അതേ, പഠനം ഞങ്ങൾക്ക് ജിഹാദ് തന്നെയാണ്; പക്ഷേ, ഇതൂകൂടി കേൾക്കണം -ഒരു മലയാളി വിദ്യാർഥിയുടെ കേന്ദ്ര സർവകലാശാലാ അനുഭവം
text_fieldsമുസ്‌ലിംകളും കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ജിഹാദ് ചേർത്ത് പറയുന്നത് ചിലർക്ക് ഒരു ശീലം ആയിരിക്കുന്നു. കേരളത്തിന്‍റെ നന്മകൾ സ്വപ്‍നം കാണാൻ പോലും കഴിയാത്തവർ വർഷങ്ങളായി നടത്തി വരുന്നുണ്ട് വിദ്വേഷ പ്രചരണങ്ങൾ. പ്രളയത്തിൽ കേരളം മുങ്ങിപ്പോയ ഘട്ടത്തിൽ സഹായം നൽകാൻ മുന്നോട്ട് വന്നവരെപ്പോലും വിലക്കിയ ദുഷ്ടത ലോകം കണ്ടതാണ്.
'മാർക്ക് ജിഹാദ്' നടത്തിയാണ് കേരളത്തിലെ കുട്ടികൾ ഉന്നത വിജയം നേടുന്നത് എന്ന സിദ്ധാന്തം ചമച്ചിരിക്കുകയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്വാൻ. ജിഹാദ് എന്ന വാക്കിന്‍റെ അർത്ഥം പരിശ്രമം എന്നാണെന്നു അറിഞ്ഞാണോ അയാൾ ഇത് പറഞ്ഞത്, ആവണമെന്നില്ല. എന്നാൽ പറയട്ടെ, സർക്കാരും സ്കൂളുകാരും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം കഠിന പരിശ്രമം നടത്തിയും ഒന്നിച്ചു ഉറക്കമൊഴിച്ചുമൊക്കെ നേടിയതാണ് ആ മാർക്കും തിളങ്ങുന്ന വിജയവുമെല്ലാം. തങ്ങൾക്ക് പഠിക്കാൻ കഴിയാത്ത സ്ഥാപനങ്ങളിലും അകറ്റി നിർത്തപ്പെട്ട സർവകലാശാലകളിലും മക്കളെ പഠിപ്പിച്ചു ബിരുദധാരികളാക്കാൻ സ്വദേശത്തും വിദേശത്തും കഠിന പരിശ്രമം നടത്തുന്നുണ്ട് മാതാപിതാക്കൾ.
ഇവിടെ കുട്ടികളുടെ മതം നോക്കി അല്ല, ഉത്തര ക്കടലാസ് നോക്കിയാണ് മാർക്ക് ഇടുന്നത്. അധ്വാനിച്ചു നേടിയ ആ മാർക്കും കൊണ്ടാണ് ഞങ്ങൾ ഉപരിപഠനത്തിന് പോകുന്നത്. പരിശ്രമിച്ചു നേടുന്ന മാർക്കിനെ ജിഹാദ് എന്ന് വിളിക്കുന്നുവെങ്കിൽ പഠിച്ചു മുന്നേറാൻ ശ്രമിക്കുന്നവരെ പേരും ജാതിയും നോക്കി തോൽപ്പിക്കാൻ നോക്കുന്ന വർഗീയ വംശീയ രീതിയെ മാർക്ക് കർസേവ എന്നല്ലാതെ എന്ത് വിളിക്കും?
ജെ.എൻ.യുവിൽ പണ്ടേ ഇടതു പക്ഷം താവളമാക്കിയെന്നും ഇപ്പോൾ ഡൽഹി സർവകലാശാലയിലും ശ്രമിക്കുന്നു എന്നുമൊക്ക ഒരു അധ്യാപകൻ എഴുതുമ്പോൾ പുറത്തു പറയണ്ട എന്ന് ഇത്രയും കാലം കരുതിയ ഒരു ജെ.എൻ.യു മാർക്ക് കർസേവ സംഭവം ഓർത്തെടുക്കാൻ നിർബന്ധിതയാവുന്നു.
എന്‍റെ നാട്ടിൽ നിന്ന് ആദ്യമായി ജെ.എൻ.യുവിൽ അഡ്മിഷൻ കിട്ടി വന്ന സമയം. ആദ്യ സെമെസ്റ്റർ കഴിയാറായപ്പോഴാണ് എത്തിയത്. സീറോ സെമെസ്റ്റർ ആയത് കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ട് തന്നെ പഠിക്കേണ്ടിയിരുന്നു.
സിനിമ ആൻഡ് കൾചർ ഇൻ ഇന്ത്യ ആയിരുന്നു ഒരു വിഷയം. ഇന്ത്യൻ സിനിമ എന്നൊക്കെ പറയുമെങ്കിലും മലയാളമോ ബംഗാളിയോ പോയിട്ട് ഒരു മറാത്തി ചിത്രം പോലും പഠന ചർച്ചകളിൽ ഉൾകൊള്ളാൻ ഉള്ള വിശാല ഭാരതീയ കാഴ്ച്ചപ്പാടൊന്നും ഡോ. അമിത് കുമാർ ശർമ്മ എന്ന ഞങ്ങളുടെ അധ്യാപകന് ഉണ്ടായിരുന്നില്ല.
ഹിന്ദി സിനിമകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നതും ചർച്ച ചെയ്യലും. വിദ്യാർഥികൾ എതിര് പറയാറൊന്നുമില്ല. ഞങ്ങൾ കാണും, നോട്ടുകളും പ്രോജക്ടുകളും ചെയ്യും.
ഒടുവിൽ പരീക്ഷകാലമായി. വൈവ വോസി ദിവസം. മുൻപ് പഠിച്ച കവിയും ചിത്രകാരനുമായ സുധീഷ് കോട്ടെമ്പ്രത്തിന്‍റെ പിന്തുണയോടെ നന്നായി പ്രിപ്പയർ ചെയ്ത പ്രൊജക്റ്റുമായി നല്ല ആത്മവിശ്വാസത്തോടെയാണ് ഞാൻ എത്തിയത്. റോൾ നമ്പർ പ്രകാരം ഓരോരുത്തരെയായി വൈവക്ക് അകത്തു വിളിച്ചു.
എന്‍റെ ഊഴം ആയപ്പോൾ എന്നെ വിളിക്കാതെ അടുത്ത ആളെ വിളിച്ചു, പിന്നെ അതിനടുത്ത നമ്പറുകാരനെ. എല്ലാവരും വൈവ കഴിഞ്ഞു ഇറങ്ങി വന്നു. അവരൊടൊക്കെ ചോദിച്ചത് സബ്ജെക്ടിൽ നിന്നുള്ള ചോദ്യങ്ങൾ. സിനിമ ഗാനങ്ങൾ പാടിച്ചു , പ്രൊജക്റ്റ്‌കൾ നോക്കി അഭിപ്രായം പറഞ്ഞു... എല്ലാവരും കൂൾ കൂൾ.
നന്നായി പഠിച്ചിട്ടുണ്ട്, നല്ല പ്രൊജക്റ്റ് ഉണ്ട്, എനിക്കും എളുപ്പമാകുമെന്ന് ഞാനും സമാധാനിച്ചു. ഏറ്റവും അവസാനമായി എന്‍റെ ഊഴം.
എന്നെ കണ്ടത് തന്നെ അയാൾക്ക് പിടിക്കാഞ്ഞത് പോലെ. ദിവസങ്ങളോളം ഇരുന്നു തയ്യാറാക്കിയ പ്രൊജക്റ്റ് അദ്ദേഹത്തിന് മുന്നിൽ വെച്ചു. തുറന്ന് നോക്കിയത് പോലുമില്ല. സിനിമയെക്കുറിച്ച് ചോദ്യമില്ല.
അയാൾക്ക് അറിയേണ്ടത് എന്‍റെ മതത്തെ കുറിച്ചായിരുന്നു. കേരളത്തിലെ മുസ്‌ലിംകൾ എല്ലാം എക്സ്ട്രീമിസ്റ്റുകൾ ആണെന്ന് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു തുടക്കം.
ഞാൻ ഏത് തരം മുസ്ലിം ആണ്? എത്ര നേരം നമസ്കരിക്കാറുണ്ട് ഇതൊക്കെ ആയിരുന്നു ചോദ്യങ്ങൾ. മറ്റുള്ളവരെ കൊണ്ട് പാടിച്ചത് പോലെ പാട്ടുകൾ ചോദിക്കുന്നില്ല, സിനിമ രംഗങ്ങളെക്കുറിച്ച് ചോദിക്കുന്നില്ല.
ഞാൻ ഏത് വിശ്വാസി ആണെങ്കിലും എന്‍റെ വിഷയത്തെ അത് ബാധിക്കുന്നില്ല. എന്‍റെ പ്രൊജക്റ്റിൽ അത് എഴുതി വെച്ചിട്ടില്ല. പക്ഷെ അയാൾക്ക് അതായിരുന്നു ചോദിക്കാനും അറിയാനും ഉണ്ടായിരുന്നത്.
പ്രൊജക്റ്റിനെ കുറിച്ച് ഞാൻ പറയാൻ ശ്രമിച്ചു- You can go എന്ന് പറഞ്ഞു ഇറക്കി വിട്ടു. ഇതെല്ലാം കണ്ട് നിന്ന അയാളുടെ ശിങ്കിടികളായ രണ്ടു സീനിയേഴ്‌സ് ഒരക്ഷരം മിണ്ടിയതുമില്ല. ക്ലാസ്സിൽ ഏറ്റവും കുറഞ്ഞ മാർക്ക് എനിക്കായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.
ഈ മാർക്ക് കർസേവയെക്കുറിച്ച് പരാതി നൽകാനുള്ള ധൈര്യമൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല. പരാതി നൽകിയാൽ അടുത്ത സെമസ്റ്ററിൽ പക തീർക്കും എന്ന് ഉറപ്പാണ്.
പക്ഷെ എന്ത് വന്നാലും കോഴ്സ് കംപ്ലീറ്റ് ചെയ്യും എന്ന വാശി ഉണ്ടായിരുന്നു. ഒരുത്തന്‍റെയും ഔദാര്യം ഇല്ലാതെ അവിടെ നിന്ന് പഠിച്ചിറങ്ങുകയും ചെയ്തു. പിന്നീട് ഇക്കാര്യം അറിഞ്ഞ ചില അധ്യാപകർ പരാതി നൽകാത്തതിന് എന്നെ വഴക്കും പറഞ്ഞു.
ഡൽഹിയിലെ കാമ്പസുകളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരുന്നത് പുതിയ കാര്യം ഒന്നും അല്ല. മലയാളികൾ കൂടുതൽ പഠിക്കാൻ വരുന്നത് കൊണ്ട് ഡൽഹിയിലെ കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നു എന്ന് പറയുന്ന പലരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ വന്നു കൂടിയവർ ആണ്. പുതിയ സിദ്ധാന്തം എഴുന്നള്ളിച്ച വിദ്വാൻ പോലും.
ജെ.എൻ.യുവിലും മറ്റു ഉന്നത കലാലയങ്ങളിലും ചേർന്ന നിരവധി പിന്നോക്ക ദളിത് വിദ്യാർഥികളെ ജാതി -വർഗീയവാദികളായ അധ്യാപകരും അധികൃതരും വിദ്യാർത്ഥികളുമെല്ലാം കൂടി മനസ്സ് മടുപ്പിച്ചു വിട്ടിട്ടുണ്ട്.
രോഹിത്തിനെയും നജീബിനെയും ഫാത്തിമ ലത്തീഫിനെയും ബാൽ മുകുന്ദ ഭാരതിയെയും പോലെ ഒരു പാട് പേരെ ഇല്ലാതാക്കിയിട്ടുമുണ്ട്. മലയാളി വിദ്യാർഥികളെ അങ്ങിനെ മുടക്കി വിടാൻ പറ്റാത്തതിന്‍റെ ചൊരുക്കാണ് ഇത്തരം ആഖ്യാനങ്ങൾക്ക് പിന്നിൽ. നിങ്ങളൊക്കെ എത്ര വിഷം കലക്കിയാലും ഇനിയും ചന്ദ്രഗിരിപ്പുഴ കടന്ന് മലയാളി കുട്ടികൾ ഡൽഹിയിൽ എന്നല്ല, ഇന്ത്യയിൽ എവിടെ പോയും, ലോകത്തിന്‍റെ മറ്റു കോണുകളിൽ ചെന്നും പഠിക്കും, ഒന്നാം സ്ഥാനവും നേടും.