ആരോഗ്യം മറക്കുന്ന ഡിജിറ്റൽ ഡേറ്റ
text_fieldsരാഷ്ട്രം പുരോഗതി കൈവരിക്കണമെങ്കിൽ സാധാരണ പൗരന്മാർ ആരോഗ്യവാന്മാരും രാഷ്ട്രനിർമിതിയിൽ പങ്കുകൊള്ളാൻ കെൽപുള്ളവരുമാകണം. ആരോഗ്യസുരക്ഷക്കായി സർക്കാറുകൾ നീക്കിവെക്കുന്ന തുക ഘട്ടം ഘട്ടമായി ഏറ്റവും ചുരുങ്ങിയത് ജി.ഡി.പിയുടെ അഞ്ചു ശതമാനത്തിലേക്കെങ്കിലും ഉയർത്തണം. ഗ്രാമങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളെ ശാക്തീകരിക്കണം. അവരുടെ അടിസ്ഥാന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന സംവിധാനങ്ങൾ മെച്ചപ്പെട്ടതാക്കണം.
പ്രിവൻറിവ് ഹെൽത്തിന് ഊന്നൽ നൽകണം. പ്രതിരോധ കുത്തിവെപ്പ് പ്രോഗ്രാമുകൾ സുശക്തമാക്കണം. ശുദ്ധവായുവും കുടിവെള്ളവും പോഷകാഹാരവും ജനങ്ങളുടെ നിഷേധിക്കാനാവാത്ത മൗലികാവകാശങ്ങളായി സർക്കാർ അംഗീകരിക്കുകതന്നെ വേണം. ഇന്ത്യയുടെ ശക്തി ഗ്രാമങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ് നമ്മെ ഉണർത്തിയത് രാഷ്ട്രപിതാവാണ്. ഗ്രാമീണർ ആരോഗ്യവാന്മാരായാൽ അവരുടെ പ്രവർത്തനക്ഷമതയും ഉൽപാദനക്ഷമതയും വർധിക്കും. അതുവഴി അവരുടെ ഉപഭോഗശേഷി കൂടുകയും ദേശീയ ഉൽപാദനത്തിൽ വർധനയുണ്ടാവുകയും തൊഴിൽസാധ്യതകൾ കൂടുകയും ചെയ്യും.
നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ
ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് കേന്ദ്ര സർക്കാർ നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻ.ഡി.എച്ച്.എം) കരടുനയം പുറത്തിറക്കി. ജനങ്ങൾക്ക് പ്രതികരണങ്ങൾ അറിയിക്കാൻ സെപ്റ്റംബർ മൂന്നുവരെയാണ് ആദ്യം സമയം അനുവദിച്ചത്. അത് പിന്നീട് ഒരാഴ്ചകൂടി നീട്ടി സെപ്റ്റംബർ 10 വരെയാക്കി. പാർലമെൻറിലോ പൊതുസമൂഹത്തിലോ വേണ്ട രീതിയിൽ ഇത് ചർച്ചചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെയോ ഡോക്ടർമാരുടെ വേദിയായ ഐ.എം.എയുടെയോ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടില്ല.
എൻ.ഡി.എച്ച്.എം വഴി ഗവൺമെൻറ് ഉദ്ദേശിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി ഉണ്ടാക്കുകയാണ്. ഇത് ആധാറുമായും ആധാറിലെ ബയോമെട്രിക് രേഖകളുമായും ബന്ധിപ്പിക്കുന്നു. കരടുനയത്തിൽ പ്രധാനമായും ഇതിനുവേണ്ട ഡേറ്റ ശേഖരണവും അത് പ്രോസസ് ചെയ്ത് സെൻട്രൽ ഡേറ്റബേസിൽ സംഭരിച്ച് ഷെയർ ചെയ്യുന്നതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. കേന്ദ്ര, സംസ്ഥാന തലങ്ങളിലും ആശുപത്രി/ആരോഗ്യകേന്ദ്രത്തിലും ഈ ഡേറ്റ ലഭ്യമാക്കാം.
ഇതിൽ പേഴ്സനൽ ഡേറ്റയും സെൻസിറ്റിവ് പേഴ്സനൽ ഡേറ്റയും ഉൾപ്പെടുന്നുണ്ട്. സെൻസിറ്റിവ് പേഴ്സനൽ ഡേറ്റയിലാവട്ടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും െഡബിറ്റ്, െക്രഡിറ്റ് കാർഡുകളുടെയും വിശദവിവരങ്ങളും ഉൾപ്പെടുന്ന ഫിനാൻഷ്യൽ ഡേറ്റയും ശാരീരികവും മാനസികവുമായ വിവരങ്ങളടങ്ങിയ ഫിസിക്കൽ ആൻഡ് മെൻറൽ ഡേറ്റയും അടങ്ങിയിരിക്കുന്നു. കൂടാതെ വ്യക്തിയുടെ ലൈംഗികജീവിതം, ലൈംഗികാഭിമുഖ്യം, ചികിത്സരേഖകൾ, അതിപ്രധാന രേഖയായ ബയോമെട്രിക് ഡേറ്റ, ട്രാൻസ്ജെൻഡർ ഡേറ്റ, ഇൻറർ സെക്സ് സ്റ്റാറ്റസ് എന്നിവ കൂടാതെ ജാതി, ഗോത്രം, മതം, രാഷ്ട്രീയബന്ധം വരെയുള്ള അതിസൂക്ഷ്മ ഡേറ്റകൾ ഒറ്റ ക്ലിക്കിൽ ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്നു.
ഇത്രയും സെൻസിറ്റിവായ ഡേറ്റകളുടെ സ്വകാര്യതയും സുരക്ഷിതത്വവും എത്രമാത്രം എന്നത് ആശങ്കാരഹിതമല്ല. കൂടുതൽ ഡേറ്റയെക്കുറിച്ചും വളരെ കുറച്ചുമാത്രം ആരോഗ്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ കരടുരേഖയെന്ന് ഒറ്റവായനയിൽ ബോധ്യപ്പെടും. പൗരന്മാർ ഡേറ്റ പ്രിൻസിപ്പൽമാരായും, ഡോക്ടർമാരും ആശുപത്രികളും ഡേറ്റ പ്രൊവൈഡേഴ്സായും, സർക്കാറും ഏജൻസികളും ഡേറ്റ ഉപയോക്താക്കളായുമാണ് കരടിൽ ഉടനീളം വിശദീകരിക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.
അടിസ്ഥാന ജനവിഭാഗത്തിന് ഈ ബിൽ എത്രമാത്രം ഉപയോഗപ്രദമാകും എന്നതിനെക്കുറിച്ച് വ്യക്തമായ പ്രതിപാദ്യമില്ല. ഒരുപാട് ചെലവും അതിലേറെ അധ്വാനവുമുള്ള എൻ.ഡി.എച്ച്.എം ഡേറ്റാശേഖരണം തിടുക്കത്തിൽ പാസാക്കിയെടുക്കാനുള്ള സർക്കാറിെൻറ ധിറുതി സംശയാസ്പദമാണ്. പാരിസ്ഥിതികാഘാതം വിലയിരുത്തൽ നയം (ഇ.െഎ.എ) ചുട്ടെടുക്കാൻ ശ്രമിച്ച വ്യഗ്രത നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ കാര്യത്തിലും കാണുന്നു.
കേന്ദ്രീകരണത്തിലൂടെ എല്ലാം കൈയടക്കുന്നു
സുശക്തമായ ഫെഡറൽ സംവിധാനത്തിലൂടെയാണ് ഇന്ത്യ നിലനിന്നുപോരുന്നത്. ഈയിടെയായി അതിൽ ബോധപൂർവമായ കടന്നുകയറ്റങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും സംസ്ഥാനങ്ങളുടെ ധനകാര്യക്ഷമതയിൽ ഇടേങ്കാലിട്ടായിരുന്നെങ്കിൽ യു.എ.പി.എ ഭേദഗതിയിലൂടെ ആഭ്യന്തരകാര്യങ്ങളിൽ കടന്നുകയറുകയാണ് ചെയ്തത്. പുതിയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസരംഗത്തും ഇ.െഎ.എ കൊണ്ടുവരുന്നത് പരിസ്ഥിതിയിലും എന്നപോലെ ഇപ്പോൾ നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷനിലൂടെ ആരോഗ്യമേഖലയിലും കടന്നുകയറി പൗരന്മാരുടെ മേൽ നാലുപാടുനിന്നും പിടിമുറുക്കാനുള്ള ഹിഡൻ അജണ്ടകൂടി ഡേറ്റ ദുരുപയോഗത്തിനൊപ്പം കേന്ദ്രം ലക്ഷ്യംവെക്കുന്നത് കാണാതിരുന്നുകൂടാ.
രോഗിയുടെ എല്ലാ ഡേറ്റകളും ഹെൽത്ത് ഐഡി വഴി ലഭ്യമാകുമെന്നാണ് പുതിയ കരടിൽ പറയുന്നത്. എന്നാൽ, ഏറ്റവും പ്രാഥമിക സൗകര്യങ്ങൾപോലുമില്ലാത്ത ഗ്രാമങ്ങളിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ ഇൻറർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ സ്ഥാപിക്കുന്നത് ഫ്രഞ്ച് വിപ്ലവകാലത്ത് ജനങ്ങൾക്ക് വിശപ്പടക്കാൻ ബ്രഡ് ഇല്ല എന്ന് വിലപിച്ചപ്പോൾ അവർ കേക്ക് കഴിക്കട്ടെ എന്നു പറഞ്ഞ ഫ്രാൻസിലെ രാജ്ഞി മാരീ ആേൻറാനിറ്റെയുടെ വാക്കുകൾപോലെ സഹതാപമർഹിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.