്ന മട്ടില്ല. ബി.ജെ.പിയുടെ മോഹന വാഗ്ദാനങ്ങളോട് അവർ പൂർണമായും പുറംതിരിഞ്ഞ് നിൽക്കുകയാണ്. കപട സംരക്ഷകരെ തിരിച്ചറിഞ്ഞ് അവർ കൃത്യമായ അകലം പാലിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ ചുരുങ്ങിയ തോതിലെങ്കിലും ലക്ഷ്യം കണ്ടുവെങ്കിൽ പതിയെ പൂശിയ ചായം മാഞ്ഞ ഫാഷിസത്തിന്റെ യഥാർഥ രൂപം സമുദായം തിരിച്ചറിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുരോഹിതരെ ആക്രമിക്കുന്നതും ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളും മറനീക്കി പുറത്തുവന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആഘോഷങ്ങൾക്കുമേൽ വ്യാപകമായി ആക്രമണങ്ങൾ അരങ്ങേറി. വടക്കൻ സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ വാശിയോടെ കൊണ്ടുവന്നു.

മോദി വരെ ശ്രമിച്ചു, ഒത്തില്ല

ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ മോദി ന്യൂഡൽഹിയിൽ സീറോ-മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ മറ്റ് മുതിർന്ന ചർച്ച് നേതൃത്വത്തോടൊപ്പം കണ്ടു. എന്നാൽ, ക്രിസ്മസ് കാലത്ത് ഉത്തരേന്ത്യയിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറിയതോടെ സംഘ്പരിവാറിന് തങ്ങളോടുള്ള യഥാർഥ മനോഭാവം ക്രൈസ്തവർ തിരിച്ചറിഞ്ഞു.


കേരളത്തിൽ പിന്നാലെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ക്രിസ്ത്യൻ വോട്ടുകൾ ഒന്നായി യു.ഡി.എഫിനൊപ്പം നിന്നപ്പോൾ അവർക്ക് ചരിത്രവിജയമായി. നിയമസഭ തെരഞ്ഞെടുപ്പിലും ആ സമവാക്യങ്ങൾക്ക് വലിയ മാറ്റമില്ലെന്നാണ് സൂചനകൾ. അതുകൊണ്ടാണ് എറണാകുളത്തെ ചില പഞ്ചായത്തുകളിൽ മാത്രം സാന്നിധ്യമുള്ള ട്വന്റി20 എന്ന പാർട്ടിയെ ബി.ജെ.പി ദ്രുതഗതിയിൽ തങ്ങളുടെ മുന്നണിയുടെ ഭാഗമാക്കിയത്. ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തെ തങ്ങൾക്കൊപ്പം നിർത്താമെന്ന കണക്കുകൂട്ടലിലാണിത്. എന്നാൽ, ബി.ജെ.പിയുമായുള്ള ബാന്ധവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ട്വന്റി20യുടെ അണികളിൽ വലിയൊരു പങ്കും പാർട്ടിയുമായി അകന്നുപോകുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയത്.

ബി.ജെ.പിയുടെ ‘ചെമ്പ്’ തെളിയിച്ച എഫ്.സി.ആർ.എ

ഇതിനിടയിലാണ് ഫോറിൻ കൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ, 2026 ബി.ജെ.പി പാർലമെന്റിൽ അവതരിപ്പിച്ചത്. അതോടെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ആളിക്കത്തി. വിദേശ സംഭാവനകൾ കൂടുതൽ നിയന്ത്രിച്ച് തങ്ങളെ വരിഞ്ഞുമുറുക്കാനുള്ള നീക്കമാണെന്ന ഭയം ക്രിസ്ത്യൻ സമൂഹത്തിൽ ശക്തമാണിപ്പോൾ. ഈ ഘട്ടത്തിൽ ഈ നിയമനിർമാണം പാസാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പ്രസ്താവിക്കേണ്ടി വന്നു. ബിൽ തൽക്കാലം മാറ്റിവെച്ചെങ്കിലും ബി.ജെ.പി നേതാക്കളിൽ പലരും നടത്തുന്ന പ്രസ്താവനകൾ എഫ്.സി.ആർ.എയെ അനുകൂലിക്കുന്ന നിലയിലായിരുന്നു. ഏറ്റവും ഒടുവിൽ ‘എഫ്.സി.ആർ.എയിൽ ആശങ്ക ഉള്ളവർ കള്ളന്മാരാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയും ചേർന്നതോടെ കാര്യങ്ങൾ മറനീക്കിയിട്ടുണ്ട്.


2011 ലെ സെൻസസ് അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയിൽ ക്രൈസ്തവ സമൂഹം 18.38 ശതമാനമാണ്. 54.73 ശതമാനം ഹിന്ദുക്കൾക്കും 26.56 ശതമാനം മുസ്‍ലിംകൾക്കും പിന്നിൽ. ഇക്കുറി നിർണായകമായ ഈ ക്രിസ്ത്യൻ സമൂഹം ഏറക്കുറെ പൂർണമായും ബി.ജെ.പിയിൽനിന്ന് കൃത്യമായ അകലം പാലിക്കുകയാണ്. ക്രൈസ്തവ സമൂഹത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാർട്ടി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeShone GeorgeChristian votesAnil AntonyKerala Assembly Election 2026
News Summary - Christian votes in kerala assembly election 2026
Next Story