പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി നടന്ന അപകടത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച പുലർച്ച ഒന്നരയോടെ ദേശീയപാത വാളയാർ വട്ടപ്പാറയിൽ നിർത്തിയിട്ട ചരക്കുലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ചുകയറി മേപ്പറമ്പ് പേഴുങ്കര ബംഗ്ലാപ്പറമ്പ് സ്വദേശി ഹാരിസ് (33) മരിച്ചു.
പാലക്കാട് മീൻ മാർക്കറ്റിൽ ജോലിക്കാരനായ ഹാരിസ് ജോലി കഴിഞ്ഞ് കോയമ്പത്തൂരിലുള്ള ഭാര്യവീട്ടിലേക്കു പോകവേയായിരുന്നു അപകടം. ഡ്രൈവർക്കു വിശ്രമിക്കാൻ റോഡരികിൽ നിർത്തിയിട്ട ചരക്കുലോറിയിലാണ് ബൈക്ക് ഇടിച്ചത്. ഹാരിസിനെ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുലർച്ച ആറിനു ദേശീയപാത ചന്ദ്രനഗർ ഭാഗത്തായിരുന്നു രണ്ടാമത്തെ അപകടം. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ച് റോഡരികിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ആളാണ് മരിച്ചതെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് 60 വയസ്സുണ്ട്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ബസ് ഡ്രൈവർ തമിഴ്നാട് സ്വദേശി ലോഹിതിനെ അറസ്റ്റ് ചെയ്തു.