തൃശൂർ: ജയിൽ മോചിതനാവാൻ ഒരാഴ്ച മാത്രമുള്ള ശിക്ഷാ തടവുകാരനെ വിയ്യൂർ സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം ചീരൻകുടി ഗോപിയാണ് (30) മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴോടെ ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപത്തെ കമ്പിയിലാണ് മുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിനും മറ്റുമായി സെല്ലിന് പുറത്തിറക്കിയ സമയത്താണ് സംഭവം.
മോഷണത്തിന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറുമാസം തടവിന് ശിക്ഷിച്ചതിനെത്തുടർന്നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയത്. 13ന് ശിക്ഷാകാലാവധി കഴിയാനിരിക്കെയാണ് മരണം. ഇയാൾക്ക് മാനസികവിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടത്തിന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.